Saturday, September 13, 2008

ഇന്നലെ ഓണമായിരുന്നു !!!!










ഇന്നലെ ഓണമായിരുന്നു.മലയാളികള്‍ എല്ലാ വര്‍ഷവും സന്തോഷത്തോടെ മാവേലിയുടെ വരവ് ആഘോഷിക്കുന്ന സുദിനം.പ്രജകളുടെ ക്ഷേമം കാണാന്‍ മാവേലിത്തമ്പുരാന്‍ എഴുന്നള്ളുന്നു.ഐശ്വര്യത്തിന്റെയും സമ്പല്സമൃദ്ധിയുടെയും ആശംസകള്‍ ഏറേ എസ് എം എസ് വഴിയും മെയിലുകള്‍ വഴിയും ലഭിച്ചു.എങ്കിലും ഓണം സന്തോഷമാണോ നല്‍കിയത് എന്നു ചോദിച്ചാല്‍ അല്ലാ എന്നു തന്നെ ആണ് എന്റെ ഉത്തരം.അതിനു കാരണം അന്വേഷിച്ചാലോ ? എല്ലാവര്‍ക്കും ഒരു പക്ഷേ ചിരി വരും.പക്ഷേ എനിക്ക് വരുന്നത് നൊമ്പരക്കണ്ണീരാണ്.ഇന്നലെ വിരഹത്തിന്റെ ദിനമായിരുന്നു.വിരസത നിറഞ്ഞു നിന്ന മറ്റൊരു ദിനം ! എത്രയോ വര്‍ഷങ്ങളായി കുടുംബ സമേതം ഓണം ഉണ്ടിട്ട്.

പ്രവാസിയായ ഭര്‍ത്താവ് ഫോണിലൂടെ ഓണാശംസകള്‍ അറിയിച്ചു.മക്കള്‍ ഓണാവധി ആഘോഷിക്കാനായി എന്റെ വീട്ടിലേക്കും പോയി.അവിടെ എന്റെ ആങ്ങളയുടെ മക്കള്‍ ഉള്ളതിനാല്‍ അവര്‍ക്ക് രസം അവിടെ ആണ്.ഓണം ഇവിടെ കൂടാം മക്കളേ എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇത്തവണ മാമന്റെ വീട്ടിലാ ഓണം ഉണ്ണുന്നേ എന്നു പറഞ്ഞു മക്കള്‍ !!


പുലര്‍ച്ചെ എണീറ്റ് മാവേലിക്ക് പൂവട നേദിച്ചപ്പോള്‍ തുടങ്ങി എന്റേ ഓണാഘോഷം.പൂവിളി വിളിക്കല്‍ ഇപ്പോള്‍ പതിവില്ലല്ലോ.അതിനു ശേഷം അടുക്കളയിലേക്ക്.മക്കള്‍ അടുത്തില്ലെങ്കിലും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഉണ്ട്.അമ്മ ശയ്യാവലംബി ആയിട്ട് ഒരു വര്‍ഷത്തിലേറേയായി.ശരീരത്തിന്റെ വലതു ഭാഗം പൂര്‍ണ്ണമായും തളര്‍ന്ന് കിടക്കുന്നു.അവരെ ഓണമൂട്ടാതെ വയ്യ.അതിനാല്‍ മടി ഒക്കെ മാറ്റി വെച്ച് സദ്യ ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.സാമ്പാര്‍.അവിയല്‍.തോരന്‍.ഇഞ്ചിക്കറി.ഉള്ളിക്കറി,കാളന്‍ എന്നിവ ഉണ്ടാക്കി.അച്ചാര്‍ 2 കൂട്ടം ഉത്രാടത്തിന്റന്നേ ഉണ്ടാക്കിയിരുന്നു.ഉപ്പേരി ഒക്കെ പാക്കറ്റ് ആയി വാങ്ങി.പിന്നെ ഉള്ളത് പായസം ആണ്.പാലട ഉണ്ടാക്കി.പപ്പടവും കാച്ചിയതോടെ സദ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അമ്മയെ കുളിപ്പിച്ചു ചോറ് വാരിക്കൊടുത്തു.അച്ഛനും ഇലയിട്ട് സദ്യ കൊടുത്തു.ഇനി എന്റെ ഊഴം! ഒറ്റക്ക് ഇരുന്നു സദ്യ.കണ്ണില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു.പറയാനാവാത്ത ഒരു നൊമ്പരം! എനിക്ക് കണ്ണനെ വിളിക്കണം എന്നു തോന്നി.വിളിച്ചു .കുറെ സങ്കടവും പരാതിയും പരിഭവവും ഒക്കെ പറഞ്ഞു..എനിക്കിങ്ങനെ ജീവിക്കണ്ടാ ന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം..പാവം അദ്ദേഹത്തിന് സങ്കടം .എന്തു ചെയ്യാന്‍ പറ്റും.ഒന്നും ചെയ്യാനില്ല.

ഓണം എങ്ങനെ ഉണ്ടായിരുന്നു എന്നു കണ്ണന്‍ ചോദിച്ചു.ഇതാണോ ഓണം ? ഇതാണോ സന്തോഷം ?ഇങ്ങനെ ആണൊ സമാധാനം ?
തിരുവോണമായിട്ടും നല്ല മഴ ആയിരുന്നു.പുറത്ത് പെരുമഴ.മനസ്സില്‍ കണ്ണീര്‍ മഴ !

ഒരുമിച്ച് ഓണം ഉണ്ണണ്ണമെങ്കില്‍ ഇനി എത്ര കാലം കഴിയണം ? മക്കളുടെ കല്യാണം ഒക്കെ കഴിഞ്ഞ് കുഴിയിലേക്ക് കാലു നീട്ടുമ്പൊള്‍ പറ്റുമായിരിക്കും .

ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര്...

എന്ന് മനസില്‍ പാടിക്കൊണ്ട് ഞാന്‍ ഇരിക്കുന്നു.എല്ലാ പ്രവാസിമാരുടെയും ഭാര്യമാര്‍ക്ക് ഈ അവസ്ഥ തന്നെ ആയിരിക്കുമല്ലോ അല്ലേ.നാട്ടില്‍ അച്ഛനും അമ്മയും ഉള്ളതിനാല്‍ കൂടെ പോകാന്‍ പറ്റില്ല.ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഒറ്റക്ക് തീരുമാനം എടുക്കേണ്ടി വരുന്നു.വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഒപ്പം ഓഫീസ് ജോലികളും.വല്ലാത്ത റ്റെന്‍ഷന്‍ തോന്നുമ്പോള്‍ ഒരു ഫോണ്‍ കാളിന്റെ അകലം മാത്രമേ ഉള്ളല്ലോ എന്നതാണ് ഒരു സമാധാനം !

73 comments:

ജിജ സുബ്രഹ്മണ്യൻ said...

എന്റെ ഓണാഘോഷം ഇങ്ങനെ ആയിരുന്നു.കണ്ണീരില്‍ കുതിര്‍ന്ന് മറ്റൊരു ഓണം കൂടി.എല്ലാ പ്രവാസികളുടെയും ഭാര്യമാര്‍ക്ക് വേണ്ടി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു

അപ്പു ആദ്യാക്ഷരി said...

കാന്താരിക്കുട്ടീ, എനിക്കീ നൊമ്പരം നല്ലവണ്ണം മനസ്സിലാവുന്നുണ്ട്.

