Saturday, September 20, 2008

പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ ??

2002 ആഗസ്റ്റ് മാസത്തിലെ ഒരു തണുത്ത പ്രഭാതം ! നനുത്ത ചാറ്റല്‍ മഴ ഉണ്ടായിരുന്നു രാവിലെ.ഹണി നാട്ടിലുണ്ട് അന്ന്.ഞാനന്ന് 7 മാസം ഗര്‍ഭിണി ആണ്.എല്ലാ മാസവും ചെക്ക് അപ്പിനു പോകണം.ഗര്‍ഭം ഒരു രോഗം അല്ലെങ്കിലും അതൊഴിവാക്കാന്‍ വയ്യല്ലോ.ഹോസ്പിറ്റലില്‍ പോകാനായി സാരി മാറി ഇറങ്ങിയപ്പോള്‍ കണ്ണന്‍ ബൈക്കിന്റെ കീയും എടുത്ത് റെഡിയായി നില്‍ക്കുന്നു

“ ഈ മഴയത്ത് ബൈക്കില്‍ പോകാനോ ? കാറെടുക്ക് കണ്ണാ “

“ഓ..ഇത്ര ദൂരമല്ലേ ഉള്ളൂ.ടൌണിലെ ട്രാഫിക് ജാമില്‍ പെട്ടാല്‍ ആകെ കുരിശാകും .നമുക്ക് ഇതില്‍ പോകാം “

ഹോ ! ഈ മനുഷ്യന്റെ ഒരു കാര്യം.ഇങ്ങനെ ഒരു സ്വഭാവം ! ഇനി ഇതെന്നു നന്നാവുമോ ?

എന്നൊക്കെ മനസ്സില്‍ പ്രാകികൊണ്ട് ബൈക്കില്‍ കയറിയിരുന്നു.റെയിന്‍ കോട്ട് കണ്ണനു മാത്രേ ഉള്ളൂ.എനിക്കില്ല.ബൈക്കില്‍ കയറി യാത്ര തുടങ്ങി അല്പദൂരം കഴിഞ്ഞപ്പോളേക്കും മഴ കൂടി തുടങ്ങി.കണ്ണന്‍ പറഞ്ഞു ആ കുട എടുത്ത് ചൂടിക്കോ.

ഹും കുട ! എനിക്കെങ്ങും വേണ്ടാ..ഈ മഴ നനഞ്ഞ് ഞാനങ്ങ് ചത്തു പോകട്ടെ.അപ്പോള്‍ നിങ്ങള്‍ക്ക് വേറെ കല്യാണം കഴിക്കാല്ലോ.എന്നോട് അല്പം എങ്കിലും സ്നേഹം ഉണ്ടെങ്കില്‍ ഈ മഴയത്ത് ഈ ബൈക്കിനു പുറകില്‍ ഇരുത്തി ഇങ്ങനെ കൊണ്ടു പോകുമോ ? “

ഇങ്ങനെ ഒക്കെ മനസ്സില്‍ പറഞ്ഞ് കൊണ്ട് കണ്ണന്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ ഇരുന്നു.എത്ര നിര്‍ബന്ധിച്ചാലും ഞാന്‍ കുട ചൂടില്ലെന്ന് മനസ്സിലാക്കി കണ്ണനും റെയിന്‍ കോട്ട് ധരിച്ചില്ല..പാവം..... ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവ് തന്നെ........

യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ദേഷ്യവും സങ്കടവും പ്രകടിപ്പിക്കാനായി കക്ഷിയുടേ ദേഹത്ത് മുട്ടാതെ ശ്രദ്ധിച്ചാണ് എന്റെ ഇരിപ്പ്.അല്ലെങ്കില്‍ പുള്ളിക്കാരന്റെ വയറ്റില്‍ ചുറ്റിപിടിച്ചിരിക്കുന്നതാണ് ഏറ്റവും സുഖം.ഒരു കാലത്ത് കാറില്‍ പോകുനതിനേക്കാളും ബൈക്കിലെ യാത്ര ആയിരുന്നു ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതും !!

