Sunday, December 28, 2008

വെസ്പാ വൾഗാരിസ്




ചെറുപ്പത്തില്‍ സ്ക്കൂൾ വിട്ടു വന്നാൽ ചായകുടി കഴിഞ്ഞു പറമ്പിലൂടെ വെറുതേ ചുറ്റി നടക്കുക എന്നുള്ളതായിരുന്നു എന്റെ ഇഷ്ട വിനോദം.പറമ്പില്‍ ഇല്ലാത്ത മരങ്ങളും ചെടികളും ഇല്ല. ഒരിഞ്ചു സഥലം പോലും വെറുതേ കിടക്കില്ല.നിറയെ തെങ്ങ്,മാവ്,തേക്ക് ,ആഞ്ഞിലി തുടങ്ങിയ മരങ്ങളും അതിനിടയ്ക്ക് കൊക്കോ,ജാതി,വാഴ,വെറ്റില തുടങ്ങിയവ.അല്പം പോലും സ്ഥലം വെറുതേ കിടക്കാത്ത രീതിയിൽ പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നു.ഭൂമിയുടെ അതിരിലൂടെ നല്ല ഭംഗിയുള്ള ശീമക്കൊന്ന.ശീമക്കൊന്നയില്‍ ഉണ്ടാകുന്ന റോസ് നിറം ഉള്ള പൂക്കള്‍ കാണാന്‍ എന്തൊരു ഭംഗിയാണു ! കുല കുലയായി ആണു ശീമക്കൊന്ന പൂക്കുന്നത്.അന്നത്തെ കാലത്ത് ശീമക്കൊന്നയ്ക്ക് ഒരു വിലയും ഇല്ലായിരുന്നു.എങ്കിലും ഏതാനും വർഷങ്ങൾക്കു മുൻപ് വാനില കൃഷി പ്രചരിച്ച സമയത്ത് ശീമക്കൊന്ന കിട്ടാനില്ലായിരുന്നു.ശീമക്കൊന്നയ്ക്കും ദൗർലഭ്യം വന്ന സമയം !

പറമ്പില്‍ നല്ലൊരു കുളവും ഉണ്ടായിരുന്നു.പറമ്പ് മുഴുവന്‍ നനക്കാന്‍ മോട്ടോര്‍ വെച്ചിട്ടുണ്ടായിരുന്നു.നാട്ടിലെല്ലാവരുടെയും കൃഷി നനയ്ക്കാന്‍ ഞങ്ങളുടെ മോട്ടോര്‍ ആണു ഉപയോഗിച്ചിരുന്നത്.ഓസിനല്ലാ ട്ടോ.മണിക്കൂര്‍ വെച്ചു കാശു വാങ്ങും !!
ഞങ്ങൾ അലക്കാനും കുളിക്കാനും ഒക്കെ കുളത്തില്‍ പോകുമായിരുന്നു.നീന്താന്‍ പഠിച്ചതും ഈ കുളത്തില്‍ തന്നെ.പകൽ മുഴുവൻ നാട്ടുകാരുടെ പറമ്പു നനയ്ക്കും.എന്നിട്ട് ഞങ്ങളുടെ പറമ്പു നനയ്ക്കാൻ രാത്രിയിൽ ചൂട്ടും കത്തിച്ച് ഇറങ്ങും.എന്റെ അമ്മയ്ക്ക് അസാമാന്യ ധൈര്യം ആയിരുന്നു.എന്നെയും ചേച്ചിയേയും കൂട്ടി രാത്രി 10 മണിക്കൊക്കെ ഞങ്ങളുടെ പറമ്പു നനയ്ക്കാൻ പോയിട്ടുണ്ട് ഞങ്ങൾ.അമ്മക്കൊപ്പം വെള്ളം തിരിക്കാനും തെങ്ങും ജാതിയും മറ്റും നനയ്ക്കാനും പോയ കാര്യം ഇപ്പോൾ ഓർക്കുമ്പോൾ ഒരു ഉൾഭയം ആണു.അന്നു കള്ളന്മാരുടെ ശല്യം അത്ര രൂക്ഷമല്ല.ഇന്നോ ?


ഇഞ്ചി വിളവെടുക്കുന്ന സീസൺ ആകുമ്പോൾ നല്ല ജോലി ആണു.ജോലിക്കാരെ കൂട്ടി ഇഞ്ചി പറിക്കും.പകൽ ഇഞ്ചി ചുരണ്ടി തൊലി കളയും.അതിനും ജോലിക്കാർ ഉണ്ടാകും. തൊലി കളഞ്ഞ ഇഞ്ചി ഉണക്കി ചുക്ക് ആക്കാൻ വേണ്ടി പാറപ്പുറത്തിടും.രാത്രി പാറപ്പുറത്ത് ടെന്റ് കെട്ടി അവിടെ എല്ലാരും കൂടി താമസിക്കും.പകൽ ഉണങ്ങിയ ഇഞ്ചി ,രാത്രി തണുപ്പ് ആകുമ്പോളേ വാരി വെയ്ക്കൂ.രാത്രി ആണു ഇഞ്ചിയുടെ “ഇട കുത്തുന്നത് “. സന്ധ്യാ നേരത്തും പാറയുടെ ചൂടു കൊണ്ട് ഇഞ്ചി ഉണങ്ങും.രാത്രി ടെന്റിൽ കിടന്ന്,നിലാവ് കണ്ട് ഉറങ്ങാൻ എത്ര രസമായിരുന്നു.അച്ഛൻ പറയുന്ന കഥകളും അമ്മയുടെ പാട്ടും കേട്ട് രാത്രികൾ കഴിഞ്ഞിരുന്ന ആ കാലം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തവ ആൺ.ഒരിക്കലും തിരിച്ചു കിട്ടാത്തവയും.


അങ്ങനെയിരിക്കേ ഒരു ദിവസം പറമ്പിലൂടെ വെറുതേ ചുറ്റി നടന്നപ്പോള്‍ കുലയോടു കൂടി ഒരു പാളയങ്കോടന് വാഴ വീണു കിടക്കുന്നു.കുല മൂപ്പായിട്ടില്ല.അവിടെ കിടന്നു മൂക്കാന്‍ വേണ്ടി കുല വെട്ടിയിട്ടില്ല.വീണു കിടക്കുകയാണെങ്കിലും കുടപ്പന്‍ ദിവസവും വിടരും.വാഴത്തേൻ നുകരുക എന്നത് അന്നത്തെ ഇഷ്ടങ്ങളിൽ ഒന്നാണു.അതു പോലെ തന്നെ ആണു ചെത്തിപ്പൂവിന്റെ തേനും വലിച്ചു കുടിക്കാൻ ഇഷ്ടമാണു.വീണു കിടക്കുന്ന വാഴത്തേൻ എന്നും പോയി എടുക്കുക എന്റെ പതിവ് ചര്യ ആയി മാറി.


ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന കാപ്പി കുടി ഒക്കെ കഴിഞ്ഞു തേന്‍ എടുക്കാന്‍ ചെന്നപ്പോള്‍ വാഴക്കുടപ്പനരികില്‍ വാഴയിലകള്‍ക്കിടയില്‍ ഒരു ഉപ്പനും രണ്ടു കുഞ്ഞുങ്ങളും ! കുഞ്ഞുങ്ങള്‍ക്ക് ചിറകു മുളച്ചു തുടങ്ങിയിട്ടില്ല

ഇവരെന്നാണു ഇവിടെ താമസിക്കാന് വന്നത്.ഇന്നലെ വന്നപ്പോഴൊന്നും ഞാൻ കണ്ടില്ലല്ലോ എന്ന ആശ്ചര്യത്തോടേ ,കുഞ്ഞുങ്ങളെ ഒന്നു കൂടി അടുത്തു കാണാനായി ഞാന് ഉപ്പന്റെ അടുത്തേക്ക് നീങ്ങി ! ആളനക്കം കണ്ടിട്ടാവും ഉപ്പന്‍ പറന്നകന്നു.

കുഞ്ഞുങ്ങളെ ഓമനിക്കാനായി അടുത്തേക്ക് നീങ്ങിയ എന്റെ നേര്‍ക്ക് എവിടെ നിന്നെന്നറിയില്ല ഒരു കൂട്ടം കടന്നലുകള്‍ വന്നു എന്നെ പൊതിഞ്ഞു.

ഉറക്കെ കരഞ്ഞു കൊണ്ട് അന്നു ഓടീയ ഓട്ടം ഇന്ന് ഓടിയിരുന്നെങ്കില് ഇക്കഴിഞ്ഞ ഒളിമ്പിക്സ്സില് ഇന്ത്യക്കൊരു മെഡൽ ഉറപ്പായേനെ !!

വൈകുന്നേരമായപ്പോളെക്കും കടന്നലിന്റെ കുത്തു കിട്ടിയ സ്ഥലം ഒക്കെ നീരു വന്നു മെത്തി.എന്തു തിന്നിട്ടും എന്റെ കൊച്ചിനു വണ്ണം വെക്കുന്നില്ലേ എന്നു ദിവസവും പരാതി പറയുന്ന അമ്മക്ക് ആ പ്രയാസം മാറിക്കിട്ടി.ഉണങ്ങിയ വാനില പോലിരുന്ന ഞാൻ വൈകുന്നേരം ആയപ്പോളെക്കും കല്പനചേച്ചിയെ പോലെ സുന്ദരി ആയി !

അന്ന് ആ വേദന മാറാൻ വേണ്ടി അമ്മ ,മുക്കുറ്റി സമൂലം അരച്ചത് പുതു വെണ്ണ കൂട്ടി ചാലിച്ച് ദേഹമാസകലം പുരട്ടി തന്നു.അതു തന്നെ അലപം കഴിക്കാനും തന്നു.
തുമ്പപ്പൂവിന്റെ നീരും നെയ്യും കദളിപ്പഴവും ചേര്‍ത്തു കഴിക്കുന്നതും ഒത്തിരി നല്ലതാണു എന്നു പറഞ്ഞു കേട്ടു.
ചുമന്ന തുളസിയില,ചുമന്നുള്ളി ഇവ അരച്ച് കടന്നൽ കുത്ത് ഏറ്റ ഭാഗത്ത് ഇട്ടാൽ വേദനയും നീരും കുറയും.




ഒരു ഓഫ് : ഇനി ആര്‍ക്കെങ്കിലും കടന്നൽ കൂട് എടുക്കണം എന്നുള്ള അതി മോഹം വല്ലതും ഉണ്ടെങ്കിൽ ഞൊങ്ങണം പുല്ല്,അമരിയില,കൃഷ്ണതുളസിയില ഇവ അരച്ച് സര്‍വാംഗം പുരട്ടി കൂട് എടുത്താല് കടന്നലിന്റെ കുത്ത് കിട്ടിയാലും വിഷം ഏല്‍ക്കില്ലാത്രേ !!!


ചിത്രം : ഗൂഗിളിൽ നിന്നു കിട്ടിയത്

Monday, December 22, 2008

ഹലോ ! വെള്ളിത്തിരയിലേയ്ക്ക് സ്വാഗതം !

ഹലോ...

ഹലോ..

ഹലോ,വെള്ളിത്തിരയിലേക്ക് സ്വാഗതം.ആരാണു സംസാരിക്കുന്നത്?

ഞാൻ വെള്ളായണീന്ന് വേലായുധനാ.

അതെയോ.വേലായുധൻ എന്തു ചെയ്യുന്നു ?


ഞാൻ ഇപ്പോൾ വെള്ളിത്തിരയിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നു.

അതല്ല.വേലായുധനു എന്താണു ജോലി ?


എന്റെ മോനേ ! എനിക്കു ജോലി പശുവളർത്തൽ.ഞാൻ ഒരു ക്ഷീര കർഷകനാ!


അതെയോ! നന്നായി.ചേട്ടനെപ്പോലെ ഉള്ളവർ ഉള്ളതു കൊണ്ടാണല്ലോ ഞങ്ങൾ എല്ലാ ദിവസവും പാലും മുട്ടയും ഇറച്ചിയും കഴിച്ച് ജീവിക്കുന്നത്.


ങ്ങാ..അതെയതെ !

അതേയ് ചേട്ടനു ഇന്നു ഏതു പാട്ടാ കേൾക്കേണ്ടത്?

എനിക്ക് “ നാഴൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം “ എന്ന പാട്ടു വേണം.ഞാൻ പശുകൃഷി തുടങ്ങിയ കാലം മുതൽ വിചാരിക്കുന്നതാ ഈ പാട്ട് എനിക്കു റേഡിയോയിലൂടെ കേൾക്കണം എന്ന്!


അതൊരു നല്ല പാട്ടാ ചേട്ടാ. രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രത്തിൽ പി ഭാസ്കരൻ മാഷ് രചിച്ച്, കെ രാഘവൻ മാഷ് ഈണം നൽകി ശാന്ത പി നായരും ഗായത്രി കെ ബി യും കൂടി ആലപിച്ച ഈ പാട്ട് ചേട്ടനായി വയ്ക്കാം..

ഈ പാട്ട് ആർക്കെങ്കിലും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നോ ?


ഉണ്ട്.എനിക്ക് ദിവസേന 10 ലിറ്റർ പാലു തരുന്ന എന്റെ സ്വന്തം നന്ദിനിപ്പശുവിനും പിന്നെ അവളുടെ പാലു കൊണ്ട് ചായ ഉണ്ടാക്കുന്ന ഈ വെള്ളായണി നിവാസികൾക്കെല്ലാം വേണ്ടി ഡെഡിക്കേറ്റു ചെയ്യുന്നു.


ശരി വെള്ളായണിയിലെ വേലായുധൻ ചേട്ടനും ചേട്ടന്റെ നന്ദിനി പശുവിനും അവളുടെ പാലു കൊണ്ട് കാലത്തെ ചായ കുടിക്കുന്ന എല്ലാ വെള്ളായണിക്കാർക്കുമായി ഈ പാട്ടു സമർപ്പിക്കുന്നു.അപ്പോൾ ഒരു നല്ല പാട്ടു കേട്ടിട്ട് നമുക്ക് തിരിച്ചു വരാം !

Friday, December 12, 2008

തവള വിശേഷങ്ങള്‍..

ഇപ്പോൾ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഒരു ജീവി ആണല്ലോ തവള.പണ്ടൊക്കെ രാത്രിയിൽ പാടത്തു കൂടെ പെട്രോമാക്സും കത്തിച്ച് തവള പിടുത്തക്കാ‍ർ പോകുന്നത് ഒരു ഓർമ്മയായി മനസ്സിലിന്നും ഉണ്ട്.അങ്ങനെ കൊന്നൊടുക്കിയതു കൊണ്ടാണല്ലോ ഇന്ന് തവളയെ കാണാൻ പോലും കിട്ടാത്തത്.പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ ഡിസക്ഷൻ ചെയ്യാൻ വേണ്ടി തവളയെ പിടിക്കാൻ രാത്രി അച്ഛനൊപ്പം ചാക്കും തൂക്കി ഇറങ്ങിയിട്ടുണ്ട്.എത്ര നടന്നതിനു ശേഷമാണു ഒരു തവളയെ കിട്ടുക.ചെറുപ്പത്തിൽ ആണെങ്കിൽ വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുഴികളിൽ തവള മുട്ട ഇടുനതും അതു വെള്ളത്തിൽ കിടന്നു വിരിഞ്ഞു വാലുമാക്രി ആകുന്നതും വാലുമാക്രിയുടെ വാൽ പോയി തവള ആകുന്നതും എല്ലാം നിരീക്ഷിക്കുക ഒരു കൗതുകം ആയിരുന്നു.എന്റെ കുഞ്ഞുങ്ങൾക്ക് ആ ഭാഗ്യം ഇല്ലാ എന്നു മാത്രമല്ല ,തവളയെ കാണുമ്പോൾ അയ്യോ അമ്മേ തവള എന്നും പറഞ്ഞ് ചാടി കസേരയിൽ കയറും അവർ !
ലോകത്തിൽ കാണപ്പെടുന്ന വിവിധ തരം തവളകളെ പറ്റി ഒരു അന്വേഷണം.....

1 .ഗോള്‍ഡന്‍ റ്റോഡ്: കോസ്റ്റോറിക്കയില്‍ കാണപ്പെട്ടിരുന്ന ഇവ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു.




2.സൌത്ത് ആഫ്രിക്കന്‍ ഗോസ്റ്റ് ഫ്രോഗ്:





3. മലഗസി റെയിന്‍ ബോ ഫ്രോഗ്



4. ഡാര്‍വിന്‍ ഫ്രോഗ്



5. മിഡ്വൈഫ്ഫ് റ്റോഡ് : മുട്ടകളെയും വാലുമാക്രികളെയും ചുമലില് ചുമക്കുന്നു





6.ആഫ്രിക്കന് ജയന്റ് ഫ്രോഗ്:


തവളകളിലെ വമ്പന്‍. ആഫ്രിക്കയില് കാ‍ാണുന്ന ജയന്റ് ഫ്രോഗ് അഥവാ ഗോലിയാത്ത് തവളയാണ് എറ്റവും വലിറ്യ തവള.ഉദ്ദേശം ഒരു ഫീറ്റ് വലുപ്പത്തില് വളരും





7.ക്യൂബന്‍ ഫ്രോഗ്:തവളകളിലെ കുഞ്ഞന്‍.അര ഇഞ്ച് മാത്രം നീളം ഉള്ള കുഞ്ഞന്‍ തവള






8.അമേരിക്കനന്‍ ഹോണ്ഡ് ഫ്രോഗ്:
പട്ടി കുരക്കും പോലെ ശബ്ദം ഉണ്ടാക്കുന്ന തവള


9.പോയിസണ് ഡാര്‍ട്ട് ഫ്രോഗ് :ഈ വിഷത്തവളയുടെ തൊലിയിലെ വിഷം അമ്പില് പുരട്ടാന് ഉപയോഗികുന്നു.ഇതിന്റെ വിഷത്തില് നിന്നും വേര്‍തിരിക്കുന്ന എപ്പിബാറ്റിഡിന് എന്ന ആല്ക്കലോയ്ഡ് നല്ലൊരു വേദന സംഹാ‍ാരി അത്രെ !