പക്ഷേ, ഓണം എന്നതിന്റെ വിശാലാര്‍ത്ഥത്തില്‍ - എന്നും ഐശ്വര്യം - നോക്കുമ്പോള്‍ കേരളത്തില്‍ പല കുടുംബങ്ങളിലും “എന്നും ഓണം” ആയിരിക്കുന്നത് ഈ പ്രവാസജീവിതത്തില്‍ കൂടെ ലഭിക്കുന്ന വരുമാനത്തില്‍ കൂടിയല്ലേ? അങ്ങനെനോക്കുമ്പോള്‍ കരയേണ്ടകാര്യമില്ല. മാത്രവുമല്ല, ഈ ഓണത്തിനു കാന്താരി ചെയ്ത കാര്യമുണ്ടല്ലോ - വയസായ അച്ഛനും അമ്മയ്ക്കും ഒരോണം ഒരുങ്ങിക്കൊടുക്കുക എന്നത്, എത്രവലിയ ഓണാഘോഷങ്ങളെക്കാളും “വില” അതിനുണ്ടെന്ന് മനസ്സിലാക്കുക. ആ നല്ല മനസ്സിനു പ്രണാമം.

വരുന്ന ഒരോണത്തിന് കണ്ണന്‍ അവധിയെടുത്ത് വരാന്‍ പറയൂ.... കാന്താരിക്കും കുടൂംബത്തിനും ഓണാശംസകള്‍!

O.T : തേങ്ങയടിക്കാന്‍ മറന്നു... “ഠേ....” !!

കുഞ്ഞന്‍ said...

കാന്താരീസ്..

ഓണാശംസകള്‍..!

കണ്ണന്റെ ആനന്ദക്കണ്ണീരിലെ തെളിച്ചം മതിയല്ലൊ കാന്താരീസിന്റെ ദുഖം മാറാന്‍. സ്വന്തം അച്ഛനെയും അമ്മയെയും ഭംഗിയായി നോക്കുന്ന ഭാര്യ, ആ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയല്ലെ കഷ്ടപ്പെടുന്നത്. ദൂരെ ദേശത്തിരിക്കുന്ന കണ്ണന് ആശ്വാസം കാന്താരീസ് അവിടെയുണ്ടല്ലൊ എന്നതല്ലെ..അപ്പോള്‍ പ്രവാസ ജീവിതത്തില്‍ കഴിയുന്ന എന്നേപ്പോലുള്ളവര്‍, (കുടുംബ സഹിതം) തങ്ങളുടെ മാതാപിതാക്കള്‍ ആരും നോക്കുവാനും ശിശ്രൂഷിക്കാനുമില്ലാത, നാട്ടില്‍ വിഷമം പുറത്തുകാണിക്കാതെ ജീവിക്കുന്നതു കാണുമ്പോള്‍ എങ്ങിനെ മനസ്സമാധാനത്തോടെ ഇവിടെയിരുന്ന് ഒരുറള കഴിക്കും ഇറങ്ങും..? സത്യം, ഇത്തിരി സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രം ഇവിടെ വന്ന്, പരാധീനതകള്‍ എല്ലാം ഏറ്റ് ആ ബാധ്യതകള്‍ തീര്‍ത്തിട്ട് ഇന്നൊ നാളയൊ ഒരു തിരിച്ചുപോക്കിനു വേണ്ടി പൊള്ളുന്ന മനസ്സോടെ കഴിയുന്ന എന്നേപ്പോലുള്ളവര്‍, സ്വന്തം വേദനകള്‍ മറന്ന് മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാന്‍ വിധിക്കപ്പെട്ട പ്രവാസികളായ ഞങ്ങളുടെ നൊമ്പരം അത് വച്ചു നോക്കുമ്പോള്‍ കാന്താരീസിന്റെ കണ്ണന്‍ ഭാഗ്യവാനാണ് ഇത്രയും നല്ലമനസ്സോടെ സ്വന്തം മാതാപിതാവിനെ ശിശ്രൂഷിക്കുന്ന ഭാര്യയുള്ളപ്പോള്‍ തീര്‍ച്ചയായും കണ്ണന്റെ കണ്ണുനീര്‍ ആനന്ദത്തിന്റെതാകണം..! ആ സന്തോഷം പോരെ കാന്താരീസിന്റെ ദുഖത്തിന് ആശ്വാസം പകരാന്‍..

ഒരു കാര്യം കൂടി പ്രവാസ ജീവിതത്തില്‍ ഭാര്യമാരുമൊത്തു ജീവിക്കുന്ന പ്രവാസികള്‍,നാട്ടിലെ മാതാപിതാവിന് പരാശ്രയം വേണ്ടിവരുന്ന സമയത്ത്, ഇതുപോലെ പല കരച്ചിലും പരിഭവങ്ങളും കേട്ട് കേട്ട് അവസാനം മാത്രം സ്വാര്‍ത്ഥന്മാരായിമാറുകയും ജീവിത സഖിയെ കൂടെ കൊണ്ടുപോരുകയും ചെയ്യുന്നു. പക്ഷെ അവനറിയുന്നില്ല അവനും ഒരു കാലത്ത് വയസ്സാനുകുമെന്നും അവനെ നോക്കാന്‍ ആരും ഉണ്ടാകില്ലെന്നും.

എല്ലാവര്‍ക്കും എല്ലാം ഒരുമിച്ചു കിട്ടുകയില്ലല്ലൊ.

amantowalkwith@gmail.com said...

നിറഞ്ഞ കണ്ണുകള്‍ തുറന്നു പിടിച്ചു എന്നോ മറഞ്ഞ ഒരു പൂക്കളം നാം ഓര്‍മകളില്‍ നിന്നും തിരിച്ചു വിളിക്കുന്നു..കാന്താരി കുട്ടി സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നു ചുറ്റും നോക്കിയതാണ് .. ..യാഥാര്‍ഥ്യം വളരെ വേദനിപ്പിക്കുന്നു ..ലക്ഷ കണക്കിന് പ്രവാസികളുടെ വീടുകളില്‍ ഓണം ഇങ്ങിനെ തന്നെയാണ് ...ഓണ സന്കല്പങ്ങളില്‍ നിന്നും പിച്ചി ഉണര്‍ത്തിയതിന് നന്ദി ..അഭിനന്ദനങ്ങള്‍..

amantowalkwith@gmail.com said...
This comment has been removed by the author.
രസികന്‍ said...

കാന്താരിക്കുട്ടിയെപ്പോലെ ഒരുപാടൊരുപാട് സഹോദരികൾ ഇന്നു കേരളത്തിലുണ്ട് . ഓണത്തിന് വയസ്സായ അമ്മയുടെയും അച്ഛന്റെയും കൂടെ അവരെ ശുശ്രൂഷിച്ചുകൊണ്ട് അവർക്ക് ആവോളം സന്തോശം കൊടുക്കാൻ കഴിഞ്ഞു എന്നത് തന്നെയല്ലെ ഏറ്റവും വലിയ ഭാഗ്യം പലരും ഓണത്തിനെ പാശ്ചാത്യവൽക്കരിച്ചപ്പോൾ പുണ്യമല്ലെ കാന്താരിക്കുട്ടി ചെയ്തത്?
കുഞ്ഞന്റെ കമന്റ്കൂടി ശ്രദ്ധിക്കൂ .
ഒരിക്കൽക്കൂടി ഓണാശംസകൾ

ഭൂമിപുത്രി said...

കാന്താരിക്കുട്ടീ,എന്താ പറയാ..ഒന്നും വ്യർത്ഥമാകില്ല എന്നു മാത്രം പറയട്ടെ?
സ്നേഹവും കരുതലും ശൂശ്രൂഷയും കണ്ണീരും..എല്ലാം.

ബഷീർ said...

കാന്താരിക്കുട്ടിയുടെ സങ്കടം മനസ്സിലാക്കാന്‍ കഴിയുന്നു.
പെരുന്നാളിന്റെ അന്ന് പപ്പടത്തിന്റെ കാര്യം ഉമ്മ പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞ്‌ ഭക്ഷണം മതിയാക്കി എഴുന്നേറ്റ എന്റെ പ്രിയതമയുടെ കാര്യവും ഓര്‍ത്തു..

