Sunday, April 20, 2008

ഈ തീറ്റ വീരനെ കണ്ടിട്ടുണ്ടോ ???????


ദേ.... ഇവനെ കണ്ടോ പൂവും കടിച്ചുപിടിച്ചോടുന്ന തൊരപ്പനെലി? ഒറ്റനോട്ടത്തിന് ഇവനെ കണ്ടാല്‍ ആരും അങ്ങിനെയല്ലെ പറയൂ.. പക്ഷെ ഇവന്‍ നമ്മുടെ നാട്ടുകാരനേയല്ല. വടക്കെ അമേരിക്കയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ കാണപ്പെടുന്ന തൊരപ്പനെലി വര്‍ഗ്ഗത്തില്‍ പെട്ട ഇവന്റെ പേരോ അതി ഗംഭീരം "സ്റ്റാര്‍ നോസ്ഡ് മോള്‍ " (ഇനിയിപ്പം മോളല്ല മോനാണെങ്കിലും മോളെന്നു തന്നെ വിളിച്ചേ പറ്റൂ!) അഥവാ നക്ഷത്ര മൂക്കന്‍ തുരപ്പനെലി അപ്പനും അമ്മയും ഇട്ട പേര് കോണ്ടിലൂറ ക്രിസ്റ്റാറ്റ എന്നാ‍ണ്। കറുത്ത നിറം॥ദേഹം നിറയെ പതുപതുത്ത രോമം, കൈ കാലുകളില്‍ കൂര്‍ത്ത നഖങ്ങള്‍ മുഖത്തു കണ്ണോ വായോ ഒറ്റനോട്ടത്തില്‍ ആരും കാണില്ല ഉള്ളതു ചുവന്ന പൂവ് വീടര്‍ന്നു നില്‍ക്കുന്ന പോലൊരു മൂക്കു മാത്രം

വടക്കേ അമേരിക്കയിലൊക്കെ കാണുന്ന എലി വര്‍ഗ്ഗത്തില്‍ പെട്ട ഇവന്‍ അത്ര മോശക്കാരന്‍ ആണെന്നു ആരും വിചാരിക്കണ്ടാ ജന്തു ലോകത്തിലെ ശാപ്പാട്ടുരാമന്‍ തന്നെയാണ് ഇവന്‍ നമ്മുടെ "തീറ്റ റപ്പായി" യെ പോലെ
ഒരു സെക്കന്‍ഡ് കൊണ്ട് അഞ്ചു പ്രാണീകളേ വരെ അകത്താക്കാന്‍ മിടുക്കനാണ് ഇവന്‍ ഇവന്റെ ഇഷ്ട ഭോജ്യം നമ്മുടെ മണ്ണീരയാണ് എങ്കിലും മീനുകളെയും ഞണ്ടുകളേയും പുഴുക്കളെയുമൊന്നും വെറുതേ വിടാന്‍ ഇവന്‍ ഒരുക്കമല്ല താനും।
പ്രായപൂര്‍ത്തിയെത്തിയ ഒരു നക്ഷത്രമൂക്കന് ഏകദേശം 15 മുതല്‍ 20 വരെ സെന്റീമീറ്റര്‍ നീളവും 75 ഗ്രാം വരെ തൂക്കവുമുണ്ടാവും। 44 പല്ലുകളും. പിങ്ക് നിറത്തിലുള്ള ഇരുപത്തിരണ്ടോളം സ്പര്‍ശനികളാണ്‍ ഇവയുടെ മൂക്കിനു ചുറ്റും വിടര്‍ന്ന പൂവ് പോലെ കാണപ്പെടുന്നത്। ഇവന്‍ നല്ലൊരു നീന്തല്‍ വിദഗ് ധനും മുങ്ങല്‍ വീരനും ഒക്കെയാണ് തുരപ്പന്റെ വര്‍ഗ്ഗത്തില്‍ പെട്ടതിനാല്‍ മണ്ണു മാന്തുന്ന കാര്യത്തില്‍ ഇവന്‍ ബഹുമിടുക്കനും അര മീറ്റര്‍ വരെ കുഴിച്ചാണ് ഇവ മാ‍ളമുണ്ടാക്കുന്നത്...
ഇവന്റെ മറ്റൊരു പ്രത്യ്യേകത വാലാണ്। മറ്റുള്ള ജീ‍വികളെ അപേക്ഷിച്ച് ഇവന്റെ വാലിനൊരു പ്രത്യേകതയുള്ളത് തണുപ്പുകാലമായിക്കഴിഞ്ഞാല്‍ അത് മൂന്നു നാലിരട്ടി വീര്‍ക്കും। കൊഴുപ്പ് തണുപ്പുകാലത്ത് ശേഖരിച്ചു വയ്ക്കാ‍നാണത്രെ??
രണ്ടു വര്‍ഷം വരെ ചിലയിനം മോളുകള്‍ ജീവിച്ചിരിക്കാറുണ്ട്, പലപ്പോഴും വെള്ളത്തിനടിയില്‍ കഴിയുമെങ്കിലും കൂടുതല്‍ സമയവും കരയില്‍ കഴിയുന്ന ഈ നക്ഷത്രമൂക്കന്മാരെ എവിടെ കണ്ടാലും മൂങ്ങകള്‍ വെറുതെ വിടാറീല്ല ഓടിച്ചിട്ട് പിടിച്ച് ഭക്ഷിക്കും।
ചതുപ്പു നിലങ്ങളുള്ളിടത്താണ്‍ ഇവയെ ധാരാളമായി കണ്ടു വരുന്നത്। മനുഷ്യന്‍ ചതുപ്പു പ്രദേശങ്ങള്‍ വാസസ്ഥലങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നക്ഷത്രമൂക്കനെലികളേയും കാലക്രമേണ ചില്ലിട്ട് വയ്ക്കേണ്ടി വരും ॥ഒരു കാലത്ത് ഇവരും ഭൂമിയിലുണ്ടായിരുന്നു എന്ന തെളിവിനു വേണ്ടി..!!!

Thursday, April 17, 2008

എന്തു നല്ല നെക് ലേസ് !!!!!!!!!!!!!






