Sunday, March 22, 2009

അല്പം “ ചക്ക വിശേഷങ്ങൾ “





മുറ്റത്തെ പ്ലാവിൽ നിറയെ ചക്കകൾ ഉണ്ടായിരിക്കുന്നു.മൂത്തു തുടങ്ങി.കഴിഞ്ഞ മാസം ഇടിച്ചക്കത്തോരനായിരുന്നു പ്രധാന കറി.എത്ര സ്വാദിഷ്ടമാണു ഇടിച്ചക്കത്തോരൻ.ചക്ക മൂപ്പെത്തുന്നതിനു മുൻപു തന്നെ പറിച്ച് മുള്ളു കളഞ്ഞു ചെറിയ കഷണങ്ങളാക്കി അല്പം ഉപ്പും മഞ്ഞളും ചേർത്തു വേവിച്ചെടുക്കും.എന്നിട്ട് അമ്മിക്കല്ലിൽ വച്ച് ഒന്നു ചതച്ചെടുത്ത് അതു തോരനാക്കിയാൽ ചോറിനു വേറൊന്നും വേണ്ട.

ഇപ്പോൾ ചക്കകൾ മൂപ്പെത്തിത്തുടങ്ങി.പണ്ടൊക്കെ ഞങ്ങളുടെ വീട്ടിലെ ഭക്ഷണക്രമത്തിൽ ചക്കക്കും ചക്കവിഭവൾക്കും ഒരു പ്രധാന സ്ഥാനമാണു ഉണ്ടായിരുന്നത്.ഇഞ്ചി,മഞ്ഞൾ,കച്ചോലം തുടങ്ങിയവ ഒക്കെ നടുന്നതിന്റെ സമയമാകുമ്പോൾ ചക്കപ്പുഴുക്കിനൊക്കെ ഒരു പ്രത്യേക രുചി ആയിരുന്നു.അന്നൊന്നും വീട്ടിൽ കൃഷിപ്പണിക്ക് ആളേ കൂട്ടുന്ന പതിവില്ല.അമ്മയും അച്ഛനും മൂന്നു ആൺ മക്കളും അവരുടെ ഭാര്യമാരും കൂടി ഇറങ്ങും.രാവിലെ ചായക്കു ശേഷം അച്ഛനും ആണ്മക്കളും കൂടി പറമ്പിലേക്ക് ഇറങ്ങും.മണ്ണ് കിളച്ചൊരുക്കി വാരം മാടി ഇടുമ്പോളേക്കും മുറിച്ച ഇഞ്ചിവിത്തും അനുബന്ധ സാമഗ്രികളായ ചാണകം,എല്ലു പൊടി തുടങ്ങിയവയുമായി പെണ്ണുങ്ങളും ഇറങ്ങും.അമ്മ മിക്കവാറും അടുക്കളയിൽ ആയിരിക്കും.10 മണി ആകുമ്പോളേക്ക് പണിസ്ഥലത്തേക്ക് ചോറ്,കറികൾ,കഞ്ഞിവെള്ളം തുടങ്ങിയവ എത്തിക്കും.വീണ്ടും തിരിച്ചു പോയി ഉച്ചത്തേക്ക് പുഴുക്ക് ഉണ്ടാക്കുന്നതിനായി കപ്പയോ ചക്കയോ കാച്ചിലോ ശരിയാക്കും.ഉച്ചയാകുമ്പോളേക്കും അമ്മയുടെ വരവ് നോക്കിയിരിക്കുന്നത് ആക്രാന്തത്തോടെയായിരിക്കും!അന്നു കഴിച്ച ചക്കപ്പുഴുക്കിനൊക്കെ എന്തു രുചിയായിരുന്നു! അല്ലെങ്കിലും വിശപ്പു കൂടുമ്പോൾ ഭക്ഷണത്തിനൊക്കെ സ്വാദ് കൂടും എന്ന സത്യം ആരും പറയാതെ തന്നെ എനിക്കു മനസ്സിലായിരുന്നു !!