10.തക്കാളി തവള ;
ശത്രുക്കളില് നിന്നും രക്ഷ നേടാന് ഉള്:ള വിദ്യയായി ശരീരം പെരുക്കി വലുതാക്കുന്നു


11.വൈറ്റ്സ് ട്രീ ഫ്രോഗ്: ഓന്തിന്റെ സ്വഭാവം ഉള്ള തവള.പരിസരത്തിനു യോജിക്കുന്ന വിധം നിറം മാറും





12.ഗാസ്ട്രിക് ബ്രൂഡിങ്ങ് ഫ്രോഗ്:മുട്ടകളെ വിഴുങ്ങി അവ വാല്‍മാക്രി ആയ ശേഷം പുറത്തു തള്ളുന്നു.





13.ക്രിക്കറ്റ് ഫ്രോഗ്:

ഏകദേശം 4 സെ മീ നീളമുള്ള ഇവക്ക് ഇവയുടെ ശരീര വലുപ്പത്തേക്കാള് 40 മടങ്ങു ദൂരത്തേക്ക് ചാടാന് കഴിയും !!





15.ലെപ്പേഡ് ഫ്രോഗ് : സൂത്രക്കാരന് തവള.ശത്രുക്കളില് നിന്നും രക്ഷ നേടാനായി ചത്തതു പോലെ അഭിനയിച്ചു കിടക്കും.ചിലവ ശത്രുക്കള് അടുത്തു വരുമ്പോള് ഉറക്കെ കരയും.ശത്രുക്കളെ കാണുമ്പോള് മൂത്രം ഒഴിക്കുന്ന ഇനവും ഉണ്ട്.മൂത്ര ഗന്ധം കൊണ്ട് പൊറുതി മുട്ടി ശത്രുക്കള് അകന്നു മാറിക്കൊള്ളും!!


ഇത് ഒരു ദിവസം രാത്രി വീട്ടിൽ എത്തിയ അതിഥി.നാടൻ തവള ! പച്ചത്തവള !





ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : ഗൂഗിൾ

Monday, November 17, 2008

പുളിയില ചമ്മന്തി

ഞങ്ങള്‍ പെരുമ്പാവൂരുകാരുടെ ഒരു ഇഷ്ട വിഭവം.വേറേ ഏതെങ്കിലും നാട്ടില്‍ ഈ ചമ്മന്തി പ്രചാരത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല.എന്തു തന്നെ ആയാലും ട്രെയിനില്‍ ഒക്കെ ദീര്‍ഘ ദൂര യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇത് ഉണ്ടാക്കാറുണ്ട്..നാരങ്ങാച്ചോറും ഈ ചമ്മന്തിയും യാത്രക്കിടയില്‍ കഴിക്കാനായി കരുതും.ഇടയ്ക്ക് വീട്ടില്‍ കൊഴുവ മീന്‍ വാങ്ങുന്ന ദിവസങ്ങളിലും ഇതു പരീക്ഷിക്കാറുണ്ട്.

തപ്പുമ്പോള്‍ കയ്യില്‍ തടയേണ്ട സാധനങ്ങള്‍

വാളന്‍ പുളിയുടെ തളിരില - ആവശ്യത്തിന് ( പുളിമരത്തില്‍ എത്രത്തോളം ഉണ്ടോ അത്രത്തോളം എടുക്കാം)
കാന്താരി മുളക് - മനോധര്‍മ്മം പോലെ എടുക്കാം
ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

വാളന്‍ പുളിയുടെ നല്ല തളിരില പറിക്കുക.നാരു കളഞ്ഞു വൃത്തിയാക്കിയ പുളിയില കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അമ്മിക്കല്ലില്‍ വച്ച് നന്നായി അരയ്ക്കുക.മിക്സിയിലും അരക്കാം .പക്ഷേ ചമ്മന്തി എന്ന പേരിനു പകരം കുമ്മന്തി എന്നു പേരിട്ട് വിളമ്പുന്നതായിരിക്കും ഉത്തമം എന്നെന്റെ അച്ഛന്‍ പറയും.അമ്മിക്കല്ലില്‍ അരച്ചാല്‍ അതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണു എന്നാണ് എന്റെ അഭിപ്രായം !



















അരച്ച കൂട്ട് നല്ല വാഴയിലയില്‍ പരത്തുക.അല്പം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ചേര്‍ക്കാം.ഓണത്തിനു നമ്മള്‍ പൂവട ഉണ്ടാക്കില്ലേ.അതു പോലെ അട പരത്തുന്നതു പോലെ പരത്തിയ ശേഷം ഇല മടക്കി വറകലത്തില്‍ വെച്ചു ചെറുതീയില്‍ ചുട്ടെടുക്കാം.വറകലം എന്നത് ഈ നാട്ടില്‍ ഞങ്ങള്‍ പറയുന്ന പേരാണു.പുട്ടിനൊക്കെ പൊടി വറുത്തെടുക്കുന്നത് ഈ വറകലത്തില്‍ ഇട്ടാണ്.അട പോലെ ആക്കിയ ചമ്മന്തി ഒരു ഇല കൂടി ചേര്‍ത്തു പൊതിയാം.ഈ മുകളിലെ ഇല കരിയുന്നതാണു പാകം.അട തിരിച്ചും മറിച്ചും ചുട്ടെടുക്കുക.















ഈ ചമ്മന്തിയുടെ സ്വാദ് ഇതു കഴിച്ചവര്‍ ആരും തന്നെ മറക്കില്ല..ഇവിടെ മഴക്കാലത്ത് ഊത്ത പിടിക്കുന്ന സമയത്ത് നല്ല പരല്‍ മീന്‍ കിട്ടും.ഈ പരല്‍ മീന്‍ ഇട്ട് ഈ ചമ്മന്തി ഉണ്ടാക്കിയാല്‍ ബഹു വിശേഷം ! പരല്‍ ഇല്ലെങ്കില്‍ നാട്ടില്‍ കിട്ടുന്ന കൊഴുവ മീനും ഉപയോഗിക്കാം.ഇല അരച്ചതില്‍ മീന്‍ കൂട്ടി ഇളക്കി ചുട്ടെടുക്കാം.എന്റെ നിര്‍ഭാഗ്യം .ഇന്നു ഇതു വഴി മീന്‍ വന്നില്ല.



നന്നായി ഉണങ്ങിയാല്‍ ഒരാഴ്ച്ച വരെ ഈ ചമ്മന്തി കേടാകാതിരിക്കും.ഒന്നു പരീക്ഷിക്കുന്നോ ???





പനച്ചി പുളിയില എന്നു ഞങ്ങള്‍ പറയുന്നത് ഈ ചെടിയെ ആണ്.റ്റോണ്‍സിലൈറ്റിസ് വരുമ്പോള്‍ 7 പനച്ചി പുളിയില എടുത്ത്,ഓരോ പുളിയിലയിലും ഒരു കുരുമുളകും ഒരു കല്ലു ഉപ്പും വെച്ച് ,കിണറിന് 7 പ്രദക്ഷിണം ചെയ്ത ശേഷം കഴിക്കുന്നത് ഞങ്ങളുടെ ഒറ്റമൂലി..അസംബന്ധം എന്നും പറഞ്ഞ് ആരും തല്ലാന്‍ വരണ്ടാ.ഇവിടുത്തെ നാട്ടു നടപ്പാ ഞാന്‍ പറഞ്ഞത് !!










Saturday, November 8, 2008

കള്ളിന് ഇങ്ങനെയും ഉപയോഗമോ ????





എന്നെ ഇവിടെയ്ക്ക് കല്യാണം കഴിച്ചു കൊണ്ടു വന്ന കാലം മുതല്‍ക്കേ വീട്ടില്‍ ഒരിക്കലും ഒഴിവാകാത്ത ഒരു കാര്യം ഉണ്ട്.കള്ള് !!! ഒരു പന എങ്കിലും ചെത്താന്‍ എന്നും ഉണ്ടാകും.അതു കൊണ്ടെന്താ അച്ഛനും മക്കളും നല്ല പോലെ കള്ള് കുടിക്കും. ആദ്യമൊക്കെ എന്റെ മക്കള്‍ക്കും കൊടുക്കുമായിരുന്നു.പക്ഷേ എനിക്കിത്രേം ദേഷ്യം ഉള്ള ഒരു സാധനം വേറെ ഇല്ല.ഞാന്‍ വഴക്കുണ്ടാക്കും.അപ്പോള്‍ കണ്ണനടക്കം എല്ലാരും എന്നോടു പറയും കള്ളില്‍ വിറ്റാമിന്‍ എ ഉണ്ട്..ബി ഉണ്ട്...സി ഉണ്ട്... എന്നൊക്കെ..കള്ള് കുടിപ്പിച്ചിട്ട് എന്റെ മക്കള്‍ക്ക് ആരോഗ്യം ഉണ്ടാകണ്ടാ .ഞങ്ങള്‍ തമ്മില്‍ പിണങ്ങുന്ന ഒരു കാരണം ഇതായിരുന്നു.എന്റെ വഴക്ക് പേടിച്ച് അച്ഛനും ചേട്ടന്മാരും ഒക്കെ കൊടുത്താലും മക്കള്‍ കഴിക്കാതായി.

ആദ്യമൊക്കെ പനയുടെ തൈകള്‍ പറമ്പില്‍ ഓരോ സ്ഥലത്തായി മുളച്ചു വരുമ്പോള്‍ ഞാന്‍ നല്ല തിളച്ച വെള്ളം ആരും കാണാതെ പനം തൈയുടെ ചുവട്ടില്‍ കൊണ്ടു പോയി ഒഴിക്കുമായിരുന്നു.. പന വളരാതെ ഇരിക്കട്ടെ എന്നോര്‍ത്ത്..പക്ഷേ എന്റെ പ്രാര്‍ഥനയൊക്കെ വെറുതേ...പന പോലെ വളര്‍ന്നു എന്നു പറയും പോലെ എല്ലാ പനകളും വളര്‍ന്നു..കുല ഉണ്ടായി..കുല ചെത്തി കള്ളും ഉണ്ടായി.







ഒരു സമയത്ത് ഒരു പനയേ ചെത്താന്‍ ഉണ്ടാവാറുള്ളൂ.എന്തിനാ ധാരാളം അല്ലേ...രാവിലെ ലഭിക്കുന്ന കള്ള് , ചെത്തുകാരന്‍ പയ്യന്‍ കൊണ്ട് പോകും.രാവിലത്തെ കള്ള് ഷാപ്പില്‍ അളക്കാന്‍ ഉള്ളതാണ്.വൈകിട്ടത്തെ കള്ളു നമുക്ക് തരും.പന ചെത്താന്‍ അനുവദിക്കുന്നതിന്റെ കൂലി കള്ള് ആയിട്ടാണു തരുക.അതു ചിലപ്പോള്‍ ഒക്കെ അപ്പം ഉണ്ടാക്കാന്‍ എടുക്കും..ആഴ്ച്ചയില്‍ ഒന്നോ രണ്ടൊ ദിവസം അല്ലേ അപ്പം ഉണ്ടാക്കാന്‍ പറ്റൂ.അതിന് ആണെങ്കിലും ഒരു ഗ്ലാസ്സ് കള്ള് മതിയാകും.ബാക്കിയുള്ള കള്ള് അച്ഛന്‍ കുടിക്കും..ചേട്ടന്മാര്‍ക്കു രണ്ടു പേര്‍ക്കും കൊടുത്തു കഴിഞ്ഞും ചിലപ്പോള്‍ മിച്ചമുണ്ടാകും.അതു ഞാന്‍ വിനാഗിരി ആക്കും.

കള്ളില്‍ നിന്നു നല്ല വിനാഗിരി ( ചൊറുക്ക എന്ന് ഞങ്ങള്‍ നാടന്‍ ഭാഷയില്‍ പറയും ) ഉണ്ടാക്കാം.2 ലിറ്റര്‍ കള്ളില്‍ 1 ഗ്രാം യീസ്റ്റും 20 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ഒരു ഭരണിയില്‍ അടച്ചു തുണി കൊണ്ട് മൂടി കെട്ടി വെക്കുക.21 ദിവസം കഴിയുമ്പോള്‍ കള്ളിലുള്ള പഞ്ചസാര 5 % വീര്യം ഉള്ള അസറ്റിക് ആസിഡ് അഥവാ വിനാഗിരി ആയി മാറുന്നു.നല്ല കള്ളാണെങ്കില്‍ പ്രത്യേകം പരിചരണങ്ങള്‍ ഇല്ലാതെ തന്നെ നല്ല വിനാഗിരി കിട്ടും.

കള്ളില്‍ നിന്നു ചില ഇടങ്ങളില്‍ “ പനം പാനി “ ഉണ്ടാക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.കള്ളു തിളപ്പിച്ചു വറ്റിച്ചാണു ഇതുണ്ടാക്കുന്നത്.ഉദ്ദേശം 7 മണിക്കൂറോളം ചെറുതീയില്‍ കള്ളു വറ്റിയ്ക്കണം.തീ അണയ്ക്കരുത്.എന്നാല്‍ തീ അധികമായി കള്ളു തിളച്ചു തൂവുകയും അരുത്.

പണ്ടൊക്കെ കോട്ടയം സൈഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ വിവാഹ സദ്യയ്ക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നത്രേ പനമ്പാനി.സദ്യ കഴിയുമ്പോള്‍ പാനിയും പഴവും കൂടി കഴിക്കും.ഹിന്ദു സദ്യകളില്‍ പായസം കഴിക്കുന്നതു പോലെ.തേന്‍ പോലെ സ്വാദിഷ്ടമായ പനമ്പാനി റൊട്ടിയുടെയും പുട്ടിന്റെയും കൂടെ കഴിക്കാനും അവല്‍ നനക്കാനും ഒക്കെ നല്ലതാണെന്നു പറയുന്നു.ഔഷധ ഗുണം ഉണ്ടെന്നും പറയുന്നു.ചിക്കന്‍ പോക്സ് ഉണ്ടാകുമ്പോള്‍ പനമ്പാനി രോഗിക്കു നല്‍കാറുണ്ട് എന്നു പറയപ്പെടുന്നു,..ഇതിനെ കുറിച്ചുള്ള ശാസ്ത്രീയത ഒന്നും എനിക്കറിയില്ല ട്ടോ..


അപ്പോള്‍ ഞാന്‍ പറയാന്‍ തുടങ്ങിയത് ഈ കള്ളൊക്കെ മനുഷ്യര്‍ കുടിക്കാതെ, ഇതു പോലുള്ള ബൈ പ്രോഡക്റ്റ്സ് ആക്കിയാല്‍ പോരേ.?


ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍

Saturday, October 25, 2008

ജാതിക്കാരിഷ്ടം




നമ്മുടെ നാട്ടില്‍ ധാരാളം ജാതിക്കാ ഉണ്ടല്ലോ..ജാതിക്കയും ജാതി പത്രിയും എടുത്ത ശേഷം ജാതി തൊണ്ട് നമ്മള്‍ കളയാറാണു പതിവ്..പണ്ടു സ്കൂളില്‍ പോയിരുന്ന കാലത്ത് ജാതിതൊണ്ട് ഉപ്പു ചേര്‍ത്ത് തിന്നാനുള്ള ഒരു രസം..ഇപ്പോളും ജാതി തൊണ്ട് തിന്നുക എന്നത് എനിക്കു പ്രിയം തന്നെ.ഇപ്പോള്‍ ജാതി തൊണ്ട് അച്ചാറ് ഇട്ട് കൂട്ടാറുണ്ട്.നല്ല രുചിയാണ് ഈ അച്ചാറിന്.

ജാതിക്കയുടെ ഔഷധ ഗുണങ്ങള്‍ കുറെയൊക്കെ അതിന്റെ തൊണ്ടിലും ഉണ്ട്.അല്പ സമയം ചെലവാക്കാന്‍ ഉണ്ടെങ്കില്‍ ജാതിതൊണ്ടും നമുക്ക് പ്രയോജനപ്പെടുത്താം.ഇതു കൊണ്ട് നമുക്ക് ജാതിക്കാരിഷ്ടം/ ജാതിക്കാ വൈന്‍ ഉണ്ടാക്കാം.അമ്മ എണീറ്റു നടക്കുന്ന കാലത്ത് ഇവിടെ ഇത് ഉണ്ടാക്കാറുണ്ടായിറ്രുന്നു.ഇപ്പോള്‍ ഉണ്ടാക്കാന്‍ ഞാന്‍ മെനക്കെടാറില്ല.എങ്കിലും സമയം കിട്ടുമ്പോള്‍ ഒന്നു കൂടി ഉണ്ടാക്കി നോക്കണം എന്നു വിചാരിക്കുന്നു. ഞങ്ങള്‍ ഇത് ഉണ്ടാക്കാറുള്ള വിധം നിങ്ങള്‍ക്കായി ഞാന്‍ എഴുതട്ടെ.