ചില സംഭവങ്ങള്‍ അങ്ങിനെയാണ്, കാരമുള്ളു പോലെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങും. രക്തം വാര്‍ന്നൊലിച്ച് വേദനിപ്പിച്ച് അതങ്ങിനെയിരിക്കും വര്‍ഷങ്ങളോളം..... അത്തരത്തില്‍ എന്റെ മനസ്സിനെയും പിടിച്ചുലച്ച ഒരു ദിവസമായിരുന്നു 2004 ഡിസംബര്‍ 26.

മനുഷ്യര്‍ എത്ര നിസ്സാര ജീവികള്‍ ആണെന്ന സത്യം എത്ര നിശിതമായാണ് രണ്ടായിരത്തി നാല് ഡിസംബര്‍ ഇരുപത്തി ആറിനു സുമാത്രാ ദ്വീപു മുതല്‍ ആഫ്രിക്കയുടെ തീരങ്ങളിലൂടെ മരണതാണ്ഡവമാടിയ രാക്ഷസ തിരമാലകളിലൂടെ നമ്മെ ഓര്‍മിപ്പിച്ചത് ആര്‍ത്തികള്‍,മത്സരങ്ങള്‍,വെട്ടിപ്പിടിക്കലുകള്‍ എല്ലാം നിമിഷ നേരം കൊണ്ട് അവസാനിക്കുന്നുനമുക്കു വെള്ളവും വെളിച്ചവും തരുന്ന പ്രകൃതി അമ്മ മാത്രമല്ല സംഹാര രുദ്ര കൂടിയാണെന്നു ഓര്‍മിപ്പിക്കുമ്പോള്‍ നാം കൂടുതല്‍ വിനയാന്വിതരാകേണ്ടിയിരിക്കുന്നു ചതിച്ചും കൊന്നും കെട്ടിപ്പടുക്കുന്ന മഹാ സൌധങ്ങളും ശാസ്ത്രത്തിന്റെ ശൂന്യാകാശത്തേക്കുള്ള പറക്കലുകളും പ്രകൃതിയുടെ ചെറിയ ഒരു കലി തുള്ളലിനു മുന്നില്‍ ഒന്നുമല്ല എന്നു നാം മനസ്സിലാക്കിയ ദിനമാണ് സൂനാ‍മി തിരമാലകള്‍ ഇന്ത്യന്‍ തീരം ഉള്‍പ്പെടെയുള്ള കടലോരങ്ങളില്‍ നിന്നും പതിനായിരങ്ങളെ കവര്‍ന്നെടുത്ത ദിനം.

ഞാനന്നു ഇടുക്കിയില്‍ ജോലി ചെയ്യുന്നു പുലര്‍ച്ചെ മുതല്‍ എല്ലാ ചാനലുകളിലും തല്‍ സമയ സം പ്രേഷണങ്ങള്‍ നടക്കുന്നുമനുഷ്യരും മൃഗങ്ങളും വാഹനങ്ങളും എല്ലാം വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന ഭീതിതമായ കാഴ്ച ആരെയും വേദനിപ്പിക്കുംആര്‍ക്കും കണ്ടു നില്‍ക്കാന്‍ പോലും പറ്റാത്ത ദൃശ്യങ്ങള്‍ ആയിരുന്നില്ലെ അവ. ഞാന്‍ അന്നു എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഇരുന്നു ആ രംഗങ്ങള്‍ കാണുകയായിരുന്നു. ചാനലില്‍ അവതാരക സംഭവങ്ങള്‍ വിവരിച്ചു കൊണ്ടിരിക്കുന്നുഒപ്പം തല്‍ സമയ സം പ്രേഷണവും

ശ്രീലങ്കന്‍ തീരത്തുള്ള ഒരു റിസോര്‍ട്ടിലേക്ക് തിരമാലകള്‍ ആഞ്ഞടിക്കുന്നു റിസോര്‍ട്ടിന്റെ മുറ്റത്തുള്ള ഒരു പോസ്റ്റില്‍ ഒരു വൃദ്ധന്‍ അള്ളിപ്പിടിച്ച് വിറങ്ങലിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ മേലേക്കു തിരമാലകള്‍ അടിച്ചു കയറുന്ന ഭീദിതമായ ദൃശ്യം ആണു സ്ക്രീനില്‍ അപ്പോള്‍! ജീവനും മരണത്തിനുമിടയില്‍ പെട്ടുപോയ ആ വൃദ്ധന്റെ പരിതാപകരമായ അവസ്ഥയോര്‍ത്ത് എന്റെ മനസ്സു പിടഞ്ഞു.. എന്റെ ദൈവമെ ആ വൃദ്ധനു ഒന്നും സംഭവിക്കല്ലേ അദ്ദേഹത്തിന്റെ ജീവന്‍ തിരികെ കിട്ടണേ എന്ന നിശബ്ദ പ്രാര്‍ഥനയോടെ ഞാന്‍ ഇരിക്കുന്നു

ഇല്ല ... തൊട്ടടുത്ത നിമിഷം ഒരു വലിയ തിരമാല ആഞ്ഞടിച്ചപ്പോഴേക്ക് അദ്ദേഹത്തിന്റെ കൈകള്‍ വിട്ടു പോയി. മരണത്തിലേക്കു അദ്ദേഹം ഒഴുകി നീങ്ങുന്നത് നിസ്സഹായതയോടെ കണ്ടിരിക്കുമ്പോള്‍ ആണ് സുഹൃത്തിന്റെ ഭാര്യ ഞങ്ങള്‍ക്കു ചായയുമായി കടന്നു വന്നത്.

ടി വി യിലെ വാര്‍ത്ത ഒന്നു നോക്കി അവര്‍ പറഞ്ഞു

“ ഹോ എന്തു നല്ല നെക് ലേസ് "

സുനാമിയെ പറ്റിയോ ഇത്രയും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ പറ്റിയോ അവര്‍ ഒരു വാക്കും മിണ്ടിയില്ലഅങ്ങനെയൊരു സംഭവം ലോകത്ത് നടക്കുന്നുണ്ടെന്നു പോലും അവരറിഞ്ഞില്ലാനു തോന്നും അവരുടെ മുഖഭാവം കണ്ടാല്‍ . അവിടെ ഒഴുകിനീങ്ങിയ മനുഷ്യരുടെയും വളര്‍ത്തു മൃഗങ്ങളുടെയും ശരീരങ്ങള്‍ അവര്‍ കണ്ടില്ല.. അലമുറയിടുന്ന ജനത്തിന്റെ ആരവങ്ങള്‍ അവര്‍ കേട്ടില്ല..! പകരം അവരുടെ കണ്ണുകള്‍ ചെന്നെത്തിയത് ആ വാര്‍ത്താ വായനക്കാരിയുടെ കഴുത്തിലെ മാലയില്‍ ആയിരുന്നു!!!.