എന്റെ വീര്‍ത്ത മുഖം കണ്ണാടിയിലൂടെ കണ്ണനു കാണാം.ഒരു ചെറു ചിരി ആ ചുണ്ടില്‍ വിരിയുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് സ്വതവേ വീര്‍ത്ത മുഖം അലപം കൂടെ വീര്‍പ്പിച്ച് ഞാന്‍ ഇരുന്നു.അല്ലെങ്കിലും അതു ഗര്‍ഭിണി ആയ ഭാര്യയുടെ അവകാശമല്ലേ !അല്ലാത്ത സമയത്ത് ഈ വക സ്വഭാവം കാണിച്ചാല്‍ എന്റെ പുറം എപ്പോള്‍ പൊളിഞ്ഞൂ എന്നു ചോദിച്ചാല്‍ പോരേ..ഇത് കുഞ്ഞിനെ ഓര്‍ത്ത് നമ്മളെ ഒന്നും ചെയ്യില്ലല്ലോ..

സ്പീഡ് വളരെ കുറച്ചാണ് കണ്ണന്‍ വണ്ടി ഓടിച്ചിരുന്നത്.എന്നിട്ടും ഒരു വളവു തിരിഞ്ഞപ്പോള്‍ വണ്ടിയുടെ ടയറുകള്‍ മണ്ണില്‍ ഉരയുന്ന ഒച്ച..എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാക്കുമ്പോളേക്കും ഞാന്‍ മണ്ണില്‍ രണ്ടു കൈയ്യും കുത്തി വീണിരുന്നു.

റോഡില്‍ നിറയെ മഴവെള്ളം ആയിരുന്നു.ആ ചെളിവെള്ളത്തിലേക്കാണു ഞാന്‍ സ്ലോ മോഷനില്‍ പോയി വീണത്.ആകെ നനഞ്ഞ് സാരിയൊക്കെ ദേഹത്ത് ഒട്ടി.

കണ്ണന്‍ വണ്ടി ഒതുക്കി വെച്ച് ഓടി വന്നു എന്റെ അടുത്തേക്ക്.എണീക്കാന്‍ പോലും വയ്യാതെ കിടക്കുന്ന എനിക്ക് ആകെ വിറഞ്ഞു കയറി.സങ്കടവും ദേഷ്യവും എല്ലാം മനസ്സില്‍ ഒതുക്കി രൂക്ഷമായി ഞാന്‍ കണ്ണനെ ഒന്നു നോക്കി.

കനിവൂറുന്ന കണ്ണുകളോടെ എന്നെ നോക്കിയ കണ്ണന്റെ മുഖത്തെ വിഷമം കണ്ടപ്പോള്‍ എനിക്കും സങ്കടം തോന്നി.

“ മോളേ ..വല്ലതും പറ്റിയോടാ “ എന്ന ചോദ്യം കൂടെ കേട്ടതോടെ സങ്കടം അണ പൊട്ടിയൊഴുകി.നടുറോഡാണ് എന്നു പോലും ഓര്‍ക്കാതെ ഉറക്കെ കരഞ്ഞു.

അല്ലെങ്കിലും എത്ര പിണക്കമാണെങ്കിലും “ മോളേ “ എന്ന ഒറ്റ വിളിയില്‍ എല്ലാ പിണക്കവും അലിയാറുണ്ട് എന്നത് കണ്ണനും അറിയാം ..

അപ്പോഴേക്കും നാട്ടുകാരും ഓടികൂടി.അപ്പുറത്ത് അമിത സ്പീഡില്‍ പാഞ്ഞു വന്ന ഒരു ടിപ്പര്‍ ലോറി ആയിരുന്നു.കണ്ണന്‍ സമയത്ത് ബ്രേക്ക് ഇട്ടതു കൊണ്ട് ഒന്നും സംഭവിച്ചില്ല.

ദൈവം എപ്പോഴും കൂടെ ഉള്ളതു കൊണ്ട് ആ വീഴ്ചയില്‍ എന്റെ കുഞ്ഞിനും ഒന്നും സംഭവിച്ചില്ല.വയര്‍ ഇടിച്ചായിരുന്നു വീണിരുന്നതെങ്കിലോ ...അതെനിക്കോര്‍ക്കാന്‍ പോലും വയ്യ..ഏതു പ്രതിസന്ധി ഘട്ടത്തിലും എനിക്ക് താങ്ങായി ദൈവം ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

തൊട്ടടുത്ത വീട്ടിലേക്ക് അവര്‍ ക്ഷണിച്ചു.അവിടെ കയറി അവര്‍ തന്ന കട്ടനും കുടിച്ച് ഇരുന്നപ്പോള്‍ ആ വീട്ടിലെ ചേച്ചി ചേച്ചിയുടെ ഒരു സാരി എനിക്കെടുത്തു തന്നു ..ഞാനാകെ നനഞ്ഞു കുളിച്ചിരിക്കുകയല്ലേ.

