Monday, November 17, 2008

പുളിയില ചമ്മന്തി

ഞങ്ങള്‍ പെരുമ്പാവൂരുകാരുടെ ഒരു ഇഷ്ട വിഭവം.വേറേ ഏതെങ്കിലും നാട്ടില്‍ ഈ ചമ്മന്തി പ്രചാരത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല.എന്തു തന്നെ ആയാലും ട്രെയിനില്‍ ഒക്കെ ദീര്‍ഘ ദൂര യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇത് ഉണ്ടാക്കാറുണ്ട്..നാരങ്ങാച്ചോറും ഈ ചമ്മന്തിയും യാത്രക്കിടയില്‍ കഴിക്കാനായി കരുതും.ഇടയ്ക്ക് വീട്ടില്‍ കൊഴുവ മീന്‍ വാങ്ങുന്ന ദിവസങ്ങളിലും ഇതു പരീക്ഷിക്കാറുണ്ട്.

തപ്പുമ്പോള്‍ കയ്യില്‍ തടയേണ്ട സാധനങ്ങള്‍

വാളന്‍ പുളിയുടെ തളിരില - ആവശ്യത്തിന് ( പുളിമരത്തില്‍ എത്രത്തോളം ഉണ്ടോ അത്രത്തോളം എടുക്കാം)
കാന്താരി മുളക് - മനോധര്‍മ്മം പോലെ എടുക്കാം
ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

വാളന്‍ പുളിയുടെ നല്ല തളിരില പറിക്കുക.നാരു കളഞ്ഞു വൃത്തിയാക്കിയ പുളിയില കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അമ്മിക്കല്ലില്‍ വച്ച് നന്നായി അരയ്ക്കുക.മിക്സിയിലും അരക്കാം .പക്ഷേ ചമ്മന്തി എന്ന പേരിനു പകരം കുമ്മന്തി എന്നു പേരിട്ട് വിളമ്പുന്നതായിരിക്കും ഉത്തമം എന്നെന്റെ അച്ഛന്‍ പറയും.അമ്മിക്കല്ലില്‍ അരച്ചാല്‍ അതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണു എന്നാണ് എന്റെ അഭിപ്രായം !അരച്ച കൂട്ട് നല്ല വാഴയിലയില്‍ പരത്തുക.അല്പം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ചേര്‍ക്കാം.ഓണത്തിനു നമ്മള്‍ പൂവട ഉണ്ടാക്കില്ലേ.അതു പോലെ അട പരത്തുന്നതു പോലെ പരത്തിയ ശേഷം ഇല മടക്കി വറകലത്തില്‍ വെച്ചു ചെറുതീയില്‍ ചുട്ടെടുക്കാം.വറകലം എന്നത് ഈ നാട്ടില്‍ ഞങ്ങള്‍ പറയുന്ന പേരാണു.പുട്ടിനൊക്കെ പൊടി വറുത്തെടുക്കുന്നത് ഈ വറകലത്തില്‍ ഇട്ടാണ്.അട പോലെ ആക്കിയ ചമ്മന്തി ഒരു ഇല കൂടി ചേര്‍ത്തു പൊതിയാം.ഈ മുകളിലെ ഇല കരിയുന്നതാണു പാകം.അട തിരിച്ചും മറിച്ചും ചുട്ടെടുക്കുക.ഈ ചമ്മന്തിയുടെ സ്വാദ് ഇതു കഴിച്ചവര്‍ ആരും തന്നെ മറക്കില്ല..ഇവിടെ മഴക്കാലത്ത് ഊത്ത പിടിക്കുന്ന സമയത്ത് നല്ല പരല്‍ മീന്‍ കിട്ടും.ഈ പരല്‍ മീന്‍ ഇട്ട് ഈ ചമ്മന്തി ഉണ്ടാക്കിയാല്‍ ബഹു വിശേഷം ! പരല്‍ ഇല്ലെങ്കില്‍ നാട്ടില്‍ കിട്ടുന്ന കൊഴുവ മീനും ഉപയോഗിക്കാം.ഇല അരച്ചതില്‍ മീന്‍ കൂട്ടി ഇളക്കി ചുട്ടെടുക്കാം.എന്റെ നിര്‍ഭാഗ്യം .ഇന്നു ഇതു വഴി മീന്‍ വന്നില്ല.നന്നായി ഉണങ്ങിയാല്‍ ഒരാഴ്ച്ച വരെ ഈ ചമ്മന്തി കേടാകാതിരിക്കും.ഒന്നു പരീക്ഷിക്കുന്നോ ???