ആകെ മൂകമായിരുന്ന അന്തരീക്ഷത്തില്‍ അവരുടെ ഈ വാക്കുകള്‍ ഒരു പെരുമ്പറയില്‍ നിന്നും വന്നപോലെ എന്നെ ഭീതിപ്പെടുത്തി.. എത്ര നിസ്സാരമായാണാ സ്ത്രീ പ്രതികരിച്ചത്..

ആ സ്ത്രീയില്‍ നിന്നും ഈ വാചകം കേട്ടപ്പോള്‍ ചിരിക്കുകയാണോ കരയുകയാണോ വേണ്ടതു എന്നു ചിന്തിക്കാന്‍ പോലും കഴിയാതെ ഏറെ നേരം ഞാന്‍ മരവിച്ചിരുന്നുപോയി..

ചിലര്‍ അങ്ങിനെയാണ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍. ചുറ്റും എന്തു നടക്കുന്നു എന്ന് മനപ്പൂര്‍വ്വമോ അല്ലാതെയോ ശ്രദ്ധിക്കാത്തവര്‍. ആഡംബരങ്ങളില്‍ മാത്രം എപ്പോഴും മനസ്സൂന്നുന്നവര്‍.. അങ്ങിനെയുള്ളവരോട് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍..!!!

വര്‍ഷം മൂന്നു കഴിഞ്ഞിട്ടും സുനാമിയുടെ ഓര്‍മ്മകളില്‍ ഈ ഒരു സംഭവം കറുത്ത പാടായി എന്റെ മനസ്സില്‍ പതിഞ്ഞു കിടക്കുന്നു!!.

Wednesday, April 16, 2008

പ്രാര്‍ഥന ഒരു ശിക്ഷ ആയപ്പോള്‍........

ഞാന്‍ ഇടുക്കിയിലെ ചെറുതോണിക്കടുത്തു വാഴത്തോപ്പ് എന്ന സ്ഥലത്തു ജോലി ചെയ്യുന്ന കാലം താമസം വാഴത്തോപ്പില്‍ തന്നെ ഉള്ള കോണ്‍ വെന്റ് കം ഹോസ്റ്റലില്‍ പേര് യേശുനിവാസ് വര്‍ക്കിങ് വിമന്‍ ആയി ഞങ്ങള്‍ അഞ്ചെട്ടു പേരുണ്ട് കൂടുതലും എഞ്ജിനീയറിങ്ങിനു പഠിക്കുന്ന കുട്ടികള്

ഹോസ്റ്റലില്‍ ചേര്‍ന്നപ്പോള്‍ തന്നെ അവിടത്തെ നിയമാവലി മദര്‍ എന്നോട് പറഞ്ഞിരുന്നു

അതില്‍ പ്രധാനമായവ
* രാവിലെയും വൈകിട്ടും പ്രാര്‍ഥനയില്‍ പങ്കു കൊള്ളുക
* ഹോസ്റ്റലില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്
*രാത്രി പത്തു മണിക്കു ശേഷം റൂമില്‍ ലൈറ്റ് ഇടരുത്
* വൈകിട്ട് ആറരക്കു മുന്‍പു ഹോസ്റ്റലില്‍ തിരിച്ചെത്തണം
...................................................................................................

ഇതില്‍ ആദ്യത്തെ നിബന്ധന എന്നെ സംബന്ധിച്ചിടത്തോളം സഹിക്കാന്‍ വയ്യാത്ത ഒന്നായിരുന്നു വൈകിട്ട് പ്രാര്‍ഥന സന്തോഷം തന്നെ പക്ഷേ രാവിലെ...............

പ്രാര്‍ഥനക്കുള്ള മണി രാവിലെ നാലു മണിക്കു അടിക്കും(ഹോസ്റ്റലില്‍ ഓരോന്നിനും മണി മുഴക്കമാണ് ഭക്ഷണം കഴിക്കാന്‍,പ്രാര്‍ത്തിക്കാന്‍ വായിക്കാന്‍॥ഓരോന്നിനും മണിയടിയുടെ ഈ ണത്തിനും വ്യത്യാസം ഉണ്ട് ) രാത്രികാലങ്ങളില്‍ സഹിക്കാന്‍ വയ്യാത്ത തണുപ്പാണ്।കമ്പിളിക്കുള്ളില്‍ ചുരുണ്ട് വളഞ്ഞ് എസ് ഷേപ്പിലൊക്കെ കിടന്നാണു തണുപ്പിനെ ഓടിക്കുന്നത് പ്രാര്‍ഥനയില്‍ നിന്നും ആരേയും ഒഴിവാക്കിയിട്ടില്ല॥മണിയടി കേള്‍ക്കുമ്പോള്‍ ചാടി എണീറ്റ് പല്ല് ബ്രഷ് ചെയ്ത് എല്ലാരും പ്രേയര്‍ ഹാളില്‍ എത്തണം

ഈ പ്രാര്‍ഥന കണ്ടു പിടിച്ചവനെ തല്ലിക്കൊല്ലണം എന്ന പ്രാര്‍ഥനയോടെ മെല്ലെ പുതപ്പിനടിയില്‍ നിന്നു എണീറ്റ് ഉറങ്ങിക്കൊണ്ട് തന്നെ പല്ലു തേച്ചു എന്നു വരുത്തി ആടിയാടി പ്രേയര്‍ ഹാളില്‍ എത്തും॥ഞാന്‍ എത്തുമ്പോളേക്കും കുട്ടികള്‍ പ്രാര്‍ഥനാ ഗാനം പാടിതീര്‍ന്നു ബൈബിള്‍ വായന തുടങ്ങി കാണും॥ഞാന്‍ മെല്ലെ ചെന്നു അവരുടെ കൂടെ ഇരിക്കും॥ഇരുന്നു കൊണ്ട് ഒന്നു കൂടി ഉറങ്ങും॥ഇങ്ങനെ കുറെ ദിവസമായപ്പോള്‍ കുട്ടികള്‍ പറഞ്ഞു ചേച്ചി അവിടെങ്ങാനും കിടന്ന് ഉറങ്ങിക്കോളൂ...എന്തിനാ ഇവിടെ വന്നിരിക്കുന്നെ॥അപ്പോള്‍ ഹോസ്റ്റലിലെ നിയമം ?