ഞാന്‍ പറഞ്ഞു വേണ്ട.ചേച്ചീ..എനിക്ക് വീട്ടില്‍ പോകണം

കണ്ണനെയും വിളിച്ച് വീട്ടില്‍ പോയി സാരി മാറി ആണു അന്നു പിന്നെ ഹോസ്പിറ്റലില്‍ പോയത്.രണ്ടാമതു പോയപ്പോള്‍ ബൈക്ക് അല്ലാ എടുത്തത്.കാറായിരുന്നു.
പോകും വഴിക്ക് ഞാന്‍ ചോദിച്ചു ഈ ബുദ്ധി ആദ്യം തോന്നിയിരുന്നെങ്കില്‍ എനിക്ക് ഈ വേദന സഹിക്കേണ്ടി വരുമായിരുന്നോ ??

അപ്പോള്‍ കണ്ണന്‍ പറഞ്ഞ മറുപടി അപ്പോള്‍ കാറിലായിരുന്നു നമ്മളെങ്കില്‍ നമ്മളേ റോഡില്‍ നിന്നും വാരിയെടുക്കേണ്ടി വന്നേനേ !!!!



ഈ മഹത്തായ സംഭവം കാരണം എനിക്കൊരു വാശി കയറി.ഡ്രൈവിംഗ് പഠിച്ചേ തീരൂ എന്ന്..പ്രസവം കഴിഞ്ഞു ഞാന്‍ അതു സാധിക്കുക തന്നെ ചെയ്തു..അതൊരു വലിയ സംഭവം ആയിരുന്നു.ഡ്രൈവിങ്ങ് പഠിച്ചതിന്റെ വിശേഷങ്ങള്‍ ഇനിയൊരു പോസ്റ്റില്‍ എഴുതാം.

Saturday, September 13, 2008

ഇന്നലെ ഓണമായിരുന്നു !!!!










ഇന്നലെ ഓണമായിരുന്നു.മലയാളികള്‍ എല്ലാ വര്‍ഷവും സന്തോഷത്തോടെ മാവേലിയുടെ വരവ് ആഘോഷിക്കുന്ന സുദിനം.പ്രജകളുടെ ക്ഷേമം കാണാന്‍ മാവേലിത്തമ്പുരാന്‍ എഴുന്നള്ളുന്നു.ഐശ്വര്യത്തിന്റെയും സമ്പല്സമൃദ്ധിയുടെയും ആശംസകള്‍ ഏറേ എസ് എം എസ് വഴിയും മെയിലുകള്‍ വഴിയും ലഭിച്ചു.എങ്കിലും ഓണം സന്തോഷമാണോ നല്‍കിയത് എന്നു ചോദിച്ചാല്‍ അല്ലാ എന്നു തന്നെ ആണ് എന്റെ ഉത്തരം.അതിനു കാരണം അന്വേഷിച്ചാലോ ? എല്ലാവര്‍ക്കും ഒരു പക്ഷേ ചിരി വരും.പക്ഷേ എനിക്ക് വരുന്നത് നൊമ്പരക്കണ്ണീരാണ്.ഇന്നലെ വിരഹത്തിന്റെ ദിനമായിരുന്നു.വിരസത നിറഞ്ഞു നിന്ന മറ്റൊരു ദിനം ! എത്രയോ വര്‍ഷങ്ങളായി കുടുംബ സമേതം ഓണം ഉണ്ടിട്ട്.

പ്രവാസിയായ ഭര്‍ത്താവ് ഫോണിലൂടെ ഓണാശംസകള്‍ അറിയിച്ചു.മക്കള്‍ ഓണാവധി ആഘോഷിക്കാനായി എന്റെ വീട്ടിലേക്കും പോയി.അവിടെ എന്റെ ആങ്ങളയുടെ മക്കള്‍ ഉള്ളതിനാല്‍ അവര്‍ക്ക് രസം അവിടെ ആണ്.ഓണം ഇവിടെ കൂടാം മക്കളേ എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇത്തവണ മാമന്റെ വീട്ടിലാ ഓണം ഉണ്ണുന്നേ എന്നു പറഞ്ഞു മക്കള്‍ !!


