Showing posts with label പഴുതാര. Show all posts
Showing posts with label പഴുതാര. Show all posts

Sunday, August 17, 2008

എന്റമ്മച്ചിയേ !!!!! ദേ ഒരു പഴുതാര......

സെന്റിപീഡ് എന്ന് ആംഗലേയ നാമധേയം ഉള്ള പഴുതാരയെപറ്റിയുള്ള ഓര്‍മ്മകള്‍ ആകട്ടെ ഇന്ന്.പഴുതാരയെ കാണാത്തവരായി ആരും കാണില്ല.പഴുതാരയുടെ കടി കിട്ടിയിട്ടുള്ളവര്‍ വിരളമായിരിക്കും അല്ലേ.. ആ മഹാ ഭാഗ്യം എനിക്കുണ്ടായിട്ടൂണ്ട്.

പഴുതാരക്ക് ഏതാനും മില്ലി മീറ്റര്‍ മുതല്‍ 30 സെ.മീ വരെ നീളം കാണും.ചുമപ്പുകലര്‍ന്ന തവിട്ടു നിറമാണു ഇവക്കുള്ളത്.പരന്നു നീണ്ട ശരീരം ! നിരവധി ഖണ്ഡങ്ങള്‍ ആയാണു ശരീരം.ഓരോ ഖണ്ഡത്തിലും ഓരോ ജോടി കാലുകള്‍ ഉണ്ട്.ആദ്യ ജോടി കാലുകള് രൂപാന്തരം പ്രാപിച്ചു വിഷപ്പല്ലുകള്‍ ആയി കാണുന്നു.ഇവ മുട്ടയിട്ടാണു പ്രത്യുല്പാദനം നടത്തുന്നത്.ചൂടുകാലത്ത് മണ്ണില്‍ മുട്ടയിട്ട് ആ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.





എന്നാല്‍ അപൂര്‍വം ചില പഴുതാര ഇനങ്ങള്‍ കുഞ്ഞുങ്ങളെ പ്രസവിക്കാറുമുണ്ടത്രെ !!ചെറു ജീവികളായ പാറ്റ,ഈച്ച തുടങ്ങിയവയാണു ഇവയുടെ ഭക്ഷണം.ശരാശരി ആയുസ്സ് 6 വര്‍ഷമാണ്.





വര്‍ഷങ്ങള്‍ക്കു മുന്‍പാണു എനിക്ക് ആ കടി കീട്ടിയിട്ടുള്ളതു എങ്കിലും അതിന്റെ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ ഉണ്ട്.ഞാന്‍ ഏഴില്‍ പഠിക്കുന്ന പ്രായം..നല്ല മഴ ഉള്ള സമയം.മഴയുള്ള സമയത്തു എനിക്കു പൊതുവേ വിശപ്പു കൂടുതല്‍ ആണ്.. അമ്മ ചോദിക്കും നിന്റെ വയറ്റിലെന്താടീ കോഴികുഞ്ഞുണ്ടോ ഇത്ര വിശപ്പുണ്ടാകാന്‍ എന്നു ?വിശപ്പു മാറ്റാന്‍ ഞാന്‍ തന്നെ വഴിയും കണ്ടെത്തി..കപ്പ പറിച്ചതു ഇരുപ്പുണ്ടായിരുന്നു. അതെടുത്തു ചെണ്ട പുഴുങ്ങി.. അതില്‍ അല്‍പ്പം കാന്താരി മുളകരച്ചതും പച്ചവെളിച്ചെണ്ണയും അലപം തേങ്ങാ ചുറണ്ടിയതും കൂടി കൂട്ടി ഇളക്കി കഴിക്കാന്‍ നല്ല റ്റേസ്റ്റ് ആണ്.കാന്താരി മുളകു തപ്പിയപ്പോള്‍ അതു സ്റ്റോക്ക് ഇല്ല. പറംബില് ഇഷ്ടം പോലെ കാന്താരിച്ചെടി ഉണ്ട്.നിറയെ മുളകും.. അതില് നിന്നു അഞ്ചാറു മുളകു പൊട്ടിച്ചെടുക്കാം

ഇറയത്തു ചാരി വെച്ചിരുന്ന തൊപ്പിക്കുട എടുത്തു തലയില്‍ വെച്ചു.പണ്ടൊക്കെ പാടത്തു പണിയാനും ഞാറു നടാനും ഒക്കെ പോകുമ്പോള്‍ തൊപ്പിക്കുടയാണൂപയോഗിച്ചിരുന്നത്.ചൂരലും പനയോലയും കൊണ്ട് ഉണ്ടാക്കിയ കുട. അതു തലയില്‍ ലെവലായി ഇരിക്കാന്‍ പാകത്തിനു പാള കൊണ്ട് ഒരു ചുറ്റും ഉണ്ടാക്കും.