നിയമം മണ്ണാങ്കട്ട !!!

ഞാനൊന്നാലോചിച്ചു॥കുട്ടികള്‍ ആണെങ്കിലും അവര്‍ പറഞ്ഞതില്‍ കാര്യം ഉണ്ട്॥ഞാനെന്തിനാ ദൈവത്തിന്റെ മുന്നില്‍ വന്നിരുന്നു ഉറങ്ങുന്നേ

അവരുടെ ഉപദേശം സുന്ദരിയും സുശീലയും വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും സര്‍വ്വോപരി ഗസറ്റഡ് ഉദ്യോഗസ്ഥയുമായ ഞാന്‍ സസന്തോഷം സ്വീകരിച്ചു॥

പിറ്റേന്നു മണിയടി കേട്ടിട്ടും കേട്ടില്ലാ എന്ന മട്ടില്‍ കമ്പിളി ഒന്നു കൂടെ തല വഴി വലിച്ചിട്ട് ഞാന്‍ കിടന്നു...പ്രേയര്‍ ഹാളിനുള്ളില്‍ നിന്നു കുട്ടികളുടെ പ്രാര്‍ഥന ഉയര്‍ന്നു കേള്‍ക്കാം

ആരാധിക്കുന്നേ കുമ്പിട്ടാരാധിക്കുന്നേ......

ആത്മനാഥന്‍ യേശുവിനെ ആരാധിക്കുന്നേ

പെട്ടെന്നാണു കതകില്‍ മുട്ടു കേട്ടത്॥ഡും ഡും ഡും

ആരപ്പാ ശല്യപ്പെടുത്താന്‍ വന്നിരിക്കുന്നെ ? മനുഷ്യനെ സ്വസ്ഥമായി ഒന്നുറങ്ങാനും സമ്മതിക്കില്ലേ ?

കണ്ണും തിരുമ്മി പിറുപിറുത്തു കൊണ്ട് ഞാന്‍ ചെന്നു വാതില്‍ തുറന്നു॥

ഒരു നിമിഷം എന്റെ ഉറക്കം ഏതു വഴിക്കു പോയി എന്നറിയില്ല॥മുന്‍പില്‍ മദര്‍ !!!!! മദറിന്റെ മുഖം ചുവന്നിരിക്കുന്നു॥ദേഷ്യം കൊണ്ട് മൂക്കൊക്കെ വിറക്കുന്നു...

താമസിച്ചില്ല മഴ തുടങ്ങി॥ഇവിടുത്തെ നിയമം കാന്താരിക്കു അറിയാവുന്നതല്ലേ॥അവിടെ കുട്ടികള്‍ പ്രാര്‍ഥിക്കുന്നതു കാണുന്നില്ലേ അവര്‍ക്കു മാതൃക കാണിക്കേണ്ടതല്ലേ ?പോത്ത് പോലെ ഉറങ്ങുന്നു ആസനത്തില്‍ വെയിലു വന്നാലും എണീകില്ലല്ലോ .........പെരു മഴ തുടര്‍ന്നു ..........

.മദറേ ഞാന്‍ ...............
ഞാന്‍ പറയാന്‍ ശ്രമിച്ചു॥ഇയാള്‍ ഒന്നും പറയേണ്ടാ॥ഞാന്‍ പറയുന്നതു അങ്ങ് കേട്ടേച്ചാല്‍ മതി

ശരി മദര്‍ പറയൂ ?


ഇപ്പോള്‍ നടന്ന പ്രാര്‍ഥന മൊത്തം കാന്താരി ഒറ്റക്കു പ്രാര്‍ഥിക്കണം॥ദൈവമെ ചതിച്ചോ എന്റെ ഗുരുവായൂരപ്പാ॥എന്തൊരു പരീക്ഷണം

എനിക്കാണേല്‍ ബൈബിള്‍ അതിന്റെ ഈണത്തില്‍ വായിക്കാനൊന്നും അറിയില്ല...എന്നാലും ശിക്ഷയല്ലേ അനുഭവിച്ചേ പറ്റൂ...

ഞാന്‍ പ്രേയര്‍ റൂമിലേക്കു നടന്നു।കുട്ടികള്‍ പഠനം തുടങ്ങിയിരിക്കുന്നു॥പ്രാര്‍ഥന കഴിഞ്ഞാല്‍ പിന്നെ അതു പഠന മുറി ആയി ഉപയോഗിക്കുന്നു॥

കുട്ടികള്‍ ചെയ്ത പ്രാര്‍ഥന മൊത്തം ഞാന്‍ ഒന്നു കൂടി നടത്തേണ്ടി വന്നു॥എനിക്കാണെങ്കില്‍ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എല്ലാം ഒന്നും അറിയില്ലാ॥കൂട്ടത്തില്‍ കൂടുമ്പോള്‍ പാടും എന്നല്ലാതെ.....ഞാന്‍ എങ്ങനെയൊക്കെയോ ഇസ്രായേലിന്‍ നാഥന്‍ എന്ന പാട്ടൊക്കെ പാടി പ്രാര്‍ഥന മുഴുമിപ്പിച്ചു॥

എന്റെ പ്രാര്‍ഥന തീരുന്നതു വരെ മദര്‍ അവിടെ തന്നെ നിന്നു।കുട്ടികളുടെ മുഖത്തു സഹതാപം॥എനിക്കു ഇഞ്ചി കടിച്ച കുരങ്ങന്റെ ഭാവം॥ഇത്രേം വലിയ നാണക്കേട് ഇനി ഉണ്ടാവാനുണ്ടോ ? ഇനിയീ കുട്ടികളുടെ മുഖത്തെങ്ങനെ നോക്കും...

