Sunday, August 17, 2008

എന്റമ്മച്ചിയേ !!!!! ദേ ഒരു പഴുതാര......

സെന്റിപീഡ് എന്ന് ആംഗലേയ നാമധേയം ഉള്ള പഴുതാരയെപറ്റിയുള്ള ഓര്‍മ്മകള്‍ ആകട്ടെ ഇന്ന്.പഴുതാരയെ കാണാത്തവരായി ആരും കാണില്ല.പഴുതാരയുടെ കടി കിട്ടിയിട്ടുള്ളവര്‍ വിരളമായിരിക്കും അല്ലേ.. ആ മഹാ ഭാഗ്യം എനിക്കുണ്ടായിട്ടൂണ്ട്.

പഴുതാരക്ക് ഏതാനും മില്ലി മീറ്റര്‍ മുതല്‍ 30 സെ.മീ വരെ നീളം കാണും.ചുമപ്പുകലര്‍ന്ന തവിട്ടു നിറമാണു ഇവക്കുള്ളത്.പരന്നു നീണ്ട ശരീരം ! നിരവധി ഖണ്ഡങ്ങള്‍ ആയാണു ശരീരം.ഓരോ ഖണ്ഡത്തിലും ഓരോ ജോടി കാലുകള്‍ ഉണ്ട്.ആദ്യ ജോടി കാലുകള് രൂപാന്തരം പ്രാപിച്ചു വിഷപ്പല്ലുകള്‍ ആയി കാണുന്നു.ഇവ മുട്ടയിട്ടാണു പ്രത്യുല്പാദനം നടത്തുന്നത്.ചൂടുകാലത്ത് മണ്ണില്‍ മുട്ടയിട്ട് ആ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.





എന്നാല്‍ അപൂര്‍വം ചില പഴുതാര ഇനങ്ങള്‍ കുഞ്ഞുങ്ങളെ പ്രസവിക്കാറുമുണ്ടത്രെ !!ചെറു ജീവികളായ പാറ്റ,ഈച്ച തുടങ്ങിയവയാണു ഇവയുടെ ഭക്ഷണം.ശരാശരി ആയുസ്സ് 6 വര്‍ഷമാണ്.





വര്‍ഷങ്ങള്‍ക്കു മുന്‍പാണു എനിക്ക് ആ കടി കീട്ടിയിട്ടുള്ളതു എങ്കിലും അതിന്റെ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ ഉണ്ട്.ഞാന്‍ ഏഴില്‍ പഠിക്കുന്ന പ്രായം..നല്ല മഴ ഉള്ള സമയം.മഴയുള്ള സമയത്തു എനിക്കു പൊതുവേ വിശപ്പു കൂടുതല്‍ ആണ്.. അമ്മ ചോദിക്കും നിന്റെ വയറ്റിലെന്താടീ കോഴികുഞ്ഞുണ്ടോ ഇത്ര വിശപ്പുണ്ടാകാന്‍ എന്നു ?വിശപ്പു മാറ്റാന്‍ ഞാന്‍ തന്നെ വഴിയും കണ്ടെത്തി..കപ്പ പറിച്ചതു ഇരുപ്പുണ്ടായിരുന്നു. അതെടുത്തു ചെണ്ട പുഴുങ്ങി.. അതില്‍ അല്‍പ്പം കാന്താരി മുളകരച്ചതും പച്ചവെളിച്ചെണ്ണയും അലപം തേങ്ങാ ചുറണ്ടിയതും കൂടി കൂട്ടി ഇളക്കി കഴിക്കാന്‍ നല്ല റ്റേസ്റ്റ് ആണ്.കാന്താരി മുളകു തപ്പിയപ്പോള്‍ അതു സ്റ്റോക്ക് ഇല്ല. പറംബില് ഇഷ്ടം പോലെ കാന്താരിച്ചെടി ഉണ്ട്.നിറയെ മുളകും.. അതില് നിന്നു അഞ്ചാറു മുളകു പൊട്ടിച്ചെടുക്കാം

ഇറയത്തു ചാരി വെച്ചിരുന്ന തൊപ്പിക്കുട എടുത്തു തലയില്‍ വെച്ചു.പണ്ടൊക്കെ പാടത്തു പണിയാനും ഞാറു നടാനും ഒക്കെ പോകുമ്പോള്‍ തൊപ്പിക്കുടയാണൂപയോഗിച്ചിരുന്നത്.ചൂരലും പനയോലയും കൊണ്ട് ഉണ്ടാക്കിയ കുട. അതു തലയില്‍ ലെവലായി ഇരിക്കാന്‍ പാകത്തിനു പാള കൊണ്ട് ഒരു ചുറ്റും ഉണ്ടാക്കും.

എന്തായാലും തൊപ്പിക്കുട എടുത്തു തലയില്‍ വെച്ചു കാന്താരിചെടിയുടെ അടുത്തു ചെല്ലുന്നതിനു മുന്നേ ചെവിയുടെ പുറകില് കിട്ടി ഒരു കടി !!!

കടി കിട്ടിയതും തൊപ്പിക്കുട വേഗത്തില്‍ തലയില്‍ നിന്നെടുത്തു താഴെ ഇട്ടു. അപ്പോള്‍ പാളചുറ്റിനിടയില്‍ കൂടി ഓടുന്നു ഒരു യമണ്ടന്‍ സാധനം !! നല്ല ചുവന്ന നിറത്തില്‍ നല്ല സുന്ദരി ഒരു പഴുതാര. !!!ഹോ ഇത്ര സുന്ദരിയായ ഒരു പഴുതാര കടിച്ചാല് ഇത്ര വേദനയോ..




കടി കിട്ടിയിടത്തു നീരു വെച്ചു തുടങ്ങിയപ്പോള്‍ വലിയ വായില്‍ നിലവിളിച്ചു കൊണ്ട് വീട്ടിലേക്കോടി.