തപ്പുമ്പോള്‍ കൈയ്യില്‍ തടയേണ്ട സാധനങ്ങള്‍

ജാതിക്കാതൊണ്ട് - 10 കിലോ
ശര്‍ക്കര -3 കിലോ
താതിരിപ്പൂവ് - 100 ഗ്രാം ( അങ്ങാടിമരുന്നു കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും.ഇതിനു വേറെ വല്ല പേരും ഉണ്ടോ എന്നെനിക്കറിയില്ല )
കോലരക്ക് - 100 ഗ്രാം
ഗ്രാമ്പൂ,ഏലം - കുറച്ച്
ഗോതമ്പ് - ഒരു പിടി

ഉണ്ടാക്കുന്ന വിധം

ജാതിക്കാതൊണ്ട് നന്നായി കഴുകിയെടുത്ത് വെള്ളം വാര്‍ന്നു പോയതിനു ശേഷം ഭരണിയില്‍ അട്ടിയായി നിരത്തുക.ഒരട്ടി ജാതിക്കാതൊണ്ട് നിരത്തി അതിനു മേലേ ശര്‍ക്കര ഇടുക.ഇങ്ങനെ ജാതിക്കാതൊണ്ടും ശര്‍ക്കരയും അട്ടികളായി നിരത്തുക.ഇതിനിടയില്‍ കുറെശ്ശെ താതിരിപ്പൂവും കോലരക്കും ഗ്രാമ്പൂവും ഏലവും പൊടിച്ചു വിതറാം.അരിഷ്ടം എളുപ്പം പുളിക്കുന്നതിനായി ഒരു പിടി ഗോതമ്പു ചതച്ചിടാവുന്നതാണ്.ഭരണി നിറഞ്ഞതിനു ശേഷം ഭദ്രമായി അടച്ചു വെക്കുക.41 ദിവസം കഴിയുമ്പോള്‍ ഭരണി തുറന്ന് അരിഷ്ടം ഊറ്റിയെടുക്കാം.
ദഹനക്കേടിനും വയറ്റിലുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ക്കും നല്ലതാണ് ഈ അരിഷ്ടം.ഇത് ഉണ്ടാകുമ്പോള്‍ വെള്ളം അതില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണേ....


അപ്പോള്‍ നാട്ടില്‍ ഉള്ളവര്‍ ഇതുണ്ടാക്കി നോക്കിയിട്ട് വിവരം അറിയിക്കണേ...

Saturday, September 20, 2008

പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ ??

2002 ആഗസ്റ്റ് മാസത്തിലെ ഒരു തണുത്ത പ്രഭാതം ! നനുത്ത ചാറ്റല്‍ മഴ ഉണ്ടായിരുന്നു രാവിലെ.ഹണി നാട്ടിലുണ്ട് അന്ന്.ഞാനന്ന് 7 മാസം ഗര്‍ഭിണി ആണ്.എല്ലാ മാസവും ചെക്ക് അപ്പിനു പോകണം.ഗര്‍ഭം ഒരു രോഗം അല്ലെങ്കിലും അതൊഴിവാക്കാന്‍ വയ്യല്ലോ.ഹോസ്പിറ്റലില്‍ പോകാനായി സാരി മാറി ഇറങ്ങിയപ്പോള്‍ കണ്ണന്‍ ബൈക്കിന്റെ കീയും എടുത്ത് റെഡിയായി നില്‍ക്കുന്നു

“ ഈ മഴയത്ത് ബൈക്കില്‍ പോകാനോ ? കാറെടുക്ക് കണ്ണാ “

“ഓ..ഇത്ര ദൂരമല്ലേ ഉള്ളൂ.ടൌണിലെ ട്രാഫിക് ജാമില്‍ പെട്ടാല്‍ ആകെ കുരിശാകും .നമുക്ക് ഇതില്‍ പോകാം “

ഹോ ! ഈ മനുഷ്യന്റെ ഒരു കാര്യം.ഇങ്ങനെ ഒരു സ്വഭാവം ! ഇനി ഇതെന്നു നന്നാവുമോ ?

എന്നൊക്കെ മനസ്സില്‍ പ്രാകികൊണ്ട് ബൈക്കില്‍ കയറിയിരുന്നു.റെയിന്‍ കോട്ട് കണ്ണനു മാത്രേ ഉള്ളൂ.എനിക്കില്ല.ബൈക്കില്‍ കയറി യാത്ര തുടങ്ങി അല്പദൂരം കഴിഞ്ഞപ്പോളേക്കും മഴ കൂടി തുടങ്ങി.കണ്ണന്‍ പറഞ്ഞു ആ കുട എടുത്ത് ചൂടിക്കോ.

ഹും കുട ! എനിക്കെങ്ങും വേണ്ടാ..ഈ മഴ നനഞ്ഞ് ഞാനങ്ങ് ചത്തു പോകട്ടെ.അപ്പോള്‍ നിങ്ങള്‍ക്ക് വേറെ കല്യാണം കഴിക്കാല്ലോ.എന്നോട് അല്പം എങ്കിലും സ്നേഹം ഉണ്ടെങ്കില്‍ ഈ മഴയത്ത് ഈ ബൈക്കിനു പുറകില്‍ ഇരുത്തി ഇങ്ങനെ കൊണ്ടു പോകുമോ ? “

ഇങ്ങനെ ഒക്കെ മനസ്സില്‍ പറഞ്ഞ് കൊണ്ട് കണ്ണന്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ ഇരുന്നു.എത്ര നിര്‍ബന്ധിച്ചാലും ഞാന്‍ കുട ചൂടില്ലെന്ന് മനസ്സിലാക്കി കണ്ണനും റെയിന്‍ കോട്ട് ധരിച്ചില്ല..പാവം..... ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവ് തന്നെ........

യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ദേഷ്യവും സങ്കടവും പ്രകടിപ്പിക്കാനായി കക്ഷിയുടേ ദേഹത്ത് മുട്ടാതെ ശ്രദ്ധിച്ചാണ് എന്റെ ഇരിപ്പ്.അല്ലെങ്കില്‍ പുള്ളിക്കാരന്റെ വയറ്റില്‍ ചുറ്റിപിടിച്ചിരിക്കുന്നതാണ് ഏറ്റവും സുഖം.ഒരു കാലത്ത് കാറില്‍ പോകുനതിനേക്കാളും ബൈക്കിലെ യാത്ര ആയിരുന്നു ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതും !!

എന്റെ വീര്‍ത്ത മുഖം കണ്ണാടിയിലൂടെ കണ്ണനു കാണാം.ഒരു ചെറു ചിരി ആ ചുണ്ടില്‍ വിരിയുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് സ്വതവേ വീര്‍ത്ത മുഖം അലപം കൂടെ വീര്‍പ്പിച്ച് ഞാന്‍ ഇരുന്നു.അല്ലെങ്കിലും അതു ഗര്‍ഭിണി ആയ ഭാര്യയുടെ അവകാശമല്ലേ !അല്ലാത്ത സമയത്ത് ഈ വക സ്വഭാവം കാണിച്ചാല്‍ എന്റെ പുറം എപ്പോള്‍ പൊളിഞ്ഞൂ എന്നു ചോദിച്ചാല്‍ പോരേ..ഇത് കുഞ്ഞിനെ ഓര്‍ത്ത് നമ്മളെ ഒന്നും ചെയ്യില്ലല്ലോ..

സ്പീഡ് വളരെ കുറച്ചാണ് കണ്ണന്‍ വണ്ടി ഓടിച്ചിരുന്നത്.എന്നിട്ടും ഒരു വളവു തിരിഞ്ഞപ്പോള്‍ വണ്ടിയുടെ ടയറുകള്‍ മണ്ണില്‍ ഉരയുന്ന ഒച്ച..എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാക്കുമ്പോളേക്കും ഞാന്‍ മണ്ണില്‍ രണ്ടു കൈയ്യും കുത്തി വീണിരുന്നു.

റോഡില്‍ നിറയെ മഴവെള്ളം ആയിരുന്നു.ആ ചെളിവെള്ളത്തിലേക്കാണു ഞാന്‍ സ്ലോ മോഷനില്‍ പോയി വീണത്.ആകെ നനഞ്ഞ് സാരിയൊക്കെ ദേഹത്ത് ഒട്ടി.

കണ്ണന്‍ വണ്ടി ഒതുക്കി വെച്ച് ഓടി വന്നു എന്റെ അടുത്തേക്ക്.എണീക്കാന്‍ പോലും വയ്യാതെ കിടക്കുന്ന എനിക്ക് ആകെ വിറഞ്ഞു കയറി.സങ്കടവും ദേഷ്യവും എല്ലാം മനസ്സില്‍ ഒതുക്കി രൂക്ഷമായി ഞാന്‍ കണ്ണനെ ഒന്നു നോക്കി.

കനിവൂറുന്ന കണ്ണുകളോടെ എന്നെ നോക്കിയ കണ്ണന്റെ മുഖത്തെ വിഷമം കണ്ടപ്പോള്‍ എനിക്കും സങ്കടം തോന്നി.

“ മോളേ ..വല്ലതും പറ്റിയോടാ “ എന്ന ചോദ്യം കൂടെ കേട്ടതോടെ സങ്കടം അണ പൊട്ടിയൊഴുകി.നടുറോഡാണ് എന്നു പോലും ഓര്‍ക്കാതെ ഉറക്കെ കരഞ്ഞു.

അല്ലെങ്കിലും എത്ര പിണക്കമാണെങ്കിലും “ മോളേ “ എന്ന ഒറ്റ വിളിയില്‍ എല്ലാ പിണക്കവും അലിയാറുണ്ട് എന്നത് കണ്ണനും അറിയാം ..

അപ്പോഴേക്കും നാട്ടുകാരും ഓടികൂടി.അപ്പുറത്ത് അമിത സ്പീഡില്‍ പാഞ്ഞു വന്ന ഒരു ടിപ്പര്‍ ലോറി ആയിരുന്നു.കണ്ണന്‍ സമയത്ത് ബ്രേക്ക് ഇട്ടതു കൊണ്ട് ഒന്നും സംഭവിച്ചില്ല.

ദൈവം എപ്പോഴും കൂടെ ഉള്ളതു കൊണ്ട് ആ വീഴ്ചയില്‍ എന്റെ കുഞ്ഞിനും ഒന്നും സംഭവിച്ചില്ല.വയര്‍ ഇടിച്ചായിരുന്നു വീണിരുന്നതെങ്കിലോ ...അതെനിക്കോര്‍ക്കാന്‍ പോലും വയ്യ..ഏതു പ്രതിസന്ധി ഘട്ടത്തിലും എനിക്ക് താങ്ങായി ദൈവം ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

തൊട്ടടുത്ത വീട്ടിലേക്ക് അവര്‍ ക്ഷണിച്ചു.അവിടെ കയറി അവര്‍ തന്ന കട്ടനും കുടിച്ച് ഇരുന്നപ്പോള്‍ ആ വീട്ടിലെ ചേച്ചി ചേച്ചിയുടെ ഒരു സാരി എനിക്കെടുത്തു തന്നു ..ഞാനാകെ നനഞ്ഞു കുളിച്ചിരിക്കുകയല്ലേ.

ഞാന്‍ പറഞ്ഞു വേണ്ട.ചേച്ചീ..എനിക്ക് വീട്ടില്‍ പോകണം

കണ്ണനെയും വിളിച്ച് വീട്ടില്‍ പോയി സാരി മാറി ആണു അന്നു പിന്നെ ഹോസ്പിറ്റലില്‍ പോയത്.രണ്ടാമതു പോയപ്പോള്‍ ബൈക്ക് അല്ലാ എടുത്തത്.കാറായിരുന്നു.
പോകും വഴിക്ക് ഞാന്‍ ചോദിച്ചു ഈ ബുദ്ധി ആദ്യം തോന്നിയിരുന്നെങ്കില്‍ എനിക്ക് ഈ വേദന സഹിക്കേണ്ടി വരുമായിരുന്നോ ??

അപ്പോള്‍ കണ്ണന്‍ പറഞ്ഞ മറുപടി അപ്പോള്‍ കാറിലായിരുന്നു നമ്മളെങ്കില്‍ നമ്മളേ റോഡില്‍ നിന്നും വാരിയെടുക്കേണ്ടി വന്നേനേ !!!!



ഈ മഹത്തായ സംഭവം കാരണം എനിക്കൊരു വാശി കയറി.ഡ്രൈവിംഗ് പഠിച്ചേ തീരൂ എന്ന്..പ്രസവം കഴിഞ്ഞു ഞാന്‍ അതു സാധിക്കുക തന്നെ ചെയ്തു..അതൊരു വലിയ സംഭവം ആയിരുന്നു.ഡ്രൈവിങ്ങ് പഠിച്ചതിന്റെ വിശേഷങ്ങള്‍ ഇനിയൊരു പോസ്റ്റില്‍ എഴുതാം.

Saturday, September 13, 2008

ഇന്നലെ ഓണമായിരുന്നു !!!!










ഇന്നലെ ഓണമായിരുന്നു.മലയാളികള്‍ എല്ലാ വര്‍ഷവും സന്തോഷത്തോടെ മാവേലിയുടെ വരവ് ആഘോഷിക്കുന്ന സുദിനം.പ്രജകളുടെ ക്ഷേമം കാണാന്‍ മാവേലിത്തമ്പുരാന്‍ എഴുന്നള്ളുന്നു.ഐശ്വര്യത്തിന്റെയും സമ്പല്സമൃദ്ധിയുടെയും ആശംസകള്‍ ഏറേ എസ് എം എസ് വഴിയും മെയിലുകള്‍ വഴിയും ലഭിച്ചു.എങ്കിലും ഓണം സന്തോഷമാണോ നല്‍കിയത് എന്നു ചോദിച്ചാല്‍ അല്ലാ എന്നു തന്നെ ആണ് എന്റെ ഉത്തരം.അതിനു കാരണം അന്വേഷിച്ചാലോ ? എല്ലാവര്‍ക്കും ഒരു പക്ഷേ ചിരി വരും.പക്ഷേ എനിക്ക് വരുന്നത് നൊമ്പരക്കണ്ണീരാണ്.ഇന്നലെ വിരഹത്തിന്റെ ദിനമായിരുന്നു.വിരസത നിറഞ്ഞു നിന്ന മറ്റൊരു ദിനം ! എത്രയോ വര്‍ഷങ്ങളായി കുടുംബ സമേതം ഓണം ഉണ്ടിട്ട്.

പ്രവാസിയായ ഭര്‍ത്താവ് ഫോണിലൂടെ ഓണാശംസകള്‍ അറിയിച്ചു.മക്കള്‍ ഓണാവധി ആഘോഷിക്കാനായി എന്റെ വീട്ടിലേക്കും പോയി.അവിടെ എന്റെ ആങ്ങളയുടെ മക്കള്‍ ഉള്ളതിനാല്‍ അവര്‍ക്ക് രസം അവിടെ ആണ്.ഓണം ഇവിടെ കൂടാം മക്കളേ എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഇത്തവണ മാമന്റെ വീട്ടിലാ ഓണം ഉണ്ണുന്നേ എന്നു പറഞ്ഞു മക്കള്‍ !!


പുലര്‍ച്ചെ എണീറ്റ് മാവേലിക്ക് പൂവട നേദിച്ചപ്പോള്‍ തുടങ്ങി എന്റേ ഓണാഘോഷം.പൂവിളി വിളിക്കല്‍ ഇപ്പോള്‍ പതിവില്ലല്ലോ.അതിനു ശേഷം അടുക്കളയിലേക്ക്.മക്കള്‍ അടുത്തില്ലെങ്കിലും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഉണ്ട്.അമ്മ ശയ്യാവലംബി ആയിട്ട് ഒരു വര്‍ഷത്തിലേറേയായി.ശരീരത്തിന്റെ വലതു ഭാഗം പൂര്‍ണ്ണമായും തളര്‍ന്ന് കിടക്കുന്നു.അവരെ ഓണമൂട്ടാതെ വയ്യ.അതിനാല്‍ മടി ഒക്കെ മാറ്റി വെച്ച് സദ്യ ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.സാമ്പാര്‍.അവിയല്‍.തോരന്‍.ഇഞ്ചിക്കറി.ഉള്ളിക്കറി,കാളന്‍ എന്നിവ ഉണ്ടാക്കി.അച്ചാര്‍ 2 കൂട്ടം ഉത്രാടത്തിന്റന്നേ ഉണ്ടാക്കിയിരുന്നു.ഉപ്പേരി ഒക്കെ പാക്കറ്റ് ആയി വാങ്ങി.പിന്നെ ഉള്ളത് പായസം ആണ്.പാലട ഉണ്ടാക്കി.പപ്പടവും കാച്ചിയതോടെ സദ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അമ്മയെ കുളിപ്പിച്ചു ചോറ് വാരിക്കൊടുത്തു.അച്ഛനും ഇലയിട്ട് സദ്യ കൊടുത്തു.ഇനി എന്റെ ഊഴം! ഒറ്റക്ക് ഇരുന്നു സദ്യ.കണ്ണില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു.പറയാനാവാത്ത ഒരു നൊമ്പരം! എനിക്ക് കണ്ണനെ വിളിക്കണം എന്നു തോന്നി.വിളിച്ചു .കുറെ സങ്കടവും പരാതിയും പരിഭവവും ഒക്കെ പറഞ്ഞു..എനിക്കിങ്ങനെ ജീവിക്കണ്ടാ ന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം..പാവം അദ്ദേഹത്തിന് സങ്കടം .എന്തു ചെയ്യാന്‍ പറ്റും.ഒന്നും ചെയ്യാനില്ല.