തിരിച്ചു റൂമില്‍ എത്തി॥തിരിഞ്ഞും മറിഞ്ഞും, കമഴ്ന്നും കിടന്നിട്ടും ദേഷ്യം പോകുന്നില്ല॥എന്റെ ഭര്‍ത്താവു പോലും ഇങ്ങനെ ചീത്ത പറഞ്ഞിട്ടില്ല എന്നെ ...ഞാനെന്താ കൊച്ചു കുട്ടി ആണോ ചീത്ത പറഞ്ഞു അനുസരിപ്പിക്കാന്‍...

മദര്‍ പറഞ്ഞതു കേട്ടില്ലെങ്കില്‍ വേറെ ഹോസ്റ്റല്‍ ഒന്നും അവിടെ ഇല്ലാ॥വീട്ടില്‍ നിന്നും എന്നും പോയി വരുക എന്നതു ബുദ്ധിമുട്ടും ആണ്॥അതിനാല്‍ പ്രതികരിക്കാന്‍ വയ്യാ...എന്തു പറഞ്ഞാലും സഹിച്ചേ പറ്റൂ।ദേഷ്യം വന്നതു വിഴുങ്ങിയെ പറ്റൂ॥ഇവിടെ തന്നെ കൂടണമെങ്കില്‍ ...അങ്ങനെ കുറെ നേരം മദറിനെ മനസ്സില്‍ തെറി വിളിച്ചപ്പോള്‍ എന്റെ ദേഷ്യം ഒട്ടൊന്നു കുറഞ്ഞു॥എണീറ്റിരുന്നു നേരം വെളുപ്പിച്ചു പിന്നെ..


പ്രശ്നം എന്താന്നു വെച്ചാല്‍ രാവിലെ പ്രാര്‍ഥന അഞ്ചര ഒക്കെ ആകുന്നതോടെ തീരും ।അതു കഴിഞ്ഞാല്‍ എട്ടര വരെ സമയം കളയാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല॥ടി।വി,റേഡിയോ,ടേപ്പ് റെക്കോറ്ഡര്‍ ഇല്ലാ॥ഇഷ്ട വാരികകളായ മംഗളം ,മനോരമ ഇത്യാദി ഹോസ്റ്റലില്‍ കണ്ടാല്‍ വയറ് നിറയെ ചീത്ത കേള്‍ക്കാന്‍ അതും ഒരു കാരണമാകും॥ഇതൊക്കെ വായിച്ചാല്‍ ഈ കുട്ടികള്‍ ഒക്കെ ചീത്തയാകും എന്നാ മദറിന്റെ വാദം ॥ഉറക്കെ വര്‍ത്തമാനം പറയാനോ ചിരിക്കാനോ പാടില്ല॥പിന്നെ എങ്ങനെ സമയം കളയും ??

എനിക്കു അന്നു തോന്നിയ ഒരു സംശയം ആണ്॥നിര്‍ബന്ധിച്ചു പ്രാര്‍ഥിപ്പിക്കുന്നതില്‍ വല്ല അര്‍ഥവും ഉണ്ടോ ? വിശ്വാസം മനസ്സില്‍ ഉള്ളവര്‍ പ്രാര്‍ഥിച്ചാല്‍ പോരെ...എന്താ നിങ്ങളുടെ അഭിപ്രായം ?????


Thursday, April 10, 2008

കണി കണീ വിഷുക്കണി...




വിളവൊരുക്കലിന്റെ ഉത്സവമായ വിഷു അടുത്തെത്തിക്കഴിഞ്ഞു।കണ്ണിനിമ്പമേകി കര്‍ണികാ‍രങ്ങളെല്ലാം താലമെടുത്തു॥ഓണത്തിനു പൂവായ പൂവൊക്കെ പൂത്തൊരുങ്ങും॥എന്നാല്‍ കൊന്നമരത്തിനു സുന്ദരി ആകണമെങ്കില്‍ വിഷുക്കാലം തന്നെ വരണമല്ലോ॥


കണിക്കൊന്ന പൂത്തതിനെ കുറിച്ചു ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്।ഗുരുവായൂരംബലത്തില്‍ പണ്ട് വളരെ ദരിദ്രനായ ഒരു ബ്രാഹ്മണന്‍ ശാന്തിപ്പണി ചെയ്തിരുന്നു।ശാന്തിക്കാരന്റെ മകന്‍ ഒരിക്കല്‍ വിശന്നു കരയുന്നതു കണ്ട് വഴിപോക്കനായ ഒരു ബാലന്‍ തന്റെ സ്വര്‍ണ അരഞ്ഞാണം ഊരി കുഞ്ഞിനു നല്‍കി॥ശാന്തി കഴിഞ്ഞു ഇല്ലത്തു തിരിചെത്തിയ ബ്രാഹ്മണന്‍ ഗുരുവായൂരപ്പനെ അണിയിക്കാറുള്ള അരഞ്ഞാണം തന്റെ മകന്റെ കൈയില്‍ കണ്ട് ഞെട്ടി॥മകന്‍ പറഞ്ഞതൊന്നും വിശ്വസിക്കാതെ കുട്ടിയെ തല്ലി॥മോഷ്ട്ടിച്ച മുതല്‍ നമുക്കു വേണ്ടാ എന്നും പറഞ്ഞ് അരിശത്തോടെ ആ അരഞ്ഞാണം വലിച്ചൊരേറു കൊടുത്തൂ।അതു ചെന്നു വീണതു മുറ്റത്തു നിന്ന കൊന്നമരകൊമ്പിലാണ്।നിമിഷം കൊണ്ടു കൊന്നമരം പൂത്തുലഞ്ഞു॥അപ്പോഴാണ് ബ്രാഹ്മണനു തനിക്കു പറ്റിയ തെറ്റ് മനസിലായത്।വന്നത് ഭഗവാന്‍ തന്നെ എന്ന തിരിച്ചറിവ് ഉണ്ടായതും।


