Monday, June 30, 2008

ആദിവാസികളുടെ ആന്റിവെനം – അണലി വേഗം




കാടിനുള്ളിലെ കോരിച്ചൊരിയുന്ന മഴ തുടങ്ങീട്ട് ആഴ്ച ഒന്നായി. കുടീലെ അടുപ്പ് പുകഞ്ഞിട്ടും അത്രെം നാളായി. ചീതയ്ക്കിരുപ്പുറച്ചില്ല മാതേവനോട് ചീത പറഞ്ഞു കാട്ടിനുള്ളിൽ പോയി നോക്കിയാൽ വല്ല മലങ്കിഴങ്ങും കിട്ടിയാലോ നമുക്കൊന്നു പോയി നോക്കാമോ? ദേഹത്ത് കുത്തിക്കേറൂന്ന തണുപ്പിനെ ശപിച്ചുകൊണ്ട് മാതേവൻ മനസ്സില്ലാമനസ്സോടെ കാട്ടിലേയ്ക്ക് പോയി കൂടെ ചീതയും. നടന്നു നടന്ന് കാടിനുള്ളിലെത്തി. കുറെ ദൂരെ കാട്ടുകിഴങ്ങിന്റെ വള്ളി പിണഞ്ഞു കിടക്കുന്നത് കണ്ട് മാതേവൻ ചിരുതയേയും കൂട്ടി അവിടെയ്ക്ക് പോയി. കിഴങ്ങ് കുത്തിയെടുക്കാൻ തുടങ്ങി. ചീത മരത്തിന്റെ ചില്ലകൾ വീണുകിടന്നത് പെറുക്കി കൂട്ടാനായി പോയി. ഇത്തിരി നേരം കഴിഞ്ഞപ്പോൾ ചീതയുടെ വിളി കേട്ട് മാതേവൻ അവിടേയ്ക്ക് ചെന്നപ്പോൾ കണ്ടത് കാൽ വണ്ണപൊത്തിപ്പിടിച്ച് ചീത തളർന്നിരിക്കുന്നതാണ്. ഏനെ പാമ്പ് കൊത്തി. ചീത പറഞ്ഞൊപ്പിച്ചു. എന്റെ തൈവങ്ങളേ അണലിയാണല്ലോ കരിയിലയ്ക്കിടയിൽ പതുങ്ങിയിരുന്ന പാമ്പിനെ മാതേവൻ കണ്ടു. എന്താ ചെയ്ക ചീതയേയും വാരിയെടുത്ത് മാതേവനോടി കാട്ടിലെ തേവരുടെ നടയിൽ കിടത്തി. കരളുരുകി, നെഞ്ചുരുകി മാതേവൻ തേവരെവിളിച്ചു കരഞ്ഞു. ഏന്റെ ചീതയെ കാത്തൊണേ തേവരേ..

എവിടെനിന്നോ ഒരു അശരീരി കേട്ടു മാതേവൻ “ ദാ ആ മരത്തിന്റെ തോലെടുത്ത് ചതച്ച് പുരട്ടിക്കോളൂ” കേട്ടതാമസം മാതെവൻ അടൂത്ത് കിടന്ന കല്ലെടുത്ത് തൊട്ടടുത്ത് നിന്ന മരത്തിലിടിച്ച് അതിന്റെ തോലെടുത്ത് ചതച്ച് പാമ്പു കടിച്ച മുറിവിൽ വച്ചു. അൽ‌പ്പനേരം കഴിഞ്ഞപ്പോൾ ദാ ചീത കണ്ണു തുറന്നു. മാതേവനും ചീതയും തേവരെ തൊഴുത് കുടിയിലേയ്ക്ക് മടങ്ങി.

ഇതിനു ശേഷം ആ ഊരിലെവിടെയെങ്കിലും ആർക്കെങ്കിലും സർപ്പദംശമേറ്റാൽ മാതേവന്റെ കുടിയിലെത്തിയ്ക്കും ഈ മരത്തിന്റെ പട്ടയെടുത്ത് മാതെവൻ ചികിത്സിക്കും ഇത് കാട്ടിലെ കഥ. ഊരുകളിൽ നിന്നും ഊരുകളിലേയ്ക്ക് വായ് മൊഴിയിലൂടെ കാട്ടു തീയ് പോലെ പരന്ന കഥ. ഇന്ന് നാട്ടിൻ പുറത്തും ഈ മരം വച്ച് പിടിപ്പിച്ചിട്ടുണ്ട്. സർപ്പ ദംശനമേറ്റവരെ ചികിത്സിക്കാൻ.

