എന്നെ ഇവിടെയ്ക്ക് കല്യാണം കഴിച്ചു കൊണ്ടു വന്ന കാലം മുതല്ക്കേ വീട്ടില്‍ ഒരിക്കലും ഒഴിവാകാത്ത ഒരു കാര്യം ഉണ്ട്.കള്ള് !!! ഒരു പന എങ്കിലും ചെത്താന്‍ എന്നും ഉണ്ടാകും.അതു കൊണ്ടെന്താ അച്ഛനും മക്കളും നല്ല പോലെ കള്ള് കുടിക്കും. ആദ്യമൊക്കെ എന്റെ മക്കള്‍ക്കും കൊടുക്കുമായിരുന്നു.പക്ഷേ എനിക്കിത്രേം ദേഷ്യം ഉള്ള ഒരു സാധനം വേറെ ഇല്ല.ഞാന്‍ വഴക്കുണ്ടാക്കും.അപ്പോള്‍ കണ്ണനടക്കം എല്ലാരും എന്നോടു പറയും കള്ളില്‍ വിറ്റാമിന്‍ എ ഉണ്ട്..ബി ഉണ്ട്...സി ഉണ്ട്... എന്നൊക്കെ..കള്ള് കുടിപ്പിച്ചിട്ട് എന്റെ മക്കള്‍ക്ക് ആരോഗ്യം ഉണ്ടാകണ്ടാ .ഞങ്ങള്‍ തമ്മില്‍ പിണങ്ങുന്ന ഒരു കാരണം ഇതായിരുന്നു.എന്റെ വഴക്ക് പേടിച്ച് അച്ഛനും ചേട്ടന്മാരും ഒക്കെ കൊടുത്താലും മക്കള്‍ കഴിക്കാതായി.
ആദ്യമൊക്കെ പനയുടെ തൈകള്‍ പറമ്പില്‍ ഓരോ സ്ഥലത്തായി മുളച്ചു വരുമ്പോള്‍ ഞാന്‍ നല്ല തിളച്ച വെള്ളം ആരും കാണാതെ പനം തൈയുടെ ചുവട്ടില്‍ കൊണ്ടു പോയി ഒഴിക്കുമായിരുന്നു.. പന വളരാതെ ഇരിക്കട്ടെ എന്നോര്‍ത്ത്..പക്ഷേ എന്റെ പ്രാര്‍ഥനയൊക്കെ വെറുതേ...പന പോലെ വളര്‍ന്നു എന്നു പറയും പോലെ എല്ലാ പനകളും വളര്‍ന്നു..കുല ഉണ്ടായി..കുല ചെത്തി കള്ളും ഉണ്ടായി.
ഒരു സമയത്ത് ഒരു പനയേ ചെത്താന്‍ ഉണ്ടാവാറുള്ളൂ.എന്തിനാ ധാരാളം അല്ലേ...രാവിലെ ലഭിക്കുന്ന കള്ള് , ചെത്തുകാരന് പയ്യന് കൊണ്ട് പോകും.രാവിലത്തെ കള്ള് ഷാപ്പില് അളക്കാന്‍ ഉള്ളതാണ്.വൈകിട്ടത്തെ കള്ളു നമുക്ക് തരും.പന ചെത്താന്‍ അനുവദിക്കുന്നതിന്റെ കൂലി കള്ള് ആയിട്ടാണു തരുക.അതു ചിലപ്പോള്‍ ഒക്കെ അപ്പം ഉണ്ടാക്കാന്‍ എടുക്കും..ആഴ്ച്ചയില്‍ ഒന്നോ രണ്ടൊ ദിവസം അല്ലേ അപ്പം ഉണ്ടാക്കാന്‍ പറ്റൂ.അതിന് ആണെങ്കിലും ഒരു ഗ്ലാസ്സ് കള്ള് മതിയാകും.ബാക്കിയുള്ള കള്ള് അച്ഛന് കുടിക്കും..ചേട്ടന്മാര്ക്കു രണ്ടു പേര്‍ക്കും കൊടുത്തു കഴിഞ്ഞും ചിലപ്പോള്‍ മിച്ചമുണ്ടാകും.അതു ഞാന്‍ വിനാഗിരി ആക്കും.
കള്ളില്‍ നിന്നു നല്ല വിനാഗിരി ( ചൊറുക്ക എന്ന് ഞങ്ങള്‍ നാടന്‍ ഭാഷയില്‍ പറയും ) ഉണ്ടാക്കാം.2 ലിറ്റര്‍ കള്ളില്‍ 1 ഗ്രാം യീസ്റ്റും 20 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ഒരു ഭരണിയില്‍ അടച്ചു തുണി കൊണ്ട് മൂടി കെട്ടി വെക്കുക.21 ദിവസം കഴിയുമ്പോള്‍ കള്ളിലുള്ള പഞ്ചസാര 5 % വീര്യം ഉള്ള അസറ്റിക് ആസിഡ് അഥവാ വിനാഗിരി ആയി മാറുന്നു.നല്ല കള്ളാണെങ്കില്‍ പ്രത്യേകം പരിചരണങ്ങള്‍ ഇല്ലാതെ തന്നെ നല്ല വിനാഗിരി കിട്ടും.
കള്ളില്‍ നിന്നു ചില ഇടങ്ങളില്‍ “ പനം പാനി “ ഉണ്ടാക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.കള്ളു തിളപ്പിച്ചു വറ്റിച്ചാണു ഇതുണ്ടാക്കുന്നത്.ഉദ്ദേശം 7 മണിക്കൂറോളം ചെറുതീയില്‍ കള്ളു വറ്റിയ്ക്കണം.തീ അണയ്ക്കരുത്.എന്നാല്‍ തീ അധികമായി കള്ളു തിളച്ചു തൂവുകയും അരുത്.
പണ്ടൊക്കെ കോട്ടയം സൈഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ വിവാഹ സദ്യയ്ക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നത്രേ പനമ്പാനി.സദ്യ കഴിയുമ്പോള്‍ പാനിയും പഴവും കൂടി കഴിക്കും.ഹിന്ദു സദ്യകളില്‍ പായസം കഴിക്കുന്നതു പോലെ.തേന്‍ പോലെ സ്വാദിഷ്ടമായ പനമ്പാനി റൊട്ടിയുടെയും പുട്ടിന്റെയും കൂടെ കഴിക്കാനും അവല് നനക്കാനും ഒക്കെ നല്ലതാണെന്നു പറയുന്നു.ഔഷധ ഗുണം ഉണ്ടെന്നും പറയുന്നു.ചിക്കന്‍ പോക്സ് ഉണ്ടാകുമ്പോള്‍ പനമ്പാനി രോഗിക്കു നല്‍കാറുണ്ട് എന്നു പറയപ്പെടുന്നു,..ഇതിനെ കുറിച്ചുള്ള ശാസ്ത്രീയത ഒന്നും എനിക്കറിയില്ല ട്ടോ..