വിഷുവിനുള്ള കണി തലേന്നു വൈകിട്ട് ഞങ്ങള്‍ ഒരുക്കി വെക്കും।സാധാരണയായി ഓട്ടുരുളിയിലാണ്‍ ഞങ്ങള്‍ കണി വെക്കാറ്।വൃത്തിയാക്കിയ ഉരുളിയില്‍ ഉണക്കലരി,നെല്ല്,കുരുമുളക് ഇവ ഇടും...എന്നിട്ട് കണി വെള്ളരിക്ക നടുക്കു വെക്കും॥ചുറ്റിനും കൊന്ന പൂ‍ക്കള്‍ വെക്കും।വെള്ളരിക്കയുടെ രണ്ടു വശത്തുമായി നാളികേര മുറിയില്‍ മുനിഞ്ഞു കത്തുന്ന തിരി വെക്കും ॥കണി വെള്ളരിയെ ഉണ്ണിക്കണ്ണന്‍ എന്നു സങ്കല്‍പ്പിച്ച് കണ്മഷി കൊണ്ട് കണ്ണും പുരികവും വരച്ച് ഗോപി പൊട്ടും തൊടുവിക്കും॥പിന്നെ സ്വര്‍ണ്ണമാല।സ്വര്‍ണ്ണ അരഞ്ഞാണം ഇവ അണീയിക്കും॥( ഇപ്പോള്‍ സ്വര്‍ണം ഒന്നും അണിയിക്കാറില്ല കേട്ടൊ॥കള്ളനെ പേടിയാ..)


പുലര്‍ച്ചെ അമ്മ ആദ്യം ഉണരും॥കണി കത്തിച്ചു ഞങ്ങള്‍ ഓരോരുത്തരെ വിളിച്ചുണര്‍ത്തും॥കണ്ണു പൊത്തി ഉരിയാടാതെ വന്നു വേണം കണ്ണ് തുറന്നു കണി കാണാന്‍॥കണി കണ്ടു കഴിയുമ്പോള്‍ അച്ച്ഛന്‍ വിഷുകൈനീട്ടം തരും॥ഒറ്റരൂപാ തുട്ടാണു കൈനീട്ടമായി തരിക॥ഉരുളിയില്‍ നിന്നു ഒരു പിടി കൊന്നപ്പൂ,കുരുമുളക്,അരി എന്നിവ വാരി ഓരോരുത്തര്‍ക്കായി കൈനീട്ടം തരും॥അമ്പലത്തില്‍ തിരുമേനിമാര്‍ പ്രസാദം തരുന്ന പോലെയാണ് നമ്മുടെ നീട്ടിപ്പിടിച്ച കൈക്കുമ്പിളിലേക്ക് ഒറ്റരൂപാത്തുട്ട് ഇടുന്നത്॥കൈയില്‍ വന്നു വീഴുന്ന നാണയത്തിന്റെ വശം നോക്കി വിഷു ഫലം നല്ലതോ ചീത്തയോ എന്നു പറയുമായിരുന്നു അച്ച്ഛന്‍।



ഞങ്ങളുടെ കണികാണല്‍ കഴിഞ്ഞ് ഞങ്ങള്‍ വീടിനെയും തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കളെയും പട്ടി,കോഴി എല്ലാവരെയും കണി കാണിക്കും॥ഇതിനു ശേഷമാണു ഞങ്ങള്‍ പിള്ളേരുടെ ആഘോഷം തുടങ്ങുന്നത്॥കമ്പിത്തിരി,പൂത്തിരി,മത്താപ്പൂ,,പാമ്പു ഗുളിക,വാണം॥ചക്രം,കുരവപ്പൂ...എല്ലാം കത്തിക്കും॥എനിക്കു ഇഷ്ടമില്ലാത്ത ഒരു കാര്യം ഉണ്ട്॥പടക്കം॥അതു കേള്‍ക്കുമ്പോള്‍ ചെവിയും പൊത്തി ഇരിക്കും॥



പിന്നെ അടുക്കളയില്‍ ആണ്॥എല്ലാവരും കൂടി വിഭവ സമൃദ്ധമായ സദ്യ ഒരുക്കും।ഉച്ചക്കു ഒരുമിച്ചിരുന്നു ഉണ്ണും॥ഉച്ചക്കു ശേഷം എല്ലാവരും കൂടെ അമ്മാവന്റെ വീട്ടിലേക്കു॥കുട്ടികളായ ഞങ്ങള്‍ക്കു സുഖമാണ് കൈനീട്ടം എല്ലാവരുടെ അടുത്തു നിന്നും കിട്ടും ചാച്ചന്മാര്‍,ആന്റിമാര്‍,മാമന്മാര്‍॥നല്ലൊരു തുക കിട്ടും ।അതു സൂക്ഷിച്ചു വെക്കും॥അമ്പലത്തില്‍ ഉത്സവം വരുമ്പോള്‍ വള,മാല ഒക്കെ വാങ്ങാന്‍॥




ഇന്നു ഞാന്‍ വീട്ടില്‍ വിഷുക്കണി ഒരുക്കുന്നു॥ഒരു വിഷുവിനും ഭര്‍ത്താവ് അരികില്‍ ഉണ്ടാവാറില്ല॥ഫോണിലൂടെ വിഷു ആശംസകള്‍ കിട്ടും।മക്കളും ഞാനും കൂടെ വിഷു ആഘോഷിക്കും॥എങ്കിലും എന്റെ ചെറുപ്പത്തിലെ ഉള്ള വിഷുവിന്റെ മാധുര്യം ഇന്നു എനിക്കു തോന്നാറില്ല।ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട് അതു അന്യം നിന്നു പോയിരിക്കുന്നു॥ എങ്കിലും എനിക്കു ഉറക്കെ പാടാന്‍ തോന്നും...


“ മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപൂവും.... “

Sunday, April 6, 2008

കലാലയ സ്മരണകള്‍...

