Saturday, June 21, 2008

ചേരിന്‍ പക






ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച.വൈകിട്ട് ഓഫീസു ജോലി കഴിഞ്ഞു ഞാന് വീട്ടിലേക്കു നടന്നു വരുന്നു. ഞങ്ങളുടെ അടുത്ത വീട്ടിലെ പൊന്നമ്മ ചേച്ചിയുടെ വീട്ടില് കുറച്ചു പേരു കൂടി നില്‍ക്കുന്നു...എന്താ കാര്യം എന്നറിയാന് വേണ്ടി ഞാന് അങ്ങോട്ടു കയറി ചെന്നു.എന്തൊരദ്ഭുതം !!!!!! രാവിലെ കണ്ട പൊന്നമ്മ ചേച്ചി അല്ല ഇത്. രാവിലെ നന്നേ മെലിഞ്ഞു പ്രീതി സിന്റയെ പോലെ ഇരുന്ന പൊന്നമ്മ ചേച്ചിയുടെ ഇപ്പോഴത്തെ രൂപം കവിയൂര് പൊന്നമ്മ ചേച്ചിയുടെ പോലെ ഉണ്ട്. ഇത്ര പെട്ടെന്നു ഏതാനും മണിക്കൂറുകള് കൊണ്ട് തടിച്ചുരുണ്ട് സുന്ദരി ആകാന് പാകത്തിനു എന്തു ടോണിക്ക് ആണ് ചേച്ചി കഴിച്ചത് ??

“ എന്റെ കൊച്ചേ , ഇതു എന്നെ ചേര് പിണഞ്ഞതാ “

“ ചേരയോ ??? ചേര കടിക്കുമോ ? കടിച്ചാല് തന്നെ തടിക്കുമോ ??? “

“ ചേരയല്ല..ചേരു മരം..രാവിലെ ചവറു മുറിക്കാന് വേണ്ടി ഞാന് പറമ്പിലേക്കിറങ്ങിയതാ...അവിടെ ഒരു ചേരിന്റെ തൈ നിന്നതു ഞാന് കണ്ടില്ല...ചവറു മുറിച്ച കൂട്ടത്തില് അതും ഞാന് മുറിച്ചു“

ചേരു പിണഞ്ഞാല് പിന്നെ ദേഹം മുഴുവന് ചൊറിഞ്ഞു തടീക്കും...നീരു വന്നു വെള്ളം ഒലിക്കും

“ഞാന് രാവിലെ മുതല് ഇരുന്നു ചൊറിയുന്നതാ..ചൊറിഞ്ഞു തരാന് ആരെയെങ്കിലും കിട്ടിയിരുന്നെങ്കില് ??? “


“ ഈശ്വരാ ഈ ചൊറിച്ചിലു മാറാന് എന്തു ചെയ്യണം..ചേച്ചി അല്പം പൌഡറ് എടുത്തു ദേഹത്തിട്ടു നോക്കൂ..ചിലപ്പോള് മാറും “

“ ഹോ പഠിച്ച പണി പതിനെട്ടും നോക്കിയതാ ഞാന് !! അപ്പുറത്തെ അമ്മിണി ചേച്ചി പറഞ്ഞതിന് പ്രകാരം പഴയ കുറ്റിച്ചൂലു കരിച്ചു ആ ചാരം മുഴുവന് ദേഹത്തു തേച്ചതാ...എന്നിട്ടും മാറിയില്ല “”

ഇതിനു ഒരു മരുന്നേ ഉള്ളൂ എന്നാ പറയുന്നേ

അതെന്തു മരുന്നാ ചേച്ചീ ???

താന്നിയേം മക്കളേം വലത്തു വെച്ചു തൊഴണം

“ ഇവിടെ അടുത്തു താന്നി മരം ആ ജോര്‍ജ്ജിന്റെ വീട്ടില് ഉണ്ടെന്നു പറഞ്ഞു കേട്ടു..ഞാന് അങ്ങോട്ടു പോകാന് തുടങ്ങിയപ്പോളാ കൊച്ചു വന്നേ “

“എന്നാല് ചേച്ചി വേഗം പോയി വലത്തു വെച്ചിട്ടു വാ...“


അവസാനം താന്നിമരത്തിനെ വലത്തു വെച്ചു താന്നിയില അരച്ചു ശരീരം മുഴുവന് പുരട്ടി താന്നിയിലയും തൊലിയും ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു കുളിച്ചു കഴിഞ്ഞപ്പോള് ചേച്ചിയുടെ ചൊറിച്ചില് കുറഞ്ഞു


ഞാന് പറഞ്ഞു വന്നത് ചേര് എന്നു പറയുന്ന മരം നമ്മുടെ വീടിനടുത്തൊന്നും നിര്‍ത്താന് കൊള്ളില്ലത്രേ..അതു പൈശാചിക ശക്തികളെയും ദുഷ്ട ശക്തികളെയും ആകര്‍ഷിക്കും എന്നു പറയപ്പെടുന്നു..നമ്മളെ ചേരു പിണഞ്ഞാല് എന്തു ചെയ്താലാ ചൊറിച്ചില് ഒന്നു മാറ്റാന് പറ്റുക..എന്റെ അന്വേഷണത്തില് കണ്ടെത്തിയ മരുന്നുകള് താഴെ പറയുന്നവയാണ്