ഇതിന്റെ ശാസ്ത്രീയ വശം അറിയില്ലെങ്കിലും കാട്ടിൽ നിന്നും നാട്ടിലേയ്ക്ക് പറിച്ചു നടപ്പെട്ട ചെടിയാണ് അണലിവേഗം.

ഞാന്‍ ഈയിടെയാണ് അണലിവേഗം എന്ന മരത്തെക്കുറിച്ചു കേട്ടത്. ഈ ചെടി പറമ്പിലുണ്ടെങ്കില്‍ പാമ്പ് അതിന്റെ ഏഴയലത്തു വരില്ലത്രെ. പാമ്പിന് വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത് ..ഈ മരത്തില് അറിയാതെ ചുറ്റിയ പാമ്പുകള് മയങ്ങി വീണിട്ടുണ്ടത്രേ..

ഈ മരം കൊണ്ട് കൂടുതലായി പ്രയോജനം കിട്ടുന്നത് ആദിവാസികള്‍ക്കാണ് .അണലി വേഗത്തിന്റെ പട്ട ആദിവാസികളുടെ ആന്റിവെനം ആണ്.പാമ്പ് കടിച്ച മുറിവില് ഇതിന്റെ പട്ട മുറിക്കുമ്പോള് വരുന്ന ചാറ് പുരട്ടുന്നതു നല്ലതാണ്..പക്ഷേ പട്ട മുറിക്കാന് വേണ്ടി ലോഹം കൊണ്ടു നിര്‍മ്മിച്ച ആയുധം ഉപയോഗിക്കരുത് എന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്..കല്ലു കൊണ്ട് ഇടിച്ചാണു ഇതിന്റെ പട്ട വേര്‍തിരിക്കേണ്ടത്.
ഒരു ഔഷധ വൃക്ഷമായ അണലി വേഗത്തിന്റെ ശാസ്ത്രീയ നാമം അല്‍സ്റ്റോണിയ വെനിനേറ്റ (Alstonia venenata )
എന്നാണ്...ഈ മരത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇന്‍ഡോള് എന്ന പദാര്‍ഥമാണ് ഇതിന്റെ പ്രത്യേകതക്കു കാരണം

പാമ്പിനെ പേടി ഉള്ളവര് ഇനി പേടിക്കണ്ടാ..വീട്ടു വളപ്പില് ഒരു അണലിവേഗം നട്ടു വളര്‍ത്തൂ...വനം വകുപ്പിന്റെ നഴ്സറികളില് ഇതിന്റെ തൈ ലഭിക്കും..പാമ്പിനെ തുരത്തുന്ന പ്രത്യൌഷധം അടിമുടി നിറച്ച് പാമ്പുകളുടെ യമദൂതനായി നില്‍ക്കുന്ന ഈ മരത്തെ കുറിച്ചു കൂടുതല് അറിയുന്നവര് അറിവ് ഇവിടെ പങ്കു വെക്കണേ......

ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള് സേര്‍ച്ച്

Thursday, June 26, 2008

ഇതൊരു വധം അല്ലേ. ??????????????

ഏതെങ്കിലും ഒരു പൊതു പരിപാടിയുടെ നോട്ടീസ് കൈയ്യില്‍ കിട്ടുമ്പോള്‍ തന്നെ ഇപ്പോള്‍ ഒരു ഞെട്ടല്‍ ആണ്.അദ്ധ്യക്ഷ പ്രസംഗം,സ്വാഗത പ്രസംഗം, ഉദ്ഘാടന പ്രസംഗം, ആശംസാ പ്രസംഗങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലായി പ്രസംഗ വധം സഹിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ അറിയാതെ തന്നെ ഞെട്ടും..
ആശംസകളില്‍ നമ്മുടെ പേരു കൂടി ഉണ്ടെങ്കില്‍ കോളായി.പ്രസംഗകരിലൊരാളായി വേദിയിലേക്ക് കയറുന്നതു തന്നെ പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി ആയിരിക്കും..സത്യം പറഞ്ഞാല്‍ നമുക്കു നാലു വാക്കു പറയാനുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറയുന്നതു പലപ്പോഴും ശ്രദ്ധിക്കാന്‍ കൂടി കഴിയാറില്ല."വിറ താങ്ങി" എന്നൊരു സാധനം സ്റ്റേജില്‍ ഉള്ളതു കൊണ്ടാണ് പലപ്പോഴും വീഴാതെ പിടിച്ചു നില്‍ക്കുന്നത് എന്നെനിക്കു തോന്നാറുണ്ട്..