ജീവിതത്തില്‍ സന്താഷത്തിന്റെ നാളുകള്‍ വന്നണയട്ടെ.. ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടി,
ഇതും ഓണമല്ലേടോ?
പ്രായമായ മാതാപിതാക്കളെ ഊട്ടി, സ്വയം ഊട്ടി ആഘോഷിച്ചില്ലെ?

ഓണത്തിനു ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാത്ത ആയിരങ്ങളെപ്പറ്റി ആലോചിക്കൂ, വിഷമങ്ങളെല്ലാം മാറും.

സുഖവും ദുഖവും ചേര്‍ന്നതല്ലെ ജീവിതം.
സങ്കല്‍പ്പം പോലെ എല്ലാം സാദ്ധ്യമായാല്‍ പിന്നെ സ്വര്‍ഗ്ഗത്തിനു എന്തു വില എന്നു കവികള്‍ ചോദിച്ചിട്ടില്ലെ?

ആ അമ്മയേ ഓണമൂട്ടിയതിനേകാള്‍ വലിയ പുണ്യം എന്താണുണ്ടാവുക.

സന്തോഷിക്കുക, ഒരു നല്ല മനസ്സിനുടമയായതില്‍.

Anil cheleri kumaran said...

വായിച്ചപ്പോ സങ്കടം വന്നു.
അടുത്ത ഓണത്തിനെങ്കിലും തനിച്ചാവാതിരിക്കട്ടെ..

Lathika subhash said...

കാന്താരിക്കുട്ടീ,
എന്റെ കണ്ണു നനയിപ്പിച്ചു ഈ കുറിപ്പ്.
കാന്താരിക്കുട്ടിയുടെ കണ്ണന്‍ ഭാഗ്യവാനാണ്.
കാന്താരിക്കുട്ടി ഭാഗ്യവതിയും.
കണ്ണന്റെ ഭാഗ്യം ഞങ്ങടെ കാന്താരിക്കുട്ടി.
കാന്തരിക്കുട്ടിയുടെ ഭാഗ്യം, വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാന്‍ നല്ലൊരു മനസ്സുണ്ടായതും അതിലൂടെ കിട്ടുന്ന പുണ്യവും.
പ്രവാസി ഭാര്യമാര്‍ക്കു വേണ്ടി സമര്‍പ്പിച്ച ഈ പോസ്റ്റ് ഉചിതമായി. പ്രവാസി അല്ലെങ്കിലും പ്രയാസികളാണല്ലോ നമ്മളെല്ലാം. നമ്മുടെ വിഷമങ്ങളൊക്കെ മാറുമെന്നേ....
എല്ലാം ശരിയാവും. ആശംസകള്‍..
ഒത്തിരി സ്നേഹത്തോടെ ,

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പ്രീയ സഹോദരി,
സഹോദരിയുടെ ദു:ഖം ഞാന്‍ മനസ്സിലാക്കുന്നു.എല്ലാം ശരിയാകും.ആശംസകള്‍.....
വെള്ളായണി

രമ്യ said...

കാന്താരിക്കുട്ടീ, സ്ത്രീകള്‍ക്കെ അവരുടെ ദഃഖങളെ അടുത്തറിയാന്‍ പറ്റു.... എന്നാലും കാന്താരിക്കും കുടൂംബത്തിനും ഓണാശംസകള്‍!

രമ്യ said...

കാന്താരിക്കുട്ടീ, സ്ത്രീകള്‍ക്കെ അവരുടെ ദഃഖങളെ അടുത്തറിയാന്‍ പറ്റു.... എന്നാലും കാന്താരിക്കും കുടൂംബത്തിനും ഓണാശംസകള്‍!

ആഷ | Asha said...

കാന്താരിക്കുട്ടി, വായിച്ചിട്ടു വിഷമമായി. ഒക്കെ ശരീയാവൂട്ടോ. അല്ലാണ്ട് എന്താ പറയണ്ടതെന്ന് എനിക്കറിയില്ല.

smitha adharsh said...

തിരക്കായത് കൊണ്ടു ഒരിടത്തും കമന്റ് ഇടാന്‍ പറ്റിയില്ല.പക്ഷെ,ഇവിടെ ഒന്നും പറയാതെ പോകാന്‍ ആവുന്നില്ല...
എനിക്കറിയാം ഈ അവസ്ഥ..നന്നായി..വിരഹം എന്നത്,ഞാനും അനുഭവിച്ചു തീര്‍ത്തത്..എന്ത് പറയണം,എന്നറിയില്ല....ഒറ്റയ്ക്കാകുമ്പോള്‍,എന്തിന് ഇങ്ങനെ ജീവിക്കുന്നു എന്ന് പോലും തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷെ,ഇവിടെ എത്തിയപ്പോഴാണ് ഞാന്‍ മറ്റൊരു മണ്ടത്തരം മനസ്സിലാക്കിയത്...ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കുന്നതിനു വേണ്ടി,അതുപോലെ വിലപ്പെട്ട എന്തൊക്കെയോ എനിക്ക് വലിച്ചേറിയേണ്ടി വന്നു.... അതില്‍ ഏറ്റവും നഷ്ടം എന്‍റെ കുഞ്ഞിന്‌...ഈ "ഗള്‍ഫ്‌ ഗ്ലാമറില്‍" ജീവിതം എന്തെന്ന് അവള്‍ മനസ്സിലാക്കുന്നേയില്ല.അതിനുള്ള പ്രായമാകാഞ്ഞിട്ടാണ്..എങ്കിലും,എല്ലാവരും,ഒരുപക്ഷെ,ഇതിനോട് വിയോജിച്ചേക്കാം...കൂടെ,എന്‍റെ ജോലി,സീനിയോരിറ്റി,അമ്മ,നാട്ടിലെ എല്ലാം...അങ്ങനെ കണക്കെടുത്താല്‍ നഷ്ടങ്ങള്‍ അനവധി..അങ്ങനെ നോക്കുമ്പോള്‍... എനിക്ക് മുന്നേ വന്നു കമന്റ് ഇട്ടുപോയവര്‍ പറഞ്ഞതിലും ശരിയുണ്ട് എന്ന് ആശ്വസിക്കാം..കണ്ണന്‍,എപ്പോഴും ഒരു ഫോണ്‍ കോളിന് അപ്പുറത്ത് ഉണ്ടല്ലോ...അങ്ങനെ ആശ്വസിക്കൂ...അച്ഛനും,അമ്മയ്ക്കും വേണ്ടി ഓണം ഒരുക്കിയ കാ‍ന്താരി ചേച്ചിക്ക് ഒരു ചക്കര ഉമ്മ....അങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് മാത്രം ചെയ്യാനുള്ള മനസ്സു തന്നെയാണ് ഏറ്റവും വലിയ കാര്യം...ഞാന്‍ പ്രാര്‍തഥക്കാം.കണ്ണന്റെ കൂടെ ഒന്നിച്ചിരിക്കാന്‍ കഴിയണേ എന്ന്..

mayilppeeli said...

കാന്താരിച്ചേച്ചീ,

ഇതു വായിച്ചാല്‍ ആര്‍ക്കും ചിരിയ്ക്കാന്‍ പറ്റില്ല, വായിയ്ക്കുന്നവരുടെ മനസ്സിലൊക്കെ ഒരു നൊമ്പരമാവുന്നു ചേച്ചിയുടെ കുറിപ്പ്‌...ഈ വിരഹത്തിനും, കാത്തിരിപ്പിനുമൊക്കെ ഒരു സുഖമുണ്ട്‌... കണ്ണീരിന്റെ നനവുള്ള സുഖം...ചേച്ചിയ്ക്കും ചേച്ചിയുടെ കണ്ണനും ഒരായിരം ഓണാശംസകള്‍...