എന്താടീ മോങ്ങുന്നേ ??

അമ്മയുടെ ചോദ്യം കേട്ടതും കരച്ചിലിന്റെ വോള്യം കൂട്ടി...അല്ലെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏറ്റവും നല്ല വഴി ഉറക്കെ കരയുക ആണെന്നു അന്നേ എനിക്കറിയാരുന്നു..


പഴുതാര കടിച്ചിട്ടു വേദന സഹിക്കാന്‍ വയ്യേ എന്നും പറഞ്ഞു ഉറക്കെ കരഞ്ഞപ്പോള്‍ അമ്മ വേഗം കുറച്ചു തുമ്പയിലയും കുരുമുളകും കൂടി കൂട്ടി അരച്ച് ചെവിയില്‍ പുരട്ടി.കുറെ സമയം വേണ്ടി വന്നു ആ കരച്ചിലിന്റെ വോള്യം ഒന്നു കുറയാന്‍ .


അന്നു ആ തൊപ്പിക്കുട ഒന്നു കുടഞ്ഞു നോക്കിയിട്ട് തലയില് വെച്ചിരുന്നെങ്കില്‍ എനിക്കു തൊണ്ട കീറി കരയേണ്ടി വരില്ലായിരുന്നു..
ഇതു കണ്ടോ ലോകത്തിലെ എറ്റവും വലിയ പഴുതാര! ആമസോണിയന്‍ ജയന്റ് സെന്റിപീഡ് എന്നാണു നാമധേയം !!!






എന്തായലും പഴുതാര വിഷത്തിനുള്ള മരുന്നുകള്‍ കൂടി പറഞ്ഞില്ലെങ്കില് എനിക്കൊരു സമാധാനവും ഇല്ല.


1.പച്ച മഞ്ഞള് ഇടിച്ചു പിഴിഞ്ഞ നീരില് കായം ചാലിച്ചു പുരട്ടുക.
2.തുമ്പയില ഗോമൂത്രത്തില് അരച്ചു പുരട്ടുക
3.പഴുത്ത പ്ലാവില ഞെട്ട് തുമ്പച്ചാറില് അരച്ചു പുരട്ടുക
4.ആനച്ചുവടി അരച്ചു പുരട്ടുക
5.പച്ച മഞ്ഞളും തുളസിയിലയും കൂടെ മുറിവില് പുരട്ടുക
6.അശോകത്തൊലി ചതച്ചു പിഴിഞ്ഞെടുത്ത നീരു പുരട്ടുക
7.ചുണ്ണാമ്പു തുപ്പലില് ചാലിച്ചു പുരട്ടുക
8.കറി വേപ്പിലയും മഞ്ഞളും കൂടെ അരച്ചു പുരട്ടുക.


ഇത്രയും കാര്യങ്ങള് ഒക്കെയേ എനിക്കറിയാവൂ കെട്ടൊ..ഇനി നിങ്ങളുടെ സംഭാവന കൂടി ആകുമ്പോള് ഈ പോസ്റ്റ് പൂര്ണ്ണമാകും..
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍

54 comments:

ജിജ സുബ്രഹ്മണ്യൻ said...

സെന്റിപീഡ് എന്ന് ആംഗലേയ നാമധേയം ഉള്ള പഴുതാരയെപറ്റിയുള്ള ഓര്‍മ്മകള്‍ ആകട്ടെ ഇന്ന് ..

യാരിദ്‌|~|Yarid said...

'കപ്പ പറിച്ചതു ഇരുപ്പുണ്ടായിരുന്നു. അതെടുത്തു ചെണ്ട പുഴുങ്ങി"

കപ്പ പുഴുങ്ങുക എന്നൊക്കെ കേട്ടീട്ടൂണ്ട്, ചെണ്ട പുഴുങ്ങുക എന്നു ആദ്യമായിട്ടാണ് കേള്‍ക്കുന്നതു, ഈ ചെണ്ടയൊക്കെ പുഴുങ്ങി തിന്നിട്ടു ഒന്നും കാണാനില്ലലൊ. !

Sands | കരിങ്കല്ല് said...

വെണ്ണയുണ്ടേല്‍ നറുനെയ്യ് വേറിട്ടു്‌ കരുതേണമോ??

ചേച്ചി തന്നെ കാന്താരി അല്ലേ?? പിന്നെന്തിനാ വേറെ കാന്താരി (മുളകു്‌)?

അതോ അന്നു വേണ്ടത്ര കാന്താരിത്തം ഉണ്ടായിരുന്നില്ല്?

OAB/ഒഎബി said...

തോടിയില്‍ ഇത്രയധികം കാന്താരിച്ചെടിയുള്ളതിനാലായിരിക്കാം കാന്താരിക്കുട്ടി എന്നൊരു തൂലികാനാമം ഇടാനിടയായത് അല്ലെ.
പിന്നെ മുട്ട വിരിഞ്ഞിറങ്ങുന്ന പഴുതാരക്കല്ലെ ഒരിഞ്ച് വലിപ്പം?.
ഇതിങ്ങനെ തുടറ്ന്നാല്‍ വൈദ്യന്മാരൊക്കെ പീടികയും പൂട്ടി പോകേണ്ടി വരുമല്ലൊ...:)

ബിന്ദു കെ പി said...

ഹോ, പഴുതാര!!
കണ്ടിട്ടുതന്നെ പേടിയായിട്ടു വയ്യ.

പ്രയാസി said...

അല്ലാ ആ പൂരന്(തിരോന്തരം പഴുതാര) എന്തു പറ്റി..!?

അപ്പത്തന്നെ അടിച്ചു പോയിക്കാണും..;)

പൂരന്റെ കടികിട്ടിയതു കൊണ്ട് ഇങ്ങനെ നല്ലൊരു പോസ്റ്റ് കാണാന്‍ പറ്റി..!

