Monday, March 31, 2008

ലോക വിഡ്ഡി ദിനം...എങ്ങനെ ഉണ്ടായി ?

ഏപ്രില്‍ ഫൂള്‍ ആഘോഷം കൃത്യമായി എന്നാണ് ആരംഭിച്ചത് എന്ന് പറയാന്‍ പറ്റില്ല॥ഏപ്രില്‍ ഒന്നു എന്നത് ഏതു കുസൃതിയും തമാശയും ഒപ്പിക്കാനുള്ള ദിവസമായി കരുതപ്പെടുന്നു॥

ഒരു വര്‍ഷത്തിലെ മുന്നൂറ്റി അറുപത്തി നാലു ദിവസവും നമ്മള്‍ എന്തായിരുന്നു എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്॥ഹ ഹ ഹ ഇതു ഞാന്‍ പറഞ്ഞതല്ലേ....ഒരു മഹാന്‍ പറഞ്ഞതാണ്।


പണ്ട് പണ്ട് കമ്പ്യൂട്ടറുകളും വരുന്നതിനു മുന്‍പ് ആളുകള്‍ പുതു വത്സരം ആഘോഷിച്ചിരുന്നത് മാര്‍ച്ച് ഇരുപത്തി അഞ്ച്ചിനായിരുന്നു॥വസന്തകാലതിന്റെ ആഗമന സമയമാണല്ലോ മാര്‍ച്ച് ഇരുപത്തി അഞ്ച്ച് । ഈ ആഘോഷം ഏപ്രില്‍ ഒന്നു വരെ നീണ്ടു നിന്നു।

ആയിരത്തി അഞ്ഞൂറ്റി അറുപത്തി നാലില്‍ ചാള്‍സ് ഒന്‍പതാമന്‍ രാജാവ് പുതുവത്സരാഘോഷം ജനുവരി ഒന്നിനു അഘോഷിക്കേണ്ടതാണ് എന്നു പരസ്യമായി പ്രഖ്യാപിച്ചു ।വസന്തകാലത്തല്ല പുതു വത്സരം ആഘോഷിക്കേണ്ടത് എന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു॥രാജാവിന്റെ കല്പന അക്ഷരം പ്രതി പാലിക്കപ്പെട്ടു॥എന്നാല്‍ ചില യാഥാസ്ഥിതികന്മാര്‍ ഈ മാറ്റത്തെ ചെറുത്തു നിന്നു॥( ഒരു പക്ഷേ ഈ മാറ്റത്തെ കുറിച്ചു അവര്‍ അറിഞ്ഞു കാണില്ലായിരിക്കും...അന്നു ഇ മെയില്‍ അയക്കാനുള്ള സൌകര്യം ഇല്ലല്ലോ॥)ഇവര്‍ പഴയ രീതിയില്‍ തന്നെ മാര്‍ച്ചു അവസാനം മുതല്‍ ഏപ്രില്‍ ഒന്നു വരെ പുതു വത്സരാഘോഷം തുടര്‍ന്നു॥ഇവരെ ആണു ഏപ്രില്‍ ഫൂള്‍സ് എന്നു വിളിച്ചത്॥അതായത് പുതുവത്സരം ഏപ്രിലില്‍ നിന്നു ജനുവരിയിലേക്ക് മാറ്റിയപ്പോള്‍ അതു അറിയാന്‍ കഴിയാതെ ഏപ്രിലില്‍ തന്നെ പുതു വത്സരമാഘോഷിച്ചവരെ ആണ് ഏപ്രില്‍ ഫൂള്‍സ് എന്നു വിളിച്ചത്॥ഇവരെ കളിയാക്കി മറ്റുള്ളവര്‍ പ ല പല സമ്മാനങ്ങള്‍ കൊടുത്തു॥ഇതിന്റെ ഓര്‍മക്കായി ഇന്നും ജനങ്ങള്‍ വിഡ്ഡി ദിനം ആഘോഷിക്കുന്നു......

ഏപ്രില്‍ ഫൂള്‍ ആക്കാന്‍ നൂറ്റൊന്നു വഴികള്‍

ഹ ഹ ഹ ഒന്നാമത്തെ മാര്‍ഗ്ഗം ഇതാണ്...ബാക്കി നൂറു വഴികള്‍ സമയം കിട്ടുമ്പോള്‍ എഴുതി ഇടാം

എല്ലാരേം പറ്റിച്ചേ...........

Sunday, March 30, 2008

ജനകീയ പോലിസ് ...

പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം സുദൃഡ്ഡമാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ജനകീയ പോലീസ് പദ്ധതി നടപ്പിലാക്കുന്നു എന്നു ! തുടക്കത്തില്‍ ३ കോര്‍പ്പറേഷനുകളിലെ ३ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും പതിനൊന്നു മുനിസിപ്പാലിറ്റികളിലെ ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും ആണ് ഇവ നടപ്പാക്കുന്നത് എന്നാണറിയാന്‍ കഴിഞ്ഞത് മൂന്നു ച।കി।മീ ചുറ്റളവോ അഞ്ഞൂറ് വീടോ കണക്കാക്കി ഒരു പോലീസ് ഉദ്യോഗസ്ഥനെ ബീറ്റ് ഓഫീസറ് ആയി നിയമിക്കും।ഈ മേഖലയില്‍ പൊതു ജന സമ്മതരായ പത്തു പേരടങ്ങുന്ന ഒരു ജനകീയ സമിതി ഉണ്ടാക്കും॥എന്നൊക്കെയാണ് പറഞ്നു കേട്ടത്। ഇതു നല്ല ഒരു പ്രതീക്ഷ നല്‍കുന്നു॥ജനങ്ങള്‍ക്ക് പോലീസുമായുള്ള അകലം കുറക്കാനും കാര്യങ്ങള്‍ അന്വേഷിക്കാനും എല്ലാം പ്രയോജനകരമായിരിക്കും...ഞാങ്ങണയെങ്കിലും നാലു പേര്‍ ചേര്‍ന്നാല്‍ ബലം എന്നല്ലേ ?ഈ പരിഷ്കാരം കൊണ്ട് കേരള നാട്ടിലെ അക്രമങ്ങള്‍ക്കും കൊലപാതക പരമ്പരകള്‍ക്കും മോഷണ ശ്രമങ്ങള്‍ക്കും ഒരു അറുതിയുണ്ടാവണേ എന്നു പ്രാര്‍ഥിക്കാം॥ജനകീയ പോലീസേ നമോവാകം !!കേരളത്തില്‍ കവര്‍ച്ചകള്‍ പെരുകുന്നതു കടുത്ത ആശങ്ക ജനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്॥വീട് കുത്തിതുറന്നു മോഷ്ടിക്കുന്നതിന്റെയും വീടിന്റെ വാതില്‍ തകര്‍ത്തു മോഷ്ടിക്കുന്നതിന്റെയും വാര്‍ത്തകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ലല്ലൊ॥
ചേലേമ്പ്ര ബാങ്കു കവര്‍ച്ചക്കു അതിവേഗം തുമ്പുണ്ടാക്കന്‍ കഴിഞ്ഞു എന്നതു അവരുടെ തൊപ്പിയിലെ പൊന്‍ തൂവല്‍ തന്നെ॥എന്നാല്‍ വീടുകളീല്‍ നടത്തുന്ന കവര്‍ച്ചകളീല്‍ പലതും തെളിയിക്കാനോ മോഷ്ടാക്കളെ പിടി കൂടാനോ നമ്മുടെ പോലീസിനു കഴിയുന്നില്ല।കവര്‍ച്ചകേസ് അന്വേഷിക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് നമ്മുടെ പോലീസ് കാണിക്കുന്നത് എന്നതിനു എനിക്കു മുന്‍പുണ്ടായ അനുഭവം തന്നെ ഉദാഹരണം॥കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കണം॥കുറുപ്പും പടി ടൌണില്‍ ബിവറേജസ് കോര്‍പ്പറേഷന് പീന്നിലെ പാടം മദ്യപന്മാരുടെ സങ്കേതമായി എന്ന്॥രാപകല്‍ ഭേദമില്ലതെയാണ് തുറസ്സായി കിടക്കുന്ന പാടത്ത് മദ്യപാനവും ചീട്ടുകളിയും അരങ്ങേറുന്നത്॥പോലിസ് സ്റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തുള്ള ഈ പാടത്തു അടിപിടി പതിവാണ്॥മദ്യപിച്ചു ലക്കു കെട്ട ചില കുടിയന്മാര്‍ സമീപത്തുള്ള വീടുകളില്‍ കയറി ചെല്ലുന്നതു പതിവായപ്പോള്‍ നാട്ടുകാര്‍ മേല്പറഞ്ഞ പോലീ‍ീസില്‍ പരാതി കൊടുത്തു ॥വണ്ടി പിടിക്കുന്നതില്‍ മാത്രം ശുഷ്കാന്തി കാണിക്കുന്നു എന്നു നാട്ടുകാര്‍ പറയാറുള്ള ഈ സ്റ്റേഷനിലെ ഏമാന്മര്‍ക്കു ഇതിലൊന്നും ഒരു ശ്രദ്ധയും ഇല്ലാ॥ഇന്നു പത്രത്തില്‍ കണ്ട വേറൊരു വാര്‍ത്തയാണു മൂവാറ്റുപുഴയില്‍ സിഗ്നല്‍ തെറ്റിച്ചു അമിത വേഗതയില്‍ പോയതു ട്രാഫിക് പോലിസ് നോക്കുകുത്തിയെ പോലെ കണ്ടു നിന്നു എന്നത്॥വെള്ളൂര്‍കുന്നത്തെ ചുവപ്പു സിഗ്നല്‍ കണ്ടതായി പോലും ഭാവിക്കാതെ പാഞ്ഞ ബസ് കച്ചേരിത്താഴത്തെ എയിഡ് പോസ്റ്റും പി।ഒ।കവലയിലെ സിഗ്നലും ഇതിനു സമീപം തന്നെയുള്ള പോലീസ് സ്റ്റേഷനും കടന്നു പോയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതു മാത്രമല്ലാ ഇതു സംബന്ധിച്ചു ട്രാഫിക് സ്റ്റേഷനില്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി “ സിഗനല്‍ തെറ്റിച്ചെന്നു മാത്രമല്ലേ ഉള്ളൂ॥അതിനു വണ്ടി പിടിക്കേണ്ട കാര്യം ഒന്നും ഇല്ലാ “ എന്നതായിരുന്നു॥എങ്ങനെ ഉണ്ട് നമ്മുടെ പോലീസിന്റെ ശുഷ്കാന്തി ??

Friday, March 21, 2008

ഇതു ശരിയാണോ ????????