നരിക്കുന്നൻ said...

കാന്താരിക്കുട്ടിയുടെ വേദനകൾ ഒരു നൊമ്പരമായി മനസ്സിൽ കൊളുത്തിവലിക്കുന്നു.

പൂക്കളവും, സദ്യയുമൊക്കെ കണ്ടപ്പോൾ എല്ലാം മറന്ന് ഓണം ആഘോഷിച്ചെന്ന് ധരിച്ചു. എഴുത്തുകളിലൂടെ ഞങ്ങൾക്ക്‌ പകർന്ന് നൽകിയ വേദന മനസ്സിലെവിടെയോ തട്ടി ഒരു നീറ്റലാകുന്നു. ആ നൊമ്പരം നീർമ്മണികളായി കീബോർഡിലേക്കുറ്റിയപ്പോഴാണ്‌ ഈ വരികളിലെ ശക്തി മനസ്സിലായത്‌. ഈ ആഘോഷവേളയിൽ എന്നെ കരയിപ്പിച്ചതിന്‌ കാന്താരിക്കുട്ടിക്ക്‌ ഞാൻ വച്ചിട്ടുണ്ട്‌. ഒരു നല്ല മനസ്സിന്റെ, നന്മയുടെ നിറകുടമാണ്‌ കാന്താരിക്കുട്ടിയെന്ന്‌ ഒരു സംശയവുമില്ലാതെ ഞാൻ പറയും. എല്ലാ വേദനകളിലും എല്ലാം സഹിച്ച്‌ രണ്ട്‌ വൃദ്ധരായ അച്ചനമ്മമാരെ പരിചരിച്ച്‌ ജീവിക്കുന്ന ആ മനസ്സിന്റെ നൈർമല്യം ഈ ബൂലോഗത്ത്‌ പരക്കട്ടേ...എല്ലാ പ്രവാസികളുടേയും അവരുടെ ഭാര്യമരുടേയും വേദനയാണ്‌ ഇവിടെ വായിച്ചത്‌. അടുത്ത ഓണത്തിന്‌ എല്ലാ തിരക്കുകളും മാറ്റിവെച്ച്‌ കണ്ണനോട്‌ വരാൻ പറയുക.

കാന്താരിക്കുട്ടിക്കും കുടുംബത്തിനും എന്റേയും കുടുംബത്തിന്റേയും സ്നേഹം നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ.

Sands | കരിങ്കല്ല് said...

സാരല്ല്യ ചേച്ചീ.. എന്നല്ലാതെന്താ പറയാ? എനിക്കറിയില്ല!! :(

മാംഗ്‌ said...

ഇത്തരം ചില കാത്തിരിപ്പുകളും ഇതുപോലെ ഒരായിരം അമ്മമാരുടെയും സഹോദരിമാരുടെയും ഭാര്യമാരുടെയും കണ്ണുനീരും പ്രാർത്ഥനയുമാണു ഞങ്ങളെ (പ്രവാസികളെ)ഇവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതു കണ്ണൻ ചേട്ടന്റെഭാഗ്യം അല്ലേ കാന്താരി ചേച്ചി. അവിടെ ഇരുന്ന കരയുംബൊ അദ്ദേഹതിന്റെ മനസ്സിന്റെ വിഷമം ആലോചിച്ചിട്ടുണ്ടൊ മക്കളും ഭാര്യയും അമ്മയും ഒന്നും അടുത്തില്ലാത്ത ഒരൊണം

ശ്രീ said...

ഒന്നും പറയാന്‍ തോന്നുന്നില്ല ചേച്ചീ...

ഏറനാടന്‍ said...

നൊമ്പരപ്പൂക്കള്‍ കൊണ്ട് പൂക്കളം തീര്‍ത്ത ഓണം നൊമ്പരമേറ്റി. ആ മനസ്സിലെ വ്യഥയാവാം പോസ്റ്റിനെ ഇത്ര തീവ്രമായ കറുത്ത കട്ടിയക്ഷരങ്ങളാല്‍ ഒരുക്കിയതല്ലേ. :(

ജിജ സുബ്രഹ്മണ്യൻ said...

അപ്പു
കുഞ്ഞന്‍ ചേട്ടന്‍ :
എ മാന്‍ റ്റു വാക്ക് വിത്ത്:
രസികന്‍:
ഭൂമിപുത്രിചേച്ചി:
ബഷീറിക്കാ :
അനില്‍ :
കുമാരന്‍:
ലതിചേച്ചി :
വെള്ളായണി വിജയന്‍ :
രമ്യ :
ആഷ :
സ്മിത:
മയില്‍പ്പീലി :
നരിക്കുനന്‍ :
കരിങ്കല്ല്:

മാംഗ് :
ശ്രീ :
അനൂപ് :
ഏറനാടന്‍ :

എന്റെ വിഷമവും വേദനയും മാറ്റാന്‍ ആശ്വാസ വചനവുമായി എത്തിയ എല്ലാവര്‍ക്കും എന്റെ കൂപ്പു കൈ.
എനിക്ക് നാട്ടില്‍ എന്റെ ബന്ധുക്കള്‍ ഒക്കെ അടുത്തുണ്ടായിരിക്കെ ആരോരും അടുത്തില്ലാതെ ഒറ്റക്കു ഓണം ആഘോഷിക്കുന്ന കണ്ണന്റെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു.അതു വെച്ചു നോക്കുമ്പൊള്‍ എന്റേത് ഒരു വിഷമമേ അല്ലല്ലോ.

ഇവിടെ വന്ന എല്ലാവര്‍ക്കും കാന്താരിയുടെയും കുടുംബത്തിന്റെയും ഓണാശംസകള്‍ !

ഷിജു said...

കാന്താരിചേച്ചി, ഉള്ളില്‍ വിഷമത്തോടെയാണെങ്കിലും ഓണം മാതാപിതാക്കളോടൊപ്പം ആഘോഷിച്ചല്ലോ.
അപ്പൂചേട്ടന്‍ പറഞ്ഞകാര്യം വളരെ സത്യമല്ലേ.

അതുപോലെ കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞ കമന്റിന് 100ല്‍ 100 മാര്‍ക്ക്( പ്രവാസ ജീവിതത്തില്‍ ഭാര്യമാരുമൊത്തു ജീവിക്കുന്ന പ്രവാസികള്‍,നാട്ടിലെ മാതാപിതാവിന് പരാശ്രയം വേണ്ടിവരുന്ന സമയത്ത്, ഇതുപോലെ പല കരച്ചിലും പരിഭവങ്ങളും കേട്ട് കേട്ട് അവസാനം മാത്രം സ്വാര്‍ത്ഥന്മാരായിമാറുകയും ജീവിത സഖിയെ കൂടെ കൊണ്ടുപോരുകയും ചെയ്യുന്നു. പക്ഷെ അവനറിയുന്നില്ല അവനും ഒരു കാലത്ത് വയസ്സാനുകുമെന്നും അവനെ നോക്കാന്‍ ആരും ഉണ്ടാകില്ലെന്നും.)

അവസാനം അനില്‍ചേട്ടന്‍ പറഞ്ഞതിനു താഴെ ഒരു കൈയ്യൊപ്പോടെ നിര്‍ത്തട്ടെ. എന്തായാലും ആ മാതാപിതാക്കളുടെ അനുഗ്രഹം എന്നും ചേച്ചിക്കും കുടുംബത്തിനും ഉണ്ടാവും തീര്‍ച്ച.
എന്റെ എല്ലാ ഓണാശംസകളും നേരുന്നു.

നഗ്നന്‍ said...