ഹരീഷ് തൊടുപുഴ said...

വീണ്ടും നല്ലൊരു വിജ്ഞാനപ്രദമായ പോസ്റ്റ്...അഭിനന്ദനങ്ങള്‍

പിന്നേയ്...ഇന്നെനിക്കും കപ്പ ചെണ്ടപുഴുങ്ങിയതൂം, കാന്താരിമുളകരച്ച ചമ്മന്തിയുമാ കെട്ടോ!!! ഹ..ഹാ..

നരിക്കുന്നൻ said...

പഴുതാരയെ കാണിച്ച് പേടിപ്പിക്കാൻ നോക്കല്ലേ കാന്താരികുട്ടി ചേച്ചീ..
എന്താ പഴുതാരയെ കുറിച്ച് വല്ല ഗവേഷണവും നടത്തുന്നുണ്ടോ..?

sandoz said...

കറിപാത്രത്തില്‍ വരെ പഴുതാര..ഇതെങ്ങനെ ഒപ്പിച്ച് കാന്താരീ ഈ പടങ്ങള്‍...

പാമരന്‍ said...

ലവന്‍റെ കടി എനിക്കും കിട്ടിയിട്ടുണ്ട്‌...

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കാന്താരി, ഞാന്‍ ജോലി ചെയ്യുന്ന കസഖ്സ്താനില്‍ ചുടുകാലമായാല്‍ പഴുതാരകളുടെ വിളയാട്ടമാണ്. പക്ഷെ തണുപ്പു തുടങ്ങിയാല്‍ അതായത് ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇവരെ പുറത്ത് കാണാന്‍ കിട്ടില്ല്. ആ സമയത്ത് ഇവര്‍ക്കുള്ള ഭക്ഷണം എങ്ങനെ സംഭരിക്കുന്നു എന്ന് വല്ല ഐഡിയയും ഉണ്ടോ?

mmrwrites said...

ഇത്തരം ക്ഷുദ്ര ജീവികളെ കാണുന്നതേ പേടിയാ.. എവിടുന്നുകിട്ടി ആ പടങ്ങള്‍? ഛെ..ഛെ.

Sherlock said...

ഏകദേശം ഒരിഞ്ച് നീളമെന്നു പറഞ്ഞത് ചിലപ്പോള്‍ പഴുതാരകുഞ്ഞിന്റെ നീളമായിരിക്കും :)

പൂര്‍ണ്ണവളര്‍ച്ചയെത്തിയ പഴുതാരയ്ക്ക് ഏകദേശം മൂന്നു മുതല്‍ നാലിഞ്ചുവരെ നീളം ഉണ്ടാകും

ചാണക്യന്‍ said...

കാന്താരീ,
നിസാരകാര്യത്തിനെ പോസ്റ്റാക്കാനുള്ള കഴിവിനെ അംഗീകരിക്കുന്നു...

Lathika subhash said...

എന്റമ്മച്ചിയേ..ദേ ഒരു പഴുതാര.
ഹായ്! നല്ല ചൂട് കപ്പ ചെണ്ടനും കാന്താരിച്ചമ്മന്തീം.

അനില്‍@ബ്ലോഗ് // anil said...

കിടുക്കന്‍ ഫോട്ടൊകള്‍,
എനിക്കും കുത്ത് കിട്ടിയിട്ടുണ്ടു, കാലിലായിരുന്നു.

പിന്നെ കാന്തരീ, ചെണ്ട പുഴുങ്ങല്‍ പെരുമ്പാവൂര്‍ സ്റ്റൈല്‍ അല്ലല്ലൊ .

അയല്‍ക്കാരന്‍ said...

ചെണ്ടക്കപ്പ തിന്നിട്ട് 15 വര്‍ഷത്തോളമായിക്കാണണം. ചെണ്ടയും കാന്താരി പൊട്ടിച്ചതും കിട്ടുന്ന ഏതേലും ഓട്ടലുണ്ടോ ഈ ലോകത്ത്? (അരച്ചു പുഴുങ്ങി വരുന്ന പായ്ക്കറ്റേ ഞാന്‍ താമസിക്കുന്നിടത്തു കിട്ടത്തുള്ളു.)

കാപ്പിലാന്‍ said...

Kollaam kanthaari :)

ജിജ സുബ്രഹ്മണ്യൻ said...

യാരിദ് : ചെണ്ട പുഴുങ്ങി തിന്നു തിന്നാണു ഞാന്‍ ചെണ്ട പോലെ ആയത് !!!!


കല്ലേ : അന്നും കാന്താരിത്തത്തിനു ഒരു കുറവും ഇല്ലായിരുന്നു..സ്ഥിരം അടി കിട്ടാറുണ്ട് അച്ഛന്റെ കയ്യില്‍ നിന്ന്..


ഒ എ ബി : കാന്താരി പണ്ടു മുതലേ എനിക്കിഷ്ടമാ .പിന്നെ എന്നെ ചെറുപ്പത്തില്‍ അച്ഛന്‍ വിളിച്ചിരുന്ന ചെല്ലപ്പേര് കാന്താ‍ാരീ ന്നായിരുന്നു.അതുകൊണ്ട് അതു തന്നെ സെലക്റ്റ് ചെയ്തു എന്നേ ഉള്ളൂ.


ബിന്ദു :കാണുംപ്പോല്‍ തന്നെ പേടി ! അപ്പോള്‍ ഒരു കടി കിട്ടിയിരുന്നെങ്കിലോ ?? ഹ ഹ ഹ


പ്രയാസി : പഴുതാരക്കു പൂരന്‍ എന്നു പറയും എന്ന അറിവിനു നന്ദി..പിന്നെ ആ പൂരന്‍ അന്നേ ചത്തു കാണും..കാരണം കടിച്ചതു എന്നെ അല്ലേ !!