വര്‍ഷംആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല്॥മാസം കൃത്യമായി ഓര്‍ക്കുന്നില്ല॥(മറവി എനിക്കു ജനിച്ചപ്പം മുതല്‍ ഉള്ള അസുഖം ആണ്) മണ്ണുത്തി വെറ്റെറിനറി കോളേജില്‍ പഠിക്കുന്ന കാലം॥ഞാന്‍ അന്നു ഫസ്റ്റ് ഇയര് ക്ലാസ്സ് തുടങ്ങി അധികം ആയിട്ടില്ല।റാഗിങ്ങ് തീര്‍ന്നിട്ടില്ലാ റാഗിങ്ങിനിടക്ക് എന്നെ കൊണ്ട് പാട്ടു പാടിച്ചു അല്പ സ്വല്‍പ്പം ഞാന്‍ പാടും എന്നു ചേച്ചിമാര്‍ കണ്ടു പിടിച്ചു।കോളേജ് ഡേ നടക്കാന്‍ പോകുന്നു..കോളെജിലെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി ആണു സിന്ധു ചേച്ചി॥ചേച്ചി പറഞ്ഞു കോളെജ് ഡേക്കു ഇയാള്‍ ഒരു പാട്ട് പാടിയേ തീരൂ॥

ഞാന്‍ എന്റെ ജീവിതത്തില്‍ സ്റ്റേജില്‍ കയറി പാട്ട് പാടിയിട്ടില്ല॥വീട്ടില്‍ കുളിക്കുമ്പോഴും അടുക്കളയില്‍ മേയുമ്പോഴും മൂളുന്നതാണു ഇക്കാര്യത്തില്‍ ഉള്ള മുന്‍ പരിചയം।എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി സമ്മതിക്കുന്നില്ല।റാഗിങ്ങിനെ പേടി ഉള്ളതു കൊണ്ട് അധികം എതിര്‍ത്തു പറയാനും വയ്യ॥ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ അതിന്റെ പേരില്‍ വീണ്ടും റാഗ് ചെയ്താലോ ?പിന്നെ ഞാന്‍ ഓര്‍ത്തു॥എനിക്കു പാടാന്‍ പറ്റില്ല എന്ന കാര്യം ഞാന്‍ പറഞ്ഞു॥ഇനിയും അവര്‍ക്കു നിര്‍ബന്ധമാണേല്‍॥സഹിക്കട്ടേ॥അല്ലാ അറിയാത്ത പിള്ളക്കു ചൊറിയുമ്പോള്‍ അറിയും എന്നാണല്ലോ...

അങ്ങനെ ആ ദിവസം വന്നു ചേര്‍ന്നു॥കോളേജിലെ പരിപാടികള്‍ എല്ലാം വൈകിട്ട് ആണു॥കോളേജിലെ തന്നെ സ്റ്റുഡന്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയാണ് മുഖ്യ ഐറ്റം।ഓര്‍ക്കസ്ട്ര പുറത്തു നിന്നും വരും।ഗായകര്‍ എല്ലാം കുട്ടികള്‍॥എല്ലാവരും സീനിയേഴ്സ് ആണു॥ഞാന്‍ ആണു ജൂനിയേഴ്സിന്റെ ഭാഗത്തു നിന്നുള്ളത്॥

ഉച്ച വരെ എങ്ങനെയോ ഞാന്‍ കഴിച്ചു കൂട്ടി॥ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ പരീക്ഷാ സമയത്തു മാത്രം എനിക്കു വരാറുള്ള ഒരു പ്രത്യേക അസുഖം (“ ബവത്സ് സിന്‍ഡ്രോം “ എന്നോ മറ്റോ ആണു അതിന്റെ പേര്॥എന്നു തോന്നുന്നു॥) തുടങ്ങി ।എനിക്കു കക്കൂസില്‍ നിന്നും ഇറങ്ങാന്‍ നേരം ഇല്ല॥അന്‍പതു പൈസ തുട്ട് വെക്കണോ എന്നു ചേച്ചിമാര്‍ ചോദിക്കുന്നതു വരെ എത്തി കാര്യങ്ങള്‍ ।എന്ിക്കും തോന്നി തുട്ട് വെച്ചില്ലെങ്കില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കുഴയും ...എങ്ങനെയോ ഒരു തരത്തില്‍ വൈകുന്നേരം ആക്കി

പരിപാടി തുടങ്ങി॥സിന്ധു ചേച്ചിയുടെ പാട്ടു കഴിഞ്ഞു॥”കണ്ണുക്കു മയ്യഴകു॥കവിതക്ക് പൊയ്യഴകു....”ചേച്ചി നന്നായി പാടി॥സദസ്സില്‍ നിന്നു നിലക്കാത്ത കരഘോഷം॥ അതു കഴിഞ്ഞു മാണിക്യ വീണയുടെ പാട്ട്॥ആ ചേട്ടന്റെ പേര് എനിക്കറിയില്ല॥കോളേജിലെ ഏതു പരിപാടിക്കും മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവില്‍.....പാടുന്നതു കൊണ്ട് എല്ലാരും ആ ചേട്ടനെ വിളിക്കുന്ന പേരാണു മാണിക്യ വീണ॥ചേട്ടനും നന്നായി പാടി॥എന്റെ നെഞ്ചില്‍ പെരുമ്പറ കൊട്ടുന്നതു കൊണ്ട് ആ പാട്ട് എനിക്കു ആസ്വദിക്കാന്‍ പറ്റിയില്ല...


വേദിയില്‍ അടുത്ത പാട്ടിനുള്ള അനൌണ്‍സ്മെന്റ്॥അടുത്ത പാട്ട് പാടുന്നതു കുമാരി “ കാന്താരിക്കുട്ടി “ ഞങ്ങള്‍ അഭിമാന പൂര്‍വം പുതിയ ഗായികയെ പരിചയപ്പെടുത്തുന്നു.........................................


ഇതൊക്കെ കേള്‍ക്കുന്തോറും എന്റെ പിരിമുറുക്കം കൂടി॥കൈയും കാലും ശരീരവുമൊക്കെ കിലുകിലാ വിറക്കുന്നതു എനിക്ക് തന്നെ അറിയാംതൊണ്ടയിലെ വെള്ളം വറ്റി॥മുഖമൊക്കെ പ്രേതത്തേ കണ്ടതു പോലെ വിളറി വെളുത്ത്॥