സ്വാഗത പ്രസംഗകന്‍ തൊട്ട് എല്ലാവരും നോട്ടീസ് നോക്കി ,വേദിയില്‍ ഇരിക്കുന്ന സകലരുടെയും പേരു എടുത്തു പറഞ്ഞാണ് തന്റെ " കടമ "യിലേക്ക് കടക്കാറ്
ബഹുമാനപ്പെട്ട മന്ത്രി, സ്ഥലം എം എല്‍ എ, എം പി, ജില്ല ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാര്‍,ത്രിതല പഞ്ചായത്തു മെമ്പര്‍മാര്‍...തുടങ്ങി ചോട്ടാ നേതാക്കളെ വരെ പേരു വിളിച്ചു സംബോധന ചെയ്തു കഴിയുമ്പോഴെക്കും ഒരു 20 മിനിട്ട് കഴിഞ്ഞിട്ടുണ്ടാകും.. അപ്പോഴേക്കും സദസ്സിന്റെ മുന്‍ നിരയില്‍ ഇരിക്കുന്നവര്‍ പലരും കോട്ടു വായ് ഇടാനും തുടങ്ങിയിട്ടുണ്ടാകും...

എന്റെ ഒരു കുഞ്ഞു സംശയം ആണ് ശരിക്കും ഇതിന്റെ ഒരു ആവശ്യം ഉണ്ടൊ ??
ഞാന്‍ അനുവര്‍ത്തിച്ചു വരുന്ന ഒരു രീതി " വേദിയിലിരിക്കുന്ന ബഹുമാന്യരേ,പ്രിയപ്പെട്ട നാട്ടുകാരെ " ഇങ്ങനെ 2 വരി കൊണ്ട് എല്ലാവരേം സംബോധന ചെയ്യുകയാണ്..എന്റെ മേലുദ്യൊഗസ്ഥര്‍ എന്നോട് പറയാറുണ്ട് അങ്ങനെ പോരാ‍ എല്ലാവരുടെയും പേരു എടുത്തു പറഞ്ഞു വേണം പ്രസംഗം തുട്ങ്ങാന്‍ എന്ന്..എന്നാലേ അവരെ നമ്മള്‍ പരിഗണിച്ചൂ എന്നു അവര്‍ക്കു തോന്നൂ എന്ന്...

പക്ഷേ സാ‍ധാരണ ഗതിയില്‍ ഒരു പരിപാടിയില്‍ കുറഞ്ഞതു 30 പ്രസംഗകര്‍ എങ്കിലും കാണും..ഈ 30 പേരും എല്ലാവരെയും പേരു വിളിച്ചു സംബോധന ചെയ്യുമ്പോള്‍ എത്ര വിലപ്പെട്ട സമയം പോകും..ഈ സമയം മാത്രമല്ലല്ലോ..ഇതിനു ശേഷം അല്ലേ ശരിക്കുള്ള വധം....

ഒന്നു രണ്ടു പേരുടെ പ്രസംഗ വധം കഴിയുമ്പോള്‍ ആണ് ഉദ്ഘാടന മഹാമഹം..അപ്പോള്‍ സ്റ്റേജില്‍ നിന്നു ഒന്നു ഒഴിഞ്ഞു മാറി നിന്നില്ലെങ്കില്‍ നമ്മള്‍ വീണതു തന്നെ !!! എല്ലാവരും കൂടെ ഒരു ഓളം ആണു..നിലവിളക്കിനു ചുറ്റും ഉദ്ഘാടകനു ചുറ്റും നില്‍ക്കാന്‍ വേണ്ടി ഒരു പരക്കം പാച്ചില്‍..ഫോട്ടോയില്‍ മുഖം വരാനുള്ള തത്രപ്പാട്..പുറകില്‍ സീറ്റില്‍ ഇരുന്നവരൊക്കെ മുന്നിലേക്ക് ചാടി വരുന്നതു കാണുമ്പോള്‍ സത്യം എനിക്കു സഹതാപം ആണ് തോന്നാറ്.

ഈ പ്രസംഗ വധത്തെ കുറിച്ചു എന്തു തോന്നുന്നു ബൂലോകരെ ???