ഹരീഷ് : കൊതിപ്പിക്കല്ലെ !! എനിക്കും ഉണ്ടായിരുന്നു ഇന്നലെ കപ്പയും കാന്താരിയും !


നരിക്കുനന്‍ : ഗവേഷണത്തിനു യാതൊരു ഉദ്ദേശവും ഇല്ല കുട്ടാ..ഒട്ടും സമയം ഇല്ലെന്നേ

സാന്‍ഡൊസ് : ഞാന്‍ പറഞ്ഞില്ലേ..പടങ്ങള്‍ ഒക്കെ ഗൂഗിളില്‍ നിന്നു എടുത്തതാ..


പാമരന്‍ ജീ : എനിക്കു സന്തോഷമായി..കടിയുടെ വേദന അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയല്ലോ

സണ്‍നിക്കുട്ടന്‍ : ഇവ തണുപ്പുകാലത്തു ഭകഷണം സംഭരിക്കുന്ന കാര്യം ഒന്നും എനിക്കറിയില്ല..ഒരു പക്ഷെ രാത്രിയില്‍ ഒക്കെ ഭക്ഷണം തേടി പിടിക്കുന്നുണ്ടാവും ..ഈ വിഷയത്തെ പറ്റി ആര്‍ക്കേലും എന്തേലും അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരണേ..


എം എം ആര്‍ : ഇങ്ങനെ അറപ്പായാല്‍ എന്തു ചെയ്യും.അവരും ഭൂമിയുടെ അവകാശികള്‍ അല്ലേ !

ജിഹേഷ് : തിരുത്തല്‍ വരുത്തിയിട്ടുണ്ട്.തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.പക്ഷേ എതാനും മില്ലിമീറ്റര്‍ മുതല്‍ 30 സെ മീ വരെ നീളം ഉള്ള പഴുതാര ഉണ്ടെന്ന് വിക്കിയില്‍ കാണുന്നു


ചാണക്യന്‍ : ഇതിനാണു തൊലിക്കട്ടി എന്നു പറയുന്നത്..എന്നെ കൊണ്ടു ഇതിനൊക്കെയെ പറ്റൂ..ഗഹനമായ കാര്യങ്ങളെ കുറിച്ചും ആണവ കരാറിനെ കുറിച്ചും ഒക്കെ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ലെ !!!

ലതി ചേച്ചീ : നന്ദി കേട്ടോ..ചൂടോടെ നല്ല മഴ പെയ്യുന്ന സമയത്തു കപ്പ തിന്നണം..എന്നിട്ട് നല്ല ചൂടു ചായയും കുടിക്കണം.അപ്പോള്‍ ഉള്ള ആ ചൂട് ഉള്ള എരുവില്ലെ .. ഹാ‍ായ്..കൊതിയാവുന്നു.



അനില്‍ : ഇവിടെ കോട്ടപ്പടി സ്റ്റൈലില്‍ ഞങ്ങള്‍ ചെണ്ട പുഴുങ്ങാറുണ്ട്.പെരുമ്പാവൂരിന്റെ മരുമകള്‍ ആയ ശെഷവും ഞാന്‍ കപ്പ ചെണ്ട പുഴുങ്ങാറുണ്ട്..സമയം ഉണ്ടെങ്കില്‍ കപ്പ പുഴുക്കാക്കും.തേങ്ങയും ജീരകവും വെളുത്തുള്ളിയും ഒക്കെ അരച്ചു ചേര്‍ത്ത്.എന്നാലും കപ്പയും കാന്താരി ചമ്മന്തിയും,കപ്പയും ചാളക്കറിയും ഒക്കെ എന്റെ വീക്ക്നെസ്സാ !


വിശാലം “: അതെ കരച്ചില്‍ കൊണ്ട് കാര്യം നടത്താം എന്നുള്ളതു കൊച്ചിലേ ഉള്ള എന്റെ ശീലമാണ്.ഇപ്പോള്‍ സങ്കടം വന്നു കണ്ണു നിറഞ്ഞാലും അതു കാണാനോ മനസ്സിലാക്കാനോ ആരും ഇല്ല..കണ്ണനോട് എന്തേലും പറഞ്ഞാല്‍ പറയും പൂങ്കണ്ണീര് എന്ന്.. ഹ ഹ ഹ .നിന്റെ ഗുജറാത്ത് യാത്ര ഒക്കെ അടിപൊളി ആയിരുന്നോ..പുള്ളിക്കാരനെയും മക്കളെയും അന്വേഷണം പറയണേ ..


അയല്‍ക്കാരന്‍ : ഏതേലും ഒട്ടലില്‍ കിട്ടുമോ എന്നെനിക്കറിയില്ല..ഇവിടെ നാട്ടില്‍ ഞങ്ങള്‍ക്ക് കപ്പ കൃഷി ഉണ്ട്. അങ്ങനെ തൊന്നുമ്പോള്‍ കപ്പ തിന്നാന്‍ ഉള്ള ഭാഗ്യം ഉണ്ട്

കാപ്പിലാന്‍ ജീ : നന്ദി കെട്ടൊ


ഇവിടെ വന്നു പഴുതാരയെ കണ്ടു പോയ എല്ലാവര്‍ക്കും നന്ദി പറയുന്നു..

രസികന്‍ said...

പഴുതാരയുടെ ഒരു കുത്ത് എനിക്കും കിട്ടിയിട്ടുണ്ട് . അന്ന് പച്ച മഞ്ഞൾ തേച്ചു പിടിപ്പിക്കുകയായിരുന്നു ഉണ്ടായത് ..

ഇതിനെ പിടിച്ചു ചൂണ്ടയിൽ കോർത്ത് മീൻ പിടിക്കുന്ന ധീരന്മാരുമുണ്ട്...

ആശംസകൾ

ഷിജു said...