അന്നൊക്കെ മഴക്കാലത്തേക്കുള്ള കരുതൽ എന്ന നിലയിൽ ചക്ക വിഭവങ്ങൾ കരുതി വെയ്ക്കുമായിരുന്നു.ഇങ്ങനെ കരുതി വെയ്ക്കുന്ന ആഹാര സാധനങ്ങൾ കഴിച്ച് മഴക്കാലം ചെലവഴിച്ച എത്രയോ ദിനങ്ങൾ ഓർമ്മയിൽ ഉണ്ട്.


എന്തൊരു നശിച്ച മഴയാ ! മനുഷ്യനെ ഒന്നു പുറത്തിറങ്ങാൻ കൂടി സമ്മതിക്കില്ല എന്ന് മഴയോടു പരാതി പരാതി പറഞ്ഞാലും ആ മഴക്കാലങ്ങൾ സുന്ദരമായിരുന്നു.ആകാശം മൂടിക്കെട്ടി നിൽക്കുന്ന കർക്കടക സന്ധ്യകളും വല്ലപ്പോഴും മേഘത്തുണ്ടുകൾക്കിടയിലൂടെ എത്തിനോക്കുന്ന സൂര്യനും !
പഴയ മഴക്കാല വിഭവങ്ങളിൽ ഏറ്റവും ഇഷ്ടം ചക്ക വരട്ടിയതാണ്.കള്ളക്കർക്കടകത്തിലെ മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ കഴിച്ചിരുന്ന ചക്കവരട്ടിയതിന്റെ രുചിയും മധുരവും ഇന്നും നാവിലുണ്ട്.നല്ലതു പോലെ പഴുത്ത വരിക്കച്ചക്കയുടെ ചുള വളരെ ചെറുതായി കൊത്തിയരിഞ്ഞ് ഓട്ടുരുളിയിലിട്ട് അല്പം വെള്ളവും ഒഴിച്ച് അടുപ്പത്തു വെയ്ക്കും.ചക്കപ്പഴം നന്നായി വെന്തു കഴിയുമ്പോൾ ആവശ്യത്തിനു ശർക്കര ചേർത്ത് നന്നായി ഇളക്കണം.ശർക്കരയും ചുളയും കൂടെ കുഴമ്പു പരുവത്തിലാകുമ്പോൾ പാകത്തിനു പശുവിൻ നെയ്യും ചേർത്ത് ഇളക്കിയിളക്കി വെള്ളമയം തീർത്തും മാറ്റണം.അവസാനം പാത്രത്തിൽ നിന്നും വിട്ടു പോരുന്ന പരുവമാകുമ്പോൾ ഇറക്കി വെച്ച് തണുത്തതിനു ശേഷം ഭരണിയിലാക്കി അടച്ചു മൂടിക്കെട്ടി വെയ്ക്കും.ഭരണിയുടെ വായ ചക്ക മൊളഞ്ഞീൻ “ ഉപയോഗിച്ച് അടച്ചു ഭദ്രമാക്കും.ഈ ചക്ക വരട്ടിയതു കൊണ്ട് ചക്കയട,ചക്കപ്രഥമൻ തുടങ്ങിയവയുണ്ടാക്കും.ഇല്ലെങ്കിൽ കാപ്പിയോടൊപ്പം ഇതു മാത്രമായും തിന്നും.മഴക്കാലത്ത് ആനയെ തിന്നാനുള്ള വിശപ്പായിരിക്കുമല്ലോ.അപ്പോളൊക്കെ ഇതൊക്കെയാണു ആകെ ഒരു ആശ്വാസം !!മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ 2 ചക്കയട മാത്രം മതി.


പണ്ടൊക്കെ ചക്ക മുറിക്കുമ്പോൾ ഊറി വരുന്ന ചക്ക മൊളഞ്ഞീൻ ചിരട്ടപ്പുറത്ത് തേച്ചു വെക്കും.ഒരു ചക്കക്കാലത്തെ എല്ലാ ചക്കയുടെയും മൊളഞ്നീൻ ഇങ്ങനെ ഒരു ചിരട്ടയിൽ ശേഖരിക്കും.ഇത് ഭരണി അടക്കേണ്ട ആവശ്യങ്ങൾ വരുമ്പോൾ ഉരുക്കി ഉപയോഗിക്കും.കടുമാങ്ങ.ചെത്തുമാങ്ങാ അച്ചാർ,ഉപ്പുമാങ്ങ ഇവയൊക്കെ ഭരണികളിൽ ആണു തയ്യാറാക്കുന്നത്.ഈ ഭരണികൾ അടയ്ക്കാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നത് ചക്ക മൊളഞ്ഞീൻ ആയിരുന്നു.





