Saturday, February 9, 2008

മാ നിഷാദ

മാ നിഷാദ
(വയലാര്‍ രാമവര്‍മയുടെ കവിതകളില്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്ന്)
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു
കൂട്ടിനിളംകിളി ചങ്ങാലി പൈങ്കിളി കൂടു വിട്ടിങ്ങോട്ടു പോരാമോ?
അങ്ങേകൊമ്പിലെ പൊന്നിലക്കൂട്ടിലെ ചങ്ങാലിപ്പെണ്ണു മിണ്ടീല
തൂവല്‍ ചുണ്ടിനാല്‍ കോതി മിനുക്കിയ പൂവന്‍ ചങ്ങാലി ചോദിച്ചു
മഞ്ഞും വീഴുന്നു മാമരം കോച്ചുന്നു നെഞ്ഞത്തെങ്ങാനും ചൂടൊണ്ടോ?
അങ്ങേകൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണു നാണിച്ചു
പൊന്നിന്‍ താലി കിലുങ്ങുന്ന ശബ്ദത്തില്‍ ഒന്നാ കാമുകന്‍ ചോദിച്ചു
അങ്ങേകൊമ്പത്തെ പൊന്നില കൂട്ടിലേക്കെന്നേം കൂടി വിളിക്കാമോ?
വെട്ടം മങ്ങുന്നു സന്ധ്യ മയങ്ങുന്നു മുട്ടിക്കൂടിയിരുന്നോട്ടെ?
നീളന്‍ ദര്‍ഭക്കതിരുകള്‍ തിങ്ങിയ നീലക്കാടുകള്‍ പൂ നീട്ടി
ചൂളം കുത്തി പതഞ്ഞൊഴുകും കാട്ടുചോലക്കെന്തൊരു പുന്നാരം !
ചായച്ചെപ്പും തുറന്നുകൊണ്ടെത്തിയ സായം സന്ധ്യക്കു രോമാഞ്ചം !
ആറിന്‍ തീരത്തെയാമര കൊമ്പുകള്‍ ആകെ പുഞ്ചിരി പൂ കുത്തി !
കൊക്കും ചായ്ച്ചിരുന്നോമന കണ്‍കളില്‍ സ്വര്‍ഗ്ഗ സ്വപ്നങ്ങള്‍ കാണുന്നൂ
അങ്ങേകൊമ്പത്തെ കാമുകി;-ജീവനിലെങ്ങാണ്ടുന്നൊരു രോമാഞ്ചം !
ചെന്നൂ കൂട്ടത്തിലൊന്നിച്ചിരിക്കുവാന്‍ ചെന്നൂ‍ കാമുകനന്നേരം
തമ്മില്‍ കൊക്കും ചിറകുമുരുമ്മി തമ്മില്‍ സ്വപ്നങ്ങള്‍ കൈമാറി
മുട്ടിചേര്‍ന്നു കരളിന്‍ ഞരമ്പുകള്‍ ഒട്ടിച്ചങ്ങനെ മേവുമ്പോള്‍
ജീവന്‍ ജീവനില്‍ പൂക്കുമാ രംഗങ്ങള്‍ ജീവിപ്പിക്കുന്ന ചൈതന്യം
കണ്ടൂ താഴത്തു നോക്കി നിന്നാ കവികന്നില്‍ തന്‍ കരള്‍പ്പൂവോടെ !
ആരിന്‍ തീരത്തെ സന്ധ്യ തന്‍ മുന്തിരിച്ചാറില്‍ കല്പന നീന്തുമ്പോള്‍
ഏതോ ദിവ്യാനുഭൂതിയിലങ്ങനെ ചേതോമണ്ഡലം നോവുമ്പോള്‍
നിന്നൂ നിശ്ചലമാദി മഹാകവി നിന്നൂ-താപസന്‍ വാല്‍മീകി
മേലെ മാമരക്കൊമ്പിലെ പ്രേമൈക ലീലാലോലിത സ്വപ്നങ്ങള്‍
ഒന്നായ് തമ്മിലലിഞ്ഞലിഞ്ഞാത്മാവിലൊന്നായങ്ങനെ താഴുമ്പോള്‍
നിന്നൂ നിശ്ചലം വില്ലും കുലച്ചു കൊണ്ടന്നും കാട്ടിലെ കാട്ടാളന്‍ !
വേട്ടക്കെത്തി വിശന്നു തളര്‍ന്നയാള്‍ കാട്ടമ്പൊന്നെയ്തു ദൂരത്തില്‍
അമ്പിന്നുന്നം പിഴച്ചില്ല ,മാമരകൊമ്പത്തേക്കതു ചെന്നെത്തീ !
പച്ച പ്രാണനില്‍ കൂരമ്പേറ്റൊരാകൊച്ചോമല്‍ക്കിളി വീണല്ലോ
മണ്ണില്‍ വീണു പിടക്കുകയാണതു കണ്ണാ കൊമ്പിലുടക്കുന്നൂ ॥
ഞെട്ടിപ്പോയ് കവി ദിവ്യ ദിവ്യമാമനുഭൂതി
തൊട്ടിലാട്ടിയ കരള്‍ക്കൂമ്പിന്നു മുറിവേല്‍ക്കെ
പൊന്നിണക്കിളികളിലൊന്നിനെ കൂരമ്പെയ്തു
കൊന്ന വേടനെ നോക്കിയദ്ദേഹമാജ്ഞാപിച്ചു
മാ നിഷാദ പ്രതിഷ്ടാം ത്വമഗമശ്ശാശ്വതീസ്സമാ
യത്ക്രൌഞ്ചമിധുനാദേകമവധീ :കാമ മോഹിതം

3 comments:

കാഴ്‌ചക്കാരന്‍ said...

ഇങ്ങനേയും ഒരു ശ്രമം ആവശ്യമാണല്ലൊ. നന്നായി.

siva // ശിവ said...

ഇഷ്ടമായി....അഭിനന്ദനങ്ങള്‍....

നിലാവര്‍ നിസ said...

പണ്ട് പാടിയ പാട്ടിലൊരെണ്ണം വീണ്ടുമോര്‍ത്തു.. നന്നായി..