കരയുക.
കരഞ്ഞ് കരഞ്ഞ്
മനസ്സിന്റെ പിടചിൽ
മറന്ന്,
നെഞ്ചിന്റെ ഭാരം
കുറച്ച്,
പറന്ന് പറന്ന്
വായുവിലലിഞ്ഞ്,
കണ്ണനിലെത്തി,
കണ്ണുൾ തുടച്ച്
കാന്താരിയായി
തിരിച്ചെത്തുക.

siva // ശിവ said...

എല്ലാവരുടെയും ആഗ്രഹമാ അത്...കുടുംബസമേതം ഓണം ആഘോഷിക്കുക എന്നത്...അതിനു കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന വിഷമവും വളരെ അധികമാ...എന്നാലും അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞല്ലോ...അതു തന്നെയല്ലേ ഏറ്റവും സന്തോഷം ഉള്ള കാര്യവും...

ജിവി/JiVi said...

ഓണം വേദനകളുടേത് കൂടിയാണ്. പ്രവാസം ആത്മാവിന്റെ ഭാഗമായ മലയാളിയുടെ ഉത്സവമല്ലേ?

എന്റെ പ്രവാസജീവിതം ആരംഭിച്ച് ആദ്യ ഓണത്തിന് വീട്ടിലേക്ക് അമ്മയെ ഫോണ്‍ വിളിച്ചപ്പോള്‍ മറുതലക്കല്‍ നിന്ന് ഒരു കരച്ചില്‍ മാത്രമായിരുന്നു മറുപടി.

ഭാര്യക്കൊപ്പം ഇന്നലെ ഇവിടെ ഓണമാഘോഷിച്ച എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി, ഈ കുറിപ്പ് വായിച്ചപ്പോള്‍. നാട്ടില്‍ എന്റെയും ഭാര്യയുടെയും വീടുകളില്‍ അറുപത് കഴിഞ്ഞ ഞങ്ങളുടെ അച്ഛനമ്മമാര്‍ മാത്രമാണുണ്ടായിരുന്നത്.

കാന്താരിക്കുട്ടി നന്മ വിതക്കുന്നു. നൂറ്മേനി നന്മ കൊയ്യും. കൊയ്ത്തുത്സവങ്ങള്‍ ആഘോഷിക്കും. തീര്‍ച്ച.

ഗോപക്‌ യു ആര്‍ said...

മറ്റുള്ളവരുടെ കമന്റുകളോട്‌
യോജിക്കുന്ന്...
അതിനാല്‍ കൂടുതലൊന്നും പറയുന്നില്ല..

.ദുഖങ്ങള്‍ക്കിടയിലാണു കാന്താരിബ്ലൊഗിലിരുന്ന് ചിരിക്കുന്നതു അല്ലെ? വിഷമം തോന്നി..മാതാപിതാക്കളെ[ഭര്‍താവിന്റെ ആയാലും]നോക്കുന്നത്‌ ഒരു പുണ്യകര്‍മമാണെന്നാണു നമ്മുടെ സങ്കല്‍പ്പം..
.അതിന്റെ നന്മകള്‍ തീര്‍ചയായും ഉണ്ടാകും..
.ഭാവുകങ്ങള്‍....

അസ്‌ലം said...

ബ്ലൊഗാൻ മറന്നാലും കണവനേ.മറന്നേക്കല്ലേകാന്താരി..........

d said...

കാന്താരീസ്, വരും ഓണങ്ങള്‍ വിരഹത്തിന്റേതാവാതിരിക്കാന്‍ പ്രാര്‍ത്ഥന.
വൈകിയ ഓണാശംസകളും.

കുറ്റ്യാടിക്കാരന്‍|Suhair said...

എന്ത് പറയാനാ കാന്താരിച്ചേച്ചീ...
വൈകിപ്പോയെങ്കിലും ഓണാശംസകള്‍..

Unknown said...

കഷ്ടം! ഒരു ഓണാശംസ നല്കാന കാന്താരിക്കുട്ടിയുടെ ബ്ലോഗില്‍ വന്നത്! ഇതു പോലെ തന്നെ ആയിരുന്നു എന്റെ യും ഓണം, സങ്കടങ്ങള്‍ മാത്രം നല്കിയ ഓണം! എല്ലാവരും വിരുന്നു പോയി , ടൂര്‍ ആയിട്ടും മറ്റും , പിന്നെ ശേഷിക്കുന്ന ഒന്നു രണ്ടു പേര്‍ സദ്യക്ക് വിളിച്ചെങ്കിലും നോമ്പ് ആയതു കൊണ്ടു ഒന്നും കഴിക്കാന്‍ പറ്റിയില്ല!

സ്‌പന്ദനം said...

താമസിച്ചുപോയി ഒന്നെത്തിനോക്കാന്‍...ഒത്തുകൂടലുകള്‍ക്ക്‌ മനസ്സ്‌ കൊതിവിടാതെ നില്‍ക്കുമ്പോള്‍ ഏകയാവുന്നതിന്റെ നൊമ്പരം എത്രയെന്ന്‌ പറക വയ്യ. സാബിത്ത്‌ പറഞ്ഞപോലെ ഓണമുണ്ണാന്‍ പലരും വിളിച്ചിരുന്നെങ്കിലും നോമ്പായതിനാല്‍ പോയില്ല. പകരം കൂട്ടുകാരൊത്ത്‌ മാനാഞ്ചിറ സ്‌ക്വയറിലല്‍പ്പനേരം വെറുതെ കഥകള്‍ പറഞ്ഞ്‌.....നമുക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം വൈകിയെങ്കിലും. ഓണാശംസകള്‍ നേരുന്നു.

നിരക്ഷരൻ said...

“തിരുവോണമായിട്ടും നല്ല മഴ ആയിരുന്നു.പുറത്ത് പെരുമഴ. മനസ്സില്‍ കണ്ണീര്‍ മഴ.....“

വായിച്ച് കഴിഞ്ഞപ്പോഴേക്കും ആ മഴ കുറച്ച് എന്റെയുള്ളിലും പെയ്തു കാന്താരീ..

ഒക്കെ ശരിയാകും, എല്ലാം നല്ലതിന് വേണ്ടീന്നല്ലേ ഗീതയില്‍ പറയുന്നത്....ഒക്കെ ശരിയാകും.

എതിരന്‍ കതിരവന്‍ said...

കാന്താരിക്കുട്ടിയുടെ ഭര്‍ത്താവിന്റെ അമ്മ പറയുന്നത്:

“ഇക്കൊല്ലത്തെപ്പോലെ ഓണം ഒരിക്കലും എനിയ്ക്ക് നന്നായി തോന്നിയിട്ടില്ല. ഒരു വശം തളര്‍ന്നുപോയെ എനിയ്ക്ക് എന്ത് ഓണം എന്നു വിചാരിച്ചിരിക്കയായിരുന്നു. ഇനി എനിയ്ക്ക് സന്തൊഷമുള്ള ഓണം വരുമോ എന്നും പേടിയുണ്ടായിരുന്നു. അതൊന്ന്ും ശരിയല്ലായിരുന്നു. മകന്റെ ഭാര്യ,എന്റെ സ്വന്തം മകളെപ്പോലെ, ഇവിടെ കിടന്ന പടി കുളിപ്പിച്ചു. ഒന്നാന്തരം സദ്യ ഉണ്ടാക്കി ഇവിടെ കൊണ്ടു വന്നു കോരിത്തന്നു.

ഞാന്‍ ആഘോഷിച്ചിട്ടുള്ള എറ്റവും മനസ്സു കുളിര്‍ത്ത ഓണം ഇക്കൊല്ലത്തെ ആയിരുന്നു.”

കാന്താരീ, ഇതാണ് ബെസ്റ്റ് ഓണം.

ഹന്‍ല്ലലത്ത് Hanllalath said...