ഇന്നു രാവിലെ ഞാന്‍ മലമുറി എന്ന സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറി.ആന വണ്ടിയില്‍..(ബസ് നമ്പര്‍ കെ.എല്‍ 15 2706 )കെ,എസ്.ആര്‍.ടി സി ക്കു ഞങ്ങള്‍ പറയുന്ന പേരാണു ആനവണ്ടി..ബസില്‍ നല്ല തിരക്ക്..ഫുട്ബോര്‍ഡില്‍ നിന്നും ആണു സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ യാത്ര ചെയ്യുന്നത്..എങ്ങനെയോ നൂണ്ട് ഞാന്‍ അകത്തു കയറിപറ്റി...കാലിന്റെ പെരു വിരല്‍ മാത്രം നിലത്തു കുത്തി ഒരു തരത്തില്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ കേള്‍ക്കാം ..ഒരു ബഹളം

“ഈ മനുഷ്യനു നാണമില്ലേ ? ഇത്രേം പെണ്ണുങ്ങള്‍ ഇങ്ങനെ തൂങ്ങി നില്‍ക്കുമ്പോള്‍ ലേഡീസ് സീറ്റില്‍ ഞെളിഞ്ഞിരിക്കുന്നു..എണീക്കൂ മനുഷ്യാ..“

ഒരു ചേച്ചിയുടെ അഭിപ്രായം എല്ലാരും കൂടെ ഏറ്റു പിടിച്ചു ...

“മുന്‍പില്‍ എത്ര സ്ഥലം ഉണ്ടെങ്കിലും ഞങ്ങളുടെ സീറ്റില്‍ ഇരിക്കും..ഒന്നു എണീറ്റു താ ചേട്ടാ “

“പുരുഷന്മാര്‍ ബസിന്റെ മുന്‍പിലേക്കു നീങ്ങി നില്ക്കാതെ പുറകില്‍ തന്നെ നിന്നോളും..“

എവിടെ ! ചേട്ടന്‍ ഇതൊന്നും കേള്‍ക്കുന്ന മട്ടില്ല..ഇതൊന്നും തന്നോടല്ല പറയുന്നതു എന്ന ഭാവത്തില്‍ ആ സീറ്റില്‍ തന്നെ ഇരിക്കുന്നു..ചേച്ചിമാര്‍ വീണ്ടും എണീക്കാനാവശ്യപ്പെട്ടപ്പോള്‍ എല്ലാം ശ്രധ്ധിച്ച് വാതില്ക്കല്‍ തന്നെ നിന്നിരുന്ന കണ്ടക്ടറുടെ തിരു മൊഴി കേട്ടു..

“ രാവിലെ വീട്ടില്‍ വഴക്കുണ്ടാക്കിട്ട് ഓരോന്നു ഇറങ്ങിക്കോളും..സ്ത്രീകള്‍ക്കുള്ള സംവരണ സീറ്റ് ബസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമേ ഉള്ളൂ...അതു കഴിഞ്ഞാല്‍ ആ സീറ്റില്‍ ആര്‍ക്കും കയറി ഇരിക്കാം..അങ്ങനെ ഇരുന്ന ആളെ ഞാന്‍ എണീപ്പിച്ചാല്‍ നാളെ എന്റെ ജോലി പോകും “

ഇതു എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവാണ്..ബസിന്റെ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ മാത്രേ സംവരണ സീറ്റുള്ളു എന്ന് ..പുരുഷന്മാര്‍ സംവരണ സീറ്റില്‍ ഇരുന്നാല്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ആ സീറ്റ് ഒഴിവാക്കി കൊടുക്കണം എന്നാണ് ഞാന്‍ കേട്ടിരിക്കുന്നതു..അല്ലെങ്കില്‍ എന്തിനാണു സ്ത്രീകള്‍.വികലാംഗര്‍,വൃദ്ധര്‍ ഇങ്ങനെ ബസില്‍ സംവരണം ചെയ്തിരിക്കുന്നത്..ഫുട് ബോര്‍ഡില്‍ നിന്നു യാത്ര ചെയ്തു സ്ത്രീകള്‍ റോഡില്‍ തെറിച്ചു വീണു മരിച്ചാല്‍ ആരു സമാധാനം പറയും..യാത്രക്കാരുടെ കാര്യത്തില്‍ ബസ് ജീവനക്കാര്‍ക്കു യാതൊരു ഉത്തരവാദിത്വവും ഇല്ലേ ??

Monday, March 17, 2008

കള്‍ച്ചര്‍ എത്ര തരം ?

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പണ്ടു പറഞ്ഞു “ എനിക്കൊരു കള്‍ച്ചറേ അറിയൂ..അത് അഗ്രികള്‍ച്ചര്‍ ആണ് “എന്ന്. താഴെ പറയുന്ന കള്‍ച്ചറുകളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ എന്നു നോക്കൂ..


1.ടിഷ്യൂ കള്‍ച്ചര്‍ -പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു സസ്യ കോശത്തില്‍ നിന്നു അനേകം സസ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന രീതി

2.വിറ്റി കള്‍ച്ചര്‍ - മുന്തിരി വളര്‍ത്തല്‍

3.സെറി കള്‍ച്ചര്‍ - പട്ടുനൂല്‍ പുഴു വളര്‍ത്തല്‍

4.സില്‍വി കള്‍ച്ചര്‍-വന സസ്യങ്ങള്‍,വന വിഭവങ്ങള്‍ എന്നിവയുടെ നടീലും സംസ്കരണവും

5.ഫ്ലോറി കള്‍ച്ചര്‍ - അലങ്കാര മത്സ്യങ്ങളെ വളര്‍ത്തല്‍

6.എപ്പി കള്‍ച്ചര്‍-തേനീച്ച വളര്‍ത്തല്‍

7.പിസി കള്‍ച്ചര്‍- മത്സ്യം വളറ്ത്തല്‍

8.ഒലേറി കള്‍ച്ചര്‍- പച്ചക്കറി വളര്‍ത്തല്‍

വേറെ കള്‍ച്ചറുകളെ കുറിച്ചു അറിയാവുന്നവര്‍ അതിവിടെ പങ്കു വക്കണേ........