അപ്പോള്‍ ഞാന്‍ പറയാന്‍ തുടങ്ങിയത് ഈ കള്ളൊക്കെ മനുഷ്യര്‍ കുടിക്കാതെ, ഇതു പോലുള്ള ബൈ പ്രോഡക്റ്റ്സ് ആക്കിയാല്‍ പോരേ.?
ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍
Saturday, November 8, 2008
കള്ളിന് ഇങ്ങനെയും ഉപയോഗമോ ????
Subscribe to:
Post Comments (Atom)
70 comments:
എന്തു ചെയ്യാനാ !! എത്ര ഒക്കെ ശ്രമിച്ചിട്ടും പനകള്‍ വീട്ടില്‍ “ പന പോലെ വളരുന്നു “
ഒരു കുഞ്ഞു പോസ്റ്റ്..ഇതു കണ്ട് ആരും എന്നെ വടിയെടുത്ത് തല്ലാനൊന്നും വരണ്ടാ.
ഹിഹി ഇപ്പോഴല്ലെ കാര്യം മനസ്സിലായതു. നുമ്മകു കാര്യം പിടികിട്ടീട്ടാ. മുന്‍കൂര്‍ ജാമ്യം എടുത്തതല്ലെ;)
സത്യം പറ
കള്ളടിച്ചിട്ടല്ലെ ഇതെഴുതിയത്..;)
കാപ്പിലാനെ പന പോലെ വളര്‍ത്തും എന്നല്ലേ ബൈബിളില്‍ എഴുതിയിരിക്കുന്നത് .കള്ളു മാഹാത്മ്യം വായിച്ചു .ഞാന്‍ ഇത് ഉപയോഗിക്കറില്ലാത്തത് കൊണ്ട് എനിക്കീ ഗുണങ്ങള്‍ ഒന്നും അറിയില്ല :)
കാന്താരീ,
ഈ പനം പാനി എന്ന് ഉദ്ദേശിച്ചത് കരിപ്പട്ടിയാണോ?
കള്ളില്‍ നിന്നും ഈ പറയുന്ന സാധനം ഉണ്ടാക്കാന്‍ കഴിയില്ല..
പനയുടെ കൂമ്പ് വെട്ടിയാല്‍ കിട്ടുന്നത് അക്കാനിയെന്ന ദ്രാവകമാണ്, ഏറെ മധുരവും കൊഴുപ്പും നിറഞ്ഞതാണ് ഇത്,
ചെത്തുകാരന് കൂമ്പ് വെട്ടി ചുണ്ണാമ്പ് തേക്കുമ്പോള്‍ അക്കാനിക്ക് പകരം വരുന്ന സാധനമാണ് കള്ള്
അക്കാനി കാച്ചി പതിനിയാക്കി പൊന്നും കരുപ്പട്ടിയുണ്ടാക്കി എന്നാണ് കേട്ടറിവ്...
കാന്താരിക്കുട്ടീ,
കുഞ്ഞു പോസ്റ്റ്, നല്ല പോസ്റ്റ്.
കള്ള് ഇങ്ങനെയൊക്കെ മാത്രം ഉപയോഗിച്ചിരുന്നെങ്കില്‍...............
((((((ഠേ)))))
കള്ളും കുടം വീണു പൊട്ടിയതാ.
എന്തായാലും ഷാപ്പില് പൊകാന്‍ ഒരു കാരണം കിട്ടി. ഡാങ്ക്സ്
ദൈവമെ !!!
കാന്താരിക്കും മോഡറെഷനോ?
തല്ലാതെ പിന്നെ? നല്ല ഉഗ്രന്‍ കള്ളെടുത്ത് പാനിയും ചീനിയും ഉണ്ടാക്കാതെ, "ചേട്ടോ ഇതങ്ങാട്ട് താങ്ങിക്കേ.." എന്നും പറഞ്ഞ് കെട്ട്യോനു കൊണ്ടെ കൊടുത്തുകൂടെ? ഒരു മാതൃകാ ഫാര്യ ആയിക്കൂടെ?
ഒരു തേങ്ങ...{{{{{{ക്ടും!!}}}}}}}}
ഫിറ്റായി എറിഞ്ഞതുകൊണ്ട് പൊട്ടിയില്ല,ഒന്നുകൂടെ:
{{{{{{{{ഠേ!}}}}}}}}
കാന്താരീ,
“പനങ്കള്ള് എന്റെ ജന്മാവകാശമാണ്”എന്ന് പണ്ടേതോ സ്വാതന്ത്ര്യസമരനേതാവ് പറഞ്ഞത് കേട്ടിട്ടില്ലേ?
കള്ളില്‍ വിറ്റാമിന്‍സ് ഉണ്ടെന്നുള്ള കാര്യം സത്യമാ കെട്ടോ..
വൈകുന്നേരത്തെ കള്ള് മധുരക്കള്ളായതിനാലായിരിക്കും ആ സമയത്തെ കള്ള് തരുന്നത്. നല്ല വിനാഗിരി ചേര്‍ത്ത അച്ചാറുണ്ടെങ്കില്‍ ചോറുണ്ണാന്‍ അതു മാത്രം മതിയാകും; പിന്നെ ടച്ചിങ്ങ്സ് ആയും കള്ളിന്റെ കൂടെ ഉപയോഗിക്കാം...
കള്ളപ്പത്തിന്റെ കാര്യം ഒന്നും മിണ്ടല്ലേ...നാവില്‍ വെള്ളമൂറുന്നു.
പിന്നേയ് ഒരു കാര്യം, എന്റെ പറമ്പിലെ പനയില്‍ ചെത്തുകാരന് കയറിയിട്ടുണ്ട്. ഇന്നു കള്ളുകിട്ടുന്ന ദിവസമാ....എന്നാ നിര്‍ത്തിയേക്കട്ടെ
തെങ്ങില്‍ കള്ളില്‍ നിന്ന് കിട്ടുന്ന വിനാഗിരി
അച്ചാറിനും ഇറച്ചി കറിക്കും രുചി കൂട്ടും,
വയറിലെ ഗ്യാസ് ട്രബിളിന് ഈ വിനാഗിരി ഒരു ചെറിയ സ്പൂണ്‍, കാല് ഗ്ലാസ്സ് ചെറുചൂട് വെള്ളം ഒരു സ്പൂണ്‍ പഞ്ചസാരാ ഇവ കലക്കി ഒരു നുള്ള് സോഡാ പൊടിയിട്ട് ആ പത ഉയരുമ്പോള്‍, കുടിച്ചാല്‍ ഉടന്‍ ശമനം കിട്ടും.
പനം പാനി തേന്‍ പൊലെ മധുരം
നുരഞ്ഞ് വരും നല്ല സ്വാദാണ്, പാലായില്‍
നിന്ന് ആണ് പണ്ട് ഇത് വീട്ടില്‍ കൊണ്ടു വന്നിരുന്നത്..ഇപ്പൊള്‍ കുറെ വര്‍ഷം ആയി കണ്ടിട്ട്. പനം കള്ളില്‍ നിന്നാണ് പാനി കിട്ടുന്നത്.ചാണക്യ അതു കരുപ്പെട്ടിയല്ല.