പ്രവാസം.....
പറിച്ചു നടലില്‍ എവിടെയും വേര് പിടിക്കാത്തവരാണ് പ്രവാസികള്‍ ....
സ്വയമുരുകി മറ്റുള്ളവര്‍ക്ക് പ്രകാശം പകരുന്നവരെന്ന്
കഥകളിലും കവിതകളിലും വര്‍ണ്ണിക്കാന്‍ സുഖമാണ്.....

കണ്ണ് നീരിന്‍റെ ഉപ്പ് കലര്‍ന്ന അവതരണം ......
മനസ്സില്‍ തൊടുന്ന വരികള്‍...



എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

ഹരീഷ് തൊടുപുഴ said...

വായിച്ചിട്ട് സങ്കടമായല്ലോ....

പിന്നെയ് ആ പാലട എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന് ഒരു പോസ്റ്റ് ഇടണേ...

കനല്‍ said...

ഒരു പക്ഷെ മാവേലി ത്തമ്പുരാന് പ്രിയമായ ഓണം ഇതായിരിക്കും. വയസായ അമ്മയെയും അച്ചനെയും ഓണമൂട്ടിയ കാന്താരി ചേച്ചിയെ നമിക്കുന്നു.

കാന്താരിചേച്ചിയുടെ കണ്ണേട്ടന്റെ പോലത്തെ ഓണമാവും എന്റേതും.

നോമ്പ് തുറന്നിട്ട് ഒരു സദ്യ കഴിക്കണമെന്ന മോഹം ഉണ്ടായിരുന്നു. പാഴ്സല്‍ സദ്യ ഇല്ലെന്ന ഹോട്ടലുകാരന്റെ മറുപടി, ഒറ്റയ്ക്ക് ഹോട്ടലിന്റെ ഒരു കോണില്‍ ഓണസദ്യയ്ക്കുള്ള മടി , ഇതൊക്കെ കാരണം ഞാന്‍ ഓണസദ്യ വേണ്ടെന്ന് വച്ചു കഞ്ഞിയുണ്ടാക്കി കുടിച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചേച്ചീ....

ജിജ സുബ്രഹ്മണ്യൻ said...

സ്നേഹിതന്‍ :

നഗ്നന്‍ : ഇവിടെ ആദ്യമാണല്ലോ.കവിത റൊമ്പ പിടിച്ചിരിക്ക്.

ശിവ:

ജിവി :

ഗോപക്:

മനു: മറക്കില്ലല്ലോ മനൂ..മറക്കാനാകുമോ ജീവനുള്ള കാലത്തോളം ..ഇവിടെ ആദ്യമല്ലെ.നന്ദി കേട്ടോ

വീണ :

കുറ്റ്യാടിക്കാരന്‍ :

സാബിത്ത് :
സ്പന്ദനം :

നിരക്ഷരന്‍ ജീ :

എതിരവന്‍ കതിരവന്‍ :

ഹന്‍ല്ലലത്ത് :

ഹരീഷ് :
കനല്‍ :
പ്രിയ :

എല്ലാവര്‍ക്കും നന്ദി.നിങ്ങളുടെ ഈ വാക്കുകള്‍ എനിക്ക് നല്‍കിയ സന്തോഷം അളവില്ലാത്തതാണ്.എല്ലാ വിഷമവും മാറിയതു പോലെ..എല്ലാര്‍ക്കും ഒത്തിരിയൊത്തിരി നന്ദി.ഒപ്പം ഓണാശംസകളും.എന്റെ പ്രാര്‍ഥനകളില്‍ നിങ്ങള്‍ എല്ലാവരും ഉണ്ടാകും .എന്നും.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓണാശംസകള്‍.

ഈ കണ്ണീരാണ് ശാപമായി കേരളത്തിലങ്ങോളം പ്രതിഫലിക്കുന്നത്. കുടുംബം പോറ്റാന്‍ ഗള്‍ഫിലെ കൊടും ചൂടില്‍ ഒരുകിയില്ലാതാവുന്ന പ്രവാസികളുടെ പ്രിയപത്നിമാരുടെ കണ്ണുനീര്‍.
ചേച്ചിക്ക് നന്മ നിറഞ്ഞ ഓണാശംസകള്‍.

കാവാലം ജയകൃഷ്ണന്‍ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടീ...ഓണക്കുറിപ്പു വായിച്ചു. പക്ഷേ കണ്ണീര്‍ത്തടാകത്തില്‍ വിടര്‍ന്നു നിന്ന ഒരു താമരയാണല്ലോ ഞാന്‍ കണ്ടത്‌. ഓരോ ഓണവും മഹാബലി ചക്രവര്‍ത്തിയുടെ ത്യാഗത്തിന്‍റെ അനുസ്മരണവും കൂടിയാണ്. അപ്പോള്‍ ഒരു മകളായി, മരുമകളായി, ഭാര്യയായി, അമ്മയായി സ്വന്തം പ്രിയപ്പെട്ടവര്‍ക്കു വേണ്ടി സ്വന്തം ഒറ്റപ്പെടല്‍ വകവയ്ക്കാതെ ഒരുക്കിയ ഓണസദ്യയുണ്ണാന്‍ ആരുമുണ്ടായിരുന്നില്ല എന്നു പരിഭവിച്ചതു കള്ളമല്ലേ? ആരുമില്ലാത്തവര്‍ക്ക് എല്ലാമായുള്ളവന്‍... ആ കള്ളക്കണ്ണന്‍ വന്നിരുന്നില്ലേ ഓണസദ്യയുണ്ണാന്‍?, അവനെക്കണ്ടുള്ള ആനന്ദാശ്രുക്കളായിരുന്നില്ലേ ആ കണ്ണുകളില്‍ അമൃതധാര പൊഴിയിച്ചത്? ഭക്തവത്സലന്‍ ചാരത്തു വരുമ്പോള്‍ അങ്ങനെയാ... മറ്റുള്ളവരെയൊക്കെ മാറ്റി നിര്‍ത്തും... പൂജാമുറിയിലും വീട്ടിലാകെയും ഒന്നു പരതി നോക്കൂ, കണ്ണന്‍റെ കാല്പാടുകളോ, കുഞ്ഞിക്കയ്യില്‍ നിന്നിറ്റു വീണ നവനീതകണങ്ങളോ കാണാതിരിക്കില്ല... ആശംസകള്‍

ബിന്ദു കെ പി said...

കാന്താരീ...
ഞാന്‍ പ്രത്യേകിച്ച് എന്തു പറയാനാണ്...?ഒരു വര്‍ഷം മുന്‍പു വരെ,ഏതാണ്ട് ഒന്‍പത് കൊല്ലത്തോളം ഞാ‍ന്‍ കടന്നു പോന്ന അതേ അവസ്ഥ....
അതേ കണ്ണീര്...അതേ ദുഖം...

വികടശിരോമണി said...

ഒന്നും പറയാനാവുന്നില്ല ചേച്ചീ...
വഴി തെറ്റി വന്നതാ ഇവിടെ.ഈ അനിയനീം കരയിപ്പിച്ചൂ.
ലളിതമപ്പുറം,കഠിനമീ ജീവിതം
വരിയിലായിവരുമ്പെഴൊ ദുഷ്കരം!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എല്ലാം നല്ലതിനെന്ന് സമാധാനിക്കൂ..

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു,
ഈ വേളയില്‍ ഞാനിനി എന്ത് അഭിപ്രായം പറയാനാ.....
(ഒരു പാവം പ്രവാസിയുടെ വൈകിയ ഓണാശംസകള്‍...

Ranjith chemmad / ചെമ്മാടൻ said...

പിന്നെ അര്‍ദ്ധ സെഞ്ചുറി എന്റെ വകയായിക്കോട്ടെ.....

ജിജ സുബ്രഹ്മണ്യൻ said...