പുലര്‍ച്ചെ എണീറ്റ് മാവേലിക്ക് പൂവട നേദിച്ചപ്പോള്‍ തുടങ്ങി എന്റേ ഓണാഘോഷം.പൂവിളി വിളിക്കല്‍ ഇപ്പോള്‍ പതിവില്ലല്ലോ.അതിനു ശേഷം അടുക്കളയിലേക്ക്.മക്കള്‍ അടുത്തില്ലെങ്കിലും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഉണ്ട്.അമ്മ ശയ്യാവലംബി ആയിട്ട് ഒരു വര്‍ഷത്തിലേറേയായി.ശരീരത്തിന്റെ വലതു ഭാഗം പൂര്‍ണ്ണമായും തളര്‍ന്ന് കിടക്കുന്നു.അവരെ ഓണമൂട്ടാതെ വയ്യ.അതിനാല്‍ മടി ഒക്കെ മാറ്റി വെച്ച് സദ്യ ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.സാമ്പാര്‍.അവിയല്‍.തോരന്‍.ഇഞ്ചിക്കറി.ഉള്ളിക്കറി,കാളന്‍ എന്നിവ ഉണ്ടാക്കി.അച്ചാര്‍ 2 കൂട്ടം ഉത്രാടത്തിന്റന്നേ ഉണ്ടാക്കിയിരുന്നു.ഉപ്പേരി ഒക്കെ പാക്കറ്റ് ആയി വാങ്ങി.പിന്നെ ഉള്ളത് പായസം ആണ്.പാലട ഉണ്ടാക്കി.പപ്പടവും കാച്ചിയതോടെ സദ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അമ്മയെ കുളിപ്പിച്ചു ചോറ് വാരിക്കൊടുത്തു.അച്ഛനും ഇലയിട്ട് സദ്യ കൊടുത്തു.ഇനി എന്റെ ഊഴം! ഒറ്റക്ക് ഇരുന്നു സദ്യ.കണ്ണില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു.പറയാനാവാത്ത ഒരു നൊമ്പരം! എനിക്ക് കണ്ണനെ വിളിക്കണം എന്നു തോന്നി.വിളിച്ചു .കുറെ സങ്കടവും പരാതിയും പരിഭവവും ഒക്കെ പറഞ്ഞു..എനിക്കിങ്ങനെ ജീവിക്കണ്ടാ ന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം..പാവം അദ്ദേഹത്തിന് സങ്കടം .എന്തു ചെയ്യാന്‍ പറ്റും.ഒന്നും ചെയ്യാനില്ല.

ഓണം എങ്ങനെ ഉണ്ടായിരുന്നു എന്നു കണ്ണന്‍ ചോദിച്ചു.ഇതാണോ ഓണം ? ഇതാണോ സന്തോഷം ?ഇങ്ങനെ ആണൊ സമാധാനം ?
തിരുവോണമായിട്ടും നല്ല മഴ ആയിരുന്നു.പുറത്ത് പെരുമഴ.മനസ്സില്‍ കണ്ണീര്‍ മഴ !

ഒരുമിച്ച് ഓണം ഉണ്ണണ്ണമെങ്കില്‍ ഇനി എത്ര കാലം കഴിയണം ? മക്കളുടെ കല്യാണം ഒക്കെ കഴിഞ്ഞ് കുഴിയിലേക്ക് കാലു നീട്ടുമ്പൊള്‍ പറ്റുമായിരിക്കും .

ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര്...

എന്ന് മനസില്‍ പാടിക്കൊണ്ട് ഞാന്‍ ഇരിക്കുന്നു.എല്ലാ പ്രവാസിമാരുടെയും ഭാര്യമാര്‍ക്ക് ഈ അവസ്ഥ തന്നെ ആയിരിക്കുമല്ലോ അല്ലേ.നാട്ടില്‍ അച്ഛനും അമ്മയും ഉള്ളതിനാല്‍ കൂടെ പോകാന്‍ പറ്റില്ല.ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഒറ്റക്ക് തീരുമാനം എടുക്കേണ്ടി വരുന്നു.വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഒപ്പം ഓഫീസ് ജോലികളും.വല്ലാത്ത റ്റെന്‍ഷന്‍ തോന്നുമ്പോള്‍ ഒരു ഫോണ്‍ കാളിന്റെ അകലം മാത്രമേ ഉള്ളല്ലോ എന്നതാണ് ഒരു സമാധാനം !

