Friday, March 7, 2008

എലി വരുന്നേ എലി.............

വീട്ടില്‍ എലി ശല്യം കൂടിയപ്പോഴാണ് എലി നശീകരണത്തെകുറിച്ച് ഞാന്‍ ഗഹനമായി ചിന്തിക്കാന്‍ തുടങ്ങിയത്.സ്റ്റോര്‍ റൂമില്‍ വെച്ചിരിക്കുന്ന നെല്ല് അരി,ജാതിക്ക,പുളി,തൂക്കിയിട്ടിരിക്കുന്ന പഴക്കുല എന്നു വേണ്ടാ കുളിമുറിയില്‍ വെച്ചിരിക്കുന്ന സോപ്പ് പോലും എലിയുടെ ഇഷ്ടഭോജ്യം ആയി മാറിയപ്പോള്‍ എലിയെ കൊല്ലാന്‍ ഒരു മാര്‍ഗ്ഗം തേടി ഞാന്‍ നാടു മുഴുവന്‍ അലഞ്ഞു..വീട്ടില്‍ എലിയെ കൊല്ലാന്‍ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന എലിക്കെണി ഒരു പൂര്‍ണ പരാജയം ആണ് എന്നു ഞാന്‍ ഇതിനകം മനസ്സിലാക്കിയിരുന്നു.( ആ എലിപ്പെട്ടി ഇപ്പോള്‍ അണ്ണാനെ പിടിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു..കൊക്കോ പഴം തിന്നാന്‍ വരുന്ന അണ്ണാനെ ഓരോന്നു വീതം ഒരോ ദിവസവും കിട്ടും..അതു അപ്പൂപ്പനും കൊച്ചു മോളും കൂടെ മസാല പുരട്ടി വറുത്തു തിന്നും !!!)
എലിയെ പിടിക്കാന്‍ ഉള്ള മാര്‍ഗങ്ങളെ പറ്റി എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടൂം സംസാരിച്ചപ്പോള്‍ എനിക്കു കിട്ടിയ അറിവ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ !!!

മാര്‍ഗം 1 : പശക്കെണി (മുഖ്യ ഉപദേശം എന്റെ ഭര്‍ത്താവ് )

എലിയെ പശ വെച്ചു പിടിക്കുന്ന മാര്‍ഗമാണു എന്റെ പ്രിയതമന്‍ എനിക്കു പറഞ്ഞു തന്നത്..എലിയെ പിടിക്കാന്‍ ഉള്ള പശ ഒരു ബോര്‍ഡില്‍ നാലു വശത്തും ചുറ്റിലും തേക്കുക.എന്നിട്ട് നടുവില്‍ എലിക്കു ഇഷ്ടം ഉള്ള ഒരു ഭക്ഷണസാധനം വെക്കും.(അതു തലേ ദിവസം തന്നെ അതിനോട് ചോദിച്ചു വെക്കണം മോനെന്താ വേണ്ടേ ന്ന് !!!!)രാത്രിയാകുമ്പോള്‍ പതുങ്ങി പതുങ്ങി ഈ ബോര്‍ഡ് കിച്ചനില്‍ കൊണ്ടു പോയി വെക്കണം.നമ്മള്‍ ഉറങ്ങി എന്നു ഉറപ്പാകുമ്പോള്‍ എലി ശബ്ദം കേള്‍പ്പിക്കാതെ പതുങ്ങി വരും..ഇഷ്ടമുള്ള സാധനം അല്ലേ അകത്തിരിക്കുന്നത്..വായില്‍ കപ്പലോടിക്കാന്‍ ഉള്ള വെള്ളം നിറയുമ്പോള്‍ എലി വേറൊന്നും ചിന്തിക്കാതെ ഒറ്റ ചാട്ടം.ബോര്‍ഡില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അതിന്റെ വാലില്‍ പശ പുരളും.എലി ആരാ മോന്‍ ? പുള്ളിക്കാരന്‍ ഭയങ്കര ദേഷ്യക്കാരന്‍ അല്ലേ ?അവന്‍ ദേഷ്യം കൊണ്ട് തിരിയും.അന്നേരം കാലില്‍ പശ പുരളും..അപ്പോള്‍ ദേഷ്യം കൂടും.തിരിയലിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ച് ദേഹം മുഴുവന്‍ പശ ആകും..പിന്നെ ശ്വാസം വിടാന്‍ പോലും പറ്റാതെ എലി അവിടിരുന്നു ചാവും.അപ്പോള്‍ വാലില്‍ തൂക്കി വെളീയില്‍ കളയും ഹ ഹ ഹ

മാര്‍ഗം 2 ശര്‍ക്കര കെണി :