ഓണം എങ്ങനെ ഉണ്ടായിരുന്നു എന്നു കണ്ണന്‍ ചോദിച്ചു.ഇതാണോ ഓണം ? ഇതാണോ സന്തോഷം ?ഇങ്ങനെ ആണൊ സമാധാനം ?
തിരുവോണമായിട്ടും നല്ല മഴ ആയിരുന്നു.പുറത്ത് പെരുമഴ.മനസ്സില്‍ കണ്ണീര്‍ മഴ !

ഒരുമിച്ച് ഓണം ഉണ്ണണ്ണമെങ്കില്‍ ഇനി എത്ര കാലം കഴിയണം ? മക്കളുടെ കല്യാണം ഒക്കെ കഴിഞ്ഞ് കുഴിയിലേക്ക് കാലു നീട്ടുമ്പൊള്‍ പറ്റുമായിരിക്കും .

ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര്...

എന്ന് മനസില്‍ പാടിക്കൊണ്ട് ഞാന്‍ ഇരിക്കുന്നു.എല്ലാ പ്രവാസിമാരുടെയും ഭാര്യമാര്‍ക്ക് ഈ അവസ്ഥ തന്നെ ആയിരിക്കുമല്ലോ അല്ലേ.നാട്ടില്‍ അച്ഛനും അമ്മയും ഉള്ളതിനാല്‍ കൂടെ പോകാന്‍ പറ്റില്ല.ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഒറ്റക്ക് തീരുമാനം എടുക്കേണ്ടി വരുന്നു.വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഒപ്പം ഓഫീസ് ജോലികളും.വല്ലാത്ത റ്റെന്‍ഷന്‍ തോന്നുമ്പോള്‍ ഒരു ഫോണ്‍ കാളിന്റെ അകലം മാത്രമേ ഉള്ളല്ലോ എന്നതാണ് ഒരു സമാധാനം !

Friday, September 5, 2008

ഒരു യാത്രയുടെ സ്മരണക്ക്





വിവാഹം കഴിഞ്ഞ് ഭര്‍തൃ ഭവനത്തില്‍ എത്തി ആദ്യം നടത്തിയ യാത്ര വീടിന് അടുത്ത് തന്നെ ഉള്ള കാവിലേക്കാണ്.ഞങ്ങളുടെ വീട്ടില്‍ നിന്നും നടന്നു പോകാന്‍ ഉള്ള ദൂരമേ അന്നുണ്ടായിരുന്നുള്ളൂ..ഇന്നാണെങ്കില്‍ വണ്ടിയും സൌകര്യങ്ങളും ഒക്കെ ആയപ്പോള്‍ നടക്കുന്ന കാര്യം അല്പം വിഷമം ആണ് എന്നു മാത്രം !!


കേരളത്തിലെ ഏറ്റവും വലിയ കാവ് ആണ് ഇരിങ്ങോള്‍ കാവ്.പെരുമ്പാവൂര്‍ നഗര പരിധിക്കുള്ളിലല്‍ ഏകദേശം 20 ഹെക്ടര്‍ ചുറ്റളവിലുള്ള ഒരു വനത്തിനു നടുവില്‍ ഉള്ള ഒരു ദേവീക്ഷേത്രം ! നഗരത്തിനുള്ളിലെ ഈ കാടു തന്നെ ഒരു വിസ്മയം ആണ്. 20.234 ഹെക്ടര്‍ വിസ്തീര്‍ണ്ണം ഉള്ള ഇരിങ്ങോള്‍ കാവിലെ പ്രതിഷ്ഠ ദേവി ആണു.ഭഗവതി ഇവിടെ 3 രൂപത്തില് കാണുന്നു. രാവിലെ സരസ്വതീ ദേവി,ഉച്ചക്ക് വന ദുര്‍ഗ്ഗ,രാ‍ത്രിയില്‍ ഭദ്രകാളി എന്നിങ്ങനെ ആണു ദേവിയുടെ രൂപങ്ങള്‍.

ചെത്തി,തുളസി, താമര എന്നിവ മാത്രമേ ഇവിടെ പൂജക്ക് ഉപയോഗിക്കാറുള്ളൂ.ഇവിടെക്കുള്ള ചന്ദനം ഈ കാട്ടില്‍ നിന്നു തന്നെ ആണു എടുക്കുന്നത്.അന്നന്നത്തെ ആവശ്യത്തിനുള്ള ചന്ദനവേര് ക്ഷേത്രക്കുളത്തിലേക്ക് വളര്‍ന്നു വരും എന്നാണു വിശ്വാസം !!

ഉപദേവന്മാര്‍ ഇല്ലാത്ത കേരളത്തിലെ തന്നെ അത്യപൂര്‍വ്വമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

പണ്ട് ഇരിങ്ങോള്‍ കാവ് 32 ഇല്ലങ്ങളുടെ ഭരണത്തിന് കീഴിലായിരുന്നു.ഇപ്പോള് അതു തിരുവിതാംകൂര് ദേവസ്വം ബോര്‍ഡ് ആണു നിയന്ത്രിക്കുന്നത്.


പ്രകൃതി ക്ഷോഭങ്ങളെയും മനുഷ്യന്റെ അത്യാര്‍ത്തിയെയും അതിജീവിച്ച വനപ്രദേശം ! നഗര പ്രദേശത്തെ ശ്വാസം മുട്ടിക്കുന്ന മലിനമായ അന്തരീക്ഷത്തില്‍ നിന്ന് ഒരു മോചനം ലഭിക്കണമെങ്കില്‍ ഇവിടേക്ക് വരാം.കഠിനമായ വേനല്‍ക്കാലത്തു നട്ടുച്ചക്കു പോലും പ്രകൃതി നല്‍കുന്ന കുളിര്‍മ്മ അനുഭവിച്ചറിയാന്‍ ഇവിടെ വന്നാല്‍ മതി.പ്രകൃതി നല്‍കുന്ന എ സി യില്‍ മനം കുളിര്‍ന്നിരിക്കാം.മരച്ചില്ലകളില്‍ നിന്നുള്ള പക്ഷികളുടെ കള കൂജനങ്ങള്‍ നമ്മളെ മറ്റൊരു ലോകത്തെത്തിക്കും തീര്‍ച്ച. !

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്.സാധാരണ വനങ്ങള്‍ എന്നു പറയുമ്പോള്‍ അവിടേക്ക് എത്തിപ്പെടാന്‍ ഉള്ള ബുദ്ധിമുട്ട് ഒക്കെ ആണു നമ്മുടെ മനസിലേക്ക് വരിക.പക്ഷേ ഇവിടെ വനത്തില്‍ എത്താനും എളുപ്പമാണ്.വനത്തിനുള്ളിലൂടെ നടക്കാനോ എത്ര രസം ആണെന്നറിയാമോ ? ശല്യം ഉണ്ടാക്കുന്ന തരത്തില്‍ ഉള്ള കുറ്റിച്ചെടികളും മുള്‍ച്ചെടികളും ഇവിടെ കുറവാണ്.


ഈ വനത്തിനുള്ളില്‍ 500 വര്‍ഷം വരെ പ്രായം ഉള്ള മരങ്ങള്‍ ഉണ്ടത്രെ ! ഇവിടെയുള്ള അപൂര്‍വ്വ സസ്യജാലങ്ങളില്‍ തിപ്പലി,കുരുമുളക്,പാതിരി തുടങ്ങിയ വിലയേറിയ ഔഷധ സസ്യങ്ങള്‍ ,നിത്യ ഹരിത വനങ്ങളില്‍ മാത്രം കാണാറുള്ള കാവ് ,തമ്പകം,വെള്ളപൈന്‍ തുടങ്ങിയ വൃക്ഷങ്ങളും ഉള്‍പ്പെടുന്നു.കൂടാതെ ഇവിടെ തത്ത,കുയില്‍,മൈന,പരുന്ത്,പുള്ള്,നത്ത് തുടങ്ങിയ പക്ഷികളും മുയല്‍ ,കുരങ്ങ് എന്നീ മൃഗങ്ങളും കാണപ്പെടുന്നു. നട്ടുച്ച സമയത്തു പോലും സൂര്യ പ്രകാശം ഉള്‍വനങ്ങളില്‍ നിലത്ത് പതിക്കില്ലാത്രേ !നല്ല പെരുവന്‍ തേരട്ട ഈ കാട്ടില്‍ സുലഭം ആണ്.


ഇവിടുത്തെ കുരങ്ങന്മാരെ കൊണ്ട് ഒരു കാലത്ത് ശല്യമായിരുന്നു. എന്ന് അയല്‍ വാസികളില്‍ പലരും പറഞ്ഞു.ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുക എന്നത് ഒരു കലയായി എടുത്തിരുന്നു വാനരന്മാര്‍..ദേവിയുടെ മക്കള് ആയതിനാല് നാട്ടുകാര് ഒന്നും ചെയ്യുകയും ഇല്ലായിരുന്നു.

ഈ കാവിനെയും കാടിനെയും ചുറ്റി പറ്റി അനേകം കേട്ടു കേള്‍വികള്‍ ഉണ്ട്.അതിലൊന്നു താഴെ പറയും പോലെയാണ്.

ഒരു കാലത്ത് ഈ വനത്തില് നിറയെ ചന്ദന മരങ്ങള് ഉണ്ടായിരുന്നു.ഈ മരങ്ങള്‍ മുറിക്കാനായി ഒരിക്കല്‍ കള്ളന്മാര് വന്നു.പകല്‍ വന്നു മുറിക്കേണ്ട ചന്ദന മരങ്ങള് ഒരു ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടി അടയാളം വെച്ചു പോയി. പകല്‍ മാര്‍ക്ക് ചെയ്ത മരങ്ങള്‍ രാത്രി മുറിക്കാനായി കള്ളന്മാര്‍ എത്തിയപ്പോള്‍ ആ വനത്തിലെ എല്ലാ മരത്തിലും ചുവന്ന റിബ്ബണ്‍.അങ്ങനെ അവര്‍ക്ക് ഒന്നും മുറിക്കാന്‍ പറ്റാതെ വന്നു !

കഥ ആണെങ്കിലും അല്ലെങ്കിലും ഈ കാവിനുള്ളിലെ മരങ്ങള്‍ ആരും മുറിക്കാറില്ല.കാറ്റത്തു മറിഞ്ഞു വീഴുന്ന മരങ്ങള്‍ വിറകിനായി പോലും ആരും എടുക്കാറില്ല. അതു വെറുതേ മണ്ണില്‍ ദ്രവിച്ചു ചേരുകയേ ഉള്ളൂ..അതു കൊണ്ട് തന്നെ ആയിരിക്കണം ഈ കാവ് അതു പോലെ തന്നെ നില്‍ക്കുന്നത്.





1983 ഇല് വീശിയടിച്ച കൊടുങ്കാറ്റില്‍ നിന്ന് തദ്ദേശീയരെ രക്ഷിച്ചത് ഈ ഈ കാവ് ആണെന്ന് പരിസരവാസികളില്‍ ചിലര്‍ പറയുകയുണ്ടായി.

ആലുവ – മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കുറുപ്പം പടിക്കും ഇടയില്‍ ആയാണ് ഇരിങ്ങോള്‍ കാവു സ്ഥിതി ചെയ്യുന്നത്.പെരുമ്പാവൂരില്‍ നിന്നു കുറുപ്പം പടി വഴി കോതമംഗലം,അകനാട്,മൂവാറ്റുപുഴ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസില്‍ കയറീ “ ഇരിങ്ങോള് പോസ്റ്റ് ഓഫീസ് ജംഗഷനില്‍ “ ഇറങ്ങുക.ഈ സ്റ്റോപ്പ് പെരുമ്പാവൂരില്‍ നിന്നും ഏകദേശം 2 കി മീ മാത്രം അകലെയാണ്.ഇവിടെ ഇറങ്ങി തെക്കോട്ടേക്കുള്ള വഴിയില്‍ ഉദ്ദേശം 500 മീറ്റര്‍ നടന്നാല്‍ ഇരിങ്ങോള്‍ കാവിലെത്താം.

മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിന്നും വ്യത്യസ്തമായി ഇവിടെ പ്രവേശന ഫീസോ അല്ലെങ്കില്‍ സന്ദര്‍ശനത്തിനു പ്രത്യേക സമയമോ ഇല്ല.ദേവിയെ തൊഴാന്‍ ഉദ്ദേശിച്ചു വരുന്നതാണെങ്കില്‍ ആ സമയത്ത് വരാന്‍ ശ്രദ്ധിക്കുക. അതല്ല വിനോദ സഞ്ചാരം മാത്രം ആണുദ്ദേശമെങ്കില്‍ ഇഷ്ടമുള്ള സമയത്തു വരിക.



ഞങ്ങള്‍ കാവില്‍ പോയി തൊഴുത് വനത്തിലൂടെ അല്പം നടന്നു “ രാമനോടും കൃഷ്ണനോടും കിന്നാരം പറഞ്ഞു,പക്ഷികളുടെ ഗാ‍നം ആസ്വദിച്ച് ഉച്ച വരെ അവിടെ ചെലവഴിച്ചു..വഴിക്കു കണ്ട കടയില്‍ നിന്നും തണ്ണിമത്തങ്ങയും വാങ്ങി കഴിച്ചു അവിടെ ചെലവഴിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തവയാണ്.വേറെ പല സ്ഥലങ്ങളിലും പിന്നീട് ഒരുമിച്ച് പോയിട്ടുണ്ടെങ്കിലും ആദ്യത്തെ യാത്രയുടെ മധുരം .. അതൊന്നു വേറെ തന്നെയല്ലേ.


പെരുമ്പാവൂര്‍ വഴി വരുന്ന എല്ലാ ബൂലോകരും ഇവിടെ ഇറങ്ങി നഗരത്തിനുള്ളിലെ ഈ വനപ്രദേശത്തു പോയി കാടിന്റെ സൌന്ദര്യം ആസ്വദിച്ചു വേണം പോകാന്‍ ..എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു .!! ഒപ്പം എന്റെ വീട്ടിലേക്കും.കപ്പയും കാന്താരിച്ചമ്മന്തിയും കട്ടന്‍ കാപ്പിയും തന്നു സല്‍ക്കരിക്കുന്നതായിരിക്കും !


* രാമനും കൃഷ്ണനും കാട്ടിലെ കുരങ്ങന്മാര് ആണ്..




ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍

Friday, August 29, 2008

ജീവിതത്തിലെയ്ക്കൊരു ഫ്ലാഷ് ബാക്ക്...!

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ദിവസം.ഞാന്‍ പെരുമ്പാവൂരിന്റെ മരുമകള്‍ ആയിട്ട് അധികമായിട്ടില്ല.ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു മാതിരിപെട്ട എല്ലാ കൃഷികളും ചെയ്യുന്നുണ്ട്.നെല്ല്,വാഴ,തെങ്ങ്,റബ്ബര്‍,പച്ചക്കറികള്‍ എല്ലാം.കൂട്ടത്തില്‍ 5 പശുക്കളും എരുമയും അതിന്റെ കിടാങ്ങാളും.കോഴി,പട്ടി,പൂച്ച,താറാവ്,പന്നി ഇവയുടെ കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ.



പ്രണയിച്ചു നടന്നപ്പോള്‍ ഒന്നും കൃഷിപ്പണി ഇത്ര ബുദ്ധിമുട്ടായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചതേ ഇല്ലായിരുന്നു.അല്ലെങ്കിലും അതെങ്ങനെ ... പ്രണയത്തിനു കണ്ണും മൂക്കും വാലും ഒന്നും ഇല്ലാന്നല്ലേ പറയുക.



52 പറ നിലവും അതിനൊത്ത സെറ്റപ്പും ഉണ്ടായിരുന്നു ഭര്‍ത്തൃ പിതാവിന്.എല്ലാ കൃഷികളും ഉണ്ടെങ്കിലും പ്രധാനമായും നെല്‍കൃഷി ആണു ഉള്ളത്. മൂന്നു പൂവും കൃഷി ചെയ്തിരുന്നു.ഞാറു നടാനും പാടത്ത് കള പറിക്കാനും കൊയ്യാനും കറ്റ ചുമക്കാനും ഒക്കെ പണിക്കാര്‍ക്കൊപ്പം അമ്മയും ഇറങ്ങും.ഞാറേതാ കളയേതാ എന്നു തിരിച്ചറിയാന്‍ പാടില്ലെങ്കിലും ഒരിക്കല്‍ പുല്ലു പറിക്കാന്‍ അമ്മയോടൊപ്പം ഞാനും ഇറങ്ങി.അന്നു പണിക്കാരി പെണ്ണുങ്ങള്‍ ഇല്ലായിരുന്നു.അമ്മ തനിയെ നിന്നു പുല്ലു പറിക്കുന്നത് കണ്ടുള്ള വിഷമം മൂത്ത് ഇറങ്ങിയതാണ് ട്ടോ.