പനച്ചി പുളിയില എന്നു ഞങ്ങള്‍ പറയുന്നത് ഈ ചെടിയെ ആണ്.റ്റോണ്‍സിലൈറ്റിസ് വരുമ്പോള്‍ 7 പനച്ചി പുളിയില എടുത്ത്,ഓരോ പുളിയിലയിലും ഒരു കുരുമുളകും ഒരു കല്ലു ഉപ്പും വെച്ച് ,കിണറിന് 7 പ്രദക്ഷിണം ചെയ്ത ശേഷം കഴിക്കുന്നത് ഞങ്ങളുടെ ഒറ്റമൂലി..അസംബന്ധം എന്നും പറഞ്ഞ് ആരും തല്ലാന്‍ വരണ്ടാ.ഇവിടുത്തെ നാട്ടു നടപ്പാ ഞാന്‍ പറഞ്ഞത് !!


Saturday, November 8, 2008

കള്ളിന് ഇങ്ങനെയും ഉപയോഗമോ ????

എന്നെ ഇവിടെയ്ക്ക് കല്യാണം കഴിച്ചു കൊണ്ടു വന്ന കാലം മുതല്‍ക്കേ വീട്ടില്‍ ഒരിക്കലും ഒഴിവാകാത്ത ഒരു കാര്യം ഉണ്ട്.കള്ള് !!! ഒരു പന എങ്കിലും ചെത്താന്‍ എന്നും ഉണ്ടാകും.അതു കൊണ്ടെന്താ അച്ഛനും മക്കളും നല്ല പോലെ കള്ള് കുടിക്കും. ആദ്യമൊക്കെ എന്റെ മക്കള്‍ക്കും കൊടുക്കുമായിരുന്നു.പക്ഷേ എനിക്കിത്രേം ദേഷ്യം ഉള്ള ഒരു സാധനം വേറെ ഇല്ല.ഞാന്‍ വഴക്കുണ്ടാക്കും.അപ്പോള്‍ കണ്ണനടക്കം എല്ലാരും എന്നോടു പറയും കള്ളില്‍ വിറ്റാമിന്‍ എ ഉണ്ട്..ബി ഉണ്ട്...സി ഉണ്ട്... എന്നൊക്കെ..കള്ള് കുടിപ്പിച്ചിട്ട് എന്റെ മക്കള്‍ക്ക് ആരോഗ്യം ഉണ്ടാകണ്ടാ .ഞങ്ങള്‍ തമ്മില്‍ പിണങ്ങുന്ന ഒരു കാരണം ഇതായിരുന്നു.എന്റെ വഴക്ക് പേടിച്ച് അച്ഛനും ചേട്ടന്മാരും ഒക്കെ കൊടുത്താലും മക്കള്‍ കഴിക്കാതായി.

ആദ്യമൊക്കെ പനയുടെ തൈകള്‍ പറമ്പില്‍ ഓരോ സ്ഥലത്തായി മുളച്ചു വരുമ്പോള്‍ ഞാന്‍ നല്ല തിളച്ച വെള്ളം ആരും കാണാതെ പനം തൈയുടെ ചുവട്ടില്‍ കൊണ്ടു പോയി ഒഴിക്കുമായിരുന്നു.. പന വളരാതെ ഇരിക്കട്ടെ എന്നോര്‍ത്ത്..പക്ഷേ എന്റെ പ്രാര്‍ഥനയൊക്കെ വെറുതേ...പന പോലെ വളര്‍ന്നു എന്നു പറയും പോലെ എല്ലാ പനകളും വളര്‍ന്നു..കുല ഉണ്ടായി..കുല ചെത്തി കള്ളും ഉണ്ടായി.ഒരു സമയത്ത് ഒരു പനയേ ചെത്താന്‍ ഉണ്ടാവാറുള്ളൂ.എന്തിനാ ധാരാളം അല്ലേ...രാവിലെ ലഭിക്കുന്ന കള്ള് , ചെത്തുകാരന്‍ പയ്യന്‍ കൊണ്ട് പോകും.രാവിലത്തെ കള്ള് ഷാപ്പില്‍ അളക്കാന്‍ ഉള്ളതാണ്.വൈകിട്ടത്തെ കള്ളു നമുക്ക് തരും.പന ചെത്താന്‍ അനുവദിക്കുന്നതിന്റെ കൂലി കള്ള് ആയിട്ടാണു തരുക.അതു ചിലപ്പോള്‍ ഒക്കെ അപ്പം ഉണ്ടാക്കാന്‍ എടുക്കും..ആഴ്ച്ചയില്‍ ഒന്നോ രണ്ടൊ ദിവസം അല്ലേ അപ്പം ഉണ്ടാക്കാന്‍ പറ്റൂ.അതിന് ആണെങ്കിലും ഒരു ഗ്ലാസ്സ് കള്ള് മതിയാകും.ബാക്കിയുള്ള കള്ള് അച്ഛന്‍ കുടിക്കും..ചേട്ടന്മാര്‍ക്കു രണ്ടു പേര്‍ക്കും കൊടുത്തു കഴിഞ്ഞും ചിലപ്പോള്‍ മിച്ചമുണ്ടാകും.അതു ഞാന്‍ വിനാഗിരി ആക്കും.