ചക്ക ഉണക്കി സൂക്ഷിക്കുന്ന വിദ്യയും ഞങ്ങൾ ഇടക്ക് പ്രയോഗിക്കാറുണ്ട്.കൂഴച്ചക്കയുടെ ചുള പുഴുങ്ങിയെടുത്ത് വെയിലത്തുണക്കി സൂക്ഷിക്കാറുണ്ട്.ഉനക്കിയ ചക്ക വെള്ളത്തിലിട്ടു കുതിർത്ത് കറിക്കു ഉപയോഗിക്കും.അല്ലെങ്കിൽ അവിയലിൽ ചേർക്കും.അതുമല്ലെങ്കിൽ ഉപ്പേരി വറക്കാനും ഉപയോഗിക്കാറുണ്ട്.


“വെടിക്കുരു “ എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ചക്കക്കുരുവും ഞങ്ങൾ സൂക്ഷിച്ചു വെക്കും.പാട കളഞ്ഞു ഉണക്കിയാണു ചക്കക്കുരു സൂക്ഷിക്കുന്നത്.പാട ഉണ്ടെങ്കിൽ ചക്കക്കുരു പെട്ടെന്ന് ചീഞ്ഞു പോകും!ഞങ്ങൾ ഒരു പാത്രത്തിൽ മിക്കവാറും ഉരുളിയാണു എടുക്കുന്നത്.ഉരുളിയിൽ മണൽ വിരിക്കും.അതിന്റെ മുകളിൽ ചക്കക്കുരു നിരത്തും വീണ്ടും മണൽ .പിന്നെ ചക്കക്കുരു.അങ്ങനെ ഉരുളി നിറയെ സൂക്ഷിച്ചു വെയ്ക്കാം.ഇങ്ങനെ സൂക്ഷിച്ചു വെയ്ക്കുന്ന ചക്കക്കുരു മഴക്കാലത്ത് ഉപയോഗിക്കാം.ചക്കക്കുരു കൊണ്ട് തോരനും മെഴുക്കുപുരട്ടിയും ഒക്കെ ഉണ്ടാക്കാം.


ഇപ്പോൾ ഈ രുചികളൊക്കെ അന്യം നിന്നു പോയിരിക്കുന്നു.ചക്ക വിഭവങ്ങളാക്കാൻ ഇന്നു സമയം ഇല്ല.എല്ലാം റെഡി മെയ്ഡ് ആയി മാർകറ്റിൽ കിട്ടും .പിന്നെ എന്തിനു മെനക്കെടണം എന്നാണു ഞാൻ ഉൾപ്പെടെയുള്ള വീട്ടമ്മമാരുടെ ചിന്ത.അവരെ കുറ്റം പറയാനും പറ്റില്ല.ഓഫീസ് ജോലികളും വീട്ടുജോലിക്കുമിടയിൽ ഈ രുചികളൊക്കെ പൈസ കൊടുത്ത് വാങ്ങിക്കഴിക്കാനേ നമുക്കൊക്കെ പറ്റൂ ! എന്ന് മാത്രമോ പണ്ടൊക്കെ നമ്മുടെ പറമ്പിൽ എത്ര ഫലവൃക്ഷങ്ങൾ ആയിരുന്നു.ഇന്നു ഇത്തിരി ഭൂമിയിൽ മരങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നു.ഫാസ്റ്റ് ഫൂഡും പിന്നെ ഒരു നൂറു കൂട്ടം രുചികളും നമ്മെ ഭരിക്കുമ്പോൾ ആ പഴയ നല്ല സ്വാദ് നമ്മൾ മറന്നതിൽ വലിയ അൽഭുതം ഒന്നും ഇല്ല.

Sunday, March 15, 2009

കാത്തിരുപ്പ്

മരങ്ങളെയും ചെടികളെയും പൂക്കളെയും തഴുകി കൊണ്ട് എങ്ങു നിന്നോ വന്നെത്തിയ ഒരു മന്ദ മാരുതൻ അവളെ ഗാഡ്ഡ നിദ്രയിൽ നിന്നും മെല്ലെ തഴുകി ഉണര്‍ത്തി.
എന്തേ അവൻ വരാത്തൂ ? അവള്‍ കുണ്ഠിതപ്പെട്ടു.