പഴുതാരയെപ്പറ്റിയാണ് പോസ്റ്റ് എങ്കിലും കപ്പ പുഴുങ്ങിയതിനെ പറ്റി പറഞ്ഞപ്പോള്‍ കൊതി മൂത്തു.ഇന്ന് കപ്പ പുഴുങ്ങിയിട്ട് തന്നെ കാര്യം. കപ്പ പറിക്കാന്‍ പോകുമ്പോള്‍ പഴുതാര കടിക്കാതെ സൂക്ഷിച്ചോളാം ചേച്ചി....

ഒരു സ്നേഹിതന്‍ said...

എത്ര സുന്ദരിയാണെങ്കിലും എനിക്കീ സാധനത്തിനെ കാണുന്നതേ പേടിയാ...

വിവരണത്തിനു നന്ദി...

“തൊപ്പിക്കുട” ഗ്രഹാതുരത്വമുണറ്ത്തി...

മഴയുള്ള സമയത്തു എനിക്കു പൊതുവേ വിശപ്പു കൂടുതല്‍ ആണ്.. അമ്മ ചോദിക്കും നിന്റെ വയറ്റിലെന്താടീ കോഴികുഞ്ഞുണ്ടോ ഇത്ര വിശപ്പുണ്ടാകാന്‍ എന്നു ? അമ്മക്കൊരു കൈ..

പിരിക്കുട്ടി said...

"pazahutharaye enikku pediyaa...."

pazhaya aalkkar oru mandatharam parayum...oru thuni nanachu vechaal athinullil ninnu pazhuthara podinju varum athre....
njaan ethirkkum pakse avar vaadhichu jayikkum....

kaapa chenda puzhungunnathenginaa....

"chenda kappa puzhungaan pattumo?"

enthayalum me happy kaanthaarippennu poyillalllo?

കുഞ്ഞന്‍ said...

കാന്താരീസ്..

ചെറിയ സംഭവം രസകരമായി അവതരിപ്പിക്കുനതിലുള്ള കഴിവ്. പിന്നെ അതില്‍ക്കൂടി ഉപകാരപ്രദമായിട്ടുള്ള ഒറ്റമൂലികള്‍.

അമ്മ പ്രയോഗിച്ച മരുന്നും ലിസ്റ്റില്‍ ചേര്‍ക്കാമായിരുന്നു. പിന്നെ പഴുതാരയുടെ പടങ്ങളില്‍ നാടന്റെ ഉണ്ടൊ ?

നല്ലൊരു പോസ്റ്റ്

Areekkodan | അരീക്കോടന്‍ said...

ഉപകാരപ്രദമായിട്ടുള്ള ഒറ്റമൂലികള്‍.
വിജ്ഞാനപ്രദമായ പോസ്റ്റ്...

Vanaja said...

എന്റമ്മച്ചിയേ !!!!! മേലാകെ പെരുത്തു വരുന്നു..

smitha adharsh said...

കാന്താരി ചേച്ചീ..എനിക്കും കടി കിട്ടിയിട്ടുണ്ട്.സെയിം പിന്ച്ച്...ഹൊ ! ആ വേദന എനിക്കിപ്പോഴും ഓര്‍മയുണ്ട്...ചേച്ചി പറഞ്ഞതു പോലെ തന്നെ...
നല്ല കലക്കന്‍ പോസ്റ്റ് കേട്ടോ...ഇത്രയൊക്കെ കാര്യങ്ങള്‍....ഈ വിവരണം,ഫോട്ടോസ്..ഒക്കെ ഒപ്പിക്കുന്നതിനു ചേച്ചിയെ എന്തായാലും സമ്മതിച്ചു തരണം..

ജഗ്ഗുദാദ said...

പഴുതാരയുടെ കടിക്കുള്ള മരുന്ന് പറഞ്ഞു തന്നതിന് നന്ദി... വിഷം ഉണ്ടെന്നു പറയുന്നതു ഒള്ളതാണോ?

ഹരിശ്രീ said...

ചേച്ച്യേ,

പഴുതാര പോസ്റ്റ് കലക്കിയിട്ടുണ്ട്. പിന്നെ പഴുതാരയുടെ ഗ്ലാമര്‍ ചിത്രങ്ങളും.

പണ്ടേ കാന്താരിച്ചെടിയോടും കാന്താരിമുളകിനോടും അടുപ്പമാണല്ലേ ??? ഹ.ഹ..

പിന്നെ പുതിയ ചിത്രം (കാന്താരിമുളകിന്റെ) സൂപ്പര്‍ ആയിട്ടുണ്ട്.

:)

നവരുചിയന്‍ said...

കടി കിട്ടിയിടുള്ള ഭാഗ്യവാന്‍മാരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട് ...പക്ഷെ പഴുതാര സുന്ദരി ഒളിച്ചു ഇരുനത് എന്‍റെ ഒരു പഴയ പുസ്തകത്തില്‍ ആണെന്ന് മാത്രം ..... ( അത് തുറന്നു നോക്കുന്ന ശീലം ഉണ്ടോ എന്ന് ചോദിക്കരുത് )

ഒരു സംശയം ഇതിന്റെ അണിനേം പെണ്ണിനേം എങ്ങനെ തിരിച്ചു അറിയാം

നിസ്സാറിക്ക said...

ഒത്തിരി നന്നാകുന്നുണ്ട് കാന്താരീ..ചിരിയും ചിന്തകളും മാത്രമല്ല മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന
നുറുങ്ങുകളും വളരെ ഇഷ്ടമായി..

സസ്നേഹം നിസ്സാറിക്ക



http://kinavumkanneerum.blogspot.com/

Kichu $ Chinnu | കിച്ചു $ ചിന്നു said...

എന്റമ്മോ!!!

Rare Rose said...