രാമചന്ദ്രന്‍ :
ജയകൃഷ്ണന്‍ :
ബിന്ദു :
വികട ശിരോമണി :
വഴിപോക്കന്‍:
രണ്‍ജിത്ത് :

ഇവിടെ വരാനും എന്നെ ആശ്വസിപ്പിക്കാനും സന്മനസ്സ് കാണിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കട്ടെ.

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

ആന്റിയുടെ അടുത്ത ഓണം തകര്‍പ്പനായിരിക്കും.തീര്‍ച്ച.ആശംസകള്‍.

ശ്രീജ എന്‍ എസ് said...

വരുന്ന ഓണം ഒറ്റയ്ക്കാവാതെ ഇരിക്കട്ടെ.നന്നായി എഴുതി...ഭാവുകങ്ങള്‍

കാപ്പിലാന്‍ said...

കാ‍ന്താരി ഏറ്റവും നന്നായി ഓണം കൊണ്ടത് കന്താരിയെന്നാണ് എല്ലാവരുടെയും അഭിപ്രായം .നല്ലത് .എന്റെയും അഭിപ്രായം അങ്ങനെ തന്നെയാണ് .കൂടുതല്‍ എഴുതുക .

ഓടോ -കവിതയുമായി വരാം എന്ന് പറഞ്ഞിട്ട് എന്തായി ?

:):)

Kiranz..!! said...

കാന്താരിയമ്മേ.. ഈ പാട്ടിന്റെ വരികൾ ഒന്നു വായിച്ചു നോക്ക്യേ,കണ്ണപ്പനും ഇതേ പാതയിലൂടെ കടന്നുപോകുന്നുണ്ടായിരിക്കാം,അതിനാൽ അഖിലലോക പ്രവാസ കാന്തന്മാർക്കായി ഇതെന്റെ വക..!

പൊറാടത്ത് said...

“ഒരുമിച്ച് ഓണം ഉണ്ണണ്ണമെങ്കില്‍ ഇനി എത്ര കാലം കഴിയണം ? മക്കളുടെ കല്യാണം ഒക്കെ കഴിഞ്ഞ് കുഴിയിലേക്ക് കാലു നീട്ടുമ്പൊള്‍ ....“

അത്രയ്ക്കൊക്കെ കാക്കണോ കാന്താരീ... നിങ്ങൾ രണ്ട് പേരും ഒന്ന് മനസ്സ് വെച്ചാൽ അതിന് മുമ്പേ നടക്കില്ലേ..?!!

ജിജ സുബ്രഹ്മണ്യൻ said...

ദേവീ വിലാസം സ്കൂള്‍: മക്കളേ നിങ്ങളുടെ പ്രാര്‍ഥന ഈശ്വരന്‍ കേള്‍ക്കട്ടേ


ശ്രീദേവി :

കാപ്പില്‍ ജീ : കവിത മനസില്‍ വന്നാലല്ലേ എഴുതാന്‍ പറ്റൂ..മൂഡ് ശരിയാവട്ടെ.എന്നിട്ട് നോക്കാം

കിരണ്‍സ് : ആ പാട്ട് ഞാന്‍ ആദ്യം കേള്‍ക്കുകയാണ്.ശരിക്കും മനസ്സില്‍ തട്ടുന്ന വരികള്‍..വേദനിപ്പിച്ചു.കാന്താര്യമ്മക്കും കണ്ണപ്പനും വേണ്ടി ഇത് പോസ്റ്റാന്‍ തോന്നിയ മനസ്സിന് നമോവാകം !

പൊറാടത്ത് : രണ്ടു പേരും വിചാരിച്ചാലേ നടക്കൂ..ഒരാള്‍ മാത്രം വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല.

പാമരന്‍ said...

കാന്താരീ, സോറി ലേറ്റായിപ്പോയി.

നിങ്ങളുമാത്രമേ ഇക്കുറി ഓണമാഘോഷിച്ചിട്ടുള്ളൂ. ജീവിയുടെ കമന്‍റിനടിയില്‍ എന്‍റെയും ഒപ്പ്‌.

സ്മിജ said...

എനിക്കും ഓണത്തിന്‍ വിഷമം അയിരുന്നൂ, ചേച്ച്യേ.
സാരല്യാട്ടോ.

ഇസ് ലാം വിചാരം said...

ഓണം ബ്ലോഗ് കലക്കി...
ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...സന്ദര്‍ശിക്കില്ലേ?
ഒന്നു കമന്റുകയില്ലേ?

PIN said...

കാന്താരിക്കുട്ടി(ചേച്ചി),

പലരുടെയും ഓണം ഇങ്ങനെ ഒക്കെ ആണെന്നും, നമ്മൾ തനിച്ചല്ല എന്നും വിചാരിച്ച്‌ ആശ്വസിക്കുക. നമ്മുടെ സന്തോഷം മത്രമല്ലല്ലോ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുന്നതിലൂടെയും നമുക്ക്‌ ആഘോഷങ്ങൾ അർത്ഥവത്താക്കാം.

puTTuNNi said...

കാന്താരിക്കുട്ടി,
ഇവിടെയും ഒരു കദന കഥ ഉണ്ടായിരുന്നു എന്നറിഞ്ഞില്ല.

"ഇ..ഇ..പ്പൊ ശര്യാക്കിത്തരാം" എന്ന് പറയാനുള്ള ഒരു പരിഹാരവും കയ്യിലില്ല..
പൂക്കളം കണ്ടപ്പോള്‍ ഓണം അടിപൊളി ആയി ആഘോഷിച്ചു എന്ന് കരുതി.. അപ്പൊ എവിടത്തെയാണ് ആ ഫോട്ടോകള്‍?

ഇനി വരാന്‍ പോകുന്ന ഓണങ്ങള്‍ ഗംഭീരം ആകട്ടെ.. ആകും.. ആക്കണം..

ജിജ സുബ്രഹ്മണ്യൻ said...

പാമു ജീ :
സ്മിജ :
ഇസ്ലാം വിചാരം :
പിന്‍ :
പുട്ടുണ്ണി :
ആ ഫോട്ടോകള്‍ ഓഫീസിലെ ഓണാഘോഷത്തിന്റെ ആണ്.ഞങ്ങളുടെ കുഞ്ഞു ഓഫീസിലെ കുഞ്ഞു ഓണം

ഇവിടെ വന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കട്ടെ

പിരിക്കുട്ടി said...

kaantharippenne?
ingane karanju pizhinjirikkathe...........
onam ellavarkkum eppolum saanthosham nalkilla....
idakku santhosham idakku dukham angine angine....
ente onam keralathil aayittu koodi officil aayirunnu?
appalo?
hmmmmmmmm
dont worry be happy.........
ente kalam enganudu ennu nokkan vanillalle?
avide irunno?
hummmmmmmmmmmmm

RIYA'z കൂരിയാട് said...

കാന്താരിക്കുട്ടീ,
ഇതിനേക്കാൽ കഷ്ടമായിരിക്കും കണ്ണന്റ്റെ ഓണം
ഓണദിവസം ലീവ് പോലും കിട്ടീട്ടുന്ദാവില്ല,
ഞങ്ങൾ പ്രവാസികൽക്ക് ഓണവും, പെരുന്നാളും,ക്രിസ്മസുമൊക്കെ ഇങ്ങനെയാണ്.
ഓണാശംസകൺ.

Sapna Anu B.George said...

നേരത്തെ അയച്ചോ എന്നറിയില്ല.... എങ്കിലും ഒരു ഓണാശംസയിരിക്കട്ടെ..

Kunjipenne - കുഞ്ഞിപെണ്ണ് said...