പുത്തനച്ചി പുരപ്പുറം തൂക്കും എന്നല്ലേ പ്രമാണം .ഞാറിന്റെ കൂടെ വളരുന്ന പുല്ല് ഇവിടങ്ങളില്‍ അതിനെ “ക്ടാപുല്ല് “എന്നു പറയും.കണ്ടാല്‍ ഞാറ് പോലെ തന്നെ. അതിന്റെ കടക്കു മാത്രമേ വ്യത്യാസം ഉള്ളൂ.

പുല്ലിന്റെ ഒപ്പം തന്നെ ഞാറും ഞാന്‍ വലിച്ചു പറിക്കുന്ന കണ്ട് അമ്മ പറഞ്ഞു “മോളീ പണിക്കു നിക്കണ്ടാ കേറി വീട്ടില്‍ പൊക്കോളാന്‍ !“കാരണം ഞാന്‍ ഞാറാണു പുല്ലാണെന്നും പറഞ്ഞ് പറിച്ചു മാ‍റ്റുന്നത്.ഞാന്‍ പറിച്ചു കളയുന്ന ഞാറ് വീണ്ടും നടേണ്ട പണിയും അമ്മക്കാവും !!


രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ..... യേത് ?



പഠിച്ചു നടക്കുന്നതിനിടയില്‍ പാടത്തും പറമ്പിലും ഒന്നും പണി എടുത്തിട്ടില്ലാത്ത എനെ സംബന്ധിച്ചിടത്തോളം ഭര്‍ത്തൃ ഭവനം ഒരു നരകം ആകാന്‍ അധികം താമസം വന്നില്ല എന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തി ഒന്നും അല്ല.ഇക്കാലത്ത് പഠിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ലെന്നേ ..ഇവിടത്തെ തെങ്ങ്,വാഴ,നെല്ല്,കപ്പ ഒക്കെ നോക്കി അവനോന്റെ കുടുംബത്തെ ജോലികള്‍ നോക്കി നടന്നാല്‍ ഉദ്യോഗം എന്തിനാ എന്ന് ഇടക്കിടെ വീട്ടില്‍ നിന്നും വായ്ത്താരികള്‍ കേള്‍ക്കാമായിരുന്നു എങ്കിലും തലയണ മന്ത്രം പലതും ഓതി ഭര്‍ത്താവിന്റെ മനമിളക്കി തുടര്‍ന്നും പഠിക്കാനുള്ള അനുവാദം അദ്ദേഹത്തില്‍ നിന്നും വാങ്ങുകയും അങ്ങനെ പഠിക്കുകയും ജോലി വാങ്ങുകയും ആണ് ഉണ്ടായത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ഞങ്ങളുടെ നാട്ടിലെ സ്ഥിരം പണിക്കാരികള്‍ ആയിരുന്നു ശ്രീമതി ചിന്നു,കാര്‍ത്തു,വള്ളോത്തി എന്നിവര്‍.കൊയ്ത്ത് സീസണ്‍ ആകുമ്പോള്‍ ഇവരുടെ ഡേറ്റ് കിട്ടാന്‍ നാട്ടുകാര്‍ പരക്കം പായും.എല്ലാവര്‍ക്കും നെല്ല് കൃഷി ഉള്ളതാണ് .ഒരു വീട്ടിലെ കൊയ്ത്ത് കഴിയുമ്പോളേക്കും അടുത്ത വീട്ടിലേത് റെഡി ആകും

ഇതിനിടക്ക് പാടത്ത് നിന്നു കൊയ്ത് കറ്റ വീട്ടില്‍ എത്തിച്ച്,അതു മെതിക്കാതെ അടുത്ത വീട്ടിലെ കൊയ്യാന്‍ പോകുന്ന കാലുവാരല്‍ പണിയും ഇവര്‍ കാണിക്കാറുണ്ട്.

**** രാമേശ്വരത്തെ ലത് പോലെ...

അങ്ങനെയിരിക്കേ ഒരു കൊയ്ത്തു കാലം വന്നെത്തി.ഞങ്ങളുടെ പാടത്തും കൊയ്ത്തു തുടങ്ങി.രാവിലെ 8 മണിയോടെ കൊയ്ത്തുകാര്‍ പാടത്തെത്തും.ഓരോരുത്തര്‍ക്കും കൊയ്യാനുള്ള ഭാഗം ചാലിട്ട് തിരിച്ച് കൊടുക്കും.അവരവര്‍ക്കു കിട്ടിയ ഭാഗത്ത് നിര നിരയായി നിന്ന് പെണ്ണുങ്ങള്‍ താളത്തില്‍ കൊയ്യുന്നത് കാണാന്‍ ഒരു പ്രത്യേക രസമാണ്.


കൊയ്ത്തുകാര്‍ക്ക് സമയാസമയങ്ങളില്‍ ആഹാരം എത്തിക്കുക എന്നുള്ളത് തന്നെ നല്ലൊരു ജോലി ആയിരുന്നു.അടുപ്പിനു ഒരു നേരവും വിശ്രമം ഉണ്ടാവില്ല.ഇന്നത്തേ പോലെ ഉള്ള സൌകര്യങ്ങള്‍ ഒന്നും അന്നില്ലല്ലോ .വിറകടുപ്പില്‍ തന്നെ വേണം തന്നെ എല്ലാം ചെയ്യാന്‍.രാവിലെ ചായ,പലഹാരം,11 മണിയോടെ കട്ടന്‍ ചായ,ഉച്ചക്കുള്ള ഊണ് എല്ലാം സമയാ സമയങ്ങളില്‍ പാടത്തെത്തിക്കണം



പരദൂഷണങ്ങളും പയ്യാരങ്ങളും പറഞ്ഞു പാടവരമ്പില്‍ ഇരുന്നാണു കൊയ്ത്തുകാര്‍ ഭക്ഷണം കഴിക്കുന്നത്.



അങ്ങനെ ഒരു ദിവസം കൊയ്ത്ത് കഴിഞ്ഞ് പാട വരമ്പത്തിരുന്നു അയലുവക്കത്തെ കുട്ടപ്പന്‍ ചേട്ടന്റെ മോന്‍ പ്രേമിച്ചു കല്യാണം കഴിച്ചതിനെ കുറിച്ചും കിഴക്കേലെ ചന്ദ്രനു കല്യാണം കഴിഞ്ഞു 5 വര്‍ഷം ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ കുറിച്ചും ഒക്കെ പറഞ്ഞു ഊണു കഴിക്കുകയായിരുന്നു.ചുറ്റുവട്ടത്ത് നടക്കുന്ന പ്രേമങ്ങള്‍,ഒളിച്ചോട്ടങ്ങള്‍,ഡൈവോഴ്സുകള്‍,ആത്മഹത്യകള്‍ അവയുടെ എല്ലാം കാരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം അപ്പോള്‍ ആണു ചര്‍ച്ചാവിഷയം ആകുന്നത്.



ഊണു കഴിഞ്ഞ് വയറു നിറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീമതി ചിന്നു വായ് തുറന്ന് വലിയൊരു കോട്ടു വായ് വിട്ടു.ചില കാര്യങ്ങള്‍ വേണ്ടാ വേണ്ടാ എന്നു വിചാരിച്ചാലും നമ്മള്‍ ചെയ്തു പോകും. അല്ലെങ്കില്‍ പിന്നെ ചിന്നു ചേച്ചിക്ക് ആ സമയത്ത് കോട്ടുവായ് വിടണ്ട വല്ല കാര്യവും ഉണ്ടോ ??


വയറു നിറഞ്ഞാല്‍ കുറുക്കന്‍ പോലും ഓരിയിടുന്നു.പിന്നെയാണോ പാവം ചിന്നു ചേച്ചി


സമയം നീങ്ങുന്നു,സെക്കന്റുകള്‍ മിനുട്ടുകളും മിനിട്ടുകള്‍ മണിക്കൂറുകളും ആകുന്നു


ചിന്നു ചേച്ചിക്ക് വായ് അടക്കാന്‍ പറ്റുന്നില്ല


കൂടെ ഇരുന്നവര്‍ പഠിച്ച പണി പതിനെട്ടും നോക്കി.നോ രക്ഷ...



ചിന്നുവിന്റെ കണ്ണില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങിയത് അടുത്തിരുന്ന കാര്‍ത്തു നുള്ളിയത് കൊണ്ടല്ലായിരുന്നു..വായ് അടക്കാന്‍ എന്തു ചെയ്യും എന്നോര്‍ത്തിട്ടായിരുന്നു.



പിന്നെ താമസിയാതെ അയലത്തെ സുകുവിന്റെ ഓട്ടോ വിളിച്ച് വാ പൊളിച്ചിരിക്കുന്ന ചിന്നു ചേച്ചിയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടു പോയി.സ്ഥാനം തെറ്റി പോയ താടിയെല്ല് പിടിച്ച് നേരെ പിടിച്ചിടുന്നത് വരെ ഉദ്ദേശം 1 മണിക്കൂറോളം ചിന്നു ചേച്ചിയുടെ വായ് തുറന്നു തന്നെ ഇരുന്നു.





എന്തായാലും ആ സംഭവത്തിനു ശേഷം ചിന്നു ചേച്ചി കോട്ടുവായ് ഇട്ടിട്ടില്ലാത്രെ !!!





******രാമേശ്വരത്തെ ലത് = ക്ഷൌരം.
അവിടെ തിരക്കാവുമ്പോള്‍ ഒരാളെ പകുതി ഷേവ് ചെയ്തിട്ട് അടുത്തയാളെ ഷേവ് ചെയ്യും അതും പകുതിയാക്കിയിട്ട് അടുത്തയാളെ പിടിക്കും.അപ്പോള്‍ കസ്റ്റമര്‍ പോകുകയുമില്ല കാര്യങ്ങള്‍ നടക്കുകയും ചെയ്യും .

Sunday, August 24, 2008

ഒരു പോത്തിന്റെ കഥ..







വര്‍ഷങ്ങള്‍ക്കു മുന്‍പിലെ ഒരു നട്ടുച്ച നേരം.ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞു പതിവു പോലെ കടുക്കാച്ചി മാവിന്റെ ചുവട്ടിലേക്കു നടന്നു.മാവു നില്‍ക്കുന്ന പറമ്പ് വീട്ടില്‍ നിന്നും അല്പം അകലെ ആണ്.അച്ഛന്‍ പേരു കേട്ട കൃഷിക്കാരന്‍ ആയതിനാല്‍ ഏകദേശം അഞ്ചേക്കറോളം വരുന്ന പറമ്പില്‍ കപ്പ,വാഴ,ഇഞ്ചി,മഞ്ഞള്‍.പച്ചക്കറികള്‍ തുടങ്ങി എല്ലാ വിളകളും കൃഷി ചെയ്തിട്ടുണ്ടായിരുന്നു.

മാവു നില്‍ക്കുന്ന പറമ്പില്‍ ഇഞ്ചിയും മഞ്ഞളും ആണു മെയിന്‍ കൃഷി.ഇഞ്ച്ചി വാരങ്ങള്‍ക്ക് നടുവില്‍ ആയാണു മാവിന്റെ സ്ഥാനം.അന്നേ സമ്മിശ്ര കൃഷിയില്‍ താല്പര്യം ഉള്ള ആളായതിനാല്‍ " നിന്നെ ഒക്കെ വളര്‍ത്തുന്ന നേരം കൊണ്ട് 10 തെങ്ങിന്‍ തൈ വെച്ചാല്‍ വയസ്സുകാലത്ത് അതിനുള്ള അനുഭവം ഉണ്ടാകും " എന്ന പഴമൊഴിയില്‍ മുറുകേ പിടിച്ചു ഇഞ്ചിവാരത്തിനിടയില്‍ തെങ്ങിന്‍ തൈ നടാനായി കുഴികളും കുത്തി ഇട്ടിട്ടുണ്ടായിരുന്നു.



മാവിന്‍ ചുവട്ടില്‍ വീഴുന്ന മാമ്പഴം അപ്പപ്പോള്‍ പോയി എടുത്തില്ലെങ്കില്‍ അന്നത്തെ എന്റെ ഒന്നാം നമ്പര്‍ ശത്രുവായ എന്റെ പൊന്നാങ്ങള പോയി എടുക്കും എന്നതു കൊണ്ട് ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും മാവിന്‍ ചുവട്ടില്‍ പോയി നോക്കുക എന്നുള്ളതു അക്കാലത്ത് എന്റെ പതിവായിരുന്നു

എന്നേക്കാള്‍ അവന്‍ ഇളയതാണു എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ഓട്ടത്തിന്റെ കാര്യത്തില്‍ ഗുണ്ടുമണീ പോലെ ഇരിക്കുന്ന എന്നേക്കാള്‍ വേഗം ഓടിയെത്താന്‍ അവനു കഴിയും അവന്റെ പുറകെ പ്ലിക്കു പ്ലിക്കൂ എന്ന തടിയും വെച്ച് ഉരുണ്ടുരുണ്ടു പോകുന്ന ,ഞാന്‍ താഴെ വീണു കിടക്കുന്ന മാമ്പഴം ചൂണ്ടി അവനോടു പറയും :



" എടാ ചെറുക്കാ, അതു ഞാന്‍ കണ്ട മാമ്പഴമാ.. അതെന്റെയാ, അതു നീ എടുക്കരുത് "


ആദ്യം ഓടിയെത്തിയ അവനുണ്ടോ അതു കേള്‍ക്കുന്നു.അവനെക്കാള്‍ 2 വര്‍ഷം മുന്‍പ് ഈ ഭൂമിയിലേക്ക് വന്നതല്ലേ ഞാന്‍.. മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും എന്ന കാര്യം ഓര്‍ക്കുക പോലും ഇല്ലാതെ ഞാന്‍ കണ്ടു വെച്ച മാമ്പഴം തന്നെ അവന്‍ ആദ്യം ചാടി എടുക്കും



മാവിന്‍ ചുവട്ടില്‍ വേറെ മാമ്പഴം ഉണ്ടെങ്കിലും ഇതു തന്നെ എടുക്കുന്ന ഇവന്‍ എങ്ങനെ എന്റെ നമ്പര്‍ വണ്‍ ശത്രു ആകാതിരിക്കും



" എന്റെ മാമ്പഴം ഇങ്ങു താടാ.. അതു ഞാന്‍ അല്ലേ ആദ്യം കണ്ടെ"



" ഇന്നാടീ ..ഇതു നീ എടുത്തോ !"



ഹും അവന്റെ വിളി കേട്ടില്ലേ..എടീ എന്ന്



എന്നാലും ആശയോടെ മാമ്പഴം വാങ്ങാന്‍ കൈ നീട്ടി ചെല്ലുന്ന എന്നോട് ഉം.... .".ഇന്നാ നീ മുട്ടു കടിച്ചോ "

എന്നും പറഞ്ഞു കൈയ്യുടെ മുട്ട് നീട്ടിക്കാണിക്കുന്ന അവന്‍ എങ്ങനെ ശരിയാകും?





അങ്ങനെ ഒരു അഭിശപ്ത ദിവസം അവനെ കാണാതെ , മാവിന്‍ ചുവട്ടില്‍ പോയി മാമ്പഴം പെറുക്കിയെടുത്ത് പാവാടയില്‍ തന്നെ ശേഖരിച്ച്,ഇനിയും മാമ്പഴം ചാടുമെങ്കില്‍ എടുക്കാം എന്ന വിചാരത്തോടെ മാവിന്റെ മുകളിലേക്കും നോക്കി " താമസം എന്തേ വരുവാന്‍ "എന്ന പാട്ടും പാടി നടക്കുന്ന സമയം...പാടുന്നതിനൊപ്പം തന്നെ കടുക്കാച്ചി മാമ്പഴം അതിന്റെ ഞെട്ടു കടിച്ചു കളഞ്ഞു ചപ്പി കുടിക്കുന്നും ഉണ്ട്.ആസ്വദിച്ചുള്ള പാട്ടും മാമ്പഴം തീറ്റയും നടക്കുന്നതിനിടെ ഒരു ശബ്ദം !





ഭൂമി കുലുങ്ങുന്നതാണോ അല്ല.എന്തോ ബഹളം ഒക്കെ കേള്‍ക്കുന്നു.എന്തോ സംഭവിക്കാന്‍ പോകുന്ന പോലെ എന്താണെന്ന് മനസ്സിലാവുന്നില്ല. അങ്ങനെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോള്‍ അതാ കറുകറുത്തൊരു സാധനം ഇഞ്ചികണ്ടത്തിലേക്കു പാഞ്ഞു വരുന്നു.