അയ്യയ്യോ...എന്തൊരു ഭീകര പോട്ടംസ്..പേടിയാവണു....:(
എന്തായാലും കാന്താരീ ചേച്ചീടെ നുറുങ്ങു വൈദ്യം ഓര്‍ത്തു വെച്ചിട്ടുണ്ടു...ഉപകാരം വന്നാലോ..താങ്കൂ ട്ടാ.:)

വേണു venu said...

ഇതിനു പാറുവാലി എന്നും പറയില്ലേ.?
നല്ല വിവരണം..

ബഷീർ said...

പഴുതാര പോസ്റ്റ്‌ നന്നായി
ഈ അറിവുകള്‍ പകര്‍ത്തിവെക്കുന്നതും പകര്‍ ന്നു കൊടുക്കുന്നതും നല്ലകാര്യം തന്നെ..
അഭിനന്ദനങ്ങള്‍..

പഴുതാര കടിച്ചാല്‍ / കുത്തിയാല്‍ അവിടെ കാന്താരി മുളക്‌ അരച്ച്‌ തേച്ചാല്‍ മതിയെന്ന് ആരോ എവിടെയൊ എഴുതിയിട്ടുണ്ടോ ...എന്തോ എനിക്കറിയില്ല..

ശ്രീ said...

കാന്താരി ചേച്ചീ...

പഴുതാരയുടെ കുത്ത് കിട്ടാനുള്ള ഭാഗ്യം എനിയ്ക്കും ഉണ്ടായിട്ടുണ്ട്, രണ്ടു മൂന്നു തവണ. ഹോ.... ഒരു തവണ എന്റെ പുറത്താണ് കുത്തു കിട്ടിയത്, അതും ഒരു കറുത്ത വമ്പന്‍ പഴുതാരയുടെ... എന്തോ വച്ചു പൊള്ളിച്ചതു പോലെ പൊള്ളിപ്പോയി. (വെറുതേയല്ല, അതിന്റെ മുകളിലാണേയ് കിടന്നത്. കുത്തിയില്ലെങ്കിലല്ലേ അത്ഭുതം!)

പിന്നെ, കപ്പയും മുളകും... വേണ്ട, ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല

ബയാന്‍ said...

കാന്താരിപറിക്കാന്‍പോയപ്പോള്‍ പഴുതാര കടികിട്ടിയാലെന്താ നല്ല യൊരു പേരുകിട്ടിയില്ലെ.

പിന്നെ :
ആറു വര്‍ഷം ആയുസ്സു എന്നതു അലപം കുറയാന്‍ വല്ല സാധ്യതയുമുണ്ടോ...

നല്ല പോസ്റ്റ് ഇനി നല്ല ചന്തമുള്ള ജീവികളുടെ പോസ്റ്റിടണം. ഒരു റിക്വസ്റ്റാ..

ജിജ സുബ്രഹ്മണ്യൻ said...

രസികന്‍ :പഴുതാരയെ ചൂണ്ടയില്‍ കോര്‍ക്കും എന്നത് എനിക്കു പുതിയ അറിവായിരുന്നു.

സ്നേഹിതന്‍ : കപ്പയും കാന്താരി ചമ്മന്തിയും തിന്നോ ?


പിരിക്കുട്ടീ : കാന്താരിക്കങ്ങനെ പോകാന്‍ പറ്റുമോ

കുഞ്ഞന്‍ ചേട്ടാ : നാടന്‍ പഴുതാര അല്ലേ ആ പടത്തില്‍ കാണണത് ?

അരീക്കോടന്‍ മാഷേ : പെരുത്ത് നന്ദി

വനജ : പെരുപ്പൊക്കെ കുറഞ്ഞോ !

സ്മിത : കടി കിട്ടിയിട്ടുള്ള ഒരാളെ കാണുംപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!

മിര്‍ച്ചീ : സാരമില്ല കേട്ടോ..ഇങ്ങനെ പേടിച്ചാല്‍ എന്തു ചെയ്യും.എനിക്കിതു കേള്‍ക്കുമ്പോള്‍ ഒരു സംഭവം ആണ് ഓര്‍മ്മ വരുന്നത്.കഴിഞ്ഞ വര്‍ഷം എന്റെ ഓഫീസില്‍ ഒരു ദിവസം രാവിലെ ചെന്നപ്പോള്‍ ഭയങ്കര നാറ്റം.എലി ശല്യം കാരണം എലിവിഷം വെച്ചിട്ടുണ്ടായിരുന്നു..അതു തിന്നു എലി ചത്തു മണം വന്നു തുടങ്ങി..ശനിയും ഞായറും അവധി കഴിഞ്ഞു തിങ്കളാഴ്ച് ഓഫീസില്‍ ചെല്ലുമ്പോള്‍ മണം കാരണം ഓഫീസില്‍ കയറാന്‍ വയ്യ..പ്യൂണ്‍ എലിയെ തൊടില്ലാ എന്നും പറഞ്ഞു മാറി നിന്നു.എനിക്കാണേല്‍ ഇത്തരം അറപ്പൊന്നും ഇല്ല..ഞാന്‍ തന്നെ ഒരു പേപ്പറില്‍ ചത്തു ചീഞ്ഞ എലിയെ എടുത്തു കൊണ്ടു പോയി കളഞ്ഞു.കാര്യം എന്റെ മൃഗം ആയിരുന്നു എലി..എല്ലാര്‍ക്കും അന്ന് ഭയങ്കര അല്‍ഭുതം .ഓഫീസര്‍ ഇതൊക്കെ ചെയ്യാവോ എന്ന്
ജഗ്ഗുദാദ: പഴുതാരക്ക് വിഷം ഉണ്ട്.പക്ഷേ മുതിര്‍ന്നവര്‍ക്ക് അതു കാര്യമായി ഏശുകില്ല.പക്ഷേ കുഞ്ഞുങ്ങളെ കടിച്ചാല്‍ കൊള്ളില്ലാ എന്നു പറയും