കള്ളില്‍ നിന്നു നല്ല വിനാഗിരി ( ചൊറുക്ക എന്ന് ഞങ്ങള്‍ നാടന്‍ ഭാഷയില്‍ പറയും ) ഉണ്ടാക്കാം.2 ലിറ്റര്‍ കള്ളില്‍ 1 ഗ്രാം യീസ്റ്റും 20 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ഒരു ഭരണിയില്‍ അടച്ചു തുണി കൊണ്ട് മൂടി കെട്ടി വെക്കുക.21 ദിവസം കഴിയുമ്പോള്‍ കള്ളിലുള്ള പഞ്ചസാര 5 % വീര്യം ഉള്ള അസറ്റിക് ആസിഡ് അഥവാ വിനാഗിരി ആയി മാറുന്നു.നല്ല കള്ളാണെങ്കില്‍ പ്രത്യേകം പരിചരണങ്ങള്‍ ഇല്ലാതെ തന്നെ നല്ല വിനാഗിരി കിട്ടും.

കള്ളില്‍ നിന്നു ചില ഇടങ്ങളില്‍ “ പനം പാനി “ ഉണ്ടാക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.കള്ളു തിളപ്പിച്ചു വറ്റിച്ചാണു ഇതുണ്ടാക്കുന്നത്.ഉദ്ദേശം 7 മണിക്കൂറോളം ചെറുതീയില്‍ കള്ളു വറ്റിയ്ക്കണം.തീ അണയ്ക്കരുത്.എന്നാല്‍ തീ അധികമായി കള്ളു തിളച്ചു തൂവുകയും അരുത്.

പണ്ടൊക്കെ കോട്ടയം സൈഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ വിവാഹ സദ്യയ്ക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നത്രേ പനമ്പാനി.സദ്യ കഴിയുമ്പോള്‍ പാനിയും പഴവും കൂടി കഴിക്കും.ഹിന്ദു സദ്യകളില്‍ പായസം കഴിക്കുന്നതു പോലെ.തേന്‍ പോലെ സ്വാദിഷ്ടമായ പനമ്പാനി റൊട്ടിയുടെയും പുട്ടിന്റെയും കൂടെ കഴിക്കാനും അവല്‍ നനക്കാനും ഒക്കെ നല്ലതാണെന്നു പറയുന്നു.ഔഷധ ഗുണം ഉണ്ടെന്നും പറയുന്നു.ചിക്കന്‍ പോക്സ് ഉണ്ടാകുമ്പോള്‍ പനമ്പാനി രോഗിക്കു നല്‍കാറുണ്ട് എന്നു പറയപ്പെടുന്നു,..ഇതിനെ കുറിച്ചുള്ള ശാസ്ത്രീയത ഒന്നും എനിക്കറിയില്ല ട്ടോ..


അപ്പോള്‍ ഞാന്‍ പറയാന്‍ തുടങ്ങിയത് ഈ കള്ളൊക്കെ മനുഷ്യര്‍ കുടിക്കാതെ, ഇതു പോലുള്ള ബൈ പ്രോഡക്റ്റ്സ് ആക്കിയാല്‍ പോരേ.?


ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