Saturday, June 21, 2008

ചേരിന്‍ പക






ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച.വൈകിട്ട് ഓഫീസു ജോലി കഴിഞ്ഞു ഞാന് വീട്ടിലേക്കു നടന്നു വരുന്നു. ഞങ്ങളുടെ അടുത്ത വീട്ടിലെ പൊന്നമ്മ ചേച്ചിയുടെ വീട്ടില് കുറച്ചു പേരു കൂടി നില്‍ക്കുന്നു...എന്താ കാര്യം എന്നറിയാന് വേണ്ടി ഞാന് അങ്ങോട്ടു കയറി ചെന്നു.എന്തൊരദ്ഭുതം !!!!!! രാവിലെ കണ്ട പൊന്നമ്മ ചേച്ചി അല്ല ഇത്. രാവിലെ നന്നേ മെലിഞ്ഞു പ്രീതി സിന്റയെ പോലെ ഇരുന്ന പൊന്നമ്മ ചേച്ചിയുടെ ഇപ്പോഴത്തെ രൂപം കവിയൂര് പൊന്നമ്മ ചേച്ചിയുടെ പോലെ ഉണ്ട്. ഇത്ര പെട്ടെന്നു ഏതാനും മണിക്കൂറുകള് കൊണ്ട് തടിച്ചുരുണ്ട് സുന്ദരി ആകാന് പാകത്തിനു എന്തു ടോണിക്ക് ആണ് ചേച്ചി കഴിച്ചത് ??

“ എന്റെ കൊച്ചേ , ഇതു എന്നെ ചേര് പിണഞ്ഞതാ “

“ ചേരയോ ??? ചേര കടിക്കുമോ ? കടിച്ചാല് തന്നെ തടിക്കുമോ ??? “

“ ചേരയല്ല..ചേരു മരം..രാവിലെ ചവറു മുറിക്കാന് വേണ്ടി ഞാന് പറമ്പിലേക്കിറങ്ങിയതാ...അവിടെ ഒരു ചേരിന്റെ തൈ നിന്നതു ഞാന് കണ്ടില്ല...ചവറു മുറിച്ച കൂട്ടത്തില് അതും ഞാന് മുറിച്ചു“

ചേരു പിണഞ്ഞാല് പിന്നെ ദേഹം മുഴുവന് ചൊറിഞ്ഞു തടീക്കും...നീരു വന്നു വെള്ളം ഒലിക്കും

“ഞാന് രാവിലെ മുതല് ഇരുന്നു ചൊറിയുന്നതാ..ചൊറിഞ്ഞു തരാന് ആരെയെങ്കിലും കിട്ടിയിരുന്നെങ്കില് ??? “


“ ഈശ്വരാ ഈ ചൊറിച്ചിലു മാറാന് എന്തു ചെയ്യണം..ചേച്ചി അല്പം പൌഡറ് എടുത്തു ദേഹത്തിട്ടു നോക്കൂ..ചിലപ്പോള് മാറും “

“ ഹോ പഠിച്ച പണി പതിനെട്ടും നോക്കിയതാ ഞാന് !! അപ്പുറത്തെ അമ്മിണി ചേച്ചി പറഞ്ഞതിന് പ്രകാരം പഴയ കുറ്റിച്ചൂലു കരിച്ചു ആ ചാരം മുഴുവന് ദേഹത്തു തേച്ചതാ...എന്നിട്ടും മാറിയില്ല “”

ഇതിനു ഒരു മരുന്നേ ഉള്ളൂ എന്നാ പറയുന്നേ

അതെന്തു മരുന്നാ ചേച്ചീ ???

താന്നിയേം മക്കളേം വലത്തു വെച്ചു തൊഴണം

“ ഇവിടെ അടുത്തു താന്നി മരം ആ ജോര്‍ജ്ജിന്റെ വീട്ടില് ഉണ്ടെന്നു പറഞ്ഞു കേട്ടു..ഞാന് അങ്ങോട്ടു പോകാന് തുടങ്ങിയപ്പോളാ കൊച്ചു വന്നേ “

“എന്നാല് ചേച്ചി വേഗം പോയി വലത്തു വെച്ചിട്ടു വാ...“


അവസാനം താന്നിമരത്തിനെ വലത്തു വെച്ചു താന്നിയില അരച്ചു ശരീരം മുഴുവന് പുരട്ടി താന്നിയിലയും തൊലിയും ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു കുളിച്ചു കഴിഞ്ഞപ്പോള് ചേച്ചിയുടെ ചൊറിച്ചില് കുറഞ്ഞു