നല്ല മറയൂര്‍ ശര്‍ക്കര നന്നയി ഉടച്ചു അല്പം വെള്ളമൊഴിച്ചു തിളപ്പിക്കുക..നല്ല പാനി ആയി കഴിയുമ്പോള്‍ തണുക്കാന്‍ വെക്കുക.ചെറിയ കാപ്പിക്കുരു വലിപ്പത്തില്‍ പഞ്ഞി ഉരുളകള്‍ ആക്കിയത് ഈ പാനിയിലേക്ക് ഇടുക.ഈ പഞ്ഞിയുണ്ടകള്‍ പിന്നീട് മുറിയുടെ പല ഭാഗങ്ങളിലായി വെക്കണം.നല്ല മധുര പലഹാരമല്ലേ..രാത്രിയില്‍ പതുങ്ങി വരുന്ന എലികള്‍ നമ്മള്‍ കാണാതെ ഈ ഉരുളകള്‍ തിന്നും..നമ്മള്‍ ഒന്നും ചെയ്യാന്‍ പോകേണ്ടാ..രണ്ട് മൂന്നു ദിവസം കഴിയുമ്പോള്‍ സ്റ്റോര്‍ റൂമില്‍ നിന്നും നാറ്റം വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി.. നാറ്റം വരുന്നു എന്നു ബോധ്യമായാല്‍ ഒരു ടോര്‍ച്ചിന്റെ സഹായത്തോടെ എലിയെ തപ്പി കണ്ടു പിടിച്ചു വാലില്‍ തൂക്കി പുറത്തേക്കു കളയുക..

ഇനിയത്തെ മാര്‍ഗങ്ങളെ പറ്റി ഗവേഷണം തുടരുകയാണ്..ബൂലോകരേ നിങ്ങളുടെ അനുഭവങ്ങള്‍ കൂടി പങ്കു വെക്കൂ...

7 comments:

M. Ashraf said...

പശക്കെണിയങ്ങ്‌ ഒഴിവാക്കിയേര്‌. ഇവിടെ ജിദ്ദയില്‍ നല്ല ജര്‍മന്‍ മെയ്‌ഡ്‌ പശ വാങ്ങി നിങ്ങള്‍ പറഞ്ഞതു പോലെ പയറ്റി നോക്കിയാതാ. കാര്‍ഡ്‌ ബോര്‍ഡിന്റെ മധ്യത്തില്‍ വെച്ച ചീസ്‌ തിന്നു മണ്ടിയ എലിയെ പിടിക്കാന്‍ തുണച്ചത്‌ പഴയ കെണി തന്നെ.
എന്തായാലും കെണിയില്‍ കിട്ടിയ എലിയെ കൊന്ന മാര്‍ഗം നല്ല പാതി പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞൂട്ടോ. കെണിയോടെ അതിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി. അപ്പോള്‍ എനിക്കോര്‍മ വന്നത്‌ പണ്ട്‌ ഞാന്‍ നീന്തല്‍ പഠിക്കാന്‍ പോയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താണതാണ്‌. അന്ന്‌ ഞാന്‍ രക്ഷപ്പെട്ടത്‌.. ചിന്തിക്കാന്‍ വയ്യേ.......

ജിജ സുബ്രഹ്മണ്യൻ said...

അഷ് റഫ് പറഞ്ഞതു ശരിയാ..ഇവിടെയും കെണിയില്‍ പിടിക്കുന്ന എലിയെ കെണിയോടു കൂടി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു പതിവ്..വെള്ളത്തിലേക്കു മുങ്ങി പോകുമ്പോള്‍ എലി കൈ കൂപ്പി തൊഴുതു പിടിക്കും ..അതു കണ്ട് സങ്കടം വന്നു ഞാന്‍ എലിയെ കൊല്ലാതെ വിട്ടത് ഇന്നും ഓര്‍ക്കുന്നു...അതിനു ശേഷം ഇന്നോളം ഞാ‍ന്‍ എലിയെ കൊന്നിട്ടില്ല.കൊല്ലുന്നതു കാണാന്‍ നിന്നിട്ടും ഇല്ല.

കാപ്പിലാന്‍ said...

:)good
cat and mouse race

vimal mathew said...

ഉപദേശിച്ച പോലെ പശ വച്ചു നോക്കി...എലി പശ കൂട്ടി അതില്‍ വച്ച കാഡ്ബറിസ് കഴിച്ചിട്ടു ഒരു നന്ദി പറഞ്ഞിട്ട് പോയി...വീണ്ഡും വരാമെന്നു പറഞ്ഞു...കണവന്റെ അഡ്രെസ്സ് ഒന്നു തരുമൊ...നല്ല പശ വച്ചു പുള്ളികാരനു കൊടുത്തു പിടിക്കാന്‍ പറ്റുമോന്നു നൊക്കനാ......

വിന്‍സ് said...

/വെള്ളത്തിലേക്കു മുങ്ങി പോകുമ്പോള്‍ എലി കൈ കൂപ്പി തൊഴുതു പിടിക്കും ..അതു കണ്ട് സങ്കടം വന്നു ഞാന്‍ എലിയെ കൊല്ലാതെ വിട്ടത് ഇന്നും ഓര്‍ക്കുന്നു.../

hahaha :)

siva // ശിവ said...

അവരും ഭൂമിയുടെ അവകാശികളല്ലേ.....പാവം.....അവരും ജീവിക്കട്ടെ.....പ്ലീസ്‌....

സസ്നേഹം,
ശിവ.

Sathees Makkoth | Asha Revamma said...

ഏത് പശയാ ഉപയോഗിക്കേണ്ടത്?