എത്രയോ ദിനരാത്രങ്ങളിൽ അവന്റെ വരവും കാത്തു കണ്ണിലെണ്ണയും ഒഴിച്ചു ഞാന്‍ കാത്തിരിക്കുന്നു..

അവള്‍ ചുറ്റുപാടും ഒന്നു നോക്കി.മരുന്നുകളുടെയും ലോഷന്റെയും അതി രൂക്ഷ ഗന്ധമാണ് അന്തരീക്ഷമാകെ.കട്ടിലിനരികിലെ ഡ്രിപ്പ് സ്റ്റാൻഡിൽ നിന്നും നിറമില്ലാത്ത ദ്രാവകം തുള്ളി തുള്ളിയായി തന്റെ ഞരമ്പിലേക്ക് കയറുന്നതും നോക്കി അവൾ അല്പ സമയം കിടന്നു . ആരുടെയൊക്കെയോ അടക്കി പിടിച്ച തേങ്ങലുകള്‍ കേൾക്കുന്നുവോ ? . അമ്മയുടെ കണ്ണുകളില്‍ നിന്നും കണ്ണു നീർ ഒഴുകിയിറങ്ങുന്നതു അവള്‍ അറിയുന്നു.മോനും മോളും ഒന്നും അറീയാതെ കട്ടിലിനരികിൽ ഇരിക്കുന്നു.എന്തോ കുസൃതി കാണിക്കുന്ന മോനോട് “ മോൻ അടങ്ങിയൊതുങ്ങി ഇരിക്കൂ .അമ്മയ്ക്കു വാവു അല്ലേ ! അമ്മ ഉറങ്ങിക്കോട്ടെ “ എന്ന് അമ്മ പറയുന്നത് അവൾ ഉറക്കത്തിലെന്നോണം കേട്ടു.

അവള്‍ക്കു അതി കഠിനമായ ദേഷ്യം തോന്നി.

ഉണർവിൽ കിടക്കുന്ന സമയങ്ങളില്‍ അവളോട് തമാശ പറയാനും ചിരിക്കാനും വീട്ടു വിശേഷങ്ങളും നാട്ടു വഴക്കുകളും ഒക്കെ പറയാനും എല്ലാവരും ഏറേ ശ്രദ്ധിക്കുന്നു.അവളെ ശുശ്രൂഷിക്കുന്നതിലും സന്തോഷിപ്പിക്കുന്നതിലും എല്ലാവരും അതീവ ശ്രദ്ധയോടേ കൂടെ നില്‍ക്കുന്നു.എങ്കിലും എല്ലാവരുടെയും ഉള്ളിൽ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന ഒരു കാര്‍മേഘം മറഞ്ഞിരിക്കുന്നത് അവൾ അറിയുന്നു. അതാരും പുറമേ കാണിക്കുന്നില്ലാ എങ്കിലും....



കട്ടിലിനരികിൽ ഇരുന്നു കളിക്കുന്ന മക്കളുടെ മുഖത്തേക്ക് അവൾ പാളി നോക്കി .അവരെ കുറിച്ചോർക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ.ഞാൻ അവന്റെ കൂടെ പോയിക്കഴിഞ്ഞാൽ എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്താകും.വേണ്ട അതേക്കുറിച്ചൊന്നും ചിന്തിക്കണ്ട.ഏതാനും മാസങ്ങൾകു മുൻപേ തന്നെയും മക്കളേയും വിട്ടു പോയപ്പോൾ തന്റെ ജിതിൻ അതൊന്നും ചിന്തിച്ചില്ലല്ലോ .എനിക്ക് ജിതിന്റെ അടുത്തെത്തണം.അവനെ മറക്കുവതെങ്ങനെ !കഴിഞ്ഞ ജന്മത്തിൽ നമ്മൾ മരഞ്ചാടികളായിരുന്നു നിമിഷേ .ഈ ജന്മത്തിലും നമുക്കു വാനരജന്മമാ !
അവന്റെ വാക്കുകൾ ഓർത്തപ്പോൾ അവളുടെ വരണ്ട ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നുവോ ?


