വിവാഹശേഷം ഞങ്ങൾ രണ്ടു പേരും കൂടെ ഹണിമൂൺ ആഘോഷത്തിന്റെ ഭാഗമായ “ സ്ഥലങ്ങൾ കാണൽ “ പരിപാടിയുമായി ഇരിങ്ങോൾ വനദുർഗ്ഗാ ക്ഷേത്രത്തിൽ പോയി.മിഥുനം സിനിമയിലെ മോഹൻ ലാലിന്റെ സ്വഭാവമാണു നവവരന്.എവിടെ പോയാലും വീട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടാകും.ഇത്തവണ കൂടെ ഉണ്ടായിരുന്നത് ആശാന്റെ 4 ഫ്രണ്ട്സും ഫാമിലിയും ആണ്.എല്ലാവരും കൂടെ ഭഗവതിയെ തൊഴുതതിനു ശേഷം വനമെല്ലാം ചുറ്റി നടന്നു കണ്ടു.ക്ഷീണിച്ചപ്പോൾ കൈയ്യിൽ കരുതിരുന്ന തണ്ണിമത്തൻ മുറിച്ച് കഴിച്ചു.ഉച്ചയോടെ തിരിച്ച് വീട്ടിലെത്തി.
വീട്ടിൽ എത്തി അല്പം കഴിഞ്ഞപ്പോഴേക്കും എനിക്ക് കുറെശ്ശെ പനിയും ചെവി വേദനയും ശരീര വേദനയും തുടങ്ങി.കാര്യമാക്കിയില്ല.പനി വന്നാൽ സ്ഥിരം ചെയ്യാറുള്ളതു പോലെ ഒരു പാരസെറ്റാമോളും കഴിച്ച് കിടന്നു.വൈകുന്നേരമായപ്പോഴേക്കും എന്റെ മുഖത്തിനു എന്തോ വ്യത്യാസം വരുന്നതു പോലെ തോന്നി.താടയാകെ തൂങ്ങി വരുന്നു.ഇനി അതെന്റെ തോന്നലായിരിക്കുമോ ? പനി വന്നാൽ താട വീർക്കുമോ ? എണീറ്റ് കണ്ണാടിയിൽ ഒന്നു നോക്കി.ദൈവമേ പൂർണ്ണചന്ദ്രനേപ്പോലിരുന്ന എന്റെ മുഖം ഇപ്പോൾ ഇര പിടിച്ചു കഴിഞ്ഞ അമീബയെപ്പോലെ ഇരിക്കുന്നു.മുഖത്തിനു ഒരു ഭംഗീം ഇല്ല കാണാൻ.കരച്ചിലു വന്നു പോയി. മുഖം ഈ കോലത്തിൽ കാണുമ്പോൾ ഒറ്റനോട്ടത്തിൽ കണവൻ കൈ വെച്ചതാന്നു തോന്നും.സ്വഭാവമഹിമയ്ക്ക് ഭർത്താവിന്റെ വക സർട്ടിഫിക്കറ്റ് കരണക്കുറ്റിക്ക് കിട്ടിയതു പോലെ ഇരിക്കും!
എന്റെ മുഖം കണ്ടപ്പോൾ അമ്മയ്ക്ക് കാര്യം മനസ്സിലായി.ഇത് മുണ്ടിനീരാണു.
“ നീ ശുദ്ധം നോക്കാതെയാണോടീ അമ്പലത്തിൽ പോയത് ?”