കള്ളിന്റെ ബൈപ്രോഡക്റ്റ്സിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. പരീക്ഷിച്ചുനോക്കണമെന്നുണ്ട്. പക്ഷേ ഞാൻ ഈ സാധനം സിനിമയിലല്ലാതെ ഇതുവരെ കണ്ടിട്ടില്ല. ഇനി നാട്ടിൽ വരുമ്പോൾ കാന്താരിയുടെ വീട് തപ്പിപ്പിടിച്ച് വന്നാലോ എന്നാണാലോചിക്കുന്നത്.
പണ്ട് പാലായില്‍ താമസിച്ചിരുന്ന കാലത്ത് വീട്ടില്‍ മുടങ്ങാതെ ഉണ്ടായിരുന്ന ഒരു സാധനമായിരുന്നു പാനി. തേന്‍ പോലെയിരിക്കുന്ന പാനി പുട്ടില്‍ ഇട്ട് കുഴച്ച് കഴിച്ചിരുന്നു.
/ഈ പനം പാനി എന്ന് ഉദ്ദേശിച്ചത് കരിപ്പട്ടിയാണോ?
കള്ളില്‍ നിന്നും ഈ പറയുന്ന സാധനം ഉണ്ടാക്കാന്‍ കഴിയില്ല..
/
thettu...kallu kondu nalla ugran paani undaakkam. pazhavum kootti adikkan ugran aanu. sarkkara paani poole madhuram alla pakshe madhuravum pulippum cheernna oru prethyeka taste aanu.
നാട്ടിലെത്തിയാലൊരു ദിവസം തെങ്ങിന് കള്ളിനു മാത്രമായി മാറ്റിവെച്ചിരിക്കുകയാണ്. ഒരുകൊല്ലത്തേക്കുള്ള വൈറ്റമിന്റെ കുറവുകള്‍ തീര്‍ക്കാന്‍ :)
തിളച്ചവെള്ളം സൂത്രത്തിൽ പനംതൈയുടെ ചോട്ടിൽക്കൊണ്ടുപോയൊഴിയ്ക്കുന്ന കാന്താരിക്കുട്ടിയെയാൺ എനിയ്ക്കീ ബൈപ്രോഡക്റ്റിനേക്കാളുമിഷട്ടപ്പെട്ടത് ട്ടൊ
ഇതെല്ലാം എനിക്ക് പുതിയ അറിവ്...അപ്പൊ,കള്ളില്‍ നിന്നു വിനാഗിരീം ഉണ്ടാക്കാം ല്ലേ? ഞങ്ങളുടെ വീട്ടില്‍,കള്ള് ഒഴിച്ച് അപ്പം ഉണ്ടാക്കുമായിരുന്നു.ഇപ്പൊ, അത് നിര്‍ത്തി,യീസ്റ്റ് ആക്കി.
മധുരക്കള്ള് കുറുക്കി പനംചക്കര ഉണ്ടാക്കാറുണ്ട്. നല്ല് ടേസ്റ്റാണ്. മധുരക്കള്ളും പനംചക്കരയും ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.
കാന്താരിമുളകും കൂട്ടി ഒരു ഗ്ലാസ്സ് പനം കള്ളടിക്കാൻ നല്ല് രസമല്ലേ. അതും വീട്ടിൽ തന്നെ കിട്ടുമ്പോൾ. അല്ലേൽ മധുരക്കള്ളായാലും മതി.ല്ലേ.
:)
kallu kudi nallathalle?
njaanum kudichittunde ....
pandu ....
ennittu amme ente thala karangunne ennu paranju kidannurangi..athre...
avarum pedichu poyi..
kure neram kazhinja njaan unarnnathe...
amma paranjatha....
ivide pana alla...
thengumkallanu....
enthayalum kallanu nallathu ...vere type sadhanagalekkalum
കാന്താരീ.. കള്ളിന്റെ മാഹാത്മ്യത്തെ കുറിച്ച് ശരിയ്ക്ക് അറിയാത്തോണ്ടാന്ന് തോന്നുന്നു ആ പാവം പനകളെയൊക്കെ നശിപ്പിയ്ക്കാൻ ശ്രമിച്ചത്..
സന്തോഷം വന്നാലും, സങ്കടം വന്നാലും, കല്യാണത്തിനും, മരണത്തിനും, വയറിളകിയാലും, മലബന്ധമുണ്ടായാലും.......അങ്ങനെ അങ്ങനെ എല്ലാത്തിനും മരുന്നാകുന്ന ഈ ഒറ്റമൂലിയെടുത്ത് വെറുതെ പാനിയും കൂനിയുമൊന്നും ഉണ്ടാക്കി നശിപ്പിയ്ക്കല്ലേ...:)
kallinu salaam
namasthe paanapathrame(alla kallu glasse,....by productse..)..
കള്ളിന്റെ ബൈപ്രോഡക്റ്റ്സ് ഉണ്ടാക്കാൻ പറഞ്ഞുതന്നതിന് നന്ദി. പരീക്ഷിച്ചു നോക്കണമെന്നുണ്ട്. പക്ഷേ ഞാൻ ഈ സാധനം സിനിമയിലല്ലാതെ കണ്ടിട്ടില്ല. ഇനി നാട്ടിൽ വരുമ്പൊൾ കാന്താരിയുടെ വീട് തപ്പിപ്പിടിച്ചു വന്നാലോ എന്നാണാലോചന.
(രാവിലെ കമന്റ് ഇട്ടിരുന്നു. ഇപ്പോൾ നോക്കുമ്പോൾ കാണാനില്ല. ഒന്നുകൂടി ഇടുന്നു).
"കള്ളിന് ഇങ്ങനെയും ഉപയോഗമോ ????"
ങാ, അങ്ങനെയും ഉപയോഗിക്കാം..!
പാനിക്കുറിച്ചോര്ക്കുമ്പോള് തന്നെ നാവില്‍ വെള്ളമൂറുന്നു.....
പുട്ടും , പഴോം ഒന്നുമല്ല ഇതിന്റെ ബെസ്റ്റ് കോമ്പിനേഷന്‍..
അവലോസുപൊടി..!!!മോനേ..സ്വര്‍ഗ്ഗം കാണും..രണ്ടൂം ചേര്‍ത്ത് കഴിച്ചാല്‍..
പിന്നെ സാധാരണ കള്ളില്‍ നിന്നും പാനി ഉണ്ടാവില്ല കേട്ടോ..
അദ്യം ചെത്തുന്ന മധുരക്കള്ള് തന്നെ വേണം..
എന്താണേലും കൊതിപ്പിച്ചു കേട്ടോ...കുറച്ചു പാനി എടുത്ത് വെച്ചേക്ക്..