ഹരിശ്രീ : കാന്താരി പണ്ടേ എന്റെ വീക്നെസ്സാ.പിന്നെ അന്നു മോഷണം പോയ എന്റെ മൊബൈല്‍ തിരിച്ചു കിട്ടി.അപ്പോള്‍ അതില്‍ ഒരു പടം എടുക്കാം എന്നു തോന്നി..നന്നായി അല്ലെ

നവരുചിയന്‍ : പുസ്തകത്തില്‍ നിന്ന് പഴുതാരയുടെ കടി കിട്ടി എന്നു പറഞ്ഞപ്പോള്‍ തന്നെ എനിക്കു മനസ്സിലായി.പഠന കാര്യത്തില്‍ എന്നെ പോലെ തന്നെ ആയിരുന്നു അല്ലേ ? ഹ ഹ ഹ

നിസ്സാരിക്ക : ഇവിടെ ആദ്യം അല്ലേ..സന്തോഷമായി

കിച്ചു & ചിന്നു : പേടിച്ചോ ? ഹ ഹ ഹ

റോസ് ; താങ്കൂ വരവു വെച്ചിരിക്കുന്നു ട്ടോ

വേണു : പാറുവാലി എന്ന പേരു ഞാന്‍ ആദ്യം കേള്‍ക്കുകയാ..ഓരോ നാട്ടില്‍ ഓരോ പേര് ആയിരിക്കും.തിരുവനന്തപുരത്ത് പൂരന്‍ എന്നു പറയും ഇതിന്‍ എന്ന് പ്രയാസി പറഞ്ഞു

ബഷീറിക്കാ ; പഴുതാര കടിച്ചാല്‍ മാത്രം അല്ല ഏതു ക്ഷുദ്ര ജന്തുക്കള്‍ ഉപദ്രവിച്ചാലും അതിനു നല്ലൊരു മരുന്നാണ് കാന്താരി..ഞങ്ങടെ കള്ളനെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ കണ്ണില്‍ കാന്താരി പ്രയോഗിച്ചു എന്നാ ഞാന്‍ അറിഞ്ഞത്.


ശ്രീക്കുട്ടാ : ഇതിനാണു പറയുന്നതു കിടക്കുമ്പോള്‍ വിരി ഒക്കെ ഒന്നു കുടഞ്ഞു വിരിക്കണം എന്ന്.. ഹ ഹ ഹ


ബയാന്‍ ചേട്ടാ : ഒത്തിരി നാളായല്ലോ ഈ വഴിക്കു വന്നിട്ട്..ആരു വര്‍ഷം എന്നതു പരമാവധി ആയുസ്സ് അല്ലെ..ചില ഇനങ്ങള്‍ വേഗം ചാവും

പിന്നെ ഇനി ചന്തമുള്ള ജീവികളുടെ പോസ്റ്റ് ഇടണമെങ്കില്‍ ഞാന്‍ എന്നെ കുറിച്ചു തന്നെ ഒരു പോസ്റ്റ് ഇടട്ടെ.

ദൈവമേ ! ഈ ലോകത്തില്‍ നീ എന്തിനെന്നെ ഇത്ര സുന്ദരിയായി സൃഷ്ടിച്ചു ??

ഇവിടെ വന്നു പോയ എല്ലാവര്‍ക്കും പേടി കാരണം പോസ്റ്റ് നോക്കാത്തവര്‍ക്കും പോസ്റ്റ് വായിച്ചവര്‍ക്കും എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി കാന്താരിയുടെ കൂപ്പുകൈ !

Sands | കരിങ്കല്ല് said...

ബയാന്‍ ചേട്ടനു കൊടുത്ത മറുപടി കണ്ടിട്ടു്‌: ചന്തം എന്താന്നറിയില്ലാല്ലേ ;)

ചുമ്മാതാണേ ചേച്ചീ.. ഇനി അതിന്റെ പേരും പറഞ്ഞ് പിണങ്ങരുതേ ;)

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ കല്ലേ ! എനിക്കിഷ്ടപ്പെട്ടു..ഇത്തരം തമാശകള്‍ ഒക്കെ അല്ലെ നമ്മെ മുന്നോട്ട് നയിക്കുന്നത്..എനിക്കു പ്രിയപ്പെട്ടവര്‍ എന്തു പറഞ്ഞാലും എനിക്കൊരു പരിഭവവും ഇല്ല.മറിച്ച് അനോണികള്‍ വല്ലതും പറഞ്ഞാല്‍ എന്റെ രക്തം തിളക്കും.എന്റെ പോസ്റ്റില്‍ ഇനി മുതല്‍ അനോണികള്‍ക്ക് പ്രവേശനവും ഇല്ല

ഷിജു said...

ചേച്ചീ കപ്പ തിന്നു പക്ഷേ കാന്താരി കിട്ടിയില്ല, പകരം ഉണക്കമീന്‍ വറുത്തതും, കട്ടന്‍ കാപ്പിയിലും കൂടി ഒതുക്കി.

K C G said...

എന്റമ്മേ! പേടിപ്പിച്ചു ഈ കാന്താരി.

പല്ലി, പഴുതാര ഇതിനെയൊക്കെ ഭയങ്കര പേടിയാ എനിക്ക് ....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എനിക്ക് പേടിയുള്ള ജീവികളിലൊന്നാണ് ചേച്ചീ ഇത്.
വിഷയങ്ങള്‍കണ്ടെത്താനുള്ള കഴിവിനെ സമ്മതിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

സ്നേഹിതന്‍ :കപ്പയുടെ കൂടെ ഉണക്കമീന്‍ വറുത്തത് നല്ല കോമ്പിനേഷന്‍ ആണോ ? ഒന്നു പ്രയോഗിച്ചു നോക്കണം


ഗീതേച്ചീ : ഇത്ര പേടി ആണോ..യ്യയ്യേ കഷ്ടം !! ഹി ഹി ഹി

രാമചന്ദ്രന്‍ : ഇങ്ങിനെ ഓരോ കുഞ്ഞു അനുഭവങ്ങള്‍ ഒക്കെയേ എനിക്ക്കെഴുതാനുള്ളൂ..ആഗോള വല്‍ക്കരണത്തെ പറ്റി ഒന്നും എഴുതാനുള്ള മൂള ദൈവം തമ്പുരാന്‍ എനിക്കു തന്നില്ല.എന്തു ചെയ്യാന്‍ !