Friday, March 14, 2008

രണ്ടു മാസങ്ങള്‍ക്കു മുന്‍പ്...

രണ്ടു മാസങ്ങള്‍ക്കു മുന്‍പൊരു രാത്രി..ഓര്‍ക്കുമ്പോള്‍ തന്നെ ഇപ്പോഴും ഞെട്ടി വിറക്കുന്നു...ഒരു മാസത്തോളം ഞാന്‍ ഉറങ്ങിയില്ലാ..ഞാന്‍ ആദ്യമായി ഒരു കള്ളനെ മുഖാമുഖം കണ്ട രാത്രി..........


2008 ജനുവരി 13 .രാത്രി പതിവു പോലെ അത്താഴം കഴിച്ചു മക്കളെ കിടത്തി ഉറക്കി.എനിക്കു ചെയ്യാന്‍ അല്പം ഓഫീസ് ജോലികള്‍ ഉണ്ടായിരുന്നു..കമ്പ്യൂട്ടര്‍ ഇല്ലാത്ത സര്‍ക്കാരാഫീസ് ആണു ഞങ്ങളുടേത്..അതിനാല്‍ കുറെ ജോലികള്‍ ഒക്കെ ഞാന്‍ വീട്ടില്‍ വന്നിരുന്നാണു ചെയ്യുന്നത്..ഈ ജോലികളും തീര്‍ത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ മണി 12..വൈകി കിടന്നതിനാല്‍ വേഗം ഉറങ്ങിപ്പോയി.മക്കളെയും ചേര്‍ത്തു പിടിച്ചു കിടന്നതറിയാതെ ഉറങ്ങി.
ഇടക്കു മോള്‍ ഒന്നു ഞരങ്ങിയതു പോലെ തോന്നി കണ്ണു തുറന്നു നോക്കി..ശരിയാണ്..മോളുടെ ദേഹത്തേക്കു കാല്‍ കയറ്റി വെച്ചു മോന്‍ ഉറങ്ങുന്നു..ഇതു പതിവാണു..ഉറക്കത്തില്‍ മോന്‍ അറിയാതെ വട്ടം തിരിഞ്ഞു വന്നു കാല്‍ ദേഹത്തിടും..ശ്വാസം മുട്ടിയപ്പോള്‍ അവള്‍ ഞരങ്ങിയതാണ്..വേഗം മോന്റെ കാല്‍ മാ‍റ്റി അവനെ അല്പം കൂടെ നീക്കി കിടത്തി വീണ്ടും ഉറങ്ങാന്‍ കിടന്നു

രാത്രി.......കഴുത്തില്‍ ആരോ തൊടുന്ന പോലെ തോന്നിയാണു ഞെട്ടി ഉണര്‍ന്നത്..വീണ്ടും മോന്‍ തിരിഞ്ഞു കാല്‍ എന്റെ കഴുത്തിലേക്ക് ഇട്ടതാണു എന്നു കരുതി കണ്ണു തുറക്കാതെ തന്നെ ഞാന്‍ കാല്‍ നീക്കാന്‍ ശ്രമിച്ചു..പറ്റുന്നില്ല...എന്തോ ഒരു അരുതായ്ക..ഇതു മോന്റെ കാല്‍ അല്ല...
ബോധ മണ്ഡലത്തില്‍ ഒരു അപായ മണി...വേഗം ചാടിയെണീക്കാന്‍ നോക്കി..പറ്റുന്നില്ല..കഴുത്തില്‍ ആരോ പിടിച്ചിരിക്കുന്നു..അല്ല കഴുത്തില്‍ അല്ല ..മാലയില്‍..കള്ളന്‍ ആണു എന്നു മനസ്സിലായതും ഞാന്‍ ഉറക്കെ അലറി..യ്യോ ഒച്ച പുറത്തു വരുന്നില്ലേ..ഉണ്ടല്ലോ..പൂര്‍വാധികം ശക്തിയോടെ വീണ്ടും അലറി കള്ളന്‍..കള്ളന്‍..
ഇതിനിടക്കു കഴുത്തിലെ മാലയില്‍ പിടിച്ചിരിക്കുന്ന കള്ളന്റെ കൈയ്യില്‍ ശക്തിയായി കടിച്ചു ഞാന്‍...കടിയുടെ ശക്തിയും എന്റെ അലര്‍ച്ചയുടെ ഒച്ചയും കേട്ട് പേടിച്ച കള്ളന്‍ എന്റെ കഴുത്തില്‍ തന്നെ രണ്ടു കൈ കൊണ്ടും ഞെക്കിപ്പിടിച്ചു...സ്വിച്ച് ഇട്ട പോലെ എന്റെ നിലവിളി നിന്നു...
ഇതിനിടക്കു അപ്പുറത്തെ മുറിയില്‍ നിന്നും അച്ചന്‍ ഉറക്കെ പറയുന്നതു കേള്‍ക്കാം “മിണ്ടാതെ കിടക്കടീ..രാത്രി സ്വപനം കണ്ട് കരഞ്ഞു മനുഷ്യന്റെ ഉറക്കം കളയല്ലേ..”
അച്ചന്റെ ഒച്ച കേട്ടതും കള്ളന്‍ മാല വലിച്ചു പോട്ടിച്ചു ഓടിയതും ഒരുമിച്ചു കഴിഞ്ഞു..എന്റെ കഴുത്തു സ്വതന്ത്രമായതും ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ട് ഞാന്‍ ചാടി എണീറ്റ് ലൈറ്റ് ഇട്ടു..തലയിണയുടെ അടുത്തു റ്റോര്‍ച്ച് വെച്ചിട്ടാണ് ഞാന്‍ ഉറങ്ങാറ്..അപ്പോള്‍ ടോര്‍ച്ചിന്റെ കാര്യം ഒന്നും ഓര്‍ത്തില്ല..
എന്റെ അലര്‍ച്ച കേട്ട് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ചേട്ടനും ചേച്ചിയും മോനും കൂടേ ഓടി വന്നു.എല്ലാരും കൂടെ വീടിനു ചുറ്റും നടന്നു തിരഞ്ഞു..എവിടെ ...കള്ളന്‍ രക്ഷപെട്ടിരുന്നു..അപ്പോള്‍ തന്നെ പോലിസില്‍ വിവരം അറിയിച്ചു..പോലിസ് വന്നപ്പോള്‍ ആണു കള്ളന്‍ കയറീയ വഴി ഞങ്ങള്‍ക്കു മനസ്സിലായത്..ചിമ്മിനി തുറന്നു അതിലൂടെ ഇറങ്ങി രക്ഷപ്പെടാന്‍ ആയി അടുക്കള വാതില്‍ തുറന്ന് ഇട്ടിട്ടാണ് കള്ളന്‍ റൂമില്‍ എത്തിയത്..ശരീരം പൂര്‍ണമായി തളര്‍ന്നു കിടക്കുന്ന അമ്മ ഉള്ളതിനാല്‍ ബെഡ് റൂമിന്റെ വാതില്‍ തുറന്ന് ഇട്ടിട്ടാണ് ഞാന്‍ കിടക്കാറ്..അമ്മ രാത്രി വിളിച്ചാല്‍ അറിയണമല്ലോ എന്നോര്‍ത്ത്..അതെനിക്കു തന്നെ പാരയായി