എന്റമ്മേ !!! ഇതൊരു പോത്താണല്ലോ.. ആകേ കൂടി സിനിമാ നടന്‍ ജയന്റെ സൌന്ദര്യം ഉള്ള മുഖം.എന്താ ബോഡി ! നല്ല നീണ്ടു വിടര്‍ന്ന കണ്ണുകള്‍ ! നല്ല എണ്ണക്കറുപ്പുള്ള ദേഹം.പക്ഷേ ആ സൌന്ദര്യത്തിനു മങ്ങലേല്പിച്ചു കൊണ്ട് അവിടവിടെ പാടത്തെ ചെളി പുരണ്ടിരിക്കുന്നു.

അല്ല ഇവനെന്തിനാ ഇങ്ങനെ ഓടുന്നേ..അവന്റെ കാമുകിയെ ആരാണ്ട് തട്ടിക്കൊണ്ട് പോയിട്ട് വിറളി പിടിച്ച് ഓടുന്നതു പോലെ.


ഇഞ്ച്ചി വാരങ്ങള്‍ ഒന്നും പ്രശ്നം അല്ലെന്ന മട്ടില്‍ അവന്‍ ഓരോ വാരങ്ങളും ഈസിയായ് ചാടിക്കടന്ന് എന്റെ തൊട്ടടുത്തെത്തി.ഇവന്റെ പുറപ്പാട് എന്തിനെന്നറിയാതെ നോക്കി നിന്ന ഞാന്‍ പിന്നീടു പറക്കുന്ന പോലെ ഒരു തോന്നലായി...


തോന്നല്‍ അല്ല.ശരിക്കും പറക്കുക തന്നെ ആണു.

പെട്ടെന്ന് ധിം എന്നൊരു ഒച്ച. ഒപ്പം എന്റെ എവിടെയൊക്കെയോ ചതയുന്ന പോലെ വേദനയും!! തെങ്ങിന്‍ തൈ നടാനായി അച്ഛന്‍ കുഴി എടുത്തിട്ടിരിക്കുന്നതിലേക്ക് ഞാന്‍ സ്മൂത്തായി ലാന്‍ഡ് ചെയ്ത ഒച്ച ആണു കേട്ടത്.



കണ്ണും മിഴിച്ചു നോക്കിയപ്പോള്‍ അതാ പോത്ത് കൊമ്പും കുലുക്കി എന്റെ നേരെ വീണ്ടും വരുന്നു.



എന്റമ്മോ !!!!!!!!!!!!!!!


ഞാന്‍ ഫുള്‍ ട്രെബിളിലും ബാസിലും ആറരക്കട്ടയിൽ തന്നെ നാലു നെലോളി പാസാക്കി....അല്പം പോലും ഒച്ച പുറത്തു വന്നില്ലെങ്കിലും !!


തെങ്ങും കുഴിയില്‍ ഒടിഞ്ഞു മടങ്ങിക്കിടക്കുന്ന എന്നെ കണ്ടിട്ട് പാവം തോന്നിയിട്ടോ എന്തോ വെട്ടാന്‍ വന്ന പോത്ത് എന്നെ വിട്ടു പാഞ്ഞു.


പോത്ത് ഇഞ്ച്ചിപ്പറമ്പിലേക്കു കയറി വരുന്നതു കണ്ട അമ്മയും അച്ഛനും ഒക്കെ ഞാന്‍ വടിയായിക്കാണും എന്ന ധാരണയില്‍ ഉറക്കെ കരഞ്ഞ് ,പറമ്പിലേക്ക് ഓടിക്കയറി വരുന്നുണ്ടായിരുന്നു..പറമ്പിലെങ്ങും എന്നെ കാണാഞ്ഞ് ഉറക്കെ കരഞ്ഞ അമ്മയുടെ ഒച്ച കേട്ടപ്പോള്‍ ഞാന്‍ എന്റെ വോളിയം ഒന്നൂടെ കൂട്ടി..

" .അമ്മേ !!!! " ഇത്തവണ ഒച്ച പുറത്തു വന്നു


തെങ്ങിന്‍ കുഴിയില്‍ നിന്നും എന്നെ വാരിയെടുത്ത് വീട്ടിലേക്ക് കൊണ്ടു പോയപ്പോളും, അര്‍ദ്ധ ബോധാവസ്ഥയിലും ഞാന്‍ അമ്മയോട് പറഞ്ഞത് "ആ മാമ്പഴം അനിയനു കൊടുക്കല്ലേ" എന്നായിരുന്നുവത്രേ!!





പോത്ത് ആ ഓട്ടത്തില്‍ നേരെ അടുത്ത വീട്ടിലെ മുറ്റത്ത് പുഴുങ്ങിയ നെല്ലു മുറ്റത്തെ പനമ്പില്‍ ഇട്ടു ചിക്കിക്കൊണ്ടിരുന്ന സുബൈദത്താത്തയെ വെട്ടിയിട്ടിട്ടാണ് കടന്നത്.ഇടത്തേ വയറില്‍ കൊമ്പു കുത്തിക്കേറി ഒരു മാസത്തോളം ഇത്ത ആശുപത്രിയില്‍ ആയിരുന്നു.





ഇത്തയെ കുത്തിമലര്‍ത്തി വീണ്ടും പാഞ്ഞ പോത്തിനെ അവസാനം കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് എത്തി വെടി വെച്ചു കൊന്നു എന്നാണേ പിന്നീട് അറിഞ്ഞത്.



പക്ഷേ അന്നു വെടി വെക്കേണ്ടിയിരുന്നത് ആ പോത്തിനെ അല്ലായിരുന്നു.പാടത്തു ഉഴുവാന്‍ വേണ്ടി നിര്‍ത്തിയിരുന്ന പോത്ത് നല്ല പോലെ ഉഴുവാന്‍ വേണ്ടി അല്പം കള്ള് കുടിപ്പിച്ച സാക്ഷാല്‍ ഉഴവുകാരന്‍ പോത്തിനെ ആയിരുന്നു.കള്ളു കുടിച്ചാല്‍ മനുഷ്യന്‍ തന്നെ 4 കാലിലാ നടക്കുന്നെ..പിന്നെ പാവം പോത്തിന്റെ കാര്യം പറയണോ ?

എന്തായാലും ആ സംഭവത്തിനു ശേഷം ഞാന്‍ എന്തു കുരുത്തക്കേടു കാണിച്ചാലും എന്നെ എല്ലാവരും സ്നേഹപൂര്‍വ്വം എടീ പോത്തേ എന്നേ വിളിക്കുമായിരുന്നുള്ളൂ..നല്ലോര് പെങ്കൊച്ചായ എന്നെ വിളിക്കുന്ന പേരേ...കലികാലം അല്ലാതെന്താ ??

Friday, August 22, 2008

തുമ്പപ്പൂ പെയ്യണ പൂനിലാവ്...

രണ്ടിടങ്ങഴി എന്ന സിനിമ അതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ്.അതിനെ കുറിച്ചു ഒരു കുഞ്ഞ് പോസ്റ്റ് ഇട്ടു എങ്കിലും അതു അഗ്രെഗേറ്റര്‍ കാണിക്കുന്നില്ല.ആ പോസ്റ്റ് ഇവിടെ കാണൂ..

തുമ്പപ്പൂ പെയ്യണ പൂനിലാവ്...

തകഴി ശിവശങ്കര പിള്ളയുടെ ശക്തമായ തൂലികയിൽ വിരിഞ്ഞ കുട്ടനാടിന്റെ മണമുള്ള രണ്ടിടങ്ങഴി എന്ന നോവലിന്റെ ചലചിത്രാവിഷ്കാരം ആയ രണ്ടിടങ്ങഴി റിലീസ് ആയത് 1958 ആഗസ്റ്റ് 24 നാണ്.ഈ മാസം ഗോള്‍ഡന് ജൂബിലി ആഘോഷിക്കുന്ന ഈ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള് ആകട്ടെ ഇന്ന്.







കുട്ടനാട്ടിലെ ഒരു ജന്മിയുടെ അടിയാന്‍ ആയിരുന്നു ഇട്ടിത്തറ കാളി.കാളിയുടെ സുന്ദരിയായ മകള് ചിരുതക്കു വിവാഹ പ്രായമായി.കരയിലെ ചെറുപ്പക്കാരായ ചാത്തനും കോരനും ചിരുതയെ ഇഷ്ടമായിരുന്നു.എന്നാല് ആദ്യം പെണ് പണം ആര് നല്‍കുന്നുവോ അവര്‍ക്ക് ചിരുതയെ നല്‍കാം എന്നു ദുരാഗ്രഹിയായ കാളി പ്രഖ്യാപിച്ചു.

കുറച്ച് പണം കടം കിട്ടാനായി കോരന് ജന്മിക്കു അടിമ ആകാന് തീരുമാനിക്കുന്നു. അങ്ങനെ ലഭിച്ച പണം പെണ് പണം കൊടുത്ത് കോരന് ചിരുതയെ സ്വന്തമാക്കുന്നു.

എന്നാല് കല്യാണ സമയത്ത് ജന്മി തമ്പ്രാന് പണം ആവശ്യപ്പെടുന്നു.അടിയാളരുടെ കല്യാണത്തിനു ജന്മികള്‍ക്ക് അവകാശപ്പെട്ടതത്രെ ഇത്. അന്ന് ചാത്തന് കോരനു പകരം തമ്പ്രാന്റെ അടിമ ആകുന്നു.

കോരനും ചിരുതയും കൂടെ അടുത്ത ഗ്രാമത്തിലേക്കു പോകുന്നു. അവിടെ പാടത്തു പണി ചെയ്തു സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നു.

ഇവിടുത്തെ ജന്മി ഔസേപ്പ് ഒരു ക്രൂരനായിരുന്നു.ജോലിക്കാരെ ഭീകരമായി ചൂഷണം ചെയ്യുന്ന ഒരു പ്രകൃതക്കാരന്.ചൂഷണത്തിനെതിരെ കോരന് പ്രതികരിക്കുന്നു.തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കാനായി അവരെ ഒരുമിച്ചു കൂട്ടുന്നു.

ഇതിനു പ്രതികാരമെന്നോണം ജന്മി അവനെ ക്രൂരമായി മര്‍ദ്ദിക്കുന്നു.ചാട്ടവാറിനടി കിട്ടിയ കോരന് ശരിക്കും ഒരു വിപ്ലവകാരി ആയി മാറുകയാണ്.ജന്മിക്കെതിരെ തൊഴിലാളികളേ സംഘടിപ്പിക്കാനും പാടത്ത് സമരം ചെയ്യാനും തയ്യാറാവുന്നു.

ജന്മി കോരനെതിരെ ഒരു ഗൂഡാലോചന നടത്തി അവനെ ഒരു കെണിയില് പെടുത്തുന്നു.മോഷണ കുറ്റം ചുമത്തി അവനെ അറസ്റ്റു ചെയ്യിക്കാന് നീക്കം നടത്തുന്നു.പോലീസ് അറസ്റ്റു ചെയ്യും എന്നു ഭയന്ന കോരന് അവിടെ നിന്നും ഓടി രക്ഷപ്പെടാന് ശ്രമിക്കുന്നു.

ഇതിനിടെ ജന്മിയുടെ മകന് ചാക്കോ ചിരുതയെ മാനഭംഗപ്പെടുത്താന് ശ്രമിക്കുന്നു.തക്ക സമയത്ത് അവിടെ എത്തിയ കോരന് ആ ശ്രമത്തെ പരാജയപ്പെടുത്തി എങ്കിലും അന്നു ചാക്കോ കൊല്ലപ്പെടുന്നു.

കൊലപാതക കുറ്റത്തിനു അറസ്റ്റിലായ കോരന് 10 വര്‍ഷത്തെ ജയില് ശിക്ഷ ആണു ലഭിച്ചത്.ജയിലിലേക്ക് പോകുന്നതിനു മുന്‍പ് തന്റെ ഗര്‍ഭിണി ആയ ഭാര്യ ചിരുതയെ തന്റെ ഉറ്റ കൂട്ടുകാരന് ആയ ചാത്തനു നല്‍കുന്നു.എന്നാല് കോരന് ജയില് ശിക്ഷ കഴിഞ്ഞു പുറത്തു വരുന്നതു വരെ ചാത്തന് ചിരുതയെ സ്വന്തം പെങ്ങളെ പോലെ സംരക്ഷിക്കുന്നു.

ഈ സിനിമയുടെ പ്രധാന ആകര്‍ഷണം എന്നത് തകഴി രചിച്ച സംഭാഷണങ്ങള് ആണു.ഈ സിനിമയില് ആകെ 9 ഗാനങ്ങള് ഉണ്ടായിരുന്നു.എല്ലാം തന്നെ അക്കാലത്തെ ഹിറ്റുകളും ആയിരുന്നു.
കെ പി എ സി സുലോചന ആദ്യമായി സിനിമക്ക് വേണ്ടി പിന്നണീ ആലപിച്ചതും ഈ സിനിമയില് ആണ്.കമുകറ പുരുഷോത്തമനോടൊപ്പം തുമ്പപ്പൂ പെയ്യണ പൂ നിലാവ് എന്ന പാട്ട്..അവറ് തന്നെ ആലപിച്ച പൂമഴ പെയ്തല്ലോ എന്ന ഗാനവും സൂപ്പര് ഹിറ്റ് ആയിരുന്നു..
മലയാള സിനിമയിലെ അനുഗൃഹീത നടനായ ശ്രീ.പി ജെ ആന്റണീ കോരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ചതും ഈ സിനിമയില് ആയിരുന്നു. ഇതിൽ ചാത്തന് മുത്തയ്യയും ചിരുതയ്ക്ക് മിസ് കുമാരിയും ജീവൻ നൽകി. കേരളത്തില് അന്നു നിലവിലിരുന്ന ഫ്യൂഡല് വ്യവസ്ഥിതിയെ തുറന്നു കാണിച്ച ആദ്യത്തെ സിനിമയും രണ്ടിടങ്ങഴി തന്നെ

1958 ഇല്‍ പുറത്തിറങ്ങിയ രണ്ടിടങ്ങഴി എന്ന ചിത്രത്തിന്റെ അന്‍പതാം വാര്‍ഷികമാണ്.തിരുനൈനാര്‍ കുറിച്ചി എഴുതി തൃശൂര്‍ പി രാധാകൃഷ്ണന്‍ ഈണം നല്‍കി കമുകറ പുരുഷോത്തമനും കെ പി എ സി സുലോചനയും ചേര്‍ന്ന് ആലപിച്ച ഈ ഗാനം ഇപ്പോളും എത്ര മധുരതരമാണ്.

Get this widget | Track details | eSnips Social DNA



തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏനു നെഞ്ചി നെറയണ പൂക്കിനാവേ
എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്
നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്


പൂവാണ് തേനാണു നീയെന്നെല്ലാം ഏനു
പുന്നാരം ചൊല്ലി മയക്കിയല്ല്
പുട്ടിലും കൊണ്ടേനീ പുഞ്ചവരമ്പേലു
കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന്
ഏനീ പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്


പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു
നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന്
പൊള്ളും വെയിലത്തു വേലചെയ്യും ഏനു
പൊന്നായി മാറ്റുമീ പൂവരമ്പ്
ഏനു
പൊന്നായി മാറ്റുമീ പൂവരമ്പ്

ഞാറു നടുമ്പമടൂത്തു വന്ന് ഒരു
കാരിയം ചൊന്ന മറന്നതെന്ത്?
കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്
നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്

ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
നമ്മളുള്ളാലിണങിക്കയിഞ്ഞതല്ല്
എങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
എന്നാളുമൊന്നാണ് നമ്മളെന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്



കടപ്പാട് : അപ് ലോഡഡ് ബൈ "ബയക്കല്‍ ഫ്രം ഹിസ് ഫോൾഡർ " നഷ്ട സ്വപ്നങ്ങളേ" ഇൻ ഇ സ്നിപ്സ്.ചിത്രത്തിനും വിവരത്തിനും കടപ്പാട് ഹിന്ദു ദിനപ്പത്രം

Sunday, August 17, 2008

എന്റമ്മച്ചിയേ !!!!! ദേ ഒരു പഴുതാര......

സെന്റിപീഡ് എന്ന് ആംഗലേയ നാമധേയം ഉള്ള പഴുതാരയെപറ്റിയുള്ള ഓര്‍മ്മകള്‍ ആകട്ടെ ഇന്ന്.പഴുതാരയെ കാണാത്തവരായി ആരും കാണില്ല.പഴുതാരയുടെ കടി കിട്ടിയിട്ടുള്ളവര്‍ വിരളമായിരിക്കും അല്ലേ.. ആ മഹാ ഭാഗ്യം എനിക്കുണ്ടായിട്ടൂണ്ട്.

പഴുതാരക്ക് ഏതാനും മില്ലി മീറ്റര്‍ മുതല്‍ 30 സെ.മീ വരെ നീളം കാണും.ചുമപ്പുകലര്‍ന്ന തവിട്ടു നിറമാണു ഇവക്കുള്ളത്.പരന്നു നീണ്ട ശരീരം ! നിരവധി ഖണ്ഡങ്ങള്‍ ആയാണു ശരീരം.ഓരോ ഖണ്ഡത്തിലും ഓരോ ജോടി കാലുകള്‍ ഉണ്ട്.ആദ്യ ജോടി കാലുകള് രൂപാന്തരം പ്രാപിച്ചു വിഷപ്പല്ലുകള്‍ ആയി കാണുന്നു.ഇവ മുട്ടയിട്ടാണു പ്രത്യുല്പാദനം നടത്തുന്നത്.ചൂടുകാലത്ത് മണ്ണില്‍ മുട്ടയിട്ട് ആ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.