നാട്ടില്‍(പാലാ) പോണവഴി പെരുമ്പാവൂര്‍ വരാം..ഹാ ഹാ
ജീവിതത്തില്‍ ഇതുവരെ കുടിച്ചിട്ടില്ല,ഇനി കുടിക്കുകയുമില്ല...വെറുതെ കള്ളില്‍ അതുണ്ട് ഇതുണ്ട് എന്നൊന്നും പറഞ്ഞ് പ്രലോഭിപ്പിക്കരുത്
അടിച്ചങ്ങു പൂസായീ.............
അടിച്ചങ്ങു പൂസായീ.............
കൊള്ളാം നല്ല പോസ്റ്റ്
ഇവിടെ ദുബായിൽ കള്ളൂ കിട്ടുമെന്ന് ഈയടുത്താണ് അറിഞ്ഞത്.നല്ല കള്ളല്ല.ശ്രിലങ്കൻ കള്ളാണ്.
എന്തായാലും കള്ളീന് ഇത്ര ഗുണമുണ്ടെന്ന് ഇപ്പഴാ അറിയുന്നെ എന്തായാലും രണ്ട് കുപ്പീ അടിക്കാം
നന്നായിരിക്കുന്നു
കള്ളിന്റെ കാര്യമൊന്നും ഓര്‍മ്മപ്പെടുത്തല്ലേ.കള്ളോളം നല്ലൊരു വസ്തു.....കേട്ടിട്ടില്ലേ?
പിന്നെ ചിത്രത്തിന്റെ കടപ്പാട് ഗൂഗിളിനു എന്നൊക്കെ ചുമ്മാ നമ്പരടിക്കല്ലേ.കണ്ടാലറിയില്ലേ അതു വീട്ടില്‍ വെച്ച് തന്നെ എടുത്തതാണെന്ന് :)
ങ്..ഹും.. അവസാനം കള്ളിലെത്തി നില്ക്കുന്നു.. വിനാഗിരി ചോദിച്ച് ആപ്പീസില് വന്നയാളോട് ഇപ്പോള്‍ സ്റ്റോക്കില്ലാ എന്നു കള്ളം പറഞ്ഞതു ഞാന്‍ ആരോടും പറയില്ലാട്ടോ.. :)
"കള്ളോളം നല്ലൊരു വസ്തു ബൂലോകത്തില്ലടി കാന്താരി"
എള്ളോളം ഉള്ളില്‍ ചെന്നാല്‍ ബൂലോഗം പുല്ലുകഞ്ഞി.
അഭിമന്യു.മൂവാറ്റുപുഴ.
പാലിന്റെ ബൈ പ്രൊഡകറ്റുകള്‍ ഇത്രെം ഉണ്ടായിട്ടും ആള്ക്കാരെന്തിനാവോ പാലുകുടിയ്ക്കണേ?? ഹൈ!!
(കാ.കുട്ട്യേയ്, കല്യാണം, കുട്ടികള്‍ എന്നൊക്കെ ആദ്യപാരയില്‍ പറഞ്ഞിട്ട് ഈ പേരും വച്ചിരിയ്ക്കണത് ശരിയല്ലാ ട്ടാ.. :) എന്റെ ഗമ്പ്ലീറ്റ് ധാരണ മാറിക്കിട്ടി.. :)
കള്ളു പുരാണം കൊള്ളാം...
:-)
ഈ നിരുപദ്രവകരമായ പോസ്റ്റില്‍ ആരാണ് വേണ്ടാത്ത കമന്റെഴുതി മോഡറേഷനില്‍ കൊണ്ടു ചെന്നെത്തിച്ചത്?
പനങ്കള്ള് കണ്ടിട്ടില്ല...
കുടിച്ചിട്ടില്ല. എന്നാലും കള്ളിന്റെ വിറ്റാമിന്സിനെ പറ്റി പറഞ്ഞതില്‍ എനിക്ക് എതിരഭിപ്രായം ഇല്ല.
യാരിദ് : ഹേയ് ഞാന്‍ അത്തരക്കാരിയല്ലാ ട്ടോ..ഞാനും മക്കളും കുടിക്കുകയേ ഇല്ല
പ്രയാസീ : എനിക്ക് കള്ളിന്റെ മണം അടിച്ചാല്‍ ഓക്കാനം വരും.സത്യം !!
കാപ്പിലാന് : ഈ സാധനം ഉപയോഗിക്കാത്തതിനാല്‍ കാപ്പിലാനു ഞാന്‍ 100 / 100 മാര്‍ക്കും തരുന്നു.കുടിയന് അല്ലാത്തതിനാല്‍ !!!
ചാണക്യന് : പനം പാനി എന്നത് അക്കാനി അല്ല ..പുറകേ വന്ന കമന്റുകള്‍ ശ്രദ്ധിച്ചല്ലോ ല്ലേ.
ലതി ചേച്ചീ : കള്ള് ഇങ്ങനെ മാത്ര ഉപയോഗിച്ചെങ്കില് എന്നത് നമ്മുടെ ഒക്കെ സ്വപ്നം മാത്രം ആണ്.ഞാനറിയുന്ന മിക്കവാറും ആളുകള്‍ കള്ള് ഇഷ്ടപ്പെടുന്നവരാ..
അനില്‍ : ഷാപ്പീന്ന് ആടിയാടി അല്ലല്ലോ ഇറങ്ങീത് ..ആണോ ???
പാമരന് ജീ : അതു വേണോ ?? എനിക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങണ്ടേ ???
വികട ശിരോമണീ :“പനങ്കള്ള് എന്റെ ജന്മാവകാശമാണ്”എന്ന് പണ്ടേതോ സ്വാതന്ത്ര്യസമരനേതാവ് പറഞ്ഞത് കേട്ടിട്ടില്ലേ? ഇതു പറഞ്ഞത് വികട ശിരോമ്മണി തന്ന്യല്ലേ ???
ഹരീഷ് : വീട്ടിലും പനയുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.പക്ഷേ കള്ളില്‍ എല്ലാ വിറ്റാമിനുകളും ഉണ്ട് എന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ലാ ട്ടോ..കള്ളും മദ്യമാണു.മദ്യം വിഷമാണു എന്നു വിശ്വസിക്കാനാ ഞാന്‍ ഇഷ്ടപ്പെടുന്നത്..
മാണിക്യേച്ചീ : പനം പാനി കഴിക്കാനുള്ള ഭാഗ്യം കിട്ടീട്ടുണ്ട് ല്ലേ..ഭാഗ്യവതി !!
ഗ്യാസ് ട്രബിള്‍ ഒക്കെ വരുമ്പോള്‍ വിനാഗിരിയില്‍ ഉപ്പു ചേര്‍ത്ത് ഞങ്ങളും കഴിക്കാറുണ്ട് ചേച്ചീ..പുതിയ അറിവിനു നന്ദി
ബിന്ദൂ : നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും പെരുമ്പാവൂര്‍ വരണം..പാനി ഉണ്ടാക്കാന്‍ പറ്റുമോ എന്ന് അറിയില്ല.എങ്കിലും പരമാവധി ശ്രമിക്കാം
അനില്‍ ശ്രീ : പുട്ടും പാനിയും കഴിക്കാന്‍ ഭാഗ്യം കിട്ടിയ ഭാഗ്യ ശാലീ...