Friday, September 5, 2008

ഒരു യാത്രയുടെ സ്മരണക്ക്





വിവാഹം കഴിഞ്ഞ് ഭര്‍തൃ ഭവനത്തില്‍ എത്തി ആദ്യം നടത്തിയ യാത്ര വീടിന് അടുത്ത് തന്നെ ഉള്ള കാവിലേക്കാണ്.ഞങ്ങളുടെ വീട്ടില്‍ നിന്നും നടന്നു പോകാന്‍ ഉള്ള ദൂരമേ അന്നുണ്ടായിരുന്നുള്ളൂ..ഇന്നാണെങ്കില്‍ വണ്ടിയും സൌകര്യങ്ങളും ഒക്കെ ആയപ്പോള്‍ നടക്കുന്ന കാര്യം അല്പം വിഷമം ആണ് എന്നു മാത്രം !!


കേരളത്തിലെ ഏറ്റവും വലിയ കാവ് ആണ് ഇരിങ്ങോള്‍ കാവ്.പെരുമ്പാവൂര്‍ നഗര പരിധിക്കുള്ളിലല്‍ ഏകദേശം 20 ഹെക്ടര്‍ ചുറ്റളവിലുള്ള ഒരു വനത്തിനു നടുവില്‍ ഉള്ള ഒരു ദേവീക്ഷേത്രം ! നഗരത്തിനുള്ളിലെ ഈ കാടു തന്നെ ഒരു വിസ്മയം ആണ്. 20.234 ഹെക്ടര്‍ വിസ്തീര്‍ണ്ണം ഉള്ള ഇരിങ്ങോള്‍ കാവിലെ പ്രതിഷ്ഠ ദേവി ആണു.ഭഗവതി ഇവിടെ 3 രൂപത്തില് കാണുന്നു. രാവിലെ സരസ്വതീ ദേവി,ഉച്ചക്ക് വന ദുര്‍ഗ്ഗ,രാ‍ത്രിയില്‍ ഭദ്രകാളി എന്നിങ്ങനെ ആണു ദേവിയുടെ രൂപങ്ങള്‍.

ചെത്തി,തുളസി, താമര എന്നിവ മാത്രമേ ഇവിടെ പൂജക്ക് ഉപയോഗിക്കാറുള്ളൂ.ഇവിടെക്കുള്ള ചന്ദനം ഈ കാട്ടില്‍ നിന്നു തന്നെ ആണു എടുക്കുന്നത്.അന്നന്നത്തെ ആവശ്യത്തിനുള്ള ചന്ദനവേര് ക്ഷേത്രക്കുളത്തിലേക്ക് വളര്‍ന്നു വരും എന്നാണു വിശ്വാസം !!

ഉപദേവന്മാര്‍ ഇല്ലാത്ത കേരളത്തിലെ തന്നെ അത്യപൂര്‍വ്വമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

പണ്ട് ഇരിങ്ങോള്‍ കാവ് 32 ഇല്ലങ്ങളുടെ ഭരണത്തിന് കീഴിലായിരുന്നു.ഇപ്പോള് അതു തിരുവിതാംകൂര് ദേവസ്വം ബോര്‍ഡ് ആണു നിയന്ത്രിക്കുന്നത്.


പ്രകൃതി ക്ഷോഭങ്ങളെയും മനുഷ്യന്റെ അത്യാര്‍ത്തിയെയും അതിജീവിച്ച വനപ്രദേശം ! നഗര പ്രദേശത്തെ ശ്വാസം മുട്ടിക്കുന്ന മലിനമായ അന്തരീക്ഷത്തില്‍ നിന്ന് ഒരു മോചനം ലഭിക്കണമെങ്കില്‍ ഇവിടേക്ക് വരാം.കഠിനമായ വേനല്‍ക്കാലത്തു നട്ടുച്ചക്കു പോലും പ്രകൃതി നല്‍കുന്ന കുളിര്‍മ്മ അനുഭവിച്ചറിയാന്‍ ഇവിടെ വന്നാല്‍ മതി.പ്രകൃതി നല്‍കുന്ന എ സി യില്‍ മനം കുളിര്‍ന്നിരിക്കാം.മരച്ചില്ലകളില്‍ നിന്നുള്ള പക്ഷികളുടെ കള കൂജനങ്ങള്‍ നമ്മളെ മറ്റൊരു ലോകത്തെത്തിക്കും തീര്‍ച്ച. !