അമ്മയുടെ ചോദ്യം കേട്ടപ്പോൾ വിറഞ്ഞു വന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായ കാരണത്താലും പുതുപ്പെണ്ണ് അധികപ്രസംഗം നടത്തിയാൽ നാട്ടുകാരും വീട്ടുകാരും എങ്ങനെ പ്രതികരിക്കും എന്ന് ഉറപ്പില്ലാത്തതിനാലും ഞാൻ ഒന്നും മിണ്ടിയില്ല.അല്ലെങ്കിൽ തന്നെ ദൈവം കോപിക്കുന്നതു കൊണ്ടാണു മനുഷ്യനു അസുഖം വരുന്നതെന്നു പറയുന്ന ഇവരോടൊത്ത് എങ്ങനെ കഴിയും എന്റെ ഭഗവതീ എന്നു മനസ്സിൽ വിചാരിച്ചപ്പോളേക്കും വന്നു അടുത്ത കണ്ടുപിടിത്തം
“ മുണ്ടിനീരിനു ചികിത്സയായി കണ്ണൻ ചിരട്ട കഴുത്തിൽ കെട്ടിത്തൂക്കിയാൽ മതി “
എന്റെ ദേവീ ! ഇതൊക്കെ കേൾക്കാനാണോ ഞാൻ പ്രേമിച്ച് കല്യാണം കഴിച്ച് ഇവിടെ എത്തപ്പെട്ടത്.മൂത്തോർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും എന്നാണല്ലോ വയ്പ്.അതു കൊണ്ട് എതിർത്തൊന്നും പറയാൻ വയ്യ.അമ്മ തന്നെ അടുക്കളയിൽ പോയി കണ്ണൻ ചിരട്ടയുടെ കണ്ണ് തുളച്ച് അതിലൂടെ വാഴവള്ളി കടത്തി അതുമായി വന്നു.അതും കഴുത്തിലിട്ടു വിഡ്ഡിയെപ്പോലെ കിടന്നപ്പോൾ എന്റെ പരിചയക്കാർ ആരും ഈ വഴി വരല്ലേ എന്നായിരുന്നു മനസ്സിൽ പ്രാർത്ഥന !
നീ ഇന്ന് അപ്പുറത്തെ മുറിയിൽ കിടന്നാൽ മതി.അവന്റൊപ്പം കിടക്കണ്ട എന്നും കൂടി കേട്ടപ്പോളാണു സങ്കടം ഇരട്ടിച്ചത്.അങ്ങനെ ഒരു രാത്രി ഐസൊലേഷൻ വാർഡിൽ കഴിച്ചു കൂട്ടി.
പിറ്റേ ദിവസം രാവിലെ ഞാൻ കണ്ണനോട് പറഞ്ഞു എനിക്ക് ഈ കിടപ്പ് വയ്യ.ഹോസ്പിറ്റലിൽ പോകണം.അങ്ങനെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയപ്പോളാണു ഈ അസുഖത്തെ പറ്റിയുള്ള കൂടുതൽ വിവരം ലഭിച്ചത്. Mumps അഥവാ മുണ്ടിനീര് പരോറ്റിഡ് ഗ്രന്ഥികള്‍ എന്നു വിളിക്കുന്ന കവിളിന്റെ പാര്‍ശ്വത്തില്‍ ഉള്ള ഗ്രന്ഥികളേ ബാധിക്കുന്ന ഒരു രോഗം ആണ്.ഈ രോഗം മൂലം മരണം അപൂര്‍വ്വമാണ്.എങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതകളും പാര്‍ശ്വ ഫലങ്ങളും നിസ്സാരമാക്കി തള്ളിക്കളയാവുന്നതല്ല.ഭക്ഷണം കഴിക്കാൻ പോയിട്ട് വെള്ളം കുടിയ്ക്കാൻ വരെ ബുദ്ധിമുട്ടനുഭവപ്പെട്ടു.ച്ഛർദ്ദിക്കാൻ തോന്നലുണ്ടായാലും ച്ഛർദ്ദിക്കില്ല.താട തൂങ്ങി കിടങ്ങുന്നത് ഒരു എക്സ്ട്രാ ഫിറ്റിംഗ് പോലെ ആയതിനാൽ അതിന്റെ അസ്വസ്ഥത വേറേ !
മിക്സോ വൈറസ് കുടുംബത്തില്‍ പെട്ട ഒരു തരം വൈറസുകളാണ് ഈ രോഗം ഉണ്ടാക്കുന്നത്.5 വയസ്സിനും 15 വയസ്സിനും ഇടക്കുള്ള കുട്ടികളിലാണു ഈ രോഗം അധികവും കണ്ടു വരുന്നത്.പക്ഷേ 21 വയസ്സായെങ്കിലും 15 പോലും തോന്നിക്കാത്ത സന്തൂർ സുന്ദരി ആയതിനാലും കാന്താരിക്കുട്ടി എന്ന പേരിൽ ഒരു കുട്ടി ഉള്ളതു കൊണ്ടും ആയിരിക്കാം ഈ വൈറസ് എന്നെക്കേറി ആക്രമിച്ചത് !