“അമ്മേ എനിക്കൊന്നു കുളിക്കണം “

അമ്മ വേഗം ചൂടു വെള്ളത്തിൽ അല്പം സോപ്പു കലക്കി തോർത്തു മുക്കി പിഴിഞ്ഞു അവളുടെ ദേഹം തുടച്ചു.ദേഹവും തലയും നന്നായി തുടച്ച ശേഷം മുഖത്തു പൌഡറിട്ടു..നെറ്റിയിൽ ഒരു പൊട്ടു തൊടുവിച്ചു.നെറ്റിയില്‍ ഭസ്മക്കുറി അണിയിച്ചു.
“എനിക്കു സിന്ദൂരം ഇടണം അമ്മേ “

അമ്മ തിരു നെറ്റിയിൽ സിന്ദൂരവും അണിയിച്ചു.അമ്മ കാണിച്ചു തന്ന കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ട് അവൾ തൃപ്തിയോടെ മന്ദഹസിച്ചു.ഇപ്പോൾ ജിതിനു എന്നെ ഇഷ്ടമാകും തീർച്ച!

നിമിഷയ്ക്ക് ഒരു വയ്യായ്ക അനുഭവപ്പെട്ടിട്ട് അധികകാലമായില്ല..ചെറിയ തലകറക്കം പോലെ ആയിരുന്നു തുടക്കം.പിന്നീട് ശക്തിയായ തലവേദനയും ഇടക്കിടെ ബോധം പോകലും പതിവായപ്പോൾ ആണു ഡോകടറെ കണ്ടത്.ഡോക്ടർ പറഞ്ഞ രോഗത്തിന്റെ പേരു കേട്ട് അവൾ ആദ്യം ഒന്നു ഞെട്ടി . ബ്രെയിൻ ട്യൂമർ.ചെറിയ ഒരു ഓപ്പറേഷൻ നടത്തിയാൽ സുഖമാകും എന്നാണു ഡോകടർ അറിയിച്ചത്.ഡോക്ടർക്ക് നല്ല പ്രതീക്ഷയുണ്ട് എങ്കിലും നിമിഷക്ക് ജീവിക്കണം എന്ന ചിന്തയേ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു.ഒരു ബൈക്ക് ആക്സിഡന്റിന്റെ രൂപത്തിൽ മരണം ജിതിനെ കൂടെ കൂട്ടിയപ്പോൾ പൊട്ടിക്കരഞ്ഞു വീണതായിരുന്നു നിമിഷ.അന്നു മുതൽ ഒരേ ചിന്തയായിരുന്നു.ജിതിന്റെ ഒപ്പം ചേരണം.

എപ്പോളാണു എന്നെ കൊണ്ട് പോകാൻ അവനെത്തുക.അവനെന്താ വരാത്തത്.ഞാൻ സുന്ദരിയായി ഒരുങ്ങിയിരിക്കുന്നത് അവൻ അറിഞ്ഞില്ലെന്നുണ്ടോ ?നിമിഷക്ക് അസഹ്യതയായി. അവനെ പ്രതീക്ഷിച്ച് അവൾ വീണ്ടും റൂമിന്റെ വാതിൽക്കലേക്കു നോക്കി കിടന്നു.


അതാ....... തൂവെള്ള വസ്ത്രം ധരിച്ചു ഇരു കൈകളും അവളുടേ നേരെ നീട്ടി അവളെ തന്റെ ഹൃദയത്തോടൂ ചേര്‍ത്തു പിടിക്കാന്‍ അവന്‍ അവളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു.അവന്റെ നീട്ടിയ കരങ്ങളിലേക്ക് തന്റെ കൈകള്‍ വെച്ചു കൊടുത്ത് അവനോടൊപ്പം ഒരിക്കലും അവസാനിക്കാത്ത പുതിയൊരു ജീവിതത്തിലേക്ക് അവൾ പോയി.അപ്പോൾ പൊട്ടിക്കരയുന്ന അമ്മയെയും ഒന്നുമറിയാതെ ചിരിക്കുന്ന മക്കളെയും അവൾ കണ്ടില്ല.