വിന്‍സ് : ചാണക്യന്റെ സംശയം തീര്‍ത്തു തന്നതിനു നന്ദി
രാമ ചന്ദ്രന് : ഒരു വര്‍ഷത്തേക്കുള്ള വൈറ്റമിന്റെ കുറവു തീര്‍ക്കാന്‍ ഒരു ദിവസം വീലാകണം ല്ലേ !!!
സ്മിത : യീസ്റ്റിനേക്കാളും റ്റേസ്റ്റ് കള്ളപ്പത്തിനാ..
ഭൂമി പുത്രി ചേച്ചീ : എന്തു ചെയ്യാനാ ചേച്ചീ,മുറ്റത്ത് തന്നെയാ ഒരു പന വളര്‍ന്നത്.അതിന്റെ കായ്കള്‍ വീണു മുറ്റം മുഴുവന്‍ പനം തൈകള്‍ ആയി..കായ്കള്‍ അടിച്ചു കളയാനുള്ള ബുദ്ധിമുട്ട് ഒന്നു വേറെ തന്നെ ! അപ്പോള്‍ വീണ്ടും വീണ്ടും മുറ്റത്ത് പനകള്‍ ഉണ്ടായാല്‍ എനിക്ക് തന്നെയല്ലോ പാട് എന്നു വിചാരിച്ചാ ചൂടു വെള്ളം ഒഴിച്ചത് !! പക്ഷേ ആ പന ഇപ്പോള്‍ വലുതായി അതില്‍ നിന്നും കള്ള് എടുക്കുന്നു !!
കൃഷ് : മധുരക്കള്ളില്‍ നിന്നാണോ പനം ചക്കര ഉണ്ടാക്കുന്നേ ,.അതെനിക്ക് പുതിയ അറിവാ.പനം കല്‍ക്കണ്ടം എന്നു പരഞ്ഞൊരു സാധനം കഴിച്ചിട്ടൂണ്ട് ഞാന്‍.കഫക്കെട്ടിനൊക്കെ നല്ലതാ..അതെങ്ങനെയാ ഉണ്ടാക്കുന്നത് എന്നറിയാമോ ???
പിരീ : ഈ അബദ്ധം എനിക്കും പറ്റീട്ടുണ്ട്.അന്നു ഞാന്‍ കുഞ്ഞാണു.വീടു പണി നടക്കുന്ന സമയം.ആാശാരിമാര് പണി കഴിഞ്ഞ് അല്പം കള്ളു കുടിച്ചപ്പോള്‍ എനിക്കും തന്നു.ഞാന്‍ കഴിച്ചു,..അന്നു തല കറങ്ങീ.അന്നു എന്നെ കൊണ്ട് എന്റെ മുത്തശ്ശന് സത്യം ചെയ്യിപ്പിച്ചു മേലില്‍ കള്ളു കുടിക്കില്ലാ ന്ന്.കുഞ്ഞായിരുന്നെങ്കിലും ഇപ്പോളും നല്ല ഓര്‍മ്മയാ അത് !!
പൊറാടത്ത് :ഈ ഒറ്റമൂലി പ്രയോഗം ആണുങ്ങള്‍ക്ക് മാത്രേ ഫലിക്കുകയുള്ളോ ?? പെണ്ണുങ്ങളാരും അധികം ഈ ഒറ്റമൂലി പ്രയോഗിച്ചു കാണുന്നില്ല..അതെന്താ അങ്ങനെ ?????
എ മാന്‍ റ്റൂ വാക്ക് വിത് : നമസ്തേ പാനപാത്രം പാടണ്ടാ..ഹ ഹ ഹ
ഏവൂരാന് : കമന്റിനു നന്ദി
ഉണ്ടാപ്രി : അവലോസു പൊടീം പാനീം കോമ്പിനേഷന്‍ പരിചയപ്പെടുത്തിയതിനു നന്ദീ ട്ടോ..മനുഷ്യരെ കൊതിപ്പിക്കാനായിട്ട് !!
അഞ്ജാതന് : ജീവിതത്തില്‍ ഇന്നേ വരെ കുടിച്ചിട്ടില്ലാ എന്നു പറഞ്ഞത് ഞാന്‍ വിശ്വസിച്ചൂ !!!!!
ശ്രുത സോമാ : കമന്റിന് നന്ദീ ട്ടോ..
അനൂപേ : കള്ളിന്റെ കാര്യം കേള്‍ക്കുമ്പോളേക്കും കുടിക്കാന്‍ തോന്നുമോ..എന്നിട്ട് ശ്രീ ലങ്കന്‍ കള്ള് കിട്ടിയോ ??
പൈങ്ങോടന്‍ : ഇതിലെ പടങ്ങള്‍ ഗൂഗിളിലെ തന്നെയാ ട്ടോ..ഇവിടെ കള്ള് ഉണ്ടെങ്കിലും ഫോട്ടോ എടുക്കാനും കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യാനും മടി !!!
എം എം ആര് റൈറ്റ്സ് : ആപ്പീസില് വന്ന “പഞ്ചാരക്കുട്ടപ്പന് “ വിനാഗിരി കൊടുക്കാന്‍ തുടങ്ങിയാല്‍ പുള്ളി പിന്നെ ശല്യമാകും..അറിയാല്ലോ പഞ്ചാരയെ !!ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരുപദ്രവകരമായ നുണ പറയുന്നതില്‍ പ്രശ്നം ഇല്ലാ..
nard nahc : ഈ പേര് എങ്ങനെയാ വായിക്കണേ ന്നു എനിക്ക് മനസ്സിലാവണില്ല..ഇതെന്തു ഭാഷയാ..പാല് പാല് അതേ പടി ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബൈ പ്രോഡക്റ്റ്സ് ആയല്ലേ ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്..പാല് അതേ പടി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളും വൃദ്ധരും മാത്രമല്ലേ.
പിന്നെ കല്യാണം കഴിഞ്ഞ് മക്കളായായാലും മനസ്സിലെ കുട്ടിത്തം മാറീട്ടില്ല..അതു കൊണ്ടാ കുട്ടി എന്നു പേരില്‍ ചേര്‍ത്തത്.. ആരെ കുറിച്ചും അബ ദ്ധ ധാരണകളൊന്നും പുലര്‍ത്തരുത് എന്നു മനസിലായില്ലേ ..