ചൂടുപനി,ചിക്കംന്‍ പോക്സ് എന്നീ രോഗങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ടെങ്കിലും ഇവരില്‍ 30 മുതല്‍ 40 ശതമാനം പേരില്‍ രോഗ ലക്ഷണങ്ങള്‍കണ്ടെന്നു വരില്ല.പ്രായം ചെന്നവരിലാണു കുട്ടികളേക്കാള്‍ കൂടുതല്‍ രോഗ ലക്ഷണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കാണപ്പെടുന്നത്.രോഗലക്ഷണങ്ങള്‍ കാണുന്നതിനു 4 മുതല്‍ 6 ദിവസം തൊട്ട് രോഗം മാറി ഒരാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന സമയ പരിധിക്കുള്ളില്‍ ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് രോഗം പകരാം.ആറു മാസത്തിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഈ രോഗം കണ്ടെന്നു വരില്ല.ഒരു പ്രാവശ്യം ഈ രോഗം ബാധിച്ചാല്‍ രണ്ടാമതൊരു പ്രാവശ്യം ഈ രോഗം വരാനുള്ള സാധ്യത കുറവാണ്. (എന്റെ ഭാഗ്യം !!! ഇനി വരില്ലല്ലോ !! )
ഉമിനീരില്‍ കൂടിയോ നേരിട്ടുള്ള സ്പര്‍ശനം വഴിയോ തുമ്മൽ,ജലദോഷം എന്നിവ വഴിയോ ഈ രോഗം പകരാം.(ഐസൊലേഷൻ വാർഡിൽ ആക്കിയത് നന്നായ്യീന്ന് ഇപ്പോ മനസ്സിലായി ! )മുണ്ടി നീരിനോടു കൂടിയോ മുണ്ടി നീരു വന്നതിനു ശേഷമോ വൃഷണങ്ങള്‍,പാൻക്രിയാസ് ,അണ്ഡാശയങ്ങള്‍,പ്രോസ്റ്റേറ്റ് എന്നീ ഗ്രന്ഥികളെ ഈ രോഗം ബാധിക്കാം.അപൂര്‍വ്വമായി നാഡീവ്യൂഹത്തെയും ഈ രോഗം ബാധിക്കാം.മുണ്ടിനീരിനെ തുടര്‍ന്നുണ്ടാകുന്ന വൃഷണ വീക്കം ബീജങ്ങളുടെ എണ്ണം കുറക്കും എന്നും തല്‍ഫലമായി സന്താനോല്പാദാന ശേഷി കുറയുകയും ചെയ്യുന്നു എന്നു പറയ്യാറുണ്ട്.പാങ്ക്രിയാസിനു വീക്കം ഉണ്ടായാല്‍ പ്രമേഹം ഉണ്ടാകും എന്നും പറയപ്പെടുന്നു.
രോഗ പ്രതിരോധത്തിനു ഇന്നു ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്.പക്ഷേ അന്ന് ഞാൻ അനുഭവിച്ച വേദനയും വിഷമവും ഓർക്കുമ്പോൾ ആർക്കും ഈ അസുഖം വരല്ലേ എന്ന് പ്രാർത്ഥിച്ചു പോകുന്നു.
ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : ഗൂഗിൾ
Saturday, June 20, 2009
ഓർമ്മയിൽ ഒരു മുണ്ടിനീര് !