1. പുതു വെണ്ണ കഴിക്കുക.അതു തന്നെ ദേഹത്തു പുരട്ടുകയും ചെയ്യുക
2. 2.എള്ള് അരച്ചു ദേഹത്തു പുരട്ടുക.ഒപ്പം പാല് കുടിക്കുക
3. നാല്പാമരം കൊണ്ട് കഷായം വെക്കുക,അതില് പശുവിന് നെയ്യൊഴിച്ചു ആ നെയ്യ് ദേഹത്തു തേച്ചു ഇരിക്കുക
4. താന്നിയില ഇട്ടു തിളപ്പിച്ച വെള്ളത്തില് കുളിക്കുക


നിങ്ങളുടെ നാട്ടില് ചേരിന് പകക്കു വേറെ മരുന്നുകള് വല്ലതും പ്രചാരത്തില് ഉണ്ടെങ്കില് അതിവിടെ പങ്കു വെക്കണേ ??


വാല്‍ക്കഷണം : പൊന്നമ്മചേച്ചി തടിച്ചു സുന്ദരി ആയതു കണ്ടിട്ടു അടുത്ത വീട്ടിലെ സിന്ധു ചേച്ചി ചേരില പറിച്ച് മുഖത്തൊന്നു തടവി നോക്കി..സിന്ധു ചേച്ചി ഇപ്പോള് തടിക്കും എന്നോര്‍ത്ത് ആകാംക്ഷാഭരിതരായി കാത്തിരുന്ന ഞങ്ങള് നിരാശരായി..വൈകുന്നേരം ആയിട്ടും ഒന്നും സംഭവിച്ചില്ല..അല്ല അതിനു മനസ്സു നന്നാവണം അല്ലേ...


ചേരിന്റെ ചിത്രങ്ങള്‍ ആഷ തന്ന ലിങ്കില്‍ നിന്നും എടുത്തതാണ്....ആഷക്കു നന്ദി..

45 comments:

ജിജ സുബ്രഹ്മണ്യൻ said...

നിങ്ങളുടെ നാട്ടില് ചേരിന് പകക്കു വേറെ മരുന്നുകള് വല്ലതും പ്രചാരത്തില് ഉണ്ടെങ്കില് അതിവിടെ പങ്കു വെക്കണേ ??

ചിതല്‍ said...

രാവിലെ നന്നേ മെലിഞ്ഞു പ്രീതി സിന്റയെ പോലെ ഇരുന്ന പൊന്നമ്മ ചേച്ചിയുടെ ഇപ്പോഴത്തെ രൂപം കവിയൂര് പൊന്നമ്മ ചേച്ചിയുടെ പോലെ ഉണ്ട്......
:)

അതു പൈശാചിക ശക്തികളെയും ദുഷ്ട ശക്തികളെയും ആകര്‍ഷിക്കും എന്നു പറയപ്പെടുന്നു..

പാവം ഒരു മരം .. അതിനെ തൊടാനും മുറിക്കാനും പോയാല്‍ ചൊറിയും. മുറിക്കാന്‍ പോയത് കൊണ്ടല്ല. ദുഷ്ടശക്തികള്‍..
എന്റെ ചേച്ചി...
പറയപ്പെടുന്നുന്ന് പറയല്ലേ..
----
ആ മറന്നു.. ഒരു ചേറ് മരം കൊണ്ട് ചൊറിഞ്ഞ് ഞാന്‍ ഉദ്ഘാടിക്കുന്നു,,

Yasmin NK said...

ഇത് വായിച്ചപ്പോ മങ്ങാട്ടച്ചന്റേയും കുഞ്ഞായന്റേയും കഥ ഓര്‍മ്മ വന്നു.പറയട്ടെ?

തുളസിച്ചെടിക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന മങ്ങാട്ടച്ചനെ കണ്ട കുഞ്ഞായന് ഒരു കുസ്രുതി തോന്നി.ഇഷ്ടന്‍ തുളസിയില പറിച്ച് മേലാസകലം തുടച്ചു.മങ്ങാട്ടച്ചന് ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടീല.കുറച്ചു കഴിഞ്ഞപ്പോ കുഞ്ഞായനുണ്ട് ഒരു ചെടിയെ തൊഴുതു നില്‍ക്കുന്നു.പകരം വീട്ടാനുള്ള തിടുക്കത്തില്‍ മങ്ങാട്ടച്ചന്‍ ഓടി ചെന്ന് ചെടി പറിച്ചെടുത്ത് മേലാസകലം ഉരച്ചു.പിന്നെത്തെ കഥ പറയേണ്ടല്ലോ.

ഗോപക്‌ യു ആര്‍ said...

ആ സിന്ദുചേച്ചിയുടെ
പേരു കാന്താരികുട്ടി എന്നാണൊ?
[മരുന്ന്-ആ മരത്തിന്റെ അടുത്തു പോകാതിരിക്കുക...]

പാമരന്‍ said...

താന്നിയിലയാണു മരുന്നെന്ന്‌ കേട്ടിട്ടുണ്ട്‌.. വേറൊന്നും അറിയില്ല..:(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഴിഞ്ഞപോറ്സ്റ്റില്‍ വൈദ്യം തുടങ്ങിയപ്പോഴെ
ഞാന്‍ വിചാരിച്ചതാ ഇനിയിപ്പൊ
വൈദരുമഠം കാന്താരിക്കുട്ടിയാകുമെന്ന്..
ഇപ്പൊ അത് സത്യമായി അപ്പോള്‍ ഗുളികന്‍ വായില്‍ ഉണ്ടാരുന്നപോഴാ ആ പോസ്റ്റ് ഇട്ടത് അല്ലെ സ്വാഹ..

ഹരിശ്രീ said...

pUthiyA ariVukaL panKuvaChatHinu thanks

siva // ശിവ said...

നകുക്ക് ചുറ്റും ഇങ്ങനെ എത്ര ചെടികള്‍...നാം അറിയുന്നവയും അറിയാത്തവയും...ഞാന്‍ ആദ്യമായാണ് ഈ ചെടിയെക്കുറിച്ച് കേള്‍ക്കുന്നത്...ഈ വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിന് നന്ദി...ഇനിയും പുതിയ ചെടികളെ പരിചയപ്പെടുത്തൂ...

വനമാലിനെയെക്കുറിച്ച് ഞാന്‍ പലരോടും ചോദിച്ചു...ആര്‍ക്കും അറിയില്ല...

ഈ ചേരു മരത്തിന്റെ ഒരു തൈ കിട്ടിയിരുന്നെങ്കില്‍ അതുകൊണ്ട് എനിക്കൊരു കാര്യമുണ്ടായിരുന്നു...പിന്നെ നിഗൂഢഭൂമിയുടെ (ആ സിന്ദുചേച്ചിയുടെ
പേരു കാന്താരികുട്ടി എന്നാണൊ?) സംശയം എനിക്കുമുണ്ട്.

സസ്നേഹം,
ശിവ.

കുഞ്ഞന്‍ said...

കാന്താരീസ്,

രസകരമായ രീതിയില്‍ ഒരു മരത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞുതരുന്നു. അഭിനന്ദനങ്ങള്‍..

താന്നി മരത്തിനു ചുറ്റും വെറ്റില പിടിച്ചുകൊണ്ട് വലം വച്ചാല്‍ ചേരും പകതീരും..ചൊറിച്ചിലിന് ശമനം വരും..പിന്നീട് എന്തു കഷായം/മരുന്ന് കഴിക്കണ കാര്യം എനിക്കറിയില്ല.

എന്റെ വീട്ടീല്‍ ചേര് മരം ഉണ്ടായിരുന്നു. മരം മുറിച്ചു കളഞ്ഞ വെട്ടുകാരില്‍ ഒരാള്‍ക്കു മാത്രമെ ഇത്തിരി കുഴപ്പം ഉണ്ടായുള്ളൂ. അതിന്റെ ശാസ്തീയത എന്താണെന്ന് മനസ്സിലാകുന്നില്ല. എല്ലാവര്‍ക്കും ഒരുപോലെ ചൊറിച്ചിലും തടിപ്പും വരേണ്ടതല്ലെ..?

തണല്‍ said...

കൊള്ളാം..നല്ല അറിവുകള്‍!

ഒരു സ്നേഹിതന്‍ said...

രസകരമായ രീതിയില്‍ ഒരു മരത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞുതരുന്നു. അഭിനന്ദനങ്ങള്‍..

യാരിദ്‌|~|Yarid said...

പാഠം 1: ചേരു പിണഞ്ഞാല്‍ തടി കൂടൂം. തടിയില്ലാത്തവര്‍ക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്.

പാഠം 2: ഇതു ദുഷ്ടശക്തികളെയും പൈശാചിക ശക്തികളെയും ആകര്‍ഷിക്കും. വല്ലവനൊടൂം ദേഷ്യം ഉണ്ടെങ്കില്‍ അവരറിയാതെ അവരുടെ പറമ്പില്‍ പാതിരാത്രി രണ്ടു ചേരിന്‍ തൈ കൊണ്ട് നടാവുന്നതാണ്. ഒരു വഴിക്കാകുമല്ലൊ..;)

ജിജ സുബ്രഹ്മണ്യൻ said...

ചിതല്‍ :അതു പൈശാചിക ശക്തികളെയും ദുഷ്ട ശക്തികളെയും ആകര്‍ഷിക്കും എന്നു പറയപ്പെടുന്നു..

പാവം ഒരു മരം .. അതിനെ തൊടാനും മുറിക്കാനും പോയാല്‍ ചൊറിയും. മുറിക്കാന്‍ പോയത് കൊണ്ടല്ല. ദുഷ്ടശക്തികള്‍..
ഇതു ഞാന്‍ പറഞ്ഞതല്ലാ..ഈ ചേരു മരത്തിന്റെ ഒരു പടം കിട്ടുമോ എന്നറിയാന്‍ കുറെ തപ്പി..അപ്പോള്‍ വാസ്തുകലയെ പറ്റിയുള്ള ഒരു സൈറ്റില്‍ ( പേരു ഞാന്‍ മറന്നു ) കണ്ട വിവരമാ.എന്തായാലും ആ മരം പറമ്പില്‍ നിന്നാല്‍ ഇതു പോലെ ഉള്ള ചില കുഴപ്പം ഉണ്ടാകും എന്ന കാര്യം ഉറപ്പാ...

മുല്ല : മങ്ങാട്ടച്ചന്റേം കുഞ്ഞായന്റേം കഥ ക്ഷ പിടിച്ചൂ....നന്നായി

നിഗൂ : സംശയം ശരിയല്ല..സിന്ധു ഞാനല്ല...മരുന്നു പറഞ്ഞു തന്നതിനു നന്ദി. അല്ല നമ്മുടെ ഒക്കെ നാട്ടില്‍ കണ്ടു വരുന്ന ഒരു മരമല്ലേ..നിഗൂനു അറിയില്ലേ ഇതിനെ പറ്റി...

നന്ദു : കറ മാത്രം അല്ല അതിന്റെ ഇല പോലും ചൊറിയും ന്നാ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നെ..അല്ലെങ്കില്‍ പിനനെ ആ മരത്തിന്റെ അടുത്തു പോയാലുടന്‍ ചൊറിഞ്ഞും കൊണ്ട് തിരിച്ചു വരുമോ ??
പാമരന്‍ ജീ : താന്നിയില തന്നെ മരുന്ന്.പീന്നെ ഞാന്‍ പോസ്റ്റില്‍ എഴുതിയ മരുന്നുകളും നന്നെന്നു പറയുന്നു..
മിന്നാമിനുങ്ങു ചേട്ടാ : ഇനി അല്പം വൈദ്യം കൂടെ നോക്കട്ടെ..ഒന്നിനുമല്ല എന്റെ വിവരം കൂട്ടാമല്ലോ..ഒരു വിഷയത്തെ കുറിച്ചു പോസ്റ്റ് ഇട്ടാല്‍ പലരുടെ അഭിപ്രായങ്ങള്‍ നമുക്കു കിട്ടുമല്ലോ .. ഏതു ...പിന്നെ ചുളുവില്‍ ഒരു വൈദ്യ രത്നം പദവി അടിച്ചെടുക്കാല്ലോ..എങ്ങ്നെ ഉണ്ടെന്റെ പുത്തീ??

ഹരിശ്രീ : ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

ശിവ ; ഈ മരം നമ്മുടെ ഒക്കെ നാട്ടുമ്പുറങ്ങളില്‍ ഉള്ളതാണ്..ചേരു മരത്തിന്റെ തൈ കൊണ്ടു സ്വയം സുന്ദരന്‍ ആകാന്‍ നോക്കണ്ട കേട്ടൊ..അല്ല എല്ലാവരെയും അതു സുന്ദരന്മാരാക്കില്ല...അതിനു മനസ്സും നന്നാവണം..പിന്നെ സിന്ധു ഞാന്‍ അല്ലാ

കുഞ്ഞന്‍ ചേട്ടാ : വെറ്റില പിടിച്ചു കൊണ്ടു താന്നി മരത്തിനു വലം വെക്കണം എന്നു എനിക്കറിയില്ലാരുന്നു..എല്ലാര്‍ക്കും ചേരിന്‍ പക വരുന്നും ഇല്ല..അതെന്താണെന്നു എനിക്കും അറിയില്ല..ചിലരുടെ ശരീരപ്രകൃതി ആയിരിക്കുമോ അതിനു കാരണം..ഒരു തരം അല്ര്ജി ആണല്ലോ ചേരിന്‍ പക..സാധാരണ അലര്‍ജിയും എല്ലാവര്‍ക്കും ഉണ്ടാവുന്നില്ലല്ലോ..അതു പോലെ ആയിരിക്കും എന്നു കരുതുന്നു
തണല്‍ : വന്നതിനു നന്ദി കേട്ടോ
ഒരു സ്നെഹിതന്‍ : വന്നതിനും കമന്റ് അടിച്ചതിനും നന്ദി കേട്ടൊ

Shabeeribm said...

:)

asdfasdf asfdasdf said...

നല്ല അറിവ്. രസകരമായി വിവരണം.

ആഷ | Asha said...

വീട്ടില്‍ ഒരു താന്നി മരം നില്പുണ്ട്. ചേര് [ എന്റെ വിചാരം തേര് എന്നായിരുന്നു] കൊണ്ട് ചൊറിഞ്ഞു തടിച്ചിട്ട് ചിലര്‍ വന്ന് താന്നിയില്‍ വലംവെയ്ക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് ചേര് കണ്ടാല്‍ തിരിച്ചറിയില്ല.

താന്നിയുടെ പടങ്ങള്‍ അടങ്ങിയ ഒരു ലിങ്ക് കിട്ടിയിട്ടുണ്ട്. http://www.biotik.org/india/species/t/termbell/termbell_ma.html

ഇത്തരം നാട്ടറിവുകള്‍ പങ്കുവെയ്ക്കുന്നതിനു നന്ദി.

നിരക്ഷരൻ said...

കാന്താരിക്കുട്ടീ...

കുറച്ച് നാള്‍ മുന്‍പ് ഒരു കാട്ടിലൂടെ ഞാനും ഒരു സുഹൃത്തും പിന്നൊരു വഴികാട്ടിയും കൂടെ അലഞ്ഞുതിരിയുമ്പോള്‍, വഴികാട്ടി ഈ ചേര് മരത്തിനെ പരിചയപ്പെടുത്തിത്തന്നു. അധികം ദൂരെയല്ലാതെ താന്നി മരവും അയാള്‍ കാണിച്ച് തന്നു. കാട്ടില്‍ പലയിടത്തും അധികം ദൂരത്തല്ലാതെ തന്നെ ഈ രണ്ടുമരങ്ങളും ഉണ്ടാകുമത്രേ !! പ്രകൃതിയുടെ ഒരു പരിപാടിയാണ് അത്. കാട്ടുമൃഗങ്ങളൊക്കെ ചേരില്‍ തട്ടി ചൊറിഞ്ഞാല്‍പ്പിന്നെ പോകുന്ന വഴിയിലുള്ള മരത്തിലൊക്കെ ശരീരം ഉരച്ച് ചൊറിച്ചില്‍ മാറ്റാന്‍ നോക്കും. അതിനിടയില്‍ ഈ താന്നിമരത്തിലും ചെന്ന് ഉരയ്ക്കും. അങ്ങിനെ അവറ്റകള്‍ക്ക് ഒരു ശമനം കിട്ടും. അല്ലാതെ മനുഷ്യന്മാര്‍ ചെയ്യുന്നപോലെ പുതു എണ്ണ കഴിക്കാനും, എള്ള് അരച്ച് തേക്കാനും, നാല്‍പ്പാമര കഷായം വെച്ച് കുടിച്ച് ചൊറിച്ചില്‍ മാറ്റാനുമൊന്നും ആ പാവങ്ങള്‍ക്കാകില്ലല്ലോ ?

വിജ്ഞാനം പകര്‍ന്ന ഈ പോസ്റ്റിന് നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

യാരിദ് ചേട്ടാ : ഇതു ഞാനും ആലോചിക്കാതെ ഇരുന്നില്ല..വിരോധം ഉള്ളവന്റെ പരമ്പില്‍ 2 ചേരിന്‍ തൈ പറിച്ചു വെക്കുന്ന കാര്യമെ..
അജ്ഞാതന്‍ : വന്നതിനു നന്ദി കേട്ടോ
കുട്ടന്‍ മേനോന്‍ ചേട്ടന്‍ : വളരെ നന്ദി
ആഷാ : ഈ ലിങ്ക് ഞാനും കണ്ടിരുന്നു..പക്ഷേ ചേരിന്റെ ലിങ്ക് കിട്ടിയില്ല എനിക്കു..ഒത്തിരി നന്ദി കേട്ടോ
നിരക്ഷരന്‍ ജീ : പോകുന്ന വനങ്ങളില്‍ ഈ ചേരിന്റെ പടം കിട്ടുമെങ്കില്‍ എടുത്തു ഒന്നു പോസ്റ്റണേ...പൊന്നമ്മ ചേച്ചിയെ ചൊറിയിപ്പിച്ച മരം ഇപ്പോള്‍ അവിടെ ഇല്ല..മുറിച്ചു കളഞ്ഞു..അതു കൊണ്ട് അതെനിക്കു കാണാന്‍ പറ്റിയില്ല..

വന്ന എല്ലാര്‍ക്ക്കും നന്ദി

Unknown said...

ഈ ചൊറിച്ചിലിന് ഞങ്ങള്‍ മൂവ്വാറ്റുപുഴകാര്‍ ഒരു മരുന്നു കണ്ടു പിടിച്ചിട്ടുണ്ട് നല്ല നായകരണത്തിന്റെ പൊടി ശരീരം മുഴുവന്‍ പൂശുക
മുഖത്ത് പൂ‍ശിയാല്‍ ചൊറിച്ചിലും മാറും നല്ല ഗ്ലാമറും വരും.
ഒന്ന് നോക്കികോളു കാന്താരികുട്ടി
ദേ എന്റെ പ്രേതകഥയില്‍ ഒരു ചാന്‍സുണ്ട്
അതിന് ഇത്തിരി മേയ്ക്ക്പ്പ് നല്ലതാ

Anonymous said...

അയ്യോ ഈ കഥവായിച്ചിട്ട് എനിക്ക് ചൊറിഞ്ഞിട്ട് വയ്യേ

ഹരീഷ് തൊടുപുഴ said...

കാന്താരിക്കുട്ടി,
ചേര് ഒരു മഹാസംഭവം തന്നെയാണു കെട്ടോ; ഞങ്ങളുടെ നാട്ടിലെ കാടുകളില്‍ ഈ സംഭവം ഉണ്ടെന്നു കേട്ടിട്ടുണ്ട്; പക്ഷെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല.

ആഷ | Asha said...

ഹ ഹ
ചേര് മരവും കിട്ടിപ്പോയ്
http://www.biotik.org/india/species/h/holiarno/holiarno_en.html

ഇംഗ്ലീഷ് പേര് - The black varnish tree

ലിങ്ക് ബ്ലോഗില്‍ കൊടുക്കൂ. ഫോട്ടോസിന് കോപ്പിറൈറ്റ് ഉണ്ടാവും. :)

Sherlock said...

എന്താണീ ചേര് മരം? ഇതുവരെ കേട്ടിട്ടില്ല..തൃശൂരു ഭാഗത്ത് ഇതിനെന്താ പറയണേന്ന് ആരേലും ഒന്നു പറഞ്ഞു തര്വോ?..

പാര്‍ത്ഥന്‍ said...

'ചേര്‌' എന്റെ വീടിനടുത്ത്‌ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. ഞാന്‍ അതിന്റെ മുകളില്‍ കയറാറുണ്ട്‌. പക്ഷെ, അതിന്റെ കായ പെറുക്കിയ എന്റെ ഒരു സുഹൃത്തിന്‌ മേലാകെ നീര്‌ വന്നിരുന്നു. എന്റെ അനുജനും നീര്‌ വരും.

പൈശാചിക ശക്തികളെ ആകര്‍ഷിക്കും എന്നൊക്കെ പറയുന്നത്‌ അന്ധവിശ്വാസത്തിന്റെ ഭാഗമാണ്.

വെറ്റില വെച്ച്‌ ബഹുമാനിച്ചില്ലെങ്കിലും താന്നിമരം അനുഗ്രഹിക്കും. അതൊക്കെ നമുക്ക്‌ ഉപകാരം ചെയ്യുന്ന പ്രകൃതിയിലെ എന്തിനെയും ബഹുമാനിക്കണം എന്ന ആചാരത്തിന്റെ ഭാഗമാണ്‌.

പിന്നെ, താന്നിമുത്തപ്പന്റെ ചുറ്റും വലം വെയ്ക്കല്‍ മാത്രമല്ല വേണ്ടത്‌. 'നഗ്നനായി' താന്നിമരത്തിനെ കെട്ടിപ്പിടിക്കണം എന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. ചുരുങ്ങിയത്‌ ശരീരത്തിന്റെ കുറച്ചുഭാഗമെങ്കിലും മരവുമായി സമ്പര്‍ക്കം ഉണ്ടായിരിക്കണം എന്ന്.

ജിജ സുബ്രഹ്മണ്യൻ said...

അനൂപെ : എന്റെ അടുത്ത പോസ്റ്റ് നായ്ക്കുരണ മൂലമുള്ള ചൊറിച്ചില്‍ ആവട്ടെ എന്നു വിചാരിച്ചിരിക്കുകയായിരുന്നു..

പിള്ളേച്ചാ : ശരിക്കു ചൊറിയൂ..പുറം ചൊറിയാന്‍ ആ പുല്ലുമാന്തി എടുക്കൂ...


ഹരീഷ് : ആഷ തന്ന ലിങ്കില്‍ ഈ ചെടിയുടെ പടം ഉണ്ട്..ഒന്നു നോക്കൂ

പാര്‍ഥന്‍ : പൈശാചികശക്തി എന്നു പറയുന്നതു അന്ധ വിശ്വാസം ആയിരിക്കാം..ഞാന്‍ തര്‍ക്കിക്കുന്നില്ല...എന്നാലും ചില മരങ്ങള്‍ പറമ്പില്‍ നടരുതു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്


ആഷാ : ലിങ്ക് തപ്പി കണ്ടു പിടിച്ചു തന്നതിനു ഒത്തിരി ഒത്തിരി നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചൊറിഞ്ഞല്ലോ ആകെ...

വിജ്‌ഞാനപ്രദം

പൊറാടത്ത് said...

നല്ല രസികന്‍ വിവരണം കാന്താരിക്കുട്ടീ. ആഷയുടെ ലിങ്ക് കൂടി ആയപ്പോള്‍ മുഴുവനുമായി. രണ്ട് പേര്‍ക്കും നന്ദി.

ശ്രീ said...

ചേച്ചീ...
ഇതും ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. നാട്ടിലെങ്ങാനും ഉണ്ടോ ആവോ? (കുട്ടിക്കാലത്ത് കണ്ണില്‍ കണ്ട കാടും പടലുമെല്ലാം ഓടി നടന്നിട്ടുള്ളതാ.)

എന്തായാലും ഉപകാരപ്രദമായ പോസ്റ്റ്.
:)

Bindhu Unny said...

കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത മരങ്ങളുടെയും ചെടികളുടെയും ലിസ്റ്റില്‍ അടുത്തതേതാണാവോ! ഇങ്ങനെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് നന്ദി. :-)

തപസ്വിനി said...

നല്ല എഴുത്ത് കാന്താരീ. ഉപയോഗപ്രദം..

ചേരുപിണയാനൊക്കെ ഏതാ നാട്. എവിടാണ് ഇവയൊക്കെ അവശേഷിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹം. നാട്ടിന്‍ പുറത്തിന്‍റെ നന്മകളും വിശ്വാസങ്ങളും.. എന്തു രസമാണ്...

ജിജ സുബ്രഹ്മണ്യൻ said...

പ്രിയേച്ചീ : വല്ലപ്പോഴും ഒന്നു ചൊറിയുമ്പോള്‍ നല്ല സുഖം അല്ലേ ഹ ഹ ഹ

പൊറാടത്ത് ചേട്ടാ ; നന്ദി കേട്ടോ...
ബിന്ദു : ഈ മരങ്ങള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉള്ളതാ ..പലര്‍ക്കും അറിയില്ലാന്നേ ഉള്ളൂ...ഇതു പോലത്തെ അനുഭവങ്ങള്‍ വരുമ്പോല്‍ ആ ചെടിയെ പറ്റി കൂടുതല്‍ മനസിലാക്കും അത്ര മാത്രം.. വന്നതിനു നന്ദി കേട്ടോ
തപസ്വിനി : എന്റെ നാടു എറണാകുളം ജില്ലയിലെ പെരുമ്പാവൂറ് എന്ന സ്ഥലത്താണ്..ഇവിടെ ഇപ്പോഴും ഈ മരങ്ങള്‍ ഒക്കെ ഉണ്ട്..ഇവിടെ ആദ്യമാണല്ലോ..വന്നതില്‍ സന്തോഷം കേട്ടോ

SreeDeviNair.ശ്രീരാഗം said...

കാന്താരിക്കുട്ടി..
ഒരുസംശയം,
ചേര് എന്നാണോ?
ചാര്,എന്നാണോ?
ചാര്,എന്നൊരുമരം
ഉണ്ടെന്നുതോന്നുന്നു..

നന്നായിട്ടുണ്ട്..
ഇനിയുമിതുപോലുള്ള
അറിവുകള്‍ പങ്കുവയ്ക്കു..
ചേച്ചി

ഗോപക്‌ യു ആര്‍ said...

കാന്താരികുട്ടി..മരം ഞാന്‍ കണ്ടിട്ടില്ല.
.അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്‌..
.പെരിയാറിന്റെ തീരത്ത്‌
ധാരാളം ഉണ്ടത്രെ...അമ്മ പറയാറുണ്ട്‌...അതിന്റെ എഴ്‌
അയല്‍പക്കത്ത്‌
പോകരുതെന്ന്.
..അത്‌ ഞാന്‍ പകുതി
കാര്യമായും...തമാശയായും
പറഞ്ഞതല്ലെ..
anyway ur attempt was
successful bcause
so many has not
heard of it

mmrwrites said...

As sreedevinair said it is also known as charu..thekkan istrictkalil. In engllish it's known as marking-nut tree.. the secretion (cherum) of this tree is used for some kind of marking... scientific name-Semecarpus Orientalis... Ini angu vadkku cherennu paranjal nammude kasumavane..

ബഷീർ said...

ഞാന്‍ ചോദിക്കാന്‍ കരുതിയ ചോദ്യം നിഗൂഢഭൂമി ചോദിച്ചിരിക്കുന്നു..

..തൂവ്വാക്കൊടിച്ചിയുടെ ആരെങ്കിലുമാണോ ഈ മരം..

പിന്നെ മരത്തിനു വലം വെക്കുന്നതൊക്കെ അന്ധവിശ്വാസമായിരിക്കും..

പഴയ കള്ള ന്‍ വന്നാല്‍ കുറച്ച്‌ പൊതിഞ്ഞ്‌ കൊടുക്കൂ... രണ്ട്‌ കാന്താരി മുളകും


എന്തായാലും പോസ്റ്റിനു നന്ദി

ജിജ സുബ്രഹ്മണ്യൻ said...

ശ്രീദേവി ചേച്ചീ : ഞങ്ങളുടെ നാട്ടില്‍ ഇതിനു ചേരു എന്നു പറയും..തെക്കോട്ട് ചാര് എന്നു പറയും..ഓരോ സ്ഥലത്തും ഓരോ പേരല്ലേ ?


നിഗൂ : അമ്മ പറഞ്ഞതു അനുസരിക്കുക.അല്ലെങ്കില്‍ ഈ ഷേപ്പില്‍ ഇരിക്കില്ലാ ന്നു അമ്മക്കു അറിയാം ഹ ഹ ഹ


എം എം ആറ് : വന്നതിനും കമന്റടിച്ചതിനും നന്ദി കേട്ടാ

ബഷീറിക്ക : ഈ തുവ്വാക്കൊടിച്ചീടെ മൂത്ത ചെട്ടന്‍ ആയി വരും ഈ ചേര് അല്ല ഈ തൂവാകൊടിച്ചി എന്താ ? നമ്മുടെ ചൊറിയണം ചെടി ആണോ ?? പണ്ട് അഛന്‍ ചൊറിയണം ചെടി വെച്ചു അടിച്ചതിന്റെ ഓര്‍മ്മ എന്റമ്മോ

കള്ളന്‍ വന്നാല്‍ ഉറപ്പാണെ ഞാന്‍ ഈ മരുന്നും നായ്ക്കുരണ പൊടിയും കൂടി ഒരു ചെയ്ത്തു ചെയ്തു വിടും..കാന്താരി വേണോ ??? വേണ്ട അല്ലേ..

പാര്‍ത്ഥന്‍ said...

ബഷീര്‍ക്കാ,
വലം വെയ്ക്കുന്നത്‌ അന്ധവിശ്വാസമാണ്‌. ഇതിനുമുമ്പ്‌ ഞാന്‍ തന്നെ കമന്റിയിരുന്നു.

പക്ഷെ ഗുണം കിട്ടാന്‍ അഭിമുഖമായി നിന്നാലും മതി. ദിക്ക്‌ തെറ്റരുതെന്ന്‌ മാത്രം. തെറ്റിയാല്‍ ഗുണം കിട്ടില്ല.

രസികന്‍ said...

ചേരുമരം ചിലർക്ക് ചൊറിച്ചിൽ ഊണ്ടാക്കാറില്ല അത് അവരുടെ ശരീരത്തിന്റെ പ്രത്യേകതയായിരിക്കും ഒരിക്കൽ എനിക്ക് നന്നായിട്ട് ഏറ്റിട്ടുണ്ട് അന്ന് തടിച്ചുവന്ന ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുകയാണ് ഉണ്ടായിരുന്നത്
വെളിച്ചെണ്ണ ചികിത്സയിൽ എത്രത്തോളം ശാസ്ത്രീയ വശം ഉണ്ടെന്ന് അറിയില്ല
എന്തോ എനിക്കു കുറച്ചു കഴിഞപ്പോൽ ചൊറിച്ചിൽ മാറി
നല്ല ഒരു വിഷയം അവതരിപ്പിച്ച കാന്താരിക്കുട്ടിക്ക് ആശംസകൾ

രസികന്‍ said...

ഓ...... പറയാൻ മറന്നു പോയി ഞങ്ങളുടെ നാട്ടിൽ ഈ മരത്തിനു തേര് എന്നാണ് പറയുന്നത്

പിരിക്കുട്ടി said...

njaan ingane onnine ppati aadyayitta kelkkane...

ഗീത said...

ഇങ്ങനൊന്ന്‌ ആദ്യമായി കേള്‍ക്കയാ. ഇനി പറമ്പില്‍ ഒക്കെ നടക്കാന്‍ പോകുമ്പോള്‍ സൂക്ഷിക്കണമല്ലോ....

ജിജ സുബ്രഹ്മണ്യൻ said...

രസികന്‍ ,പിരിക്കുട്ടി,ഗീതേച്ചീ ഇവിടെ വന്നതിനും കമന്റിയതിനും നന്ദി കെട്ടൊ...രസികന്റെ മരുന്നു കൊള്ളാം കെട്ടോ..വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ് എന്നു എനിക്കും തോന്നുന്നു..

കുറുമാന്‍ said...

അയ്യോ, ചേരെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചൊറിയുന്നു. പണ്ടൊരു അണ്ണാന്‍ കുഞ്ഞിനെ പിടിക്കാന്‍ ചേരിന്മേല്‍ കയറിയ ഞാന്‍ ബലൂണ്‍ വീര്‍ക്കുന്നത്പോലെ വിര്‍ത്തതോര്‍മ്മ വന്നു. ചേരിന്റെ മരം മുറിക്കാന്‍ വിളിച്ചാല്‍ വരെ ആളുകള്‍ വരില്ല.

ഇതിലും ഭീകരമായ ഒരു ചെടിയുണ്ട്. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ നെല്ലിയാമ്പതി വനത്തില്‍ വച്ചാണ് അവന്റെ സ്വഭാവമറിയാന്‍ കഴിഞ്ഞത്. ആനമാറി എന്നോ മറ്റോ ആണ് പേര്. അറിയാതെ അതിന്റെ ഇല കയ്യിലൊന്നുരസി. ഒരു രണ്ടാഴ്ചയോളം വെള്ളം തൊട്ടാല്‍ അപ്പോള്‍ ചൊറിഞ്ഞ് തടിക്കും. ആനപോലും ആ ചെടിയുടെ അടുത്ത് കൂടെ നട്ടക്കില്ലാന്ന് അന്നൊപ്പം വന്ന എസ്റ്റേറ്റിലെ പണിക്കാരനായയ് ചേട്ടന്‍ പറഞ്ഞ് തന്നത് പിന്നീടായിരുന്നു.

ജിജ സുബ്രഹ്മണ്യൻ said...

കുറുമാന്‍ ജീ : ഇവിടെ വന്നതിനു സന്തോഷം..ആനമാറി എന്ന പുതിയ ചെടിയെ പറ്റി പറഞ്ഞു തന്നതില്‍ സന്തോഷം.ആനമയക്കി,ആന ചൊറിയണം,ആനതൊട്ടാവാടി എന്നെല്ലാം കേട്ടിട്ടുണ്ട്.ആനമാറിയെ പറ്റി ആദ്യമായാ കേള്‍ക്കുന്നേ..അണ്ണാന്‍ കുഞ്നിനെ പിടിക്കാന്‍ ചേരുമരത്തില്‍ കയറിയ ചേട്ടന് അണ്ണാന്‍ കുഞ്ഞിനെ കിട്ടി എന്നു കരുതട്ടേ..അതോ ചൊറിച്ചിലിനു മാത്രേ യോഗം ഉണ്ടായുള്ളോ ??

ഒരു “ദേശാഭിമാനി” said...

“രാവിലെ കണ്ട പൊന്നമ്മ ചേച്ചി അല്ല ഇത്. രാവിലെ നന്നേ മെലിഞ്ഞു പ്രീതി സിന്റയെ പോലെ ഇരുന്ന പൊന്നമ്മ ചേച്ചിയുടെ ഇപ്പോഴത്തെ രൂപം കവിയൂര് പൊന്നമ്മ ചേച്ചിയുടെ പോലെ ഉണ്ട്.“

വൈദ്യം നന്നാവുന്നുണ്ട്. അതു സരസമായി അവതരിപ്പിക്കുന്നുമൂണ്ട്!

ആശംസകൾ!