കഴുത്തില്‍ കിടന്ന മാലയും മേശപ്പുറത്തിരുന്ന മൊബൈലും മോഷ്ടീച്ചാണു അവന്‍ കടന്നത്..വിദേശത്തുള്ള ഭര്‍ത്താവിനെ അപ്പോള്‍ തന്നെ വിളിച്ചു..ഒരു സമാധാനവും കിട്ടുന്നില്ലല്ലോ ഈശ്വരാ..ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം !!

പുലര്‍ച്ചെ 3 മണിക്കാണു സംഭവം നടന്നത്.എല്ലാരും രാത്രി എന്നെ ആശ്വസിപ്പിച്ചു..നിന്നെ അവന്‍ കൊന്നില്ലല്ലോ..സ്വര്‍ണം പോയതു പോട്ടെ..ഞാനും അങ്ങനെ തന്നെ കരുതി..എന്നാല്‍ നേരം വെളുത്തു..കള്ളന്‍ പോയ സമയം മുതല്‍ ഞാന്‍ എന്റെ മൊബൈലിലേക്കു വിളിക്കുകയാണ്..അപ്പോളൊക്കെ താങ്കള്‍ വിളിക്കുന്ന ആള്‍ പരിധിക്കു പുറത്താണ് എന്ന കിളികൊഞ്ചല്‍ കേള്‍ക്കാം..ഞാന്‍ വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു..6 മണിയോടെ ഞാന്‍ വീട്ണും ശ്രമിച്ചു..അതാ..റിങ്ങ് റ്റോണ്‍ ഒഴുകി വരുന്നു..പവനരച്ചെഴുതുന്ന കോലങ്ങളെന്നും.......2 പ്രാവശ്യം കൂടെ ബെല്‍ അടിച്ചു നിന്നു..ഇല്ല അവന്‍ ഫോണ്‍ എടുക്കുന്നില്ല