എന്നാല്‍ അപൂര്‍വം ചില പഴുതാര ഇനങ്ങള്‍ കുഞ്ഞുങ്ങളെ പ്രസവിക്കാറുമുണ്ടത്രെ !!ചെറു ജീവികളായ പാറ്റ,ഈച്ച തുടങ്ങിയവയാണു ഇവയുടെ ഭക്ഷണം.ശരാശരി ആയുസ്സ് 6 വര്‍ഷമാണ്.





വര്‍ഷങ്ങള്‍ക്കു മുന്‍പാണു എനിക്ക് ആ കടി കീട്ടിയിട്ടുള്ളതു എങ്കിലും അതിന്റെ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ ഉണ്ട്.ഞാന്‍ ഏഴില്‍ പഠിക്കുന്ന പ്രായം..നല്ല മഴ ഉള്ള സമയം.മഴയുള്ള സമയത്തു എനിക്കു പൊതുവേ വിശപ്പു കൂടുതല്‍ ആണ്.. അമ്മ ചോദിക്കും നിന്റെ വയറ്റിലെന്താടീ കോഴികുഞ്ഞുണ്ടോ ഇത്ര വിശപ്പുണ്ടാകാന്‍ എന്നു ?വിശപ്പു മാറ്റാന്‍ ഞാന്‍ തന്നെ വഴിയും കണ്ടെത്തി..കപ്പ പറിച്ചതു ഇരുപ്പുണ്ടായിരുന്നു. അതെടുത്തു ചെണ്ട പുഴുങ്ങി.. അതില്‍ അല്‍പ്പം കാന്താരി മുളകരച്ചതും പച്ചവെളിച്ചെണ്ണയും അലപം തേങ്ങാ ചുറണ്ടിയതും കൂടി കൂട്ടി ഇളക്കി കഴിക്കാന്‍ നല്ല റ്റേസ്റ്റ് ആണ്.കാന്താരി മുളകു തപ്പിയപ്പോള്‍ അതു സ്റ്റോക്ക് ഇല്ല. പറംബില് ഇഷ്ടം പോലെ കാന്താരിച്ചെടി ഉണ്ട്.നിറയെ മുളകും.. അതില് നിന്നു അഞ്ചാറു മുളകു പൊട്ടിച്ചെടുക്കാം

ഇറയത്തു ചാരി വെച്ചിരുന്ന തൊപ്പിക്കുട എടുത്തു തലയില്‍ വെച്ചു.പണ്ടൊക്കെ പാടത്തു പണിയാനും ഞാറു നടാനും ഒക്കെ പോകുമ്പോള്‍ തൊപ്പിക്കുടയാണൂപയോഗിച്ചിരുന്നത്.ചൂരലും പനയോലയും കൊണ്ട് ഉണ്ടാക്കിയ കുട. അതു തലയില്‍ ലെവലായി ഇരിക്കാന്‍ പാകത്തിനു പാള കൊണ്ട് ഒരു ചുറ്റും ഉണ്ടാക്കും.

എന്തായാലും തൊപ്പിക്കുട എടുത്തു തലയില്‍ വെച്ചു കാന്താരിചെടിയുടെ അടുത്തു ചെല്ലുന്നതിനു മുന്നേ ചെവിയുടെ പുറകില് കിട്ടി ഒരു കടി !!!

കടി കിട്ടിയതും തൊപ്പിക്കുട വേഗത്തില്‍ തലയില്‍ നിന്നെടുത്തു താഴെ ഇട്ടു. അപ്പോള്‍ പാളചുറ്റിനിടയില്‍ കൂടി ഓടുന്നു ഒരു യമണ്ടന്‍ സാധനം !! നല്ല ചുവന്ന നിറത്തില്‍ നല്ല സുന്ദരി ഒരു പഴുതാര. !!!ഹോ ഇത്ര സുന്ദരിയായ ഒരു പഴുതാര കടിച്ചാല് ഇത്ര വേദനയോ..




കടി കിട്ടിയിടത്തു നീരു വെച്ചു തുടങ്ങിയപ്പോള്‍ വലിയ വായില്‍ നിലവിളിച്ചു കൊണ്ട് വീട്ടിലേക്കോടി.

എന്താടീ മോങ്ങുന്നേ ??

അമ്മയുടെ ചോദ്യം കേട്ടതും കരച്ചിലിന്റെ വോള്യം കൂട്ടി...അല്ലെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏറ്റവും നല്ല വഴി ഉറക്കെ കരയുക ആണെന്നു അന്നേ എനിക്കറിയാരുന്നു..


പഴുതാര കടിച്ചിട്ടു വേദന സഹിക്കാന്‍ വയ്യേ എന്നും പറഞ്ഞു ഉറക്കെ കരഞ്ഞപ്പോള്‍ അമ്മ വേഗം കുറച്ചു തുമ്പയിലയും കുരുമുളകും കൂടി കൂട്ടി അരച്ച് ചെവിയില്‍ പുരട്ടി.കുറെ സമയം വേണ്ടി വന്നു ആ കരച്ചിലിന്റെ വോള്യം ഒന്നു കുറയാന്‍ .


അന്നു ആ തൊപ്പിക്കുട ഒന്നു കുടഞ്ഞു നോക്കിയിട്ട് തലയില് വെച്ചിരുന്നെങ്കില്‍ എനിക്കു തൊണ്ട കീറി കരയേണ്ടി വരില്ലായിരുന്നു..
ഇതു കണ്ടോ ലോകത്തിലെ എറ്റവും വലിയ പഴുതാര! ആമസോണിയന്‍ ജയന്റ് സെന്റിപീഡ് എന്നാണു നാമധേയം !!!






എന്തായലും പഴുതാര വിഷത്തിനുള്ള മരുന്നുകള്‍ കൂടി പറഞ്ഞില്ലെങ്കില് എനിക്കൊരു സമാധാനവും ഇല്ല.


1.പച്ച മഞ്ഞള് ഇടിച്ചു പിഴിഞ്ഞ നീരില് കായം ചാലിച്ചു പുരട്ടുക.
2.തുമ്പയില ഗോമൂത്രത്തില് അരച്ചു പുരട്ടുക
3.പഴുത്ത പ്ലാവില ഞെട്ട് തുമ്പച്ചാറില് അരച്ചു പുരട്ടുക
4.ആനച്ചുവടി അരച്ചു പുരട്ടുക
5.പച്ച മഞ്ഞളും തുളസിയിലയും കൂടെ മുറിവില് പുരട്ടുക
6.അശോകത്തൊലി ചതച്ചു പിഴിഞ്ഞെടുത്ത നീരു പുരട്ടുക
7.ചുണ്ണാമ്പു തുപ്പലില് ചാലിച്ചു പുരട്ടുക
8.കറി വേപ്പിലയും മഞ്ഞളും കൂടെ അരച്ചു പുരട്ടുക.


ഇത്രയും കാര്യങ്ങള് ഒക്കെയേ എനിക്കറിയാവൂ കെട്ടൊ..ഇനി നിങ്ങളുടെ സംഭാവന കൂടി ആകുമ്പോള് ഈ പോസ്റ്റ് പൂര്ണ്ണമാകും..
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍

Wednesday, August 13, 2008

കൂടൊഴിയുന്ന പക്ഷി...

കേള്‍ക്കുന്നു ഞാനെന്റെ ഹൃദയ സ്പന്ദനം
നിലയ്ക്കാന്‍ വെമ്പുന്ന തുടിതാളം പോലെ
കാലത്തിന്‍ മുള്‍പ്പടര്‍പ്പില്‍ തട്ടി
കീറി മുറിഞ്ഞൊരു പെണ്‍ഹൃദയം..

ഉദയ സൂര്യന്റെ ദീപ പ്രഭ തട്ടി
ഉദിക്കുന്നു സ്വപനം ഒരു മഴവില്ലു പോലെ
രാത്രിയില്‍ വിടര്‍ന്നു മടങ്ങി പോയ
നിശാഗന്ധി പോലെയായ് എന്റെ സ്വപ്നങ്ങള്‍

ഞാനെന്റെ ജീവിതം വീണ്ടും ഓര്‍മ്മിച്ചു പോയ്
നോവുന്ന കഥകള്‍ പിന്തുടരുന്നു പോല്‍
ഇന്നു നിന്നോടോതാന്‍ വാക്കുകളെനിക്കില്ല
ഏകാന്തത മാത്രം ആണെന്റെ ജീവിതം

കണ്ണീരില്ല എനിക്കിന്നു ശേഖരിക്കാന്‍
കരയാന്‍ പോലും മറന്നു പോയ് ഞാന്‍
കാലങ്ങള്‍ നല്‍കിയ വേദനകള്‍
കണ്ടും സഹിച്ചും ഞാന്‍ നിന്നിടുന്നു

ഇനിയും ജന്മങ്ങള്‍ ഉണ്ടാകുമെങ്കില്‍
നമുക്കൊരുമിച്ചാ തീരത്തു പോകണം
ഇപ്പോള്‍ പിരിഞ്ഞു ഞാന്‍ പോയിടട്ടെ
ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ.....

Saturday, August 9, 2008

ഒരു ട്രെയിനിങ്ങ് കഥ

അങ്ങനെ 28/7/2008 മുതല് 8/8/2008 വരെ നീണ്ട സംഭവ ബഹുലമായ ട്രെയിനിങ്ങ് അവസാനിച്ചു.

ജൂലൈ 27 – ആം തീയതി രാവിലെ ജില്ലാ ഓഫീസില്‍ നിന്നും ഒരു ഫോണ് കാള്.പിറ്റേ ദിവസം മുതല് ഐ എം ജി യില് വെച്ചു നടക്കുന്ന ട്രെയിനിങ്ങ് പ്രോഗ്രാമില്‍ പങ്കെടുക്കണം, എന്ന നിര്‍ദ്ദേശം തരാന്‍ വിളിച്ചതാണ്.. കത്തു രണ്ടാഴ്ച്ച മുന്‍പേ അയച്ചിട്ടുണ്ട് എന്നറിയിചെങ്കിലും നാളിതു വരെ ആ കത്തു എന്റെ ഓഫീ‍ീസില് എത്തിയിട്ടില്ല !!

രേഖാ മൂലം അറിയിപ്പു കിട്ടാതെ പങ്കെടുക്കില്ല എന്ന നിര്‍ബന്ധ ബുദ്ധി അന്നു ഞാന്‍ കാണിച്ചില്ല.കാരണം ഐ എം ജി നടത്തുന്ന ട്രെയിനിങ്ങില്‍ എല്ലാ സര്‍ക്കാരുദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കേടുക്കണം.സ്വന്തം ജില്ലയില്‍ നടത്തുന്ന ട്രെയിനിങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ ഇതേ ട്രെയിനിങ്ങ് തന്നെ കോഴിക്കോട് അല്ലെങ്കില്‍ തിരുവനന്തപുരത്തു പോയി പങ്കെടുക്കേണ്ടി വരും.നിലവിലെ സാഹചര്യത്തില്‍ ഒരു ദിവസം പോലും വീട്ടില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ ആണെനിക്ക്.

കൂടാതെ ആ ട്രെയിനിങ്ങിനു പോകുന്ന അത്രയും ദിവസം മടുപ്പിക്കുന്ന ഈ ഓഫീസ് ജോലിയില്‍ നിന്നും ഒരു മോചനം ആകുമല്ലോ.ഫയലുകള്‍ക്കിടയില്‍ നിന്നും മുഖം ഒന്നുയര്‍ത്തി ശുദ്ധ വായു ശ്വസിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല എന്നു ഞാന്‍ മുന്‍പേ തീരുമാനിച്ചിരുന്നു.

അങ്ങനെ 28 നു രാവിലെ ട്രെയിനിങ്ങ് സെന്ററില് എത്തി.കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ കാര്യങ്ങളെ കുറിച്ചൊക്കെ വിശദീകരിച്ചു.പഠിപ്പിക്കാനുദ്ദേശിക്കുന്ന വിഷയങ്ങളെ കുറിച്ചു പറഞ്ഞപ്പോള്‍ വളരെ സന്തോഷമായി.എം എസ് ഓഫീസ് ആണു പഠിപ്പിക്കുന്നത്..ഞാന്‍ സ്ഥിരം ചെയ്യുന്ന ജോലി ..എനിക്കു അധികം പഠിക്കാനൊന്നും ഇല്ല.

ഞങ്ങള് 30 പേര്.കേരളത്തിലെ പല ജില്ലകളില്‍ നിന്നും വന്നവര്‍.ആദ്യത്തെ ദിവസം പരസ്പരം പരിചയപ്പെടുന്ന ചടങ്ങില്‍ .ഞങ്ങളുടെ എല്ലാവരുടെയും കമ്പ്യൂട്ടര്‍ പരിജ്ഞ്ഞാനം ഫാക്കല്‍റ്റി മുന്‍പാകെ വിശദീകരിച്ചു..പലരുടെയും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉണ്ട് എങ്കിലും മക്കള്‍ അതില്‍ വര്‍ക്കു ചെയ്യുന്നതു നോക്കുക..ഭര്‍ത്താവ് കമ്പ്യൂട്ടറില്‍ ചീട്ടു കളിക്കുന്നതു നോക്കുക..വല്ലപ്പോഴും വല്ല് സി ഡി യും ഇട്ടു കാണുക..ഇത്രത്തോളം അറിവേ പലര്‍ക്കും ഉണ്ടായിരുന്നുള്ളൂ..


ഞങ്ങള് എല്ലാവരും കുടുംബ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഉള്ളവര്‍!!!!!!!

നരച്ച തല !!! എങ്ങനെ പഠിക്കും !!!!

70 % മാര്‍ക്ക് വേണം.കമ്പ്യൂട്ടറ് പഠനം ഒരു ബാലി കേറാ മലയായി തോന്നി ഞങ്ങളില്‍ പലര്‍ക്കും!!

ക്ലാസ്സില്ലാത്ത സമയങ്ങളില്‍ അന്യോന്യം ചര്‍ച്ച ചെയ്തു ഞങ്ങള്‍ സംശയങ്ങള്‍ തീര്‍ത്തു.എല്ലാവരും ഒത്തു ചേര്‍ന്നു പഠിച്ചു.പല ഇടങ്ങളില്‍ നിന്നെത്തിയ ഞങ്ങള്‍ക്കെങ്ങനെ ഇത്ര ഒരുമയോടെ കഴിയാന്‍ പറ്റി ??

ബുദ്ധി മന്ദീഭവിച്ചു തുടങ്ങിയ ഈ പ്രായത്തില്‍ കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവം മുതലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു...

അവസാനം ആ ദിവസം വന്നെത്തി.ഞങ്ങള്‍ ഇത്രയും ദിവസം പഠിച്ചതെന്തൊക്കെ ആണു എന്നു പരീക്ഷിക്കുന്ന ദിവസം.ജോലി കിട്ടിക്കഴിഞ്ഞാല്‍ ഇനി പരീക്ഷ ഒന്നും ഉണ്ടാവില്ല എന്നു പണ്ടുണ്ടായിരുന്ന അഹങ്കാരം വെറുതേ ആയിരുന്നു എന്നു ബോധ്യമായി.

പരീക്ഷാത്തലേന്നു വീട്ടില്‍ എത്തി..പതിവു പോലെ വൈകിട്ടത്തെ ജോലികള്‍ കഴിഞ്ഞു മക്കളുടെ കൂട്ടത്തില്‍ ഞാനും ഇരുന്നു..സാധാരണ അവര്‍ക്കു പറഞ്ഞു കൊടുത്തിട്ടാണു ഞാന്‍ എഴുതാനും വായിക്കാനും ഒക്കെ പോകുന്നത്.

മക്കള്‍ക്കൊപ്പം ഓക്സ് ഫോഡ് ഡിക്ഷണറിയുടെ വലിപ്പമുള്ള ഒരു ബുക്കുമായി പഠിക്കാനിരുന്നു..അമ്മക്കു നാളെ എക്സാം ഉണ്ട്..അതു കൊണ്ട് അമ്മയെ ശല്യപ്പെടുത്തരുതു എന്നു മക്കളോടു നേരത്തെ പറഞ്ഞു വെച്ചു..

അപ്പോള്‍ പുത്രന്റെ വക ഡയലോഗ്

“ ഞങ്ങള്‍ക്കു കിട്ടുന്ന മാര്‍ക്കൊക്കെ അമ്മയെ കാണിച്ചു സൈന്‍ വാങ്ങാറില്ലേ ? അതു പോലെ അമ്മയുടെ ഉത്തര കടലാസും മാര്‍ക്കും ഞങ്ങളെയും കാണിക്കണം “”

ഞാനൊന്നു ഞെട്ടി..മൊട്ടേന്നു വിരിഞ്നിട്ടില്ല ..അവന്റെ ഒരു ആഗ്രഹമേ !

ദിവസവും വൈകുന്നേരം വീട്ടില്‍ വന്നിരുന്നു മക്കളെ തല്ലിയും ചീത്ത പറഞ്ഞും ഒക്കെ ആണു പഠിപ്പിച്ചെടുക്കാറ്...