കാന്താരിക്കുട്ടീ...ഇങ്ങേര് കരഞ്ഞോ ....കരഞ്ഞനിമിഷത്തിന്‍റെ ഭ്യാഗ്യം
ഇവിടെ ഒരോരുത്തര് എന്തിനോ ഒക്കെയുള്ള നെട്ടോട്ടത്തിലാണ്. കോണ്‍ക്രീറ്റ് വീടുണ്ടാക്കാം അതിന്‍റെ മുന്നില്‍ ഫോറിന്‍ കാറ് വാങ്ങിയിടാം..എന്നിട്ട് എന്തോ സാധിച്ച് ....
ഹാ...കഷ്ടം. പത്തറുപത് വയസ്സുവരെ ജീവിരുന്നെങകിലായി...
മറ്റുള്ളവര്‍ക്ക് ദോഷമാകാത്ത നിന്‍റെ മനസ്സിനെ ആനന്ദിപ്പിക്കുന്ന ഏതൊന്ന് നീ ഇപ്പോള്‍ ഉപേക്ഷിക്കുന്നുവോ അത് നിനക്കൊരിക്കലും തിരികെ കിട്ടില്ല.(കുഞ്ഞിപെണ്ണ് വക ആപ്തവാക്യം)
എന്നോട് ദേഷ്യം തോന്നരുതെന്നപേക്ഷ.ഇങ്ങനൊരോന്ന് പറഞ്ഞത് കൊണ്ട് എന്‍റെ പോസ്റ്റിലോട്ട് തിരിഞ്ഞ് നോക്കാത്തവരുണ്ട്. എങ്കിലും എനിക്കിങ്ങനൊക്കേ പറ്റൂ.വെറുതെ അല്ലങ്കില്‍ ആത്മാര്‍ത്ഥമായിട്ട് പറഞ്ഞത് കൊണ്ട് മാത്രം എനിക്ക് ഇങ്ങേരുടെ സുഖത്തിലോ ദുഃഖത്തിലോ പങ്ക് ചേരാന്‍ എനിക്ക് കഴിയില്ല.
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.

യാമിനിമേനോന്‍ said...

കന്താരിയുടെ ഭര്‍ത്താവു ഈ ബോഗുവായിച്ചിട്ടുണ്ടെങ്കില്‍ ശരിക്കും വിഷമിച്ചിട്ടുണ്ടാകും............
ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മളൊക്കെ ഒരേ തോണിയിലെ യാത്രക്കാരാണെന്നു തോന്നുന്നു.....

എന്റെ സ്വപ്നക്കൂട്ടിലെക്ക് സ്വഗതം said...

കാന്താരിച്ചേച്ചി... എനിക്ക് ഈ സങ്കടം മനസിലാ‍വുണുന്റു... പക്ഷേ ഇതൊക്കെ അല്ലേ ജീവിതം എന്നു പറയിണതു.... പ്രവാസിജീവിതത്തില്‍ നിന്നു ലഭിക്കിണ വരുമാനം കൂടി ഇല്ലേ... അതു മറക്കരുതു..ചേച്ചിടെ കണ്ണേട്ടനോട് ഒരു ഓണത്തിനു അവധി എടുത്തു വെരാന്‍ പറ....തന്നേയല്ലാ പ്രായമായ അചഛനെയും അമ്മയെയും ഒക്കെ നോക്കുക എന്നുള്ളതു ഒരു നല്ല കാര്യം അല്ലേ.....


ഒരു പിന്‍ കൂറിപ്പു... ചേച്ചിടെ അനുഭവം കണ്ടിട്ട് ഞാന്‍ ഒന്നു തീരുമാനിച്ചു... ഒരിക്കലും ജീവിതത്തില്‍ ഒരു പ്രവാസി ആവില്ല്യ എന്നു... നാട്ടില്‍ പപ്പായെം അമ്മെം ഒക്കെ നോക്കി ഒരു പാവം അച്ചായത്തിപ്പെണ്ണിനെം കെട്ടി ഒള്ള കച്ചോടം ഒക്കെ നോക്കി ഇവിടെ തന്നെ അങ്ങു കൂടുക...



ഈ ചേച്ചിക്ക് എല്ലാ വിധ ഓണാശംസകളും ഭാവുകങ്ങളും ഈ കുഞ്ഞനിയന്റെ വക നേരുന്നു....

[ സജീഷ് | sajeesh ] said...

കാന്താരിചേച്ചീ... ഞാന്‍ വിഷ്ണൂന്‍റ പൈനോന്നാമത്തെ അവതാരാ.. ആരോടും പറയണ്ട... ചുമ്മാ ഇരിക്കുമ്പോ ബ്ലോഗിങ് ചെയ്യുന്നെന്നെ ഉള്ളൂ... ചേച്ചിടെ നല്ല മനസ്സു ഇനിക്ക് മനസ്സിലായി... അത് കൊണ്ട് ഞാന്‍ ഓര്‍ഡെറിടുന്നു... ഇനിയുള്ള ഓണം മുഴുവന്‍ കണ്ണന്റെയും മക്കളുടെയും കൂടെ... ഇപ്പൊ വിഷമിച്ചതിനൊക്കെ പകരം ലോഡ് കണക്കിന് സന്തോഷം വരുമ്പോ എന്നെ കൊണ്ട് ആവൂലേ എന്ന് പറഞ്ഞേക്കരുത്... അത്രക്യാ തരാന്‍ പോകുന്നെ... കണ്ണേട്ടന്‍ ഭാഗ്യം ചെയ്ത ആളാ..

ജിജ സുബ്രഹ്മണ്യൻ said...

പിരിക്കുട്ടി:
മോനൂസ്:
സ്വപ്ന :
കുഞ്ഞിപ്പെണ്ണ്:
യാമിനീ:
എന്റെ സ്വപ്നക്കൂട്:
സജീഷ്:


ഇവിടെ വന്ന എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറയട്ടെ

monu said...

ഇനി എന്റെ ഊഴം! ഒറ്റക്ക് ഇരുന്നു സദ്യ.കണ്ണില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു.പറയാനാവാത്ത ഒരു നൊമ്പരം!...

ivdey ullavarkum adhey sangadam thanney aanu... enthu cheyam!!. pakshey palapozum eniku thoniyittullathu ee dhoora kooduthal oru snehakooduthal nalkunilley ennu.

Devarenjini... said...

ഒറ്റയ്ക്കിരുന്നു ഉണ്ണുമ്പോള്‍ ...എനിയ്ക്കും കരച്ചില്‍ വരാറുണ്ട്... പക്ഷെ, നമ്മള്‍ നിസ്സഹായരാണ് എന്ന് തിരിച്ചറിയുമ്പോള്‍, എന്താ ചെയ്യാ , വീണ്ടും കരയുകയല്ലാതെ ??

Anonymous said...

നന്നായിട്ടുണ്ട്.. ചേച്ചി..ഒത്തിരി ഇഷ്ടപ്പെട്ടു.. ചേച്ചിയുടെ എഴുതിയ ഓരോ വരികളിലും ആ വേദന നിറഞ്ഞു നില്‍കുന്നുണ്ട്.. ജീവിതം അങ്ങനെ ആണ്..ചിലപ്പോള്‍ കരയിപ്പിക്കും..ചിലപ്പോള്‍ സന്തോഷിപ്പിക്കും.. ആ പാവം അച്ഛനമ്മമാരെ നന്നായി നോക്കുന്നുണ്ടല്ലോ.. അതാണ് ജീവിതം..പിന്നെ അടുത്ത ഓണം ചേച്ചി ഭര്‍ത്താവും കുട്ടികലോത്തുമായി ആഘോഷിക്കാന്‍ പറ്റെട്ടെയെന്നു ആത്മര്ടമായി പ്രാര്‍ത്ഥിക്കുന്നു..
ഈ വൈകിയ വേളയില്‍ ഓണം ആഘോഷിക്കുന്നത് ശരിയല്ലെന്ന് അറിയാം.. എന്നാലും. ചേച്ചിക്കും കുടുംബത്തിനും അനിയന്‍കുട്ടിയുടെ ഓണാശംസകള്‍...