ഞാന് പറഞ്ഞു വന്നത് ചേര് എന്നു പറയുന്ന മരം നമ്മുടെ വീടിനടുത്തൊന്നും നിര്‍ത്താന് കൊള്ളില്ലത്രേ..അതു പൈശാചിക ശക്തികളെയും ദുഷ്ട ശക്തികളെയും ആകര്‍ഷിക്കും എന്നു പറയപ്പെടുന്നു..നമ്മളെ ചേരു പിണഞ്ഞാല് എന്തു ചെയ്താലാ ചൊറിച്ചില് ഒന്നു മാറ്റാന് പറ്റുക..എന്റെ അന്വേഷണത്തില് കണ്ടെത്തിയ മരുന്നുകള് താഴെ പറയുന്നവയാണ്

1. പുതു വെണ്ണ കഴിക്കുക.അതു തന്നെ ദേഹത്തു പുരട്ടുകയും ചെയ്യുക
2. 2.എള്ള് അരച്ചു ദേഹത്തു പുരട്ടുക.ഒപ്പം പാല് കുടിക്കുക
3. നാല്പാമരം കൊണ്ട് കഷായം വെക്കുക,അതില് പശുവിന് നെയ്യൊഴിച്ചു ആ നെയ്യ് ദേഹത്തു തേച്ചു ഇരിക്കുക
4. താന്നിയില ഇട്ടു തിളപ്പിച്ച വെള്ളത്തില് കുളിക്കുക


നിങ്ങളുടെ നാട്ടില് ചേരിന് പകക്കു വേറെ മരുന്നുകള് വല്ലതും പ്രചാരത്തില് ഉണ്ടെങ്കില് അതിവിടെ പങ്കു വെക്കണേ ??


വാല്‍ക്കഷണം : പൊന്നമ്മചേച്ചി തടിച്ചു സുന്ദരി ആയതു കണ്ടിട്ടു അടുത്ത വീട്ടിലെ സിന്ധു ചേച്ചി ചേരില പറിച്ച് മുഖത്തൊന്നു തടവി നോക്കി..സിന്ധു ചേച്ചി ഇപ്പോള് തടിക്കും എന്നോര്‍ത്ത് ആകാംക്ഷാഭരിതരായി കാത്തിരുന്ന ഞങ്ങള് നിരാശരായി..വൈകുന്നേരം ആയിട്ടും ഒന്നും സംഭവിച്ചില്ല..അല്ല അതിനു മനസ്സു നന്നാവണം അല്ലേ...


ചേരിന്റെ ചിത്രങ്ങള്‍ ആഷ തന്ന ലിങ്കില്‍ നിന്നും എടുത്തതാണ്....ആഷക്കു നന്ദി..

Thursday, June 19, 2008

കയ്പനരഞ്ചി




ആദിവാസികളുടെ ഇടയില് കാണുന്ന ഒരു അദ്ഭുത ഔഷധ ചെടിയാണ് കയ്പനരഞ്ചി.മെലിയ ഓറിയന്റാലിസ് എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.ഇംഗ്ലീഷില് ഇതിനെ ഇന്‍ഡ്യന് നീം എന്നും സംസ്കൃതത്തില് വന ബിംബം എന്നും വന മാലിനി എന്നും അറിയപ്പെടുന്ന ഈ ചെടി കാഴ്ചയില് വേപ്പിനെ പോലെ ഇരിക്കും.ഒരു ചെറിയ പൂമരമായി വളരുന്ന ഇതിനെ വേലിച്ചെടിയായി വളര്‍ത്താവുന്നതാണ്..

എല്ലാത്തരം വിഷ ചികിത്സക്കും ഇതു പയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മൂര്‍ഖ വിഷത്തിനുള്ള ചികിത്സയില് ഇതിന്റെ ഫലം വളരെ അതിശയകരമാണ് എന്നു ആദിവാസികള് പറയുന്നു.ഇതിന്റെ ഇലയുടെ നീരു ഒരു ഔണ്‍സ് കഴിക്കുന്നതോടൊപ്പം സമൂലം അരച്ചു പുരട്ടുകയും ഇല കടിച്ചു തിന്നുകയും ചെയ്യുന്നതു നല്ലതാണെന്ന് പറയപ്പെടുന്നു..മൂര്‍ഖ വിഷം ഏല്‍ക്കാതിരിക്കാന് ചില കാട്ടുജാതിക്കാര് ഇതിന്റെ ഇല ദിവസവും കഴിക്കാറുണ്ട് എന്നു പറയപ്പെടുന്നു..