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്.സാധാരണ വനങ്ങള്‍ എന്നു പറയുമ്പോള്‍ അവിടേക്ക് എത്തിപ്പെടാന്‍ ഉള്ള ബുദ്ധിമുട്ട് ഒക്കെ ആണു നമ്മുടെ മനസിലേക്ക് വരിക.പക്ഷേ ഇവിടെ വനത്തില്‍ എത്താനും എളുപ്പമാണ്.വനത്തിനുള്ളിലൂടെ നടക്കാനോ എത്ര രസം ആണെന്നറിയാമോ ? ശല്യം ഉണ്ടാക്കുന്ന തരത്തില്‍ ഉള്ള കുറ്റിച്ചെടികളും മുള്‍ച്ചെടികളും ഇവിടെ കുറവാണ്.


ഈ വനത്തിനുള്ളില്‍ 500 വര്‍ഷം വരെ പ്രായം ഉള്ള മരങ്ങള്‍ ഉണ്ടത്രെ ! ഇവിടെയുള്ള അപൂര്‍വ്വ സസ്യജാലങ്ങളില്‍ തിപ്പലി,കുരുമുളക്,പാതിരി തുടങ്ങിയ വിലയേറിയ ഔഷധ സസ്യങ്ങള്‍ ,നിത്യ ഹരിത വനങ്ങളില്‍ മാത്രം കാണാറുള്ള കാവ് ,തമ്പകം,വെള്ളപൈന്‍ തുടങ്ങിയ വൃക്ഷങ്ങളും ഉള്‍പ്പെടുന്നു.കൂടാതെ ഇവിടെ തത്ത,കുയില്‍,മൈന,പരുന്ത്,പുള്ള്,നത്ത് തുടങ്ങിയ പക്ഷികളും മുയല്‍ ,കുരങ്ങ് എന്നീ മൃഗങ്ങളും കാണപ്പെടുന്നു. നട്ടുച്ച സമയത്തു പോലും സൂര്യ പ്രകാശം ഉള്‍വനങ്ങളില്‍ നിലത്ത് പതിക്കില്ലാത്രേ !നല്ല പെരുവന്‍ തേരട്ട ഈ കാട്ടില്‍ സുലഭം ആണ്.


ഇവിടുത്തെ കുരങ്ങന്മാരെ കൊണ്ട് ഒരു കാലത്ത് ശല്യമായിരുന്നു. എന്ന് അയല്‍ വാസികളില്‍ പലരും പറഞ്ഞു.ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുക എന്നത് ഒരു കലയായി എടുത്തിരുന്നു വാനരന്മാര്‍..ദേവിയുടെ മക്കള് ആയതിനാല് നാട്ടുകാര് ഒന്നും ചെയ്യുകയും ഇല്ലായിരുന്നു.

ഈ കാവിനെയും കാടിനെയും ചുറ്റി പറ്റി അനേകം കേട്ടു കേള്‍വികള്‍ ഉണ്ട്.അതിലൊന്നു താഴെ പറയും പോലെയാണ്.

ഒരു കാലത്ത് ഈ വനത്തില് നിറയെ ചന്ദന മരങ്ങള് ഉണ്ടായിരുന്നു.ഈ മരങ്ങള്‍ മുറിക്കാനായി ഒരിക്കല്‍ കള്ളന്മാര് വന്നു.പകല്‍ വന്നു മുറിക്കേണ്ട ചന്ദന മരങ്ങള് ഒരു ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടി അടയാളം വെച്ചു പോയി. പകല്‍ മാര്‍ക്ക് ചെയ്ത മരങ്ങള്‍ രാത്രി മുറിക്കാനായി കള്ളന്മാര്‍ എത്തിയപ്പോള്‍ ആ വനത്തിലെ എല്ലാ മരത്തിലും ചുവന്ന റിബ്ബണ്‍.അങ്ങനെ അവര്‍ക്ക് ഒന്നും മുറിക്കാന്‍ പറ്റാതെ വന്നു !