ഒരു 8 മണി ആയിക്കാണും..എന്റെ ലാന്‍ഡ് ഫോണ്‍ ബെല്‍ അടിച്ചതു കേട്ട് ഓടിച്ചെന്ന് എടുത്തു...എന്റെ ശ്വാസം നിലച്ചു പോയ പോലെ..വിളിച്ച്തു കള്ളന്‍ ആയിരുന്നു..ഞാന്‍ ചേച്ചിയുടെ താലി തിരിച്ചു തരാം..പോലീസില്‍ പരാതി കൊടുക്കരുത് എന്നു പറഞ്ഞു..എന്റെ താലി തന്നാല്‍ മതി ..പരാതി കൊടുക്കില്ല എന്നു ഞാനും പറഞ്ഞു..ഈ കാര്യം പറഞ്ഞ് ആ കള്ളന്‍ 2 ദിവസം എങ്കിലും എന്നെ വിളിച്ചു..ഞാന്‍ പോലീസിനു കൊടുത്ത പരാതിയില്‍ കള്ളനെ എന്നെ ഫോണ്‍ ചെയ്ത കാര്യവും സൂചിപ്പിച്ചിരുന്നു..പോലീസ് പറഞ്ഞു കള്ളന്‍ വിളിക്കട്ടെ ..അതു വെച്ചു നമുക്ക് അവനെ പിടിക്കാം എന്ന്..ഞാന്‍ ഒരു മണ്ടി !!! പോലീസ് പറഞ്ന്‍ ജതു വിശ്വസിച്ചു..കള്ളനെ പിടിക്കാന്‍ പറ്റുമായിരിക്കും എന്നോര്‍ത്തു..പോലീസ് ഒന്നും ചെയ്യില്ല എന്നു എനിക്കു തന്നെ ബോദ്ധ്യമായി..കാരണം ഞാന്‍ ഈ പരാതിയുമായി ഡി.വൈ.എസ്.പി.യുടെ ഓഫീസില്‍ ചെന്നു..ലോക്കല്‍ പോലീസ് കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നു എനിക്ക് മനസ്സിലായി..(പോലീസ് സ്റ്റേഷനിലെ ചടങ്ങുകള്‍ അന്നെനിക്കറിയില്ലായിരുന്നു..ജീവിതത്തില്‍ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനില്‍ തന്നെ കയറുന്നത്..)അന്നു തന്നെ ഞാന്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു എഫ്.ഐ.ആറിന്റെ കോപ്പി തരാന്‍ പറഞ്ഞു..ഒരു 2 മണിക്കൂറോളം എന്നെ അവിടെ ഇരുത്തി എങ്കിലും എഫ്.ഐ.ആറ് തന്നു.
അന്നു തന്നെ ഞാന്‍ എന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചു..അപ്പോള്‍ കള്ളന്‍ അവന്റെ മൊബൈലില്‍ നിന്നും എന്നെ വിളിക്കാന്‍ തുടങ്ങി..കള്ളന്‍ പല ഫോണില്‍ നിന്നും എന്നെ വിളിച്ചു...
കള്ളന്‍ വിളിച്ച എല്ലാ നമ്പറുകളും പോലീസിനെ അറിയിച്ചു...കൂടാതെ എന്റെ മൊബൈലിന്റെ ഐ.എം.ഇ.ഐ. നമ്പറും അറിയിച്ചു...ഇതു വരെ ആ‍ കള്ളനെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല..കഴിയും എന്നെനിക്കു വിശ്വാസവും ഇല്ല..അതാണു നമ്മുടെ പോലീസ്..
എന്നാലും വീട്ടില്‍ കയറി മോഷണം നടത്തി മോഷ്ടിച്ച മൊബൈലില്‍ എന്റ്റെ ലാന്‍ഡ് നമ്പറിലേക്കു വിളിച്ച് എന്നെ ഭീഷണിപ്പെടുത്തിയ ആ കള്ളനെ എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍.................

Saturday, March 8, 2008

അന്താരാഷ്ട വനിതാ ദിനം.............

വനിതാ ദിനമായി ആഘോഷിക്കുന്ന ഇന്നു വനിതകളെകുരിച്ചുള്ള എന്തെങ്കിലും വാര്‍ത്ത കാണും എന്ന പ്രതീക്ഷയില്‍ ആണ് പത്രം നിവര്‍ത്തിയത്..എന്റെ പ്രതീക്ഷ തെറ്റിയില്ല “ വനിതാ പോലീസിനെ ഉപദ്രവിച്ച ആള്‍ പിടിയില്‍ “ സംഭവം നടന്നതു എന്റെ നാട്ടില്‍ തന്നെ.ബസ് കാത്തു നിന്ന വനിതാ പോലീസിനെയാണ് ഒരു യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്..പട്ടാപ്പകല്‍ നടന്ന ഈ അക്രമം കണ്ട് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നവര്‍ സമയോചിതമായി പ്രതികരിച്ചു..അയാളെ തൂക്കിയെടുത്തു പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു..അയാളുടെ കാര്യം കട്ടപ്പൊക..
പട്ടാപ്പകല്‍ പോലും പെണ്ണീനെ കയറിപ്പിടിക്കാന്‍ മടിക്കാത്ത വിധം മനോരോഗികള്‍ ആയി പോയോ നമ്മുടേ ആണുങ്ങള്‍?ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ഒരു ഞോണ്ടോ പിച്ചോ കിട്ടാത്ത സ്ത്രീകള്‍ വിരളമായിരിക്കും എന്നാണു എനിക്കു തോന്നുന്നത്..ബസില്‍ തൊട്ടടൂത്തിരിക്കുന്ന സ്ത്രീ ഒരു ഭാര്യയോ അമ്മയോ മകളോ സഹോദരിയോ ആയിരിക്കും എന്നു ചിന്തിക്കാന്‍ നമ്മുടെ പുരുഷന്മാര്‍ക്കു കഴിയാത്തതെന്തേ..സാക്ഷര പ്രബുദ്ധ കേരളത്തിലാ‍ണു ഈ അവസ്ഥ..സമൂഹം ഗൌരവത്തോടെ കാണേണ്ട ഒരു വിഷയമാണിത്.
പണ്ടത്തേതിനെക്കാള്‍ ഒത്തിരി വ്യത്യാസം വന്നിട്ടുണ്ട്..പണ്ട് പ്രതികരിക്കാന്‍ സ്ത്രീകള്‍ക്കു മടീയായിരുന്നു..ഇപ്പോള്‍ പ്രതികരിക്കുന്നവര്‍ക്കു യാത്രക്കാരാണെങ്കിലും സഹായം നല്‍കുന്നു..കഴിഞ്ഞ ദിവസം എന്റെ ഒരു കൂട്ടുകാരിയെ ബസില്‍ വെച്ചു തോണ്ടീയ വീരനെ അവള്‍ ആദ്യം കണ്ണുരുട്ടി പേടിപ്പിച്ചു നോക്കി..ഏല്‍ക്കുന്ന മട്ടില്ല..പൂര്‍വാധികം ശക്തിയോടെ തോണ്ടല്‍ തുടര്‍ന്നപ്പോള്‍ കണ്ടകടറെ വിളിച്ചു കാര്യം പറഞ്ഞു..ബസ് പോലിസ് സ്റ്റേഷനിലേക്കു പോകട്ടെ എന്നു പറയാന്‍ നല്ലവരായ യാത്രക്കാരും ഉണ്ടായിരുന്നു..അവനെ പോലീസില്‍ ഏല്പിച്ചിട്ടാണു യാത്ര തുടര്‍ന്നത്..ഒഫീസിലും ജോലിസ്ഥലത്തെത്താനും എല്ലാവരും വൈകി..എന്നാലും ആ സഹകരണം അതുണ്ടായാല്‍ മതി..