എന്തായാലും തൊപ്പിക്കുട എടുത്തു തലയില്‍ വെച്ചു കാന്താരിചെടിയുടെ അടുത്തു ചെല്ലുന്നതിനു മുന്നേ ചെവിയുടെ പുറകില് കിട്ടി ഒരു കടി !!!

കടി കിട്ടിയതും തൊപ്പിക്കുട വേഗത്തില്‍ തലയില്‍ നിന്നെടുത്തു താഴെ ഇട്ടു. അപ്പോള്‍ പാളചുറ്റിനിടയില്‍ കൂടി ഓടുന്നു ഒരു യമണ്ടന്‍ സാധനം !! നല്ല ചുവന്ന നിറത്തില്‍ നല്ല സുന്ദരി ഒരു പഴുതാര. !!!ഹോ ഇത്ര സുന്ദരിയായ ഒരു പഴുതാര കടിച്ചാല് ഇത്ര വേദനയോ..




കടി കിട്ടിയിടത്തു നീരു വെച്ചു തുടങ്ങിയപ്പോള്‍ വലിയ വായില്‍ നിലവിളിച്ചു കൊണ്ട് വീട്ടിലേക്കോടി.

എന്താടീ മോങ്ങുന്നേ ??

അമ്മയുടെ ചോദ്യം കേട്ടതും കരച്ചിലിന്റെ വോള്യം കൂട്ടി...അല്ലെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏറ്റവും നല്ല വഴി ഉറക്കെ കരയുക ആണെന്നു അന്നേ എനിക്കറിയാരുന്നു..


പഴുതാര കടിച്ചിട്ടു വേദന സഹിക്കാന്‍ വയ്യേ എന്നും പറഞ്ഞു ഉറക്കെ കരഞ്ഞപ്പോള്‍ അമ്മ വേഗം കുറച്ചു തുമ്പയിലയും കുരുമുളകും കൂടി കൂട്ടി അരച്ച് ചെവിയില്‍ പുരട്ടി.കുറെ സമയം വേണ്ടി വന്നു ആ കരച്ചിലിന്റെ വോള്യം ഒന്നു കുറയാന്‍ .


അന്നു ആ തൊപ്പിക്കുട ഒന്നു കുടഞ്ഞു നോക്കിയിട്ട് തലയില് വെച്ചിരുന്നെങ്കില്‍ എനിക്കു തൊണ്ട കീറി കരയേണ്ടി വരില്ലായിരുന്നു..
ഇതു കണ്ടോ ലോകത്തിലെ എറ്റവും വലിയ പഴുതാര! ആമസോണിയന്‍ ജയന്റ് സെന്റിപീഡ് എന്നാണു നാമധേയം !!!






എന്തായലും പഴുതാര വിഷത്തിനുള്ള മരുന്നുകള്‍ കൂടി പറഞ്ഞില്ലെങ്കില് എനിക്കൊരു സമാധാനവും ഇല്ല.


1.പച്ച മഞ്ഞള് ഇടിച്ചു പിഴിഞ്ഞ നീരില് കായം ചാലിച്ചു പുരട്ടുക.
2.തുമ്പയില ഗോമൂത്രത്തില് അരച്ചു പുരട്ടുക
3.പഴുത്ത പ്ലാവില ഞെട്ട് തുമ്പച്ചാറില് അരച്ചു പുരട്ടുക
4.ആനച്ചുവടി അരച്ചു പുരട്ടുക
5.പച്ച മഞ്ഞളും തുളസിയിലയും കൂടെ മുറിവില് പുരട്ടുക
6.അശോകത്തൊലി ചതച്ചു പിഴിഞ്ഞെടുത്ത നീരു പുരട്ടുക
7.ചുണ്ണാമ്പു തുപ്പലില് ചാലിച്ചു പുരട്ടുക
8.കറി വേപ്പിലയും മഞ്ഞളും കൂടെ അരച്ചു പുരട്ടുക.


ഇത്രയും കാര്യങ്ങള് ഒക്കെയേ എനിക്കറിയാവൂ കെട്ടൊ..ഇനി നിങ്ങളുടെ സംഭാവന കൂടി ആകുമ്പോള് ഈ പോസ്റ്റ് പൂര്ണ്ണമാകും..
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