കഥ ആണെങ്കിലും അല്ലെങ്കിലും ഈ കാവിനുള്ളിലെ മരങ്ങള്‍ ആരും മുറിക്കാറില്ല.കാറ്റത്തു മറിഞ്ഞു വീഴുന്ന മരങ്ങള്‍ വിറകിനായി പോലും ആരും എടുക്കാറില്ല. അതു വെറുതേ മണ്ണില്‍ ദ്രവിച്ചു ചേരുകയേ ഉള്ളൂ..അതു കൊണ്ട് തന്നെ ആയിരിക്കണം ഈ കാവ് അതു പോലെ തന്നെ നില്‍ക്കുന്നത്.





1983 ഇല് വീശിയടിച്ച കൊടുങ്കാറ്റില്‍ നിന്ന് തദ്ദേശീയരെ രക്ഷിച്ചത് ഈ ഈ കാവ് ആണെന്ന് പരിസരവാസികളില്‍ ചിലര്‍ പറയുകയുണ്ടായി.

ആലുവ – മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കുറുപ്പം പടിക്കും ഇടയില്‍ ആയാണ് ഇരിങ്ങോള്‍ കാവു സ്ഥിതി ചെയ്യുന്നത്.പെരുമ്പാവൂരില്‍ നിന്നു കുറുപ്പം പടി വഴി കോതമംഗലം,അകനാട്,മൂവാറ്റുപുഴ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസില്‍ കയറീ “ ഇരിങ്ങോള് പോസ്റ്റ് ഓഫീസ് ജംഗഷനില്‍ “ ഇറങ്ങുക.ഈ സ്റ്റോപ്പ് പെരുമ്പാവൂരില്‍ നിന്നും ഏകദേശം 2 കി മീ മാത്രം അകലെയാണ്.ഇവിടെ ഇറങ്ങി തെക്കോട്ടേക്കുള്ള വഴിയില്‍ ഉദ്ദേശം 500 മീറ്റര്‍ നടന്നാല്‍ ഇരിങ്ങോള്‍ കാവിലെത്താം.

മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിന്നും വ്യത്യസ്തമായി ഇവിടെ പ്രവേശന ഫീസോ അല്ലെങ്കില്‍ സന്ദര്‍ശനത്തിനു പ്രത്യേക സമയമോ ഇല്ല.ദേവിയെ തൊഴാന്‍ ഉദ്ദേശിച്ചു വരുന്നതാണെങ്കില്‍ ആ സമയത്ത് വരാന്‍ ശ്രദ്ധിക്കുക. അതല്ല വിനോദ സഞ്ചാരം മാത്രം ആണുദ്ദേശമെങ്കില്‍ ഇഷ്ടമുള്ള സമയത്തു വരിക.



ഞങ്ങള്‍ കാവില്‍ പോയി തൊഴുത് വനത്തിലൂടെ അല്പം നടന്നു “ രാമനോടും കൃഷ്ണനോടും കിന്നാരം പറഞ്ഞു,പക്ഷികളുടെ ഗാ‍നം ആസ്വദിച്ച് ഉച്ച വരെ അവിടെ ചെലവഴിച്ചു..വഴിക്കു കണ്ട കടയില്‍ നിന്നും തണ്ണിമത്തങ്ങയും വാങ്ങി കഴിച്ചു അവിടെ ചെലവഴിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തവയാണ്.വേറെ പല സ്ഥലങ്ങളിലും പിന്നീട് ഒരുമിച്ച് പോയിട്ടുണ്ടെങ്കിലും ആദ്യത്തെ യാത്രയുടെ മധുരം .. അതൊന്നു വേറെ തന്നെയല്ലേ.


പെരുമ്പാവൂര്‍ വഴി വരുന്ന എല്ലാ ബൂലോകരും ഇവിടെ ഇറങ്ങി നഗരത്തിനുള്ളിലെ ഈ വനപ്രദേശത്തു പോയി കാടിന്റെ സൌന്ദര്യം ആസ്വദിച്ചു വേണം പോകാന്‍ ..എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു .!! ഒപ്പം എന്റെ വീട്ടിലേക്കും.കപ്പയും കാന്താരിച്ചമ്മന്തിയും കട്ടന്‍ കാപ്പിയും തന്നു സല്‍ക്കരിക്കുന്നതായിരിക്കും !


* രാമനും കൃഷ്ണനും കാട്ടിലെ കുരങ്ങന്മാര് ആണ്..




ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