എനിക്കു മാര്‍ക്കു കുറഞ്ഞു പോയാല്‍ പിന്നെ മക്കളുടേ മുഖത്തെങ്ങനെ നോക്കും ???

ഇന്ദ്രജിത്തിന്റെ ശരമേറ്റു മൃതപ്രായനായ ലക്ഷ്മണന്റെ ജീവന്‍ വീണ്ടെടുക്കാന്‍ സാഗരങ്ങള്‍ താണ്ടി ഹിമാലയ സാനുക്കളില്‍ പോയി മൃത സഞ്ജീവനി കൊണ്ടു വരാന്‍ പോയ ഹനുമാന്റെ ആത്മ വിശ്വാസം മനസ്സില് നിറച്ചു.

പരീക്ഷ കണ്ടു പീടിച്ചവനെ തല്ലി കൊല്ലണം എന്ന പ്രാര്‍ഥനയൊക്കെ മനസ്സില്‍ നിന്നും മായ്ച്ച് എനിക്കിതു എഴുതാന്‍ പറ്റും എന്ന ആതമ വിശ്വാസത്തോടെ പരീക്ഷ എഴുതി.

ട്രെയിനിങ്ങിന്റെ അവസാന ദിവസം സമാപന സമ്മേളനത്തില് ആശംസകള്‍ക്കും നന്ദി പ്രകടനങ്ങള്‍ക്കും ഇടയില്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു ഓഫീസര്‍ പാടി


ഓമന തിങ്കളില്‍ ഓണം പിറക്കുമ്പോള്‍
താമര കുമ്പിളില്‍ പനിനീര്..
ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര് മണ്ണില്‍
ഓരോ കുമ്പിള്‍ കണ്ണീര്...


കോഴ്സ് കോ ഓഡിനേറ്ററും ഫാക്കല്‍റ്റി മെംബേഴ്സും വിധി എഴുതി
“എല്ലാത്തിനും മിടുക്കരാണു നിങ്ങള്.അച്ചടക്കമുള്ളവര്‍..ശുഷ്ക്കാന്തിയുള്ളവര്‍..“

കമ്പ്യൂട്ടര്‍ ഫോബിയ എന്ന അസുഖം ഒക്കെ മാറിയാണു ഞങ്ങള് പുറത്തിറങ്ങുന്നത്..

അവസാനം ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റും കയ്യില് വാങ്ങി ട്രെയിനിങ്ങ് സെന്ററിന്റെ പടി ഇറങ്ങുമ്പോള്‍ ഇനിയും ഓഫീസിലെ വിരസതയിലേക്കു മടങ്ങണമല്ലോ എന്ന വേദനയായിരുന്നു എന്റെ മനസ്സില് !!!

Monday, August 4, 2008

ഈ കുഞ്ഞിന്റെ പോസ്റ്റ് കാണൂ.. അഭിപ്രായം അറിയിക്കൂ...

മേഘാറോസ് എന്ന നാലാം ക്ലാസ്സുകാരി ഒരു ബ്ലോഗ്ഗ് തുടങ്ങി.ഒരു കുഞ്ഞു കവിതയും എഴുതി..ആ കുഞ്ഞിനു മലയാളം നന്നായി ടൈപ്പ് ചെയ്യാന്‍ അറിയില്ല.എങ്കിലും അവളുടെ അങ്കിളിനെ കൊണ്ട് അതു ടൈപ്പ് ചെയ്യിച്ച് പോസ്റ്റ് പബ്ലിഷ് ചെയ്തു നമ്മുടെ അഭിപ്രായങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു..ഇതു വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..

Sunday, July 27, 2008

ഇലഞ്ഞി പൂക്കള്‍.....








ഇലഞ്ഞിപൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു.......


ഈ പാട്ട് ആസ്വദിക്കാ‍ത്ത മലയാളി ഉണ്ടോ ??ഇലഞ്ഞി പൂക്കളുടെ സുഗന്ധം എത്ര ഹൃദ്യമാണ്.എന്റെ വീട്ടില്‍ ഒരു ഇലഞ്ഞി മരം ഉണ്ട്.ഈ ഇലഞ്ഞിക്കു ചുറ്റും തേനീച്ചകള്‍ പാറി നടക്കാറുണ്ടായിരുന്നു..മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ക്ക് അനുഭൂതികളെ തഴുകിയുണര്‍ത്തുന്ന ,കൊതിപ്പിക്കുന്ന, മദിപ്പിക്കുന്ന ഗന്ധമാണുള്ളത്..


മനോഹരമായ ഒരു നിത്യ ഹരിത വൃക്ഷമാണ് “ ബകുളി “ എന്നു സംസ്കൃതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഇലഞ്ഞി.മൈമൂസോപ്സ് ഇലഞ്ഞി എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.സ്പാനിഷ് ചെറി എന്നും അറിയപ്പെടുന്നു. നല്ല ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു വളരുന്ന ഇലഞ്ഞി നല്ലൊരു തണല്‍ മരമാണ്.






മാര്‍ച്ച് – ജൂലൈ മാസങ്ങളില്‍ ഇലഞ്ഞിയില്‍ നല്ല ക്രീം നിറത്തിലുള്ള കുഞ്ഞു പൂക്കള്‍ വിരിയും..രാത്രികള്‍ ഇലഞ്ഞി ഗന്ധത്തില്‍ മുഴുകുന്ന കാലമാണ് ഇത്.പുലര്‍ച്ചെ ഈ പൂക്കള്‍ മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്നത് കാണാം..മുറ്റമടിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ഈ പൂക്കള്‍ അടിച്ചു കളയാന്‍ മടിച്ച് അതു പെറുക്കി ഇലയില്‍ വെച്ചു എടുത്തു വെക്കും.പിന്നീട് മണക്കാന്‍ !!!


ഇതിനെ പഴത്തിനു ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരമാണ്..ചെറുതിലേ എത്ര പഴങ്ങള്‍ തിന്നിരിക്കുന്നു..





ഇലഞ്ഞിയെ പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും പ്രധാനം പ്രഥമാനുരാഗം തന്നെയാണ്.അന്നു ഞങ്ങള്‍ കുട്ടികള്‍ ആണ്.ഞങ്ങള്‍ എന്നതു വിശദീകരിക്കേണ്ടതില്ലല്ലോ..പുലര്‍ച്ചെ ഇലഞ്ഞിപ്പൂക്കള് പെറുക്കാന്‍ അയല്പക്കത്തുള്ള കുട്ടികള്‍ എല്ലാവരും കൂടെ പോകും..എന്റെ വീടിനു അടുത്തുള്ള പറമ്പില്‍ ആണ് ഇലഞ്ഞി മരം നില്‍ക്കുന്നത്.. മാമ്മയുടെ കുടി എന്നാണ് അതിനു പറയുന്നത്... അച്ഛാച്ഛന്റെ അമ്മയാണ് മാമ്മ.കവുങ്ങിന്റെ പാളയിലാണ് അന്നൊക്കെ ഇലഞ്ഞി പൂക്കള് ശേഖരിക്കുക..മുകളില്‍ നിന്നും വീഴുന്ന പൂക്കള് നിലം തൊടുന്നതിനു മുന്നേ പിടിക്കുന്നതില് ആണ് ത്രില്ല്.മുകളില് നിന്നു പമ്പരം കറങ്ങുന്നതു പോലെ പൂവ് കറങ്ങി വരുന്നതു കാണാന് നല്ല രസമാണ്.ഒരു പാള നിറയെ പൂവ് കിട്ടും ചില ദിവസങ്ങളില്..


ഇതു കൊരുത്തു മാലയാക്കല്‍ ആണ് അടുത്ത പണി.അങ്ങനെ കൊരുത്ത മാല ഒരു ദിവസം ഞാന് എന്റെ “ ഹണിയുടെ“ കഴുത്തില്‍ ഇട്ടു.ഒന്നും ഓര്‍ത്ത് ചെയ്തതല്ല.അന്നു പ്രണയം എന്താണെന്നു പോലും അറിയാത്ത പ്രായമാണ് എന്റേത്.പക്ഷേ കക്ഷി അന്നതു സീരിയസ് ആയി എടുത്തു.“സ്വയം വരം“ അല്ലേ നടന്നത്.എന്നെ മാത്രേ കെട്ടൂ എന്നു അന്നേ കക്ഷി തീരുമാനിചിരുന്നത്രേ !!!! ( പാവം അന്നു മനസ്സിലായില്ല ..ഇതൊരു താടക ആണെന്നു !!!! )


പിന്നീട് മുതിര്‍ന്നപ്പോള്‍ ,പ്രണയം മനസ്സില്‍ മൊട്ടിട്ടപ്പോള്‍ പഴയ ഈ കഥ ഹണി പറഞ്ഞത് കൌതുകത്തോടെ ആണു ഞാന്‍ കേട്ടിരുന്നത്..ഇപ്പോള്‍ അദ്ദേഹം പറയും ആ ഇലഞ്ഞി മാല കാരണം അദ്ദേഹത്തിന്റെ ജീവിതം : ഒരു കോഞ്ഞാട്ട “ ആയി പോയി എന്ന്..


എന്തൊക്കെ പറഞ്ഞാലും ആദ്യാനുരാഗത്തിനു കാരണമായ ,എനിക്കു നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ നിമിത്തമായ ആ ഇലഞ്ഞി മരത്തിനു ചില ഔഷധ ഗുണങ്ങള് ഒക്കെ ഉണ്ട്..അതെന്തൊക്കെ എന്നു നമുക്കു നോക്കാം

1 അമിത വിയര്‍പ്പിന് ഇലഞ്ഞിപ്പൂ‍ക്കള് കൊണ്ട് കഷായം വെച്ചു കുടിച്ചാല് നല്ലതാണ്.ശരീരത്തിനു തണുപ്പും അനുഭവപ്പെടും
2. ഇലഞ്നീപ്പൂക്കള് അണുനാശക ലേപനങ്ങള് ഉണ്ടാക്കാന് ഉപയോഗിക്കുന്നു.മുറിവ് ഉണക്കാന് ഇതു സഹായിക്കും
3.പൂക്കള് പൊടിച്ചതു ബുദ്ധി കൂട്ടാന് നല്ലതാണ്
4.മോണ വീക്കത്തിനും പല്ലു വേദനക്കും ഇലഞ്ഞിപ്പട്ട തിളപ്പിച്ചത് വായില് കൊള്ളുന്നത് നല്ലതാണ്..

ഇത്രേം ഗുണങ്ങളെ എനിക്കറിയൂ.. ഇനി വല്ലതുമുണ്ടോ എന്നു നിങ്ങള് പറയൂ......

ഇനിയും പാടാന്‍ തോന്നുന്നു... ഇലഞ്ഞി പൂമണം ഒഴുകി വരുന്നൂ.......

ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള്‍

Saturday, July 26, 2008

പുതിയ ഒരു ബ്ലോഗ്ഗറ്

പുതിയ ഒരു ബ്ലോഗ്ഗറെ പരിചയപ്പെടുത്തട്ടേ.. എന്റെ നാട്ടുകാരിയും എന്റെ സഹ പ്രവര്‍ത്തകയുമായ പുതിയ ഒരാള്‍ ..പുതിയ പോസ്റ്റ് ഇവിടെ വായിക്കൂ.

Tuesday, July 22, 2008

നായ്ക്കുരണ ചൊറിയുമോ ??

ഞാന്‍ ഏഴില്‍ പഠിക്കുന്ന കാലം. വീട്ടില്‍ നിന്നും 20 മിനിട്ട് നടക്കാന് ഉള്ള ദൂരമുണ്ട് സ്കൂളിലെക്ക്.ഇന്നത്തെ പോലെ വാഹന സൌകര്യം ഒന്നും അന്നില്ലല്ലോ..രാവിലെ 8.30 ആകുമ്പോഴേക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ 9.30 ഒക്കെ ആകുമ്പോഴേക്ക് പള്ളിക്കൂടത്തില് എത്താം.പോകുന്ന വഴി എല്ലാ കാടും മലയും ഒക്കെ കയറിയിറങ്ങി ഞാറപ്പഴം,ഞാവല്‍പ്പഴം,കുറുക്കന്തൂറി പഴം,ചെത്തിപ്പഴം,ആരം പുളി..വാളന് പുളി ,തൊണ്ടിപ്പഴം തുടങ്ങിയവ എല്ലാം പറിച്ചു കൊണ്ടാണ് യാത്ര.



ഒരു ദിവസം രാവിലെ കുളിച്ചൊരുങ്ങി പുസ്തക സഞ്ചിയുമായി സ്കൂളില്‍ എത്തി.എത്തിയപ്പോള്‍ കണ്ട കാഴ്ച്ച സ്കൂളിലെ കുട്ടികളൊക്കെ നിന്നു ചൊറിയുന്നു..എല്ലാവരും ക്ലാസ്സ് റൂമിന് വെളിയിലാണ്

എന്താപ്പാ കാര്യം ??

നിങ്ങളെന്താ ക്ലാസ്സില് കയറാത്തത് ??

എന്താ എല്ലാരും ചൊറിയുന്നെ ??

എന്റേടീ ക്ലാസ്സിലൊക്കെ ഏതോ അലവലാതി നായംകരണത്തിന്റെ പൊടി ഇട്ടു. ഇപ്പോള്‍ ചൊറിഞ്ഞിട്ട് ഇരിക്കാന് വയ്യ


ഭാഗ്യം! ക്ലാസ്സില് കയറാഞ്ഞതു കൊണ്ട് എനിക്കു ചൊറിയേണ്ടി വന്നില്ല.

ടെസ്റ്റ് പേപ്പര്‍ മാറ്റി വെക്കാന്‍ വേണ്ടി ഏതോ വിരുതന്മാര്‍ ഒപ്പിച്ച പണി ആയിരുന്നു.പെണ്‍കുട്ടികള്‍ ഇറക്കമുള്ള പാവാട ഇടാന്‍ വേണ്ടി ആണ് എന്നൊരു ശ്രുതിയും അന്ന് കേട്ടിരുന്നു

അന്നേതായാലും ക്ലാസ്സ് നടന്നില്ല.പിറ്റേന്ന് ക്ലാസ്സ് ഒക്കെ കഴുകി വൃത്തിയാക്കിയതിനു ശേഷം ആണ് ക്ലാസ്സ് എടുത്തത്.




അന്നു ആ ചൊറിച്ചില് മാറ്റാന്‍ കുട്ടികള്‍ ചെയ്ത പ്രതിവിധികള്‍

അല്ലെങ്കില്‍

ഇനി ആര്‍ക്കെങ്കിലും ഇതു മൂലം ചൊറിയേണ്ടി വന്നാല്‍ ചെയ്യേണ്ടത്

1.വെണ്ണീറിട്ട് ദേഹം മുഴുവന് തിരുമ്മുക
2 തൈര് സര്‍വാംഗം പുരട്ടുക

















നായ്കുരണ ഒരു ഔഷധ സസ്യം ആണ് എന്ന് എത്ര പേര്‍ക്കറിയാം ??നായ്ക്കുരണയുടെ ഔഷധ ഗുണങ്ങള്‍ പുരാണ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.ലെഗുമിനോസേ കുടുംബത്തില് പെട്ട ഈ ചെടിയുടെ ശാസ്ത്ര നാമം “ മ്യൂക്കുണ പ്രൂറിറ്റ “ എന്നാണ്.സംസ്കൃതത്തില് കഡൂര,ഹിന്ദിയില് കാവച, തമിഴില് പൂനക്കാലി എന്നിങ്ങനെ ആണ് ഇതിനെ വിളിക്കുന്നത്.


ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു.അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വര്‍ദ്ധിപ്പിക്കും എന്നു പറയപ്പെറ്റുന്നു..

നായ്ക്കുരണയുടെ ഇല അരച്ച് വ്രണത്തില് തേച്ചാല് വ്രണം പഴുത്തു പൊട്ടി വേഗം ഉണങ്ങും

കായുടെ പുറത്തെ രോമം ( തൊങ്ങല് ) 5 മി ഗ്രാം ശര്‍ക്കരയിലൊ വെണ്ണയിലോ വെറും വയറ്റില് സേവിച്ചാല് ഉദരവിരകള് ശമിക്കും എന്ന് ആയുര്‍വേദം പറയുന്നു.

നായ്ക്കുരണയുടെ വെരും വിത്തും കഷായം വെച്ചു കഴിച്ചാല് വാത രൊഗങ്ങള് ശമിക്കും

വിത്തു ഉണക്കി പൊടിച്ചു ചൂറ്ണ്ണമാക്കി 3 ഗ്രാം വീതം രാവിലെയും രാത്രിയും പാലില് കഴിച്ചാല് ധാതു പുഷ്ടി ഉണ്ടാകും

നായ്ക്കുരണയുടെ വേരും ഞെരിഞ്ഞിലും സമമേടുത്ത് കഷായം വെച്ചു കഴിച്ചാല് വൃക്കരോഗങ്ങള് ശമിക്കും


ഇത്രയേറെ ഗുണങ്ങള് ഉള്ള ഈ ചെടി ചൊറിയും എന്ന ഒറ്റക്കാരണം കൊണ്ട് നമ്മള് നശിപ്പിക്കണോ ?? ഇതും നമുക്കു കൃഷി ചെയ്യാവുന്നതല്ലേ ???

ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള്‍