Friday, March 7, 2008

എലി വരുന്നേ എലി.............

വീട്ടില്‍ എലി ശല്യം കൂടിയപ്പോഴാണ് എലി നശീകരണത്തെകുറിച്ച് ഞാന്‍ ഗഹനമായി ചിന്തിക്കാന്‍ തുടങ്ങിയത്.സ്റ്റോര്‍ റൂമില്‍ വെച്ചിരിക്കുന്ന നെല്ല് അരി,ജാതിക്ക,പുളി,തൂക്കിയിട്ടിരിക്കുന്ന പഴക്കുല എന്നു വേണ്ടാ കുളിമുറിയില്‍ വെച്ചിരിക്കുന്ന സോപ്പ് പോലും എലിയുടെ ഇഷ്ടഭോജ്യം ആയി മാറിയപ്പോള്‍ എലിയെ കൊല്ലാന്‍ ഒരു മാര്‍ഗ്ഗം തേടി ഞാന്‍ നാടു മുഴുവന്‍ അലഞ്ഞു..വീട്ടില്‍ എലിയെ കൊല്ലാന്‍ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന എലിക്കെണി ഒരു പൂര്‍ണ പരാജയം ആണ് എന്നു ഞാന്‍ ഇതിനകം മനസ്സിലാക്കിയിരുന്നു.( ആ എലിപ്പെട്ടി ഇപ്പോള്‍ അണ്ണാനെ പിടിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു..കൊക്കോ പഴം തിന്നാന്‍ വരുന്ന അണ്ണാനെ ഓരോന്നു വീതം ഒരോ ദിവസവും കിട്ടും..അതു അപ്പൂപ്പനും കൊച്ചു മോളും കൂടെ മസാല പുരട്ടി വറുത്തു തിന്നും !!!)
എലിയെ പിടിക്കാന്‍ ഉള്ള മാര്‍ഗങ്ങളെ പറ്റി എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടൂം സംസാരിച്ചപ്പോള്‍ എനിക്കു കിട്ടിയ അറിവ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ !!!

മാര്‍ഗം 1 : പശക്കെണി (മുഖ്യ ഉപദേശം എന്റെ ഭര്‍ത്താവ് )

എലിയെ പശ വെച്ചു പിടിക്കുന്ന മാര്‍ഗമാണു എന്റെ പ്രിയതമന്‍ എനിക്കു പറഞ്ഞു തന്നത്..എലിയെ പിടിക്കാന്‍ ഉള്ള പശ ഒരു ബോര്‍ഡില്‍ നാലു വശത്തും ചുറ്റിലും തേക്കുക.എന്നിട്ട് നടുവില്‍ എലിക്കു ഇഷ്ടം ഉള്ള ഒരു ഭക്ഷണസാധനം വെക്കും.(അതു തലേ ദിവസം തന്നെ അതിനോട് ചോദിച്ചു വെക്കണം മോനെന്താ വേണ്ടേ ന്ന് !!!!)രാത്രിയാകുമ്പോള്‍ പതുങ്ങി പതുങ്ങി ഈ ബോര്‍ഡ് കിച്ചനില്‍ കൊണ്ടു പോയി വെക്കണം.നമ്മള്‍ ഉറങ്ങി എന്നു ഉറപ്പാകുമ്പോള്‍ എലി ശബ്ദം കേള്‍പ്പിക്കാതെ പതുങ്ങി വരും..ഇഷ്ടമുള്ള സാധനം അല്ലേ അകത്തിരിക്കുന്നത്..വായില്‍ കപ്പലോടിക്കാന്‍ ഉള്ള വെള്ളം നിറയുമ്പോള്‍ എലി വേറൊന്നും ചിന്തിക്കാതെ ഒറ്റ ചാട്ടം.ബോര്‍ഡില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അതിന്റെ വാലില്‍ പശ പുരളും.എലി ആരാ മോന്‍ ? പുള്ളിക്കാരന്‍ ഭയങ്കര ദേഷ്യക്കാരന്‍ അല്ലേ ?അവന്‍ ദേഷ്യം കൊണ്ട് തിരിയും.അന്നേരം കാലില്‍ പശ പുരളും..അപ്പോള്‍ ദേഷ്യം കൂടും.തിരിയലിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ച് ദേഹം മുഴുവന്‍ പശ ആകും..പിന്നെ ശ്വാസം വിടാന്‍ പോലും പറ്റാതെ എലി അവിടിരുന്നു ചാവും.അപ്പോള്‍ വാലില്‍ തൂക്കി വെളീയില്‍ കളയും ഹ ഹ ഹ

മാര്‍ഗം 2 ശര്‍ക്കര കെണി :

