Saturday, October 25, 2008

ജാതിക്കാരിഷ്ടം




നമ്മുടെ നാട്ടില്‍ ധാരാളം ജാതിക്കാ ഉണ്ടല്ലോ..ജാതിക്കയും ജാതി പത്രിയും എടുത്ത ശേഷം ജാതി തൊണ്ട് നമ്മള്‍ കളയാറാണു പതിവ്..പണ്ടു സ്കൂളില്‍ പോയിരുന്ന കാലത്ത് ജാതിതൊണ്ട് ഉപ്പു ചേര്‍ത്ത് തിന്നാനുള്ള ഒരു രസം..ഇപ്പോളും ജാതി തൊണ്ട് തിന്നുക എന്നത് എനിക്കു പ്രിയം തന്നെ.ഇപ്പോള്‍ ജാതി തൊണ്ട് അച്ചാറ് ഇട്ട് കൂട്ടാറുണ്ട്.നല്ല രുചിയാണ് ഈ അച്ചാറിന്.

ജാതിക്കയുടെ ഔഷധ ഗുണങ്ങള്‍ കുറെയൊക്കെ അതിന്റെ തൊണ്ടിലും ഉണ്ട്.അല്പ സമയം ചെലവാക്കാന്‍ ഉണ്ടെങ്കില്‍ ജാതിതൊണ്ടും നമുക്ക് പ്രയോജനപ്പെടുത്താം.ഇതു കൊണ്ട് നമുക്ക് ജാതിക്കാരിഷ്ടം/ ജാതിക്കാ വൈന്‍ ഉണ്ടാക്കാം.അമ്മ എണീറ്റു നടക്കുന്ന കാലത്ത് ഇവിടെ ഇത് ഉണ്ടാക്കാറുണ്ടായിറ്രുന്നു.ഇപ്പോള്‍ ഉണ്ടാക്കാന്‍ ഞാന്‍ മെനക്കെടാറില്ല.എങ്കിലും സമയം കിട്ടുമ്പോള്‍ ഒന്നു കൂടി ഉണ്ടാക്കി നോക്കണം എന്നു വിചാരിക്കുന്നു. ഞങ്ങള്‍ ഇത് ഉണ്ടാക്കാറുള്ള വിധം നിങ്ങള്‍ക്കായി ഞാന്‍ എഴുതട്ടെ.

തപ്പുമ്പോള്‍ കൈയ്യില്‍ തടയേണ്ട സാധനങ്ങള്‍

ജാതിക്കാതൊണ്ട് - 10 കിലോ
ശര്‍ക്കര -3 കിലോ
താതിരിപ്പൂവ് - 100 ഗ്രാം ( അങ്ങാടിമരുന്നു കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും.ഇതിനു വേറെ വല്ല പേരും ഉണ്ടോ എന്നെനിക്കറിയില്ല )
കോലരക്ക് - 100 ഗ്രാം
ഗ്രാമ്പൂ,ഏലം - കുറച്ച്
ഗോതമ്പ് - ഒരു പിടി

ഉണ്ടാക്കുന്ന വിധം

ജാതിക്കാതൊണ്ട് നന്നായി കഴുകിയെടുത്ത് വെള്ളം വാര്‍ന്നു പോയതിനു ശേഷം ഭരണിയില്‍ അട്ടിയായി നിരത്തുക.ഒരട്ടി ജാതിക്കാതൊണ്ട് നിരത്തി അതിനു മേലേ ശര്‍ക്കര ഇടുക.ഇങ്ങനെ ജാതിക്കാതൊണ്ടും ശര്‍ക്കരയും അട്ടികളായി നിരത്തുക.ഇതിനിടയില്‍ കുറെശ്ശെ താതിരിപ്പൂവും കോലരക്കും ഗ്രാമ്പൂവും ഏലവും പൊടിച്ചു വിതറാം.അരിഷ്ടം എളുപ്പം പുളിക്കുന്നതിനായി ഒരു പിടി ഗോതമ്പു ചതച്ചിടാവുന്നതാണ്.ഭരണി നിറഞ്ഞതിനു ശേഷം ഭദ്രമായി അടച്ചു വെക്കുക.41 ദിവസം കഴിയുമ്പോള്‍ ഭരണി തുറന്ന് അരിഷ്ടം ഊറ്റിയെടുക്കാം.
ദഹനക്കേടിനും വയറ്റിലുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ക്കും നല്ലതാണ് ഈ അരിഷ്ടം.ഇത് ഉണ്ടാകുമ്പോള്‍ വെള്ളം അതില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണേ....


അപ്പോള്‍ നാട്ടില്‍ ഉള്ളവര്‍ ഇതുണ്ടാക്കി നോക്കിയിട്ട് വിവരം അറിയിക്കണേ...