പാമ്പിന് വിഷം.നീര് ,പ്രമേഹം,രക്ത സ്രാവം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇതു നല്ല മരുന്നാണ്..മാരകമായ പക്ഷ വാത ചികിത്സയിലും ഈ ഔഷധം ഗുണപ്രദമാണ്.കൈപ്പനരച്ചി നീരു എല്ലാ ദിവസവും അര ഔണ്‍സ് വീതം കഴിച്ചാല് “ ഓടാം ചാടാം നടക്കാം ഇതിനാല് യഥേഷ്ടം “ എന്നു വാഗ്ഭടന് പറഞ്ഞതു പോലെ ആരൊഗ്യവാന്മാരാകും എന്നതില് സംശയം ഇല്ല.

ഇതിന്റെ ഗുണങ്ങളെ പറ്റി കൂടുതല്‍ അറിയുന്നവര്‍ അറിവ് ഇവിടെ പങ്കു വെക്കണേ...

വിവരങ്ങള്‍ക്ക് കടപ്പാട് :http://ayurvedicmedicinalplants.com/plants/1475.html

Thursday, June 12, 2008

വിരഹം

എരിയുമീ വേനലില്‍ ഒരു നേര്‍ത്ത
തെന്നലായ്നീയെന്നുമരികിലുണ്ടായിരുന്നൂ
മാമരം കോച്ചും തണുപ്പത്ത് നീയെന്നെ
കമ്പിളിയെന്ന പോല്‍പൊതിഞ്ഞിരുന്നൂ


ഒരോ ഋതുക്കളും വന്നു പോകുമ്പോഴും
നീയെന്നരികിലുണ്ടായിരുന്നൂ
നീ വാരി തന്നിടും ഓരോ ഉരുളയും
അമൃതെന്ന പോല്‍ ഞാന്‍ നുണഞ്ഞിരുന്നൂ


നിന്റെയും എന്റെയും ദു:ഖങ്ങളൊക്കെ നാം
ഒന്നുപോല്‍ പങ്കിട്ടെടുത്തിരുന്നു
തീരത്തെ പുല്‍കുന്ന തിരമാല പോലെ നാം
പിരിയാതിരിക്കാന്‍ ശ്രമിച്ചിരുന്നൂ

എന്തു വന്നാലും പിരിയില്ല നാമെന്നു
പലവട്ടം എന്‍ കാതില്‍ നീ ചൊല്ലിയില്ലെ
എന്നിട്ടുമെന്തേയീ വര്‍ഷക്കാലത്തു നീ
എങ്ങോ മറഞ്ഞതെന്‍ കൂട്ടുകാരാ......................

Sunday, June 8, 2008

നിന്നെയും കാത്ത്

നിന്നെയുമോര്‍ത്തു കൊണ്ടീ പടിയില്‍
കണ്ണീര്‍ക്കണവുമായ് കാത്തിരിപ്പൂ
ഓരോ വിമാനമിങ്ങെത്തുമ്പോഴും
നീയതില്‍ കാണുമെന്നാശ്വസിപ്പൂ

നിദ്രയിലെന്നെ തഴുകിടുമ്പോള്‍
എല്ലാം മറന്നു ഞാന്‍ ഉല്ലസിക്കും
ആ ക്ഷണം ഞെട്ടി പിടഞ്ഞെണീക്കും
സ്വപനമെന്നോര്‍ത്ത് മിഴിച്ചിരിക്കും


നിന്‍ മൃദു സ്പര്‍ശനമേറ്റു വാങ്ങാന്‍
നിന്റെ ചെംചുണ്ടിലെ തേന് നുകരാന്‍
“മാങ്ങാച്ചൊന“ യെന്ന കൊഞ്ചല് കേള്‍ക്കാന്‍
നിന്‍ മന്ദഹാസത്തിലൂയലാടാന്‍


വര്‍ഷങ്ങളെത്ര ഞാന്‍ നോമ്പു നോറ്റു
എന്തേ നീ വൈകുന്നു പ്രാണ നാഥാ
എന്നെയും കൂടങ്ങു കൂട്ടിടുവാന്‍
എന്നിനി തീരുമെന്‍ വേദനകള്‍?