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആഗോളവല്‍ക്കരണത്തേക്കാള്‍ എത്രയോ നല്ലതാണ് പഴുതാര.ഞാന്‍ കാര്യമായിത്തന്നെ പറഞ്ഞതാണ്ട്ടോ ചേച്ചീ.

കാവാലം ജയകൃഷ്ണന്‍ said...

കേവലം ഒരു പഴുതാര കടിയിലൂടെ എത്ര നല്ല ഒരു പോസ്റ്റ് ആണ് ഞങ്ങള്‍ക്കു കിട്ടിയത്‌.

എന്താടീ മോങ്ങുന്നത്‌?, എന്നു കേട്ടപ്പോള്‍ കൂടിയ കരച്ചിലിന്‍റെ വോളിയം ഹൃദ്യമായ ഒരു ബാല്യകാല സ്മരണയായി മനസ്സില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹം തന്നെയാണ്.ആ വിവരണം എന്നെ എന്‍റെ ബാല്യകാലത്തിലെ ഉശിരന്‍ മോങ്ങലുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പക്ഷേ ഞാന്‍ മോങ്ങിയതു കൊണ്ട്‌ ആരും ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല പൂശും കിട്ടിയിട്ടുണ്ട്‌.

എന്തായാലും ഇനിയും ഇതുപോലെ നല്ല നല്ല പോസ്റ്റുകള്‍ ഞങ്ങള്‍ക്കു കിട്ടുമെങ്കില്‍, തരാതരത്തിലുള്ള ക്ഷുദ്ര ജീവികളുടെ കടികള്‍ കൊണ്ട്‌ ആ ജീവിതം സമ്പന്നമാകട്ടെ എന്നാശംസിക്കുന്നു

ജിജ സുബ്രഹ്മണ്യൻ said...

രാമചന്ദ്രന്‍ : ഇതു ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ എനിക്കു അതിയായ സന്തോഷം ഉണ്ട്.

ജയകൃഷ്ണന്‍ മാഷേ : എന്നോട് ഇത്രേം വാശി ഉണ്ടോ ? ഹ ഹ ഹ ഒരു മാതിരിപ്പെട്ട ക്ഷുദ്ര ജീവികള്‍ ഒന്നും ഇപ്പോള്‍ എന്റെ അടുത്ത് അടുക്കില്ല മാഷേ..തൊലിക്കട്ടി അപാരമാ.

എന്നാലും മാഷെ പോലുള്ള മഹത് വ്യക്തികള്‍ എന്റെ പോസ്റ്റ് നല്ലതാണെന്നു പരയുമ്പോള്‍ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ അതു പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ല.
എന്നെ കളിയാക്കിയതല്ലല്ലോ അല്ലേ..അല്ല കളിയാക്കിയാലും എനിക്കു മനസ്സിലാവില്ല..റ്റ്യൂബ് ലൈറ്റ് എന്നു പറയും എന്റെ കണവന്‍.

കാവാലം ജയകൃഷ്ണന്‍ said...

മഹദ്‌ വ്യക്തിയോ? ഞാന്‍ കളിയാക്കിയതല്ലായിരുന്നു. പക്ഷേ എന്നെ കളിയാക്കിയതാണെന്നു മനസ്സിലായി.

ട്യൂബ് ലൈറ്റിന് വെണ്മയുള്ള പ്രകാശം പരത്തുന്നത് എന്നൊരര്‍ത്ഥം കൂടിയുണ്ട്‌. ചിലപ്പോള്‍ കണവന്‍ അതായിരിക്കും ഉദ്ദേശിച്ചത്‌.

ജിജ സുബ്രഹ്മണ്യൻ said...

യ്യോ മാഷേ ! ഞാന്‍ കളിയാക്കിയതല്ലാ ട്ടോ..സത്യം പറഞ്ഞാല്‍ നന്നായി എഴുതാന്‍ കഴിയുന്നവരെ എനിക്കു ഭയങ്കര ബഹുമാനമാണ്.പിന്നെ റ്റ്യൂബ് ലൈറ്റിനു ആ അര്‍ഥം കൂടി ഉള്ളതു നന്നായി.ഇനി പുള്ളിക്കാരന്‍ അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാല്ലോ..നന്ദി കേട്ടോ

മാംഗ്‌ said...

ചിരിയും ചിന്തയും അൽപം അറിവും ആ കൂട്ട്‌ കൊള്ളാം.

Anonymous said...

എന്നെ പറിച്ചെടുക്കാന്‍ ശ്രമിച്ചതിന്‍ പടച്ചോന്‍ തന്നതാ ആ കടി....

Unknown said...

Lokathe ettavum vallya pazhuthara ithaano... ennaal wrong oru kayyil othungaatha pazhuthara arabian gulfil und. manalinte niramulla, analiye polulla pazhuthara.

Unknown said...

ഇപ്പോ കിട്ടി കെെയ്യിൽ ഒരു പഴുതാര ചുംബനം... വിഷംമുണ്ടെന്ന് പറഞ്ഞ് കെട്ടിട്ടുണ്ട്.. സത്യമാണോ എന്ന് അറിയാൻ അപ്പോ തന്ന Googleyth nokki