Monday, June 1, 2009
ജൂൺ ഒന്ന് - ലോകക്ഷീരദിനം
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ( എഫ്.എ .ഒ ) ന്റെ ആഹ്വാനമനുസരിച്ച് ജൂൺ ഒന്ന് ലോകക്ഷീരദിനമായി ആചരിക്കുകയാണു.2001 മുതൽ പല രാജ്യങ്ങളിലും ഈ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണു ഇങ്ങനെ ഒരു ആഘോഷം നടക്കുന്നത്.പാലുല്പാദനത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കണം എന്നുള്ളതാണു നമ്മുടെ ലക്ഷ്യം.ഇപ്പോഴും കേരളത്തിനു ആവശ്യമുള്ള പാലിന്റെ 30 ശതമാനത്തോളം അയൽ സംസ്ഥാനങ്ങളിൽ നിന്നും നമ്മൾ വാങ്ങുകയാണു.ഈ ദുഃസ്ഥിതി മാറിയേ തീരൂ.നമുക്കാവശ്യമുള്ള പാൽ നമുക്കു തന്നെ ഉല്പാദിപ്പിക്കാൻ കഴിയണം.എന്നാൽ ക്ഷീരമേഖലയിൽ നിന്ന് യുവാക്കൾ പിൻ മാറുന്നതായാണു അനുഭവം.പഴയ കർഷകർ മാത്രമാണു ഇപ്പോഴും പശുവളർത്തൽ ഒരു ഉപജീവനമാർഗ്ഗമായി കൊണ്ടു നടക്കുന്നത്.ക്ഷീരമേഖല ഒട്ടും തന്നെ ലാഭത്തിലല്ല എന്നുള്ളതാണ് ചെറുപ്പക്കാർ ഈ രംഗത്തു നിന്നും പിൻ വാങ്ങാൻ കാരണം.പാലിന്റെ ഗുണമേന്മ അനുസരിച്ചാണു ക്ഷീരസംഘങ്ങളിൽ നിന്നും കർഷകനു പാൽ വില ലഭിക്കുന്നത്.പശു വളർത്തലിന്റെ ചെലവും അതിൽ നിന്നും ലഭിക്കുന്ന വരുമാനവും പലപ്പോഴും തുലനം ചെയ്തു പോകാറില്ല.ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകണം.ഉല്പാദകനു മെച്ചപ്പെട്ട വില കിട്ടണം.ക്ഷീര ദിനം ആചരിക്കുമ്പോൾ ഇക്കാര്യങ്ങൾ നമ്മുടെ മനസ്സിലുണ്ടാകണം
കേരളത്തിൽ ആദ്യമായാണു ക്ഷീരദിനം ആചരിക്കുന്നത് എന്നു പറഞ്ഞുവല്ലോ.ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണു ആസൂത്രണം ചെയ്തിട്ടുള്ളത്.ഓരോ ക്ഷീരോല്പാദക സഹകരണ സംഘങ്ങളിലും സംഘം പ്രസിഡണ്ട് ക്ഷീരപതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.സംഘം പരിസരത്ത് ഒരു വൃക്ഷത്തൈ നടുക,സംഘത്തിൽ ഇന്ന് പാലളക്കുന്ന അംഗങ്ങളിൽ നിന്നു നറുക്കിട്ടെടുത്ത് ഒരാൾക്ക് സമ്മാനം നൽകുക,സംഘത്തിൽ പായസമുണ്ടാക്കി സംഘാംഗങ്ങൾക്കും അടുത്തുള്ള അംഗൻ വാടികൾക്കും സ്കൂളുകൾക്കും നൽകുക,ക്ഷീര കർഷകരുടെ മക്കൾക്കായി ഉപന്യാസമത്സരം.ചിത്രരചനാമത്സരം,പ്രസംഗമത്സരം തുടങ്ങിയവ സംഘടിപ്പിക്കുക,ക്ഷീര കർഷകരുമായി സംവാദം നടത്തുക,മികച്ച ക്ഷീരകർഷകരെ ആദരിക്കുക എന്നിവ ആഘോഷപരിപാടികളിൽ ചിലതു മാത്രം.കേരളത്തിലെ ക്ഷീരമേഖല പരിപോഷിപ്പിക്കാൻ അടുത്ത 5 വർഷത്തേക്ക് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെപറ്റി ചർച്ച നടത്തി അതിന്റെ റിപ്പോർട്ട് സർക്കാരിനെ അറിയിക്കാൻ ആണു ഉദ്ദേശിക്കുന്നത്.
ഈ വർഷം ക്ഷീര ദിനം ആഘോഷങ്ങൾ കഴിയുമ്പോൾ ക്ഷീരകർഷകർക്കായി മെച്ചപ്പെട്ട പദ്ധതികൾ വരും എന്നു നമുക്ക് പ്രതീക്ഷിക്കാം.സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പല പ്രവാസികളും നാട്ടിൽ വരുന്നുണ്ട്.അവർക്ക് ഡയറി ഫാമുകൾ തുടങ്ങാവുന്നതാണു.അതിനുള്ള സാമ്പത്തിക സഹായവും മറ്റു കാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് പ്രത്യാശിക്കാം.
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ


