Sunday, March 22, 2009

അല്പം “ ചക്ക വിശേഷങ്ങൾ “





മുറ്റത്തെ പ്ലാവിൽ നിറയെ ചക്കകൾ ഉണ്ടായിരിക്കുന്നു.മൂത്തു തുടങ്ങി.കഴിഞ്ഞ മാസം ഇടിച്ചക്കത്തോരനായിരുന്നു പ്രധാന കറി.എത്ര സ്വാദിഷ്ടമാണു ഇടിച്ചക്കത്തോരൻ.ചക്ക മൂപ്പെത്തുന്നതിനു മുൻപു തന്നെ പറിച്ച് മുള്ളു കളഞ്ഞു ചെറിയ കഷണങ്ങളാക്കി അല്പം ഉപ്പും മഞ്ഞളും ചേർത്തു വേവിച്ചെടുക്കും.എന്നിട്ട് അമ്മിക്കല്ലിൽ വച്ച് ഒന്നു ചതച്ചെടുത്ത് അതു തോരനാക്കിയാൽ ചോറിനു വേറൊന്നും വേണ്ട.

ഇപ്പോൾ ചക്കകൾ മൂപ്പെത്തിത്തുടങ്ങി.പണ്ടൊക്കെ ഞങ്ങളുടെ വീട്ടിലെ ഭക്ഷണക്രമത്തിൽ ചക്കക്കും ചക്കവിഭവൾക്കും ഒരു പ്രധാന സ്ഥാനമാണു ഉണ്ടായിരുന്നത്.ഇഞ്ചി,മഞ്ഞൾ,കച്ചോലം തുടങ്ങിയവ ഒക്കെ നടുന്നതിന്റെ സമയമാകുമ്പോൾ ചക്കപ്പുഴുക്കിനൊക്കെ ഒരു പ്രത്യേക രുചി ആയിരുന്നു.അന്നൊന്നും വീട്ടിൽ കൃഷിപ്പണിക്ക് ആളേ കൂട്ടുന്ന പതിവില്ല.അമ്മയും അച്ഛനും മൂന്നു ആൺ മക്കളും അവരുടെ ഭാര്യമാരും കൂടി ഇറങ്ങും.രാവിലെ ചായക്കു ശേഷം അച്ഛനും ആണ്മക്കളും കൂടി പറമ്പിലേക്ക് ഇറങ്ങും.മണ്ണ് കിളച്ചൊരുക്കി വാരം മാടി ഇടുമ്പോളേക്കും മുറിച്ച ഇഞ്ചിവിത്തും അനുബന്ധ സാമഗ്രികളായ ചാണകം,എല്ലു പൊടി തുടങ്ങിയവയുമായി പെണ്ണുങ്ങളും ഇറങ്ങും.അമ്മ മിക്കവാറും അടുക്കളയിൽ ആയിരിക്കും.10 മണി ആകുമ്പോളേക്ക് പണിസ്ഥലത്തേക്ക് ചോറ്,കറികൾ,കഞ്ഞിവെള്ളം തുടങ്ങിയവ എത്തിക്കും.വീണ്ടും തിരിച്ചു പോയി ഉച്ചത്തേക്ക് പുഴുക്ക് ഉണ്ടാക്കുന്നതിനായി കപ്പയോ ചക്കയോ കാച്ചിലോ ശരിയാക്കും.ഉച്ചയാകുമ്പോളേക്കും അമ്മയുടെ വരവ് നോക്കിയിരിക്കുന്നത് ആക്രാന്തത്തോടെയായിരിക്കും!അന്നു കഴിച്ച ചക്കപ്പുഴുക്കിനൊക്കെ എന്തു രുചിയായിരുന്നു! അല്ലെങ്കിലും വിശപ്പു കൂടുമ്പോൾ ഭക്ഷണത്തിനൊക്കെ സ്വാദ് കൂടും എന്ന സത്യം ആരും പറയാതെ തന്നെ എനിക്കു മനസ്സിലായിരുന്നു !!


അന്നൊക്കെ മഴക്കാലത്തേക്കുള്ള കരുതൽ എന്ന നിലയിൽ ചക്ക വിഭവങ്ങൾ കരുതി വെയ്ക്കുമായിരുന്നു.ഇങ്ങനെ കരുതി വെയ്ക്കുന്ന ആഹാര സാധനങ്ങൾ കഴിച്ച് മഴക്കാലം ചെലവഴിച്ച എത്രയോ ദിനങ്ങൾ ഓർമ്മയിൽ ഉണ്ട്.


എന്തൊരു നശിച്ച മഴയാ ! മനുഷ്യനെ ഒന്നു പുറത്തിറങ്ങാൻ കൂടി സമ്മതിക്കില്ല എന്ന് മഴയോടു പരാതി പരാതി പറഞ്ഞാലും ആ മഴക്കാലങ്ങൾ സുന്ദരമായിരുന്നു.ആകാശം മൂടിക്കെട്ടി നിൽക്കുന്ന കർക്കടക സന്ധ്യകളും വല്ലപ്പോഴും മേഘത്തുണ്ടുകൾക്കിടയിലൂടെ എത്തിനോക്കുന്ന സൂര്യനും !
പഴയ മഴക്കാല വിഭവങ്ങളിൽ ഏറ്റവും ഇഷ്ടം ചക്ക വരട്ടിയതാണ്.കള്ളക്കർക്കടകത്തിലെ മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ കഴിച്ചിരുന്ന ചക്കവരട്ടിയതിന്റെ രുചിയും മധുരവും ഇന്നും നാവിലുണ്ട്.നല്ലതു പോലെ പഴുത്ത വരിക്കച്ചക്കയുടെ ചുള വളരെ ചെറുതായി കൊത്തിയരിഞ്ഞ് ഓട്ടുരുളിയിലിട്ട് അല്പം വെള്ളവും ഒഴിച്ച് അടുപ്പത്തു വെയ്ക്കും.ചക്കപ്പഴം നന്നായി വെന്തു കഴിയുമ്പോൾ ആവശ്യത്തിനു ശർക്കര ചേർത്ത് നന്നായി ഇളക്കണം.ശർക്കരയും ചുളയും കൂടെ കുഴമ്പു പരുവത്തിലാകുമ്പോൾ പാകത്തിനു പശുവിൻ നെയ്യും ചേർത്ത് ഇളക്കിയിളക്കി വെള്ളമയം തീർത്തും മാറ്റണം.അവസാനം പാത്രത്തിൽ നിന്നും വിട്ടു പോരുന്ന പരുവമാകുമ്പോൾ ഇറക്കി വെച്ച് തണുത്തതിനു ശേഷം ഭരണിയിലാക്കി അടച്ചു മൂടിക്കെട്ടി വെയ്ക്കും.ഭരണിയുടെ വായ ചക്ക മൊളഞ്ഞീൻ “ ഉപയോഗിച്ച് അടച്ചു ഭദ്രമാക്കും.ഈ ചക്ക വരട്ടിയതു കൊണ്ട് ചക്കയട,ചക്കപ്രഥമൻ തുടങ്ങിയവയുണ്ടാക്കും.ഇല്ലെങ്കിൽ കാപ്പിയോടൊപ്പം ഇതു മാത്രമായും തിന്നും.മഴക്കാലത്ത് ആനയെ തിന്നാനുള്ള വിശപ്പായിരിക്കുമല്ലോ.അപ്പോളൊക്കെ ഇതൊക്കെയാണു ആകെ ഒരു ആശ്വാസം !!മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ 2 ചക്കയട മാത്രം മതി.


പണ്ടൊക്കെ ചക്ക മുറിക്കുമ്പോൾ ഊറി വരുന്ന ചക്ക മൊളഞ്ഞീൻ ചിരട്ടപ്പുറത്ത് തേച്ചു വെക്കും.ഒരു ചക്കക്കാലത്തെ എല്ലാ ചക്കയുടെയും മൊളഞ്നീൻ ഇങ്ങനെ ഒരു ചിരട്ടയിൽ ശേഖരിക്കും.ഇത് ഭരണി അടക്കേണ്ട ആവശ്യങ്ങൾ വരുമ്പോൾ ഉരുക്കി ഉപയോഗിക്കും.കടുമാങ്ങ.ചെത്തുമാങ്ങാ അച്ചാർ,ഉപ്പുമാങ്ങ ഇവയൊക്കെ ഭരണികളിൽ ആണു തയ്യാറാക്കുന്നത്.ഈ ഭരണികൾ അടയ്ക്കാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നത് ചക്ക മൊളഞ്ഞീൻ ആയിരുന്നു.





ചക്ക ഉണക്കി സൂക്ഷിക്കുന്ന വിദ്യയും ഞങ്ങൾ ഇടക്ക് പ്രയോഗിക്കാറുണ്ട്.കൂഴച്ചക്കയുടെ ചുള പുഴുങ്ങിയെടുത്ത് വെയിലത്തുണക്കി സൂക്ഷിക്കാറുണ്ട്.ഉനക്കിയ ചക്ക വെള്ളത്തിലിട്ടു കുതിർത്ത് കറിക്കു ഉപയോഗിക്കും.അല്ലെങ്കിൽ അവിയലിൽ ചേർക്കും.അതുമല്ലെങ്കിൽ ഉപ്പേരി വറക്കാനും ഉപയോഗിക്കാറുണ്ട്.


“വെടിക്കുരു “ എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ചക്കക്കുരുവും ഞങ്ങൾ സൂക്ഷിച്ചു വെക്കും.പാട കളഞ്ഞു ഉണക്കിയാണു ചക്കക്കുരു സൂക്ഷിക്കുന്നത്.പാട ഉണ്ടെങ്കിൽ ചക്കക്കുരു പെട്ടെന്ന് ചീഞ്ഞു പോകും!ഞങ്ങൾ ഒരു പാത്രത്തിൽ മിക്കവാറും ഉരുളിയാണു എടുക്കുന്നത്.ഉരുളിയിൽ മണൽ വിരിക്കും.അതിന്റെ മുകളിൽ ചക്കക്കുരു നിരത്തും വീണ്ടും മണൽ .പിന്നെ ചക്കക്കുരു.അങ്ങനെ ഉരുളി നിറയെ സൂക്ഷിച്ചു വെയ്ക്കാം.ഇങ്ങനെ സൂക്ഷിച്ചു വെയ്ക്കുന്ന ചക്കക്കുരു മഴക്കാലത്ത് ഉപയോഗിക്കാം.ചക്കക്കുരു കൊണ്ട് തോരനും മെഴുക്കുപുരട്ടിയും ഒക്കെ ഉണ്ടാക്കാം.


ഇപ്പോൾ ഈ രുചികളൊക്കെ അന്യം നിന്നു പോയിരിക്കുന്നു.ചക്ക വിഭവങ്ങളാക്കാൻ ഇന്നു സമയം ഇല്ല.എല്ലാം റെഡി മെയ്ഡ് ആയി മാർകറ്റിൽ കിട്ടും .പിന്നെ എന്തിനു മെനക്കെടണം എന്നാണു ഞാൻ ഉൾപ്പെടെയുള്ള വീട്ടമ്മമാരുടെ ചിന്ത.അവരെ കുറ്റം പറയാനും പറ്റില്ല.ഓഫീസ് ജോലികളും വീട്ടുജോലിക്കുമിടയിൽ ഈ രുചികളൊക്കെ പൈസ കൊടുത്ത് വാങ്ങിക്കഴിക്കാനേ നമുക്കൊക്കെ പറ്റൂ ! എന്ന് മാത്രമോ പണ്ടൊക്കെ നമ്മുടെ പറമ്പിൽ എത്ര ഫലവൃക്ഷങ്ങൾ ആയിരുന്നു.ഇന്നു ഇത്തിരി ഭൂമിയിൽ മരങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നു.ഫാസ്റ്റ് ഫൂഡും പിന്നെ ഒരു നൂറു കൂട്ടം രുചികളും നമ്മെ ഭരിക്കുമ്പോൾ ആ പഴയ നല്ല സ്വാദ് നമ്മൾ മറന്നതിൽ വലിയ അൽഭുതം ഒന്നും ഇല്ല.

48 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇപ്പോൾ ഈ രുചികളൊക്കെ അന്യം നിന്നു പോയിരിക്കുന്നു.ചക്ക വിഭവങ്ങളാക്കാൻ ഇന്നു സമയം ഇല്ല.എല്ലാം റെഡി മെയ്ഡ് ആയി മാർക്കറ്റിൽ കിട്ടും .പിന്നെ എന്തിനു മെനക്കെടണം എന്നാണു ഞാൻ ഉൾപ്പെടെയുള്ള വീട്ടമ്മമാരുടെ ചിന്ത.അല്പം “ ചക്ക “ ചിന്തകൾ .

സമാന്തരന്‍ said...

കുറെ ചിത്രങ്ങള്‍ കൂടെ ആവാമായിരുന്നു. കൊതികൊണ്ട് വായില്‍ വെള്ളം വരാനെങ്കിലും..

Anonymous said...

ചക്ക വരട്ടിയത് ,ചക്ക അട ......വായില്‍ വെള്ളം ഊറുന്നു.

നരിക്കുന്നൻ said...

വായിച്ച് തീർന്നപ്പോൾ ആദ്യം തോന്നിയത്, വല്ലാതെ കൊതിപ്പിച്ചു.

ഇല്ല ആ രുചികളൊന്നും അന്യം നിന്ന് പോവില്ല.
ഇന്നും ചക്കക്കൂട്ടാനും ചമ്മന്തിയും കൂട്ടി കഞ്ഞി കുടിക്കാൻ എനിക്ക് പൂതിയാണ്. നാട്ടിൽ ചക്കക്കാലത്ത് വരികയാണെങ്കിൽ എന്റെ ഇഷ്ട വിഭവവും അതു തന്നെ.

നല്ല ഓർമ്മകൾക്ക് നന്ദി.

ചാണക്യന്‍ said...

ചക്കപുരാണം നന്നായി.....

konchals said...

ചക്ക എങ്ങിനെ കിട്ടിയാലും മൂക്കുമുട്ടെ തള്ളിക്കേറ്റുന്ന ഒരാളാണു ഞാന്‍..
ചക്കയുടെ ടേയ്സ്റ്റ് വേറെ ഒന്നിനും കിട്ടില്ല...

ഇന്നു ഇതാ, ചക്കകുരുവും പരിപ്പും മാങ്ങയും മുരിങ്ങക്കായും ഒക്കെ കൂട്ടിയുള്ള കൂട്ടന്‍ ആയിരുന്നു ഉച്ചക്കു.... എന്താ ഒരു സ്വാദ് എന്റീശ്വരാ.....

ഈ ചക്കക്കാലം കഴിയ്യാതെ ഇരുന്നെങ്കില്‍‍....

അനില്‍@ബ്ലോഗ് // anil said...

ഹോ !!
ചക്ക തിന്നു വയറു നിറഞ്ഞിരിക്കുമ്പോഴാ ദേ പിന്നേം ചക്ക.
:)
എന്തായാലും ചക്കയല്ലെ വിടാന്‍ പറ്റില്ല, കുറച്ചു കഴിഞ്ഞ് അടിക്കാം.

Rare Rose said...

ആഹാ..ചക്കത്തോരന്‍ ന്നു കേട്ടപ്പോള്‍ തന്നെ മനസ്സ് നിറഞ്ഞു..ഇനി ചക്ക വറുത്തതിന്റെ ഒരു പോട്ടം കൂടിയുണ്ടാരുന്നെങ്കില്‍ ചക്ക വിശെഷം ഗംഭീരായാനേ...വെറും ചക്കയേക്കാള്‍ എനിക്കിഷ്ടം ചക്ക വെറുത്തതും തോരനും അടയും ഒക്കെയാ...:)

poor-me/പാവം-ഞാന്‍ said...

ചക്കക്കുരു വീടുകളില്‍ സൂക്ഷിക്കുകയോ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യുന്നവര്‍ക്കു 8 വര്‍ഷം കഠിന തടവിനു പോട്ടയില്‍ വ്യവസ്ഥയുള്ളതു ഭവതി അറിഞിരിക്കുന്നത് നന്നായിരിക്കും

പാവത്താൻ said...

പറമ്പിലൊക്കെ കാണുന്ന വലിയ വൃക്ഷത്തിലുണ്ടാകുന്ന "കിറുപിറ കിറുപിറ" എന്നു നിറച്ചു മുള്ളുള്ള ഒരു ഫ്രൂട്ടല്ലേ ഈ കാച്ചില്‌ അല്ല സോറീ ജക്ക എന്നു പറയുന്നത്‌?(എന്റെ പേരു കൃഷ്ണപിള്ള എന്നല്ല)

അയല്‍ക്കാരന്‍ said...

കുംഭം മുതല്‍ ഇടവം വരെയുള്ള സമയത്ത് കേരളം കണ്ടിട്ട് വര്‍ഷങ്ങള്‍ പലതായി. ഏഴു വര്‍ഷം മുമ്പ് ബോംബേ മാടുംഗയില്‍ നിന്ന് പത്തു രൂപയുടെ ചക്കക്കഷണം വാങ്ങിത്തിന്നതാണ് അവസാന ചക്കയോര്‍മ്മ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇതൊക്കെ ഒരു നോസ്ടാല്‍ജിയ അല്ലെ ..നാട്ടില്‍ എത്ര പേര് ചക്ക തിന്നുന്നുണ്ടെന്നു കണ്ടു തന്നെ മനസ്സിലാക്കണം ........

പിന്നെ ഇടിന്ച്ചക്ക തോരനില്‍ കാ‍ന്താരി മുളക്, തേങ്ങ ചേര്‍ത്ത് ഇടിച്ചു ചെര്‍ക്കയോ അരച്ച് ചേര്‍ക്കുകയോ , മുളകും ഉള്ളിയും മൂപ്പിച്ച് കടുക് താളിക്കുകയോ , ഉഴുന്ന് വറുത്തത് ചേര്‍ക്കുകയോ ഒക്കെ ചെയ്യുമെന്ന് തോന്നുന്നു ......

പിന്നെ ചക്കയുടെ മുള്ള് കളഞ്ഞു .. മടലും കുരുവും ഒക്കെ ചേര്‍ന്ന ചക്ക അവിയല്‍ ....

എന്തായാലും ഈ ചക്ക പുരാണം മൂലം കുറെ ചക്ക വിഭവങ്ങളെ കുറിച്ചോര്‍ക്കാന്‍ കഴിഞ്ഞു ...

കാപ്പിലാന്‍ said...

ചക്ക വിശേഷം ഇഷ്ട്ടപ്പെട്ടൂ . നല്ല സമയം നോക്കിയാണല്ലോ കണ്ണന്റെ വരവ് . കൂഴച്ചക്കയുണ്ടോ ? എനിക്കിഷ്ടം അതാണ്‌ .

അതേ പോലെ തേന്‍ വരിക്കച്ചക്കയും ഇഷ്ട .

കുഞ്ഞന്‍ said...

കാന്താരീസ്..

ചക്കപുരാണം രസകരമായി. പ്രവാസ ജീവിതത്തില്‍ ഇതുവരെ ചക്കയുടെ സീസണില്‍ നാട്ടില്‍പ്പോകാന്‍ കഴിഞ്ഞിട്ടില്ല. നാട്ടില്‍ ചക്കയുണ്ടൊ എന്നു ചോദിച്ചപ്പോള്‍ കച്ചവടക്കാര്‍ ഇടിച്ചക്കകള്‍ വാങ്ങി വടക്കേ ഇന്ത്യയിലേക്കും കല്‍ക്കത്തയിലേക്കും കയറ്റി അയക്കുകയാണെന്നാണ് അറിയാന്‍ പറ്റിയത്.

പണ്ട് എന്റെ വീട്ടില്‍ ചക്ക വെട്ടാന്‍ തുടങ്ങിയാല്‍ തൊഴുത്തില്‍ പശുക്കള്‍ കൊതികൊണ്ട് വിളറിപിടിച്ച് അമറുന്നത് ഓര്‍മ്മവരുന്നു. ചക്കയുടെ മടലും കൊണ്ട് അവയുടെ അടുത്തെത്തുമ്പോള്‍ വായില്‍നിന്നുംവെള്ളമൂറ്റിക്കൊണ്ട് തല അങ്ങോട്ടുമിങ്ങോട്ടുമാട്ടികൊണ്ടുള്ള അവയുടെ അക്ഷമ ഒന്നു കാണേണ്ടതാണ്.

കാന്താരീസിന്റെ ആദ്യ കമന്റില്‍ പറയുന്നത് നേരാണൊ?? ചക്ക അവിയലും തോരനും ചക്കക്കുരു മെഴുക്കുപുരട്ടിയും മാര്‍ക്കറ്റില്‍ കിട്ടുമെന്നുള്ളത്?? ഞാന്‍ ഇതുവരെ കണ്ടിട്ടുള്ള റെഡി മെയ്ഡ് വിഭവങ്ങള്‍ ശര്‍ക്കര വരട്ടി ഉപ്പേരി, ചക്ക, ഇടിച്ചക്ക എന്നിവയാണ്. ചക്ക ഹലുവ ഉണ്ടെന്നും കേട്ടിട്ടുണ്ട്.

എന്റെ ഇഷ്ട കറികളിലൊന്നാണ് ചക്കക്കുരുവും മാങ്ങയും മുരിങ്ങാക്കോലുമിട്ട പരിപ്പുകറി..കൊതിയാകുന്നു.

എന്തായാലും ചക്ക വിഭവം നന്നായി കാന്താരീസ്.

Typist | എഴുത്തുകാരി said...

ചക്ക വിശേഷം ഇവിടെയുമുണ്ടല്ലേ?
ചക്ക കൊണ്ടുള്ള ഏതു വിഭവമാ നല്ലതല്ലാത്തതു്? എല്ലാം ഒന്നിനൊന്നു മെച്ചം.

siva // ശിവ said...

ഈ വിഭവങ്ങളൊന്നും ഇപ്പോഴും എന്റെ നാട്ടില്‍ അന്യം നിന്നു പോ‍യിട്ടില്ല....കുറച്ചു ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ എല്ലാവരെയും കൊതിപ്പിക്കാമായിരുന്നു.

ശ്രീ said...

ചക്ക ഏതു രൂപത്തില്‍ ആയാലും സ്വാദിഷ്ടമായ ഒരു വിഭവം തന്നെ അല്ലേ? ഇനി നാട്ടില്‍ പോകുമ്പോള്‍ ഇടിച്ചക്ക തോരന്‍ ഉണ്ടാക്കാന്‍ അമ്മയോട് പറയണം :)

ചക്ക ഉണക്കി സൂക്ഷിയ്ക്കാറുണ്ട് എന്നതു മാത്രം പുതിയ അറിവാണ്.
:)

ഹരിശ്രീ said...

ചക്കവിഭവങ്ങള്‍ എല്ലാം എനിക്കും പ്രിയപ്പെട്ടവയാണ്..

നല്ല പോസ്റ്റ്...

:)

Anil cheleri kumaran said...

വളരെ വളരെ നന്നായിരിക്കുന്നു ചക്ക വിശേഷങ്ങള്‍.

yousufpa said...

കഴിഞ്ഞ തവണ നാട്ടീപോയപ്പൊ ചക്കയൊന്നും കിട്ടിയില്ല. ഇപ്പൊ ഇത് വായിച്ചപ്പൊ കഴിച്ചതിനു തുല്യം.
ആ വെടിക്കുരുപ്രയോഗം ശ്ശി പിടിച്ചു.

ചങ്കരന്‍ said...

എന്റെ കര്‍ത്താവേ ഈ പടമിട്ടകാന്താരിയെ കാത്തോളണേ, ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നു വരുന്ന കൊതി അതിനെക്കൊണ്ട് താങ്ങാനാകുമോ എന്തോ??

ഹരീഷ് തൊടുപുഴ said...

ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനെറങ്ങിയേക്കണൂ!!!

എന്നാലും എന്റെ ഇഷ്ടകറിയായ ചക്കക്കുരു മാങ്ങാ മുരിങ്ങാക്കോല്‍ കറിയെപ്പറ്റി സൂചിപ്പിക്കാത്തതിനാല്‍ ഞാന്‍ ഈ സഭയില്‍ നിന്ന് വക്കൌട്ട് നടത്തുന്നു..

Anonymous said...

kothippikkalle kanthareeeeeeeee, chakka pasham kandittu kothivarunnnuuuuuuuu..........

മാണിക്യം said...

ഒന്നും ഒര്‍ക്കണ്ട
എന്ന്വച്ചാല്‍ സമ്മതിക്കില്ലല്ലേ?
ചക്കക്കുരു തോരന്‍
ചക്കക്കുരുമാങ്ങാ ചാറ്
ചക്കകുരു പറ്റിച്ച് തേങ്ങയിട്ടുലര്‍ത്തിയത്
ചക്ക പൂട്ട് ചക്കയട കുമ്പിളപ്പം ...
ഹൊ എനിക്ക് ഒരു ചക്കക്കുരു പൊലും ഇല്ല!
പച്ച ചക്കചുള ആവിയില്‍ പുഴുങ്ങി നല്ല
കാന്താരി ചമ്മന്തിയും കൂട്ടി ഒന്നങ്ങോട്ട് പൂശിക്കോ!!

ജിജ സുബ്രഹ്മണ്യൻ said...

സമാന്തരൻ : ആദ്യ കമന്റിനു വളരെ നന്ദി.ചിത്രങ്ങൾ ഇടാൻ സമയക്കുറവ് മൂലം സാധിക്കാഞ്ഞതാണ്.

ഉല്ലാസ് : കൊതിയായതിൽ എനിക്ക് വളരെ സന്തോഷം !

നരിക്കുന്നൻ : ആ രുചികളൊന്നും അന്യം നിൽക്കില്ല എന്ന പ്രത്യാശ നമുക്കുണ്ടാവട്ടെ.ഒത്തിരി നന്ദി ട്ടോ


ചാണക്യൻ :നന്ദി

കൊഞ്ചത്സ് : മറ്റൊരു ചക്കക്കൊതിയൻ ! ല്ലേ


അനിൽ : അല്പം കഴിഞ്ഞു കഴിച്ചാ മതീ ട്ടോ
റോസ് : ഇഷ്ടങ്ങൾ ഇതൊക്കെയാ ല്ലേ.കൊച്ചു കള്ളീ!

പാവം ഞാൻ : ഇന്ത്യൻ പീനൽകോഡിൽ ഈ വ്യവസ്ഥ ഉള്ളത് എനിക്കറിയില്ലാരുന്നു.വരവിനും കമന്റിനും പെരുത്ത നന്ദി

പാവത്താൻ :അപ്പോൾ പേരു പിടികിട്ടി!!

അയൽക്കാരൻ : പറ്റിയാൽ ഈ സമയത്ത് നാട്ടിലെത്തൂ.ചക്ക തിന്നു കൊതി മാറി തിരിച്ചു പോകാം !!


ശാരദനിലാവ് : ഇടിച്ചക്കത്തോരൻ എന്നല്ല ഏതു തോരനിലും ഞാൻ ചിലപ്പോഴൊക്കെ കാന്താരി ചേർക്കാറുണ്ട്.പ്രത്യേക ഒരു രുചിയാണല്ലോ കാന്താരിക്ക്

കാപ്പിലാൻ :കൂഴച്ചക്ക എനിക്കും പ്രിയമാ ! വേറൊന്നും കൊണ്ടല്ല.അടർത്തിയെടുക്കാൻ ഏറേ എളുപ്പമല്ലേ.നന്ദി ണ്ട് ട്ടോ

കുഞ്ഞൻ ചേട്ടാ :ചക്ക അവിയലും തോരനും റെഡിമെയ്ഡ് കിട്ടില്ല.പക്ഷേ ചക്ക വരട്ടിയത്,ചക്ക അട ഒക്കെ റെഡിമെയ്ഡ് കിട്ടും.വിശാലമായ കമന്റിനു വല്യ ഒരു നന്ദി

എഴുത്തുകാരി : ചക്ക സീസണായാൽ പിന്നെ ഇതൊക്കെ അല്ലേ എഴുതാനുള്ളൂ

ശിവ : പടങ്ങൾ ഇട്ട് എല്ലാരും കൊതി പിടിച്ചാ എനിക്ക് വയറു വേദന വരില്ലേ ! എന്നോട് അത്രയ്ക്കും ദേഷ്യം ഉണ്ടോ !!

ശ്രീ : ചക്ക ഉണക്കി സൂക്ഷിക്കും.അതു പോലെ ചക്ക കൊണ്ട് പപ്പടം ഉണ്ടാക്കും.മലബാർ സൈഡിലുള്ള കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുള്ള വിദ്യ ആണു.

ഹരിശ്രീ : നന്ദിയുണ്ട് കേട്ടോ
കുമാരൻ.വായനക്കും കമന്റിനും നന്ദി

യൂസുഫ :രസകരമായ കമന്റിനു നന്ദി

ചങ്കരാ : ഹ ഹ ഹ നിങ്ങളുടെ എല്ലാരുടേം പ്രാർഥന എന്റൊപ്പം ഉണ്ടല്ലോ.പിന്നെന്താ
ഹരീഷേ : അയ്യോ അയ്യോ പോവല്ലേ.ചക്കക്കുരൂം മാങ്ങേം മുരിങ്ങാക്കോലും വെള്ളരിക്കേം കൂടി ഇട്ട കറി ഇപ്പോൾ വിളമ്പുന്നതാണു !!ഇങ്ങനെ ആക്രാന്തം പിടിച്ചാലോ .അല്പം ക്ഷമയൊക്കെ വേണ്ടേ ??

അനോണി ചേട്ടാ / ചേച്ച്ചീ : കൊതി പിടിക്കണ്ടാ ട്ടോ.നാട്ടിൽ വരൂ.നമുക്കിതൊക്കെ കഴിക്കാം


മാണിക്യം ചേച്ചീ : ചക്കച്ചുള പുഴുങ്ങി കാന്താരി കൂട്ടി ഞാൻ കഴിച്ചിട്ടില്ല.പക്ഷേ കടച്ചക്ക / ശീമച്ചക്ക ഞങ്ങൾ പുഴുങ്ങി അതു കാന്താരിച്ചമ്മന്തീം പച്ച വെളിച്ചെണ്ണേം ചേർത്ത് കഴിക്കും.അല്പം പഴുത്തു തുടങ്ങിയ കടച്ചക്കയാണേൽ സൂ‍ൂ‍ൂ‍ൂ‍ൂപ്പർ !!


ഇവിടെ വന്നു ചേർന്ന് വായിച്ച്,കമന്റിട്ട് പോയവർക്കും ഒന്നും മിണ്ടാതെ പോയവർക്കും കാന്താരിയുടെ കൂപ്പു കൈ.

പൊറാടത്ത് said...

ചക്കപുരാണം നന്നായി. ചില സാധനങ്ങൾ കൂടി വിട്ട് പോയിട്ടുണ്ട്.

1.ചക്കപപ്പടം
2.ചക്കകൊണ്ടാട്ടം.
3.ചക്കക്കുരു കൊണ്ടാട്ടം.

മഴക്കാലത്ത് നാലുമണിചായയുടെ കൂടെ ഇവയും വറുത്ത് കറുമുറെ തിന്നുന്നത് എന്ത് രസമായിരുന്നു...

ഞാനും നാട്ടിലായിരുന്നു. ചക്കയുമായി ഒരു ചെറുഗുസ്തി നടത്തീട്ടാ തിരിച്ചെത്തിയത്.. :)

the man to walk with said...
This comment has been removed by the author.
Bindhu Unny said...

കൊതിപ്പിച്ചു.
ബിഗ്‌ബസാറില്‍ നിന്ന് ഒരു കുഞ്ഞുചക്ക വാങ്ങി ഞാനും ഇടിച്ചക്കത്തോരന്‍ വെച്ചു, കഴിഞ്ഞയാഴ്ച. :-)

മേരിക്കുട്ടി(Marykutty) said...

ഗൃഹാതുരത ഉണരുന്നു....

the man to walk with said...

venamenkil chakka blogilum kaaykkumennu manassilaayi..

ഹന്‍ല്ലലത്ത് Hanllalath said...

ഞാന്‍ ചക്ക തിന്നിട്ടു കൊല്ലം രണ്ടായി..! :(

മിനിഞ്ഞാണ് റോഡിലൂടെ പോകുമ്പൊള്‍ ഉന്ത് വണ്ടിയില്‍ ചക്ക വില്‍ക്കുന്നു..
മൂന്നാല് ചുള വാങ്ങി ..!

പ്രവാസികളുടെ ഒരു ഗതികേട്...

രസികന്‍ said...

കൊല്ലുംഞാന്‍ .... മനുഷ്യനെ കൊതിപ്പിക്കുന്നതിനും ഒരു ലതൊക്കെയുണ്ട് കെട്ടോ.... നാട്ടിലുള്ളപ്പോള്‍ ചക്കകൊണ്ടുള്ള പലതരം വിഭവങ്ങള്‍ തീന്മേശയില്‍ എത്തുമായിരുന്നു ....... എല്ലാമൊന്നു മിന്നിമറഞ്ഞു...

നല്ല പോസ്റ്റ് ... ആശംസകള്‍

smitha adharsh said...

അയ്യോ..വരാന്‍ വൈകിപ്പോയി കേട്ടോ..ഞാന്‍ ഈ പോസ്റ്റ് എങ്ങനെ വിട്ടു പോയി?
ചക്ക വിശേഷം നന്നായി കേട്ടോ..
എനിക്കൊരു പാട് ഇഷ്ടമാണ് ചക്ക പഴുത്തത്.ചക്ക വരട്ടിയതും.
ആദ്യമായി ചക്കയട കഴിച്ചത് പക്ഷെ,കല്യാണം കഴിഞ്ഞതിനു ശേഷമാട്ടോ.
ചക്കക്കുരു മഴക്കാലതെയ്ക്ക് സൂക്ഷിച്ചു വയ്ക്കുന്നത് ശരിക്കും പുതുമ തോന്നി.ചക്ക കുരു വിഭവം ഞാന്‍ കഴിച്ചിട്ടേ ഇല്ല.
ഇവിടെ എനിക്ക് പഴുത്ത ചക്ക മുറിച്ചു ചെറിയ കഷ്ണം ആക്കി വച്ചത് കിട്ടാറുണ്ട് ട്ടോ.
കഴിഞ്ഞ ആഴ്ച ഇടിചക്കയും കിട്ടി.

പാറുക്കുട്ടി said...

ചക്ക കാര്യം കൊള്ളാം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചക്കവിചാരം കേമമായി.
കൊതിയുണർത്തിയ പോസ്റ്റ്.
നന്ദി

ബഷീർ said...

കാന്താരിക്കുട്ടീ.. ചക്കപോസ്റ്റ് .നല്ല പോസ്റ്റ്..
കൊതിയൂറിവരുന്ന ഓർമ്മകൾ..

ഇവിടെ ഭയങ്കര വിലയാണു ചക്കയ്ക്ക്..
നാട്ടിൽ ഇപ്പോൾ ചക്ക കാലമാണോ ? കാലങ്ങൾ എല്ലാം തകിടം മറിഞ്ഞപ്പോൾ നമ്മുടെ ശീലങ്ങളും തരികിടയായി..

ഫാസ്റ്റ് ഫുഡ്.. ഫാസ്റ്റ് ഡെത്ത്

ബഷീർ said...

x

ഗിരീഷ്‌ എ എസ്‌ said...

മനോഹരം കാന്താരിക്കുട്ടി...
ആശംസകള്‍

Rani said...

ഈ കാന്താരി കുട്ടിയെ കൊണ്ട് തോറ്റു ...ഞങ്ങളെ കൊതിപ്പിക്കാന്‍ തന്നെ പുറപ്പെട്ടിരിക്കുകയന്നോ ... ചക്ക തോരനും ചക്കപ്പുഴുക്കും ചക്കപ്പഴവും ...ആയോ... എനിക്ക് ഇപ്പോള്‍ നാട്ടില്‍ പോകണം ..

വെള്ളത്തൂവൽ said...

ചക്കകഥ നന്നായിരിക്കുന്നു,എന്റെമോൻ നിർബന്ധം പിടിച്ചപ്പോൾ, ഇവിടെ സൂപ്പർ മർക്കറ്റിൽ നിന്നും ഒരു കോന്ത് ചക്ക വാങ്ങി 150 രൂപയ്ക്ക്, വീട്ടിൽ ചെന്ന് അടർത്തി എടുത്തപ്പോൾ ആറ് ചുള, എങ്കിലും നല്ല സ്വാദ് തോന്നി, ഇതാണ് ഈ മരുഭൂമിയിലെ ചക്ക വിശേഷം....... ആശംസകൾ

ഏറനാടന്‍ said...

ഇക്കൊല്ലത്തെ ചക്കക്കാലം മിസ്സായി. ശരിക്കും സങ്കടമായി. ഒരു ചൊള ചക്ക പോലും കിട്ടിയില്ല..

ജിജ സുബ്രഹ്മണ്യൻ said...

ചക്ക വിശേഷങ്ങൾ വായിക്കാനെത്തിയ സർവശ്രീ
പൊറാടത്ത്
ദി മാൻ ടു വാക്ക് വിത്ത്
ബിന്ദു ഉണ്ണി
മേരിക്കുട്ടി
ഹൻലല്ലത്ത്
രസികൻ
സ്മിത ആദർശ്
പാറുക്കുട്ടി
പള്ളിക്കരയിൽ
ബഷീർ വെള്ളറക്കാട്
ഗിരീഷ് എ എസ്
റാണി അജയ്
വെള്ളത്തൂവൽ
ഏറനാടൻ

സമയക്കുറവു മൂലം വിശദമായി മറുപടി എഴുതാൻ സാധിച്ചില്ല.എല്ലാവരും ക്ഷമിക്കണം.എല്ലാവരുടെയും പോസ്റ്റുകൾ കാണാനും പലപ്പോഴും സാധിച്ചിട്ടില്ല.അതിനു കൂടി ക്ഷമ ചോദിക്കുന്നു.ഇവിടെ വരികയും കമന്റുകളിട്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയട്ടെ .

Unknown said...

വേണമെന്കില്‍ ചക്ക വേരിലും കായ്ക്കില്ല മക്കളെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇടിച്ചക്കത്തോരന്‍ ഇഷ്ടമാണ്. ചക്കപ്പഴം ഇഷ്ടമാണെങ്കിലും കഴിക്കാറില്ല. വയറു വേദന ഉണ്ടാകാറുണ്ട്.

പിരിക്കുട്ടി said...

ചക്ക കാണിച്ചു കൊതിപ്പിക്കുന്നോ
എനിക്കേറ്റവും ഇഷ്ടം ചക്ക വറുത്തതും ഇടിയന്‍ ചക്ക തോരനും ആണ്
ഇതൊക്കെ ഉണ്ടാക്കി ഫോട്ടോ ഇട്ടൂടാരുന്നോ ?
ഞങ്ങള്‍ക്ക് പ്ലാവോന്നും ഇല്ലെന്നെ
ഓഫീസിലെ ഒരാളോടു ഇടിയന്‍ ചക്ക തോരന്‍ ഉണ്ടാകാന്‍ ചക്ക കൊണ്ട് തരാന്‍ പറഞ്ഞിട്ട്
കൊണ്ട് തന്നത് വലിയ ചക്ക അത് കൊണ്ട് ചക്ക വറുത്തതും ചക്ക കൂട്ടാനും
ഉണ്ടാക്കി തന്നു അമ്മ ,,,,
എന്നാലും ഇതൊക്കെ പറഞ്ഞപ്പോള്‍ വായില്‍ കപ്പലോടിക്കാം

raadha said...

ചക്ക വൃത്തിയാക്കാന്‍ ഉള്ള ബുദ്ധിമുട്ട്‌ കാരണം ചക്ക പഴം തന്നെ കഴിക്കാന്‍ മടി ആണ്. പിന്നെ കഴിച്ചാലുള്ള മണം അതി ഭയങ്ങരം. നാട്ടില്‍ പോവുമ്പോ ആരെങ്ങിലും ഉണ്ടാക്കി തന്നാല്‍ തിന്നാം എന്ന
സൂത്രത്തില്‍ ഇരിക്കയാണ്. ചക്ക വിഭവങ്ങളില്‍ എനിക്കേറ്റവും ഇഷ്ടം ചക്ക വറുത്തത്‌ ആണ്.. :) പോസ്റ്റിനു നന്ദി !!

നിരക്ഷരൻ said...

ചക്ക മൊളണീന്റെ ഉപയോഗം ആദ്യായിട്ടാ കേള്‍ക്കുന്നത്. അറിവിന് നന്ദി.

ചക്കവിഭവങ്ങളെപ്പറ്റി പറഞ്ഞ് കൊതിപ്പിച്ചു. ചക്കയെന്നു പറഞ്ഞാല്‍ ഞാന്‍ ചാകും.ചക്ക തിന്ന് ചാകാനായിട്ടല്ലേ കാന്താരീടെ നാട്ടില്‍ വന്ന് ഞാന്‍ വീട് വാങ്ങിയിരിക്കുന്നത് ! വയസ്സാംകാലത്ത് നിരക്ഷരന്‍ പ്ലാ‍വീന്ന് വീണ് ചത്തു എന്നോ മറ്റോ ആര്‍ക്കെങ്കിലും പോസ്റ്റിടാ‍നുള്ള വകുപ്പുണ്ടാക്കിത്തരാം.

Mohamedkutty മുഹമ്മദുകുട്ടി said...

വൈകിയാണ് വായിക്കാനെത്തിയതെങ്കിലും ചക്കപുരാണം നന്നായി.പിന്നെ ചക്കയുടെ കാര്യത്തില്‍ ഒരു പഞ്ഞവുമില്ല,ധാരാളം.നാട്ടുകാര്‍ കഴിക്കില്ലെങ്കിലും എനിക്കും വീട്ടുകാര്‍ക്കും പെരുത്തിഷ്ടമാണ്.കൂട്ടത്തില്‍ “വെടിക്കുരു”വാണ് കേമന്‍.അതു കഴിച്ചു “വെടി”വെക്കാനെന്തു സുഖം!!.അതു പോലെ മുരിങ്ങയിലയും വെടിക്കുരുവും ചേര്‍ന്ന കറി.ഇനിയുമുണ്ട്,ഉണക്കച്ചെമ്മീന്‍ വറുത്തു പൊടിച്ചതും വെടിക്കുരുവും പച്ചമാങ്ങയും കൂട്ടി ഒരു കറിയുണ്ട്.ആഹ്...വായില്‍ വെള്ളം വരുന്നു.പിന്നെ ചക്ക വെളഞ്ഞി‍[മൊളഞ്ഞി]ന്റെ ഉപയോഗം ആദ്യമായാണ് കേള്‍ക്കുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും മുമ്പു തമിഴ് നാട്ടിലായിരിക്കുമ്പോള്‍ ചക്കച്ചുള എണ്ണി വാങ്ങി തിന്നേണ്ടി വന്നിട്ടുണ്ട്.അതിന്റെ കുരു കച്ചവടക്കാരന്‍ എടുത്തു വെച്ചു.കൊട്ടക്കു[കുരുവിനു] കാശ് വേറെ എന്നു പറഞ്ഞു!.