നല്ല മറയൂര്‍ ശര്‍ക്കര നന്നയി ഉടച്ചു അല്പം വെള്ളമൊഴിച്ചു തിളപ്പിക്കുക..നല്ല പാനി ആയി കഴിയുമ്പോള്‍ തണുക്കാന്‍ വെക്കുക.ചെറിയ കാപ്പിക്കുരു വലിപ്പത്തില്‍ പഞ്ഞി ഉരുളകള്‍ ആക്കിയത് ഈ പാനിയിലേക്ക് ഇടുക.ഈ പഞ്ഞിയുണ്ടകള്‍ പിന്നീട് മുറിയുടെ പല ഭാഗങ്ങളിലായി വെക്കണം.നല്ല മധുര പലഹാരമല്ലേ..രാത്രിയില്‍ പതുങ്ങി വരുന്ന എലികള്‍ നമ്മള്‍ കാണാതെ ഈ ഉരുളകള്‍ തിന്നും..നമ്മള്‍ ഒന്നും ചെയ്യാന്‍ പോകേണ്ടാ..രണ്ട് മൂന്നു ദിവസം കഴിയുമ്പോള്‍ സ്റ്റോര്‍ റൂമില്‍ നിന്നും നാറ്റം വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി.. നാറ്റം വരുന്നു എന്നു ബോധ്യമായാല്‍ ഒരു ടോര്‍ച്ചിന്റെ സഹായത്തോടെ എലിയെ തപ്പി കണ്ടു പിടിച്ചു വാലില്‍ തൂക്കി പുറത്തേക്കു കളയുക..

ഇനിയത്തെ മാര്‍ഗങ്ങളെ പറ്റി ഗവേഷണം തുടരുകയാണ്..ബൂലോകരേ നിങ്ങളുടെ അനുഭവങ്ങള്‍ കൂടി പങ്കു വെക്കൂ...

Sunday, March 2, 2008

പിടക്കോഴി കൂവിയപ്പോള്‍

ആറു മാസം മുന്‍പു വരെ മുട്ട ഇട്ട കോഴി പൂവന്‍ കോഴി ആയ വാര്‍ത്ത കേട്ടില്ലേ ബൂലോകരേ...ഒരു വര്‍ഷം മുന്‍പു വരെ മുട്ട ഇട്ട് കുഞ്ഞുങ്ങളെ വിരിയിച്ച പിടക്കോഴിയ്ക്കാണ് ആറു മാസം മുന്‍പു മുതല്‍ പരിണാമം കണ്ട് തുടങ്ങിയത്..കോഴി കൂവാന്‍ തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്...ആറ് മാസം മുന്‍പു കോഴി ഇട്ട മുട്ടകള്‍ക്കു കാടമുട്ടയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.6 മാസം കൊണ്ട് തലപ്പൂവും അങ്കവാലും ഉണ്ടായി.പൂവന്റെ ലക്ഷണമായി കാലില്‍ കട്ടമുള്ളും ആയി...കോതമംഗലത്താണ് ഈ അല്‍ഭുതം നടന്നത്..പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നതു അര്‍ത്ഥവത്തായി .പുരുഷന്മാരായി മാറിയ സ്ത്രീകളെ കുറിച്ചും തിരിച്ചും കേട്ടിട്ടുണ്ട്..എന്നാല്‍ അതു ശസ്ത്രക്രിയ ഒക്കെ നടത്തി രൂപമാറ്റം വരുത്തുകയായിരുന്നു..ഇതു സ്വാഭാവികമായി വന്ന മാറ്റം അല്ലേ...ഈ കലിയുഗത്തില്‍ ഇനിയും എന്തെല്ലാം കാണണം .....ഈ വാര്‍ത്ത കണ്ടപ്പോള്‍ ആണ് വേറെ ഒരു വാര്‍ത്തയുടെ കാര്യം ഓര്‍ത്തത്..ബ്രിട്ടനിലെ ന്യൂ കാസില്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍പുരുഷ സഹായമില്ലാതെ സ്ത്രീയുടെ കോശങ്ങള്‍ മാത്രം ഉപയോഗിച്ച് പുതിയ ഒരു ജീവന്‍ ഉണ്ടാ‍ാക്കാന്‍ പറ്റും എന്നു കണ്ടു പിടിച്ചിരിക്കുന്നു..സ്ത്രീയുടെ അണ്ഡത്തില്‍ നിന്നു ഒരു ബീജ കോശത്തെ ഉല്പാദിപ്പിക്കുകയാണ് ഇപ്പോള്‍ സാധിച്ച നേട്ടം.ഏതാനും നാളുകള്‍ക്ക് മുന്‍പു പുരുഷന്റെ മജ്ജാകോശങ്ങളില്‍ നിന്ന് ബീജ കോശങ്ങളെ ഉണ്ടാക്കാന്‍ ഉള്ള വിദ്യ ശാസ്ത്ര ലോകം കണ്ടുപിടിച്ചിരുന്നു.ഇപ്പോള്‍ കണ്ട് പിടിച്ച വിദ്യ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നു ഒരു ബീജ കോശത്തെ ഉല്പാദിപ്പിക്കാന്‍ പറ്റും എന്നതാണ്... ഭാവിയില്‍ പുരുഷ സഹായമില്ലാതെ പ്രത്യുല്പാദനം നടത്താന്‍ പറ്റും എന്നതു വളരെ പ്രാധാന്യം അര്‍ഹിക്കുന്നു..ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം ഏറ്റവും കൂടുതല്‍ ഉപകരിക്കുക സ്വവര്‍ഗ്ഗ പ്രേമികള്‍ ആയ സ്ത്രീകള്‍ക്കു ആയിരിക്കും..പുരുഷ സഹായമില്ലാതെ കുട്ടികള്‍ ഉണ്ടാകും..പുനരുല്പാദന പ്രക്രിയയില്‍ പുരുഷന്റെ ആവശ്യം ഇല്ല എന്നു വരുന്നതോടെ ഈ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നു വ്യക്തമാണ്.
വിവരങ്ങള്‍ക്കു കടപ്പാട്...എന്റെ ഭര്‍ത്താവ്.