കിഷോര്‍ : സ്ത്രീകള്‍ എന്തെഴുതിയാലും അതിനെ കണ്ണും പൂട്ടി വിമര്‍ശിക്കാന്‍ പേരു വെക്കാതെ അനോണികളായ് ഓരോരുത്തര് എത്തുന്നു.അതു കൊണ്ട് തന്നെ കമന്റ് മോഡറേഷന് വെച്ചത് .ഇവിടെ വന്നതിനു നന്ദി ട്ടോ
കനല് : അതു നന്നായി ; കനലിനും തരുന്നു 100/100 മാര്‍ക്ക്..ഇനി മേലില്‍ കുടിക്കരുത് ട്ടോ
ഇവിടെ വന്നു വായിച്ചവര്‍ക്കും ,വായിച്ചിട്ട് അഭിപ്രായം പറഞ്ഞവര്‍ക്കും ,ഒന്നും പറയാതെ പോയവര്‍ക്കും കൂട്ടത്തില്‍ ഇവിടെ വന്ന് ചീത്ത വിളിച്ചവര്‍ക്കും നന്ദി .
അപ്പോള്‍ ഈ പനം കല്‍ക്കണ്ട് എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒന്നു പറഞ്ഞു തരണേ ????????
കള്ളോളം നല്ലൊരു വസ്തു ബൂലോകത്തില്ലെടി മകളെ
എള്ളോളം ഉള്ളില്‍ ചെന്നാല്‍ ഭുലോകം തരികിട തി തെയ്........
കള്ളേ നീ വിശുദ്ധ പാനകമാകുന്നു..!
നിന്നിലുള്ള വണ്ടുകളും ചെള്ളുകളും
എന്നിലെ മീശയാല്‍ അരിക്കപ്പെടുന്നു..!
ആമേന്‍..
മറിയെ, പൊന്തക്കോസ്ത് മറിയെ
കപ്പയുള്ള വീട്ടില്‍ വച്ച് നമുക്ക് യോഗം ചേര്‍ന്നീടാം
കപ്പവേവോളം നമുക്കു പ്രാര്‍ത്ഥിക്കാം
കപ്പവെന്താലൊ നമുക്ക് ഭക്ഷിക്കാം..!
കന്താരീസിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഇങ്ങിനെയൊരു നാടന്‍ പാട്ടാണോര്‍മ്മ വന്നത്. എന്തായാലും കള്ളിനെ പറ്റി എഴുതാന്‍ ബ്ലോഗത്തികള് മടിക്കുമ്പോള്‍ ധൈര്യപൂര്‍വ്വം കള്ളിനെപ്പറ്റി പറഞ്ഞ കാന്താരീസിന് ഒരു വലിയ കൈയ്യടി..!
കള്ളില്‍ കാന്താരിയിട്ട് ഞെരടി കഴിച്ചാല്‍ ഡബിള്‍ കിക്കാണ്.
എന്തൊ പനങ്കള്ളു കഴിച്ചാല്‍ തൊണ്ടയില്‍ ഒരു കിച് കിച് അനുഭവപ്പെടുന്നുവെന്ന് കൂട്ടുകാര്‍ പറയാറുണ്ട്. ഞാന്‍ തെങ്ങിന് കള്ള് ആരാധകനാണ്. ആയതിനാല്‍ പനങ്കള്ള് മൂര്‍ദ്ധാബാദ്..!
പനങ്കള്ളിന്റെ കാര്യം പറഞ്ഞ് തെങ്ങിന്റെ പടമിട്ടതിലും പ്രതിഷേധം രേഖപ്പെടുത്തുന്നു.
കാന്താരീ, ഇതു വായിച്ചിട്ട് നാവില്‍ കൊതിയൂറിക്കുന്ന ഒരു കാര്യം ഓര്‍മ്മ വന്നു. ഞങ്ങളുടെ കുട്ടികളായിരുന്നപ്പോള്‍ വീട്ടില്‍ ഒരു സ്ത്രീ അക്കാനി എന്നൊരു സാധനം കൊണ്ടുവരും. കുടിക്കാനുള്ളത്. അമ്മ വാങ്ങിച്ചു തരും. എന്തൊരു മധുരമാണെന്നോ അതിന്. ഇപ്പോഴും ആ പാനീയത്തിന്റെ മധുരവും മണവും മനസ്സിലിരുപ്പുണ്ട്. അത് ഈ പനങ്കള്ളില്‍ നിന്നാണ് എടുക്കുന്നത് എന്നു കേട്ടിട്ടുണ്ട്. കാന്താരി പറഞ്ഞ പനമ്പാനിയാണോ ആ അക്കാനി? കുഞ്ഞുന്നാളില്‍ കിട്ടിയതു തന്നെ. പിന്നിതുവരെ കണ്ടിട്ടില്ല.
(ഓര്‍ക്കുമ്പോള്‍ കൊതി സഹിക്കാന്‍ വയ്യ. മധുരം ഭയങ്കര ഇഷ്ടാ)
കമന്റ് എഴുതിക്കഴിഞ്ഞാ ചാണക്യന്റെ കമന്റ് കണ്ടത്. അതില്‍ പറയുന്ന അക്കാനി തന്നെയാവും ഞാനു കുടിച്ചിട്ടുള്ളത്. അതിനിയും ഒന്നു കിട്ടാന്‍ എന്താ ഒരു വഴി ദൈവമേ.
യു. റ്റൂ.. കാന്താരിക്കുട്ടീ.. ബാക്കി പിന്നെ പറയാം ..:)
വീട്ടില്‍ വരുന്നവറ്ക്കൊക്കെ ചായക്ക് പകരം
കള്ളാണൊ കൊടുക്കുന്നത്?
എങ്കിൽ പിന്നെ ഞാനും..
ഇല്ല.. ഞാനൊന്നും പറഞ്ഞില്ല കെട്ടൊ....
കള്ളൊഴിച്ച അപ്പവും കള്ളിൽ നിന്ന് വിനാഗിരിയും അറിയാം. പകഷെ ഈ പാനി ആദ്യമായാ കേൾക്കുന്നത്
അപ്പൊ കാന്താരിയുടെ സ്ഥലത്തും വിനാഗിരിയെ ചൊറുക്ക എന്നൂ പറയും അല്ലെ? ഞാൻ ചൊറുക്ക എന്നു പറയുന്നതു കേട്ട് ചില ഫ്രെന്റ്സ് എന്നെ കളിയാക്കിയിട്ടുണ്ട്
ഹഹ.. മനസ്സിലായി മനസ്സിലായേ... ഞാനൊരു തമാശ പറഞ്ഞതാണേയ്..
ഇടത്തുനിന്നും വലത്തോട്ട് അറബിപോലെ വായിക്കാന്‍ പാകത്തിനുള്ള പേരാ ഇത്.. അറബിനാടുകളില്‍ ജോലിചെയ്ത് ബ്ലോഗുന്നവര്‍ തിങ്ങിക്കൂടുന്നയിടമായതോണ്ടും ബഹുപക്ഷസൌകര്യം മാനിച്ചുകൊണ്ടും ഇങ്ങനെ ആക്കിമാറ്റിയതാ..
:)
with all respect,
sumesh chandran
അങ്ങിനെ കള്ളും വിനാഗിരിയായി ....
പക്ഷെ ആ തിളച്ചവെള്ളമൊഴിച്ചതിത്തിരി കടന്നുപോയില്ലേ?
ആശംസകള്‍
എന്റെ വീട്ടില്‍ ദാ ഇപ്പോഴുമുണ്ടു് പാനി. കോട്ടയത്തു് പനങ്കള്ള് ധാരാളമായി കിട്ടും. പക്ഷെ കുടിയന്മാര്‍ക്കു് താത്പര്യം തെങ്ങിന്കള്ളിനോടാണു്. സ്വാഭാവികമായും പനങ്കള്ളു് ബൈപ്രോഡക്ടുകളായി മാറും. മണര്‍കാടു് സ്ഥിരമായി പാനി ഉണ്ടാക്കി വില്ക്കുന്നവരുണ്ടു്. പാനി കല്യാണ സദ്യയ്ക്കു് മുമ്പ് നിര്‍ബന്ധമായിരുന്നു എന്ന പ്രസ്താവന വാസ്തവമാണ്. അക്കാനി വേറെ സാധനമാണു്. അതു കൂടുതലായും തിരുവനന്തപുരം ഭാഗത്താണു് കിട്ടുക. പിന്നെ ഞങ്ങളുടെ നാട്ടില്‍ ചൊറുക്ക എന്നു പറയുന്നതു് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയ്ക്കു് ശേഷം പള്ളിയില്‍ കുടിക്കാന്‍ കൊടുക്കുന്ന കൈപ്പുനീരാണു്. ക്രിസ്തുവിനു് കൈപ്പുനീരു് നല്‍കിയതിന്റെ ഓര്‍മ്മയ്ക്കായി ചെയ്യുന്ന ഒരാചാരം.
തിരുത്തല്‍:
വലത്തു നിന്നും ഇടത്തോട്ടെന്ന് വായിയ്ക്കുക.
പനയില്‍ നിന്നും ഇറക്കുന്ന കള്ള് അപ്പോള്‍ തന്നെ കുടിച്ചാല്‍ വലിയ ലഹരി ഒന്നും ഉണ്ടാകുകയില്ല.നല്ല മധുരമുണ്ടാവുകയും ചെയ്യും.പക്ഷെ കുറച്ച് നേരം ഇരുന്നാല്‍ അതു പുളിച്ച് ലഹരിയാവും.പരിചയമില്ലാത്തവര്‍ പനങ്കള്ള് കുടിച്ചാല്‍ ആദ്യതവണ വയറിളകാന്‍ സാദ്ധ്യത ഉണ്ട്.
കാന്താരി ചേച്ചി പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി വരികയാണല്ലോ..
എന്നാലും കുടുംബം മുഴുവൻ കുടിയന്മാരുള്ള വീട്ടില്‍ കാന്താരി ചേച്ചി മാത്രം ഇത്ര ഔഷദഗുണമുള്ള പാനീയം കുടിക്കാറില്ലന്ന് വിശ്വസിക്കാൻ വയ്യ. എങ്കിലും നന്ദ്രി..ഈ പോസ്റ്റിനേയ്. കള്ള് കൊണ്ട് ഇങ്ങനേയും സാധനങ്ങൾ ഉണ്ടാക്കാമെന്ന് പറഞ്ഞ് വീട്ടീ കൊണ്ടാകാല്ലോ....
അജീഷ് മാത്യു : പാട്ട് കൊള്ളാം !!
കുഞ്ഞന്‍ : വിശദമായ കമന്റിനു നന്ദി.കള്ളില്‍ കാന്താരി ചേര്‍ത്തു കഴിക്കും എന്നതൊകെ എനിക്ക് പുതിയ അറിവാണ്.എന്തായാലും പരീക്ഷിക്കാന്‍ ഞാനില്ല
പിന്നെ ഗൂഗിളില്‍ തപ്പിയപ്പോള്‍ പന ചെത്തുന്ന പടം കിട്ടിയില്ല..ഇവിടെ ഫോട്ടോ എടുത്താലോ എന്നു പല വട്ടം ഞാന്‍ ആലോചിച്ചതാ..ഷാജി ചെത്താന്‍ കയറുമ്പോള്‍ താഴെ നിന്നു ഫോട്ടോ എടുക്കുന്നതിലെ അനൌചിത്യം ഓര്‍ത്തു വേണ്ടാന്നു വെച്ചു
ഗീതേച്ചീ : പനം പാനി കഴിച്ച ഭാഗ്യവതീ..കമന്റിനു നന്ദീ ട്ടോ
ബഷീറിക്ക : തെറ്റിദ്ധരിക്കണ്ടാ ട്ടോ ..ഞാന്‍ ആ ടൈപ്പേ അല്ല..എനിക്ക് പലപ്പോഴും വിഷമം ഉണ്ടാക്കിയിട്ടുള്ള കാര്യമാണു ഇവിടുത്തെ കള്ളു ചെത്തല്‍..അതുണ്ടാക്കിയ മനോവിഷമം.അതു കൊണ്ട് അതിനു പകരം മറ്റു പ്രോഡക്റ്റുകളെ കുറിച്ച് എഴുതീന്നേ ഉള്ളൂ...
ഗോപക് : ഇവിടെ അങ്ങനെ ഒരു പതിവേ ഇല്ലാ ട്ടോ..ചായയ്ക്ക് പകരം ആര്‍ക്കും കള്ളു കൊടുക്കാറില്ല
ലക്ഷ്മീ : ചൊറുക്ക എന്ന് തന്നെയാ ഞങ്ങള്‍ വിനാഗിരിക്ക് പറയുക.അങ്ങനെ പറയുന്ന ഒരാളെ കൂടി കണ്ടതില്‍ സന്തോഷം.
സുമേഷ് ചന്ദ്രന് : ഇത്രേം നല്ല ഒരു പേരു തല തിരിച്ചിടേണ്ട വല്ല കാര്യോം ഉണ്ടോ..എന്തായാലും എനിക്കിഷ്ടപ്പെട്ടൂട്ടോ..
രസികന്‍ : അല്ലാതെന്തു ചെയ്യും.നേരെ പോയി വെട്ടിക്കളഞ്ഞാല്‍ അച്ഛന്റെ വായീന്നു ആവശ്യത്തിനു കേള്‍ക്കും..ആരും അറിയാതെ നശിപ്പിക്കാന്‍ വേറെ എന്തു വഴി ?/
സെബിന് : എനിക്ക് ഏറെ ഇഷ്ടപെട്ട കമന്റ് താങ്കളുടേതാണ്.ഇപ്പോഴും പാനി കിട്ടുന്ന വീട് ഉണ്ടല്ലോ..ഗീതേച്ചീ കേട്ടില്ലേ..ലക്ഷ്മീ കേട്ടല്ലോ..ചൊറുക്കയ്ക്ക് സെബിന്റെ നാട്ടിലെ അര്‍ഥം വേറെ ആണ്..
മുസാഫിര്‍ :കമന്റിനു നന്ദി ണ്ട് ട്ടോ
നരിക്കുനന്‍ : ഞാന്‍ കഴിക്കില്ല ട്ടോ..വെറുതേ സംശയിക്കില്ല
അപ്പോള്‍ പനം കല്ക്കണ്ടിനെ കുറിച്ച് ആര്‍ക്കും അറിയില്ലേ ????അറിയുന്നവര്‍ പറഞ്ഞു തരണേ
നന്നായിരിക്കുന്നു....
എന്തു വേണേലും പറയാട്ടോ.പക്ഷേ വാക്കുകള്‍ സഭ്യമായിരിക്കണം...
ദിവസവും കള്ള് കിട്ടുന്ന വീടോ? കൊള്ളാമല്ലോ കാന്താരിക്കുട്ടീ. ഞാനായിരുന്നെങ്കില്‍ കുടിക്കാന്‍ കൂടിയേനെ. :-)
"ഞാന്‍ വഴക്കുണ്ടാക്കും.അപ്പോള്‍ കണ്ണനടക്കം എല്ലാരും എന്നോടു പറയും കള്ളില്‍ വിറ്റാമിന്‍ എ ഉണ്ട്..ബി ഉണ്ട്...സി ഉണ്ട്..."
ശ്ശോ കള്ളുകുടിക്കാതെയും വഴക്കുണ്ടാക്കോ?? ന്നാലും വിശ്വസിക്കാന്‍ പറ്റ്ണില്ല..കുടക്കാത്തതല്ല.ഈ ബൈ പ്രോഡക്ടേ?? :) :)
നല്ല ഒന്നാന്തരം കല്ലിനെ ഇത്തരമൊരു ചര്‍ച്ചയ്ക്ക് വിഷയമാക്കിയത്തില്‍ പ്രതിഷേധിക്കുന്നു. കരിന്കൊടി ഒന്ന്. രണ്ട്.. മൂന്നു...
കുഞ്ഞു പോസ്റ്റ്, കള്ളുപോസ്റ്റ്..തെങ്ങിന് കള്ളിന്റത്രക്കു വരുമോ ഈ പനങ്കള്ള്.......
പൊട്ടാസ്സിയം സയിനയിഡിനും ചില ഗുണങള് ഒക്കെ ഉന്ടേ!
കടവന്‍ :നന്ദി
അനോണി ചേട്ടാ/ചേച്ചീ : അതു തന്നെയാ ഉദ്ദേശിച്ചത്.സഭ്യമായ ഭാഷയില്‍ അഭിപ്രായം പറയാം.അതു വിമര്‍ശനമാണെങ്കിലും അതല്ല അനുകൂലിച്ചാണെങ്കിലും കുഴപ്പം ഇല്ല
നന്ദകുമാര്‍ : ഇനി ബൈ പ്രോഡക്റ്റിന്റെ കാര്യം സരിഗ പരഞ്ഞു തരും ട്ടോ
മുരളിക : കരിങ്കൊടി പൊക്കിയോ അപ്പോളേയ്ക്കും
ഗുരുജീ : നന്ദിണ്ട് ട്ടോ
പാവം ഞാന്‍ : സമ്മതിച്ചേ !!
Priya Kantharikkuttee,kallineppatty ezhuthiyathu hrudyamayi!abhinandanangal!nattinpurathukaraya veettammamarkku ennum ishta veshamaya,ennal eppol aprathyakshamayikkondirikkunna ONNARAyeppatty onnezhuthamo?onnara udukkunnathukondu njangale parishkarippennungal parihasikkunnu.
kallineppatti ezhuthiyathupole nammude paramparya ulluduppaya onnarayeppatti onnezhuthamo priya kantharikkutty?
Kallineppatty ezhuthiyathupole paramparya ulluduppaya onnarayeppatty ezhuthamo kantharikkuttee?
കള്ളും നല്ലതാ പോസ്റ്റും നല്ലതാ
അല്ല കഷ്ടപ്പെട്ട് ഈ ബൈ പ്രോടക്ട് ഉണ്ടാക്കാതെ ഈ കള്ളൊക്കെ നമ്മള് കുടിച്ചാല്‍ പോരെ?
എന്തായാലും സംഗതി കലക്കി
ലക്ഷക്കണക്കിനുള്ള കേരളത്തിലെ പാവപ്പെട്ട കള്ളുകുടിയൻ മാർക്കും പാവപ്പെട്ട അബ്കാരി മാർക്കും വേണ്ടി ഞാൻ എന്റെ വിയോജനകുറിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു.
കാന്താരിക്കുട്ടി
കള്ളിനേ പറ്റിയും ബൈproductsനെ പറ്റിയും ഇപ്പോ ഇച്ചിരെ അറിവായി...
മനുഷ്യരു മടിയന്മാരണന്നേ അതല്ലേ ബൈ products ആക്കാന്‍ നില്ക്കാതേ കള്ള് രൂപത്തില്‍ തനേ അകതാക്കുന്നേ?
പക്ഷേ നാടന്‍ കള്ള് ആരോഗ്യത്തിനു നല്ലതാ..എന്നു ഏതോക്കെയോ കള്ളുകുടിയന്മാര് പറയുന്നതു കേട്ടിട്ടുണ്ട് :D
എന്തായാലും നല്ല പോസ്റ്റ്
ദേവു : എനിക്കറിയാന്‍ പാടില്ലാത്ത ഒരു വിഷയമാണ് ആവശ്യപ്പെട്ടത്.അതു കൊണ്ട് അതെഴുതാന്‍ എനിക്കാവില്ല.സോറി.ഇവിടെ വന്നതില്‍ സന്തോഷം
കുമാരന് : സന്തോഷം ഉണ്ട് കേട്ടോ
അരുണ്‍ കായം കുളം : നന്ദീണ്ട് ട്ടോ
മാംഗ് : വിയോജനക്കുറിപ്പ് അംഗീകരിക്കണു
അപരിചിത : നന്ദീണ്ട് വന്നതില്‍
ഒരിക്കല്‍ കൂടി എല്ലാര്ക്കും നന്ദി പറയുന്നു
'എനിക്കിത്രേം ദേഷ്യം ഉള്ള സാധനം . . .' പനയില്‍ നിന്നും തെങ്ങില്‍ നിന്നും കിട്ടുന്ന കള്ള് നല്ലതാണ്. പെപ്സി -യെക്കാളും കൊക്കോ കൊള - യെക്കാളും. അതിനാല്‍ വേരുക്കപ്പെടെണ്ടവന് അല്ല കള്ള്. കള്ള് ഷാപ്പില് നിന്നും കിട്ടുന്ന കള്ള് കള്ളല്ല!! അത് ആനമയക്കി പോലുള്ള രാസപദാര്‍ഥങ്ങള്‍ കലക്കിയ വെള്ളം മാത്രമാണ്. 'കള്ള് ഷാപ്പിലെ കള്ള്' വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്, കുടിക്കരുത്. ഈ വിഷം വില്ക്കുന്നതില് നിന്നും സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ടികള്‍ക്കും വലിയ ലാഭം ഉണ്ടാവുന്നു. സാദാരണ ജനങ്ങള്‍ക്ക് രോഗവും!!
Post a Comment