സിന്ധു ചേച്ചി ഉന്തി തള്ളി എന്നെ സ്റ്റേജിലേക്കു വിട്ടു॥റാഗിങ്ങ് കണ്ടുപിടിച്ചവനെ കാലപ്പാമ്പു കൊത്തട്ടേ എന്ന പ്രാര്‍ഥനയോടേ ഞാന്‍ സ്റ്റേജില്‍॥നിറഞ്ഞ സദസ്സിനെ കണ്ടപ്പോളെനിക്കു വീണ്ടും ഒന്നും രണ്ടും ഒക്കെ കഴിക്കണം എന്ന തോന്നല്‍ ॥തോന്നലുകള്‍ എല്ലാം മാറ്റി വെച്ച് വിറക്കുന്ന കൈകളോടേ മൈക്ക് എടുത്തു॥കണ്ണുമടച്ച് ധൈര്യം സംഭരിച്ചു ഞാന്‍ പാട്ടു തുടങ്ങി... ഗോപുര മുകളില്‍ വാസന്ത ചന്ദ്രന്‍ ഗോരോചന ക്കുറി വരച്ചു..........ജാനകിയമ്മ പാടി മനോഹരമാക്കിയ ആ പാട്ട് എന്റെ തൊണ്ടയില്‍ നിന്നും പ്രവഹിക്കാന്‍ തുടങ്ങി॥।

കൂയ്॥കൂ‍ൂ കൂ.............കൂയ്....കൂ‍യ്....

ഇതെന്തു കുറുക്കന്മാരുടെ അഖിലേന്ത്യാ സമ്മേളനമോ॥എനിക്കൊന്നും മനസ്സിലായില്ല॥ ശ്രുതി,ടെമ്പോ ഇത്യാദി സംഗതികള്‍ ഒന്നും ഇല്ലായിരിക്കുമോ ? കണ്ണു തുറന്നു ചുറ്റും നോക്കി॥ഓര്‍ക്കസ്ട്രക്കിരിക്കുന്നവര്‍ ചിരിക്കുന്നു॥എനിക്കു പറ്റിയ അബദ്ധം അപ്പോഴാണു മനസ്സിലായത്॥മൈക്ക് കൈയില്‍ കിട്ടിയ ആക്രാന്തത്തില്‍ ഞാന്‍ പാട്ട് തുടങ്ങി॥ഓര്‍ക്കസ്ട്രക്കാര്‍ അവിടെ ഇരുന്നതു ഞാന്‍ ശ്രദ്ധിച്ചില്ല॥അവര്‍ ശ്രുതി ഇടും മുന്നേ ഞാന്‍ പാട്ട് തുടങ്ങി॥ചമ്മല്‍ മറച്ചു ഞാന്‍ ഒന്നു ചിരിച്ചു...

ഓര്‍ക്കസ്ടക്കാരോടു തുടങ്ങാന്‍ പറഞ്നു॥പിന്നീട് ആ പാട്ട് തെറ്റില്ലത്ത വിധം നന്നായി പാടി॥പാട്ട് തീര്‍ന്നപ്പോള്‍ കൈയടിയും കിട്ടി॥“വരമൊന്നും തന്നില്ല ഉരിയാടാന്‍ നിന്നില്ല പറയാതെയെന്തോ പറഞ്ഞു......“ ഈ വരികള്‍ ഇന്നു എന്റെ ഇഷ്ടപ്പെട്ട വരികള്‍ ആണ്...

അന്നു മുതല്‍ എന്നെ ആ കോളേജില്‍ എല്ലാരും അറിയും।അതില്‍ പിന്നെ കുറേ നാളേക്കു എനിക്കു ക്ലാസ്സില്‍ പോകാന്‍ ഭയങ്കര ചമ്മല്‍ ആയിരുന്നു॥എന്തായാലും ആ സംഭവത്തോടെ എന്റെ സ്റ്റേജ് ഫിയറും മാറിക്കിട്ടി॥ഇന്നു ജോലിയുടെ ഭാഗമായി എനിക്കു പലപ്പോഴും സ്റ്റേജില്‍ കയറേണ്ടി വരാറുണ്ട്॥മിക്കവാ‍ാറും ജന പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍॥ അന്നങ്ങനെ ഒരു അബദ്ധം പറ്റിയെങ്കിലും പിന്നീട് അതോര്‍ത്തു ഞാന്‍ എന്നും ചിരിക്കാറുണ്ട്॥

Wednesday, April 2, 2008

ഔഷധ വസ്ത്രങ്ങള്‍ കേരളത്തില്‍........

ഔഷധ വസ്ത്രങ്ങള്‍ എന്ന ആശയവുമായി ഹാന്‍ഡ് ലൂം വീവേഴ്സ് ഡെവെലപ്പ്മെന്റ് സൊസൈറ്റിയുടെ പുതിയ സംരഭം..... തിരുവനതപുരം ബാലരാമപുരത്തിനടുത്തുള്ള തുമ്പോട് എന്ന ഗ്രാമത്തില്‍ ആണ് ഔഷധ വസ്ത്രങ്ങളുടെ കേരളത്തിലേ ഏക ഷോ റൂം ഉള്ളത്।

ത്വക് രോഗങ്ങള്‍,അലര്‍ജി,വാതം,പ്രമേഹം എന്നു വേണ്ട രക്ത സമ്മേദ്ദം വരെ ആയുര്‍വേദ വസ്ത്രങ്ങള്‍ ഉപയോഗിച്ചു സുഖപ്പെടുത്താമത്രെ॥ഓരോ രോഗത്തിനുമുള്ള കഷായ കൂട്ടുകള്‍ തയ്യാറാക്കി ഈ കഷായ കൂട്ടുകളീല്‍ കുതിര്‍ത്തു ഉണക്കി എടുക്കുന്ന പരുത്തി നൂലുകള്‍ ഉപയോഗിച്ച് ഉടുപ്പുകള്‍,വിരിപ്പുകള്‍,മെത്തകള്‍ ഇവ ഉണ്ടാക്കി ഉപയോഗിച്ചാല്‍ രോഗങ്ങള്‍ പമ്പ കടക്കും എന്നു വിദഗ് ധ മതം !


കൃത്രിമ നിറങ്ങളിലും നാരുകളിലും തീര്‍ത്ത വസ്ത്രങ്ങള്‍ അലര്‍ജിക്കും എന്തിനേറെ അര്‍ബുദത്തിനു വരെ കാരണമാകുന്നു എന്ന തിരിച്ചറിവാണ് സൊസൈറ്റിയെ ഇത്തരം ഒരു സംരംഭത്തിനു പ്രേരിപ്പിച്ചത്॥വസ്ത്രങ്ങള്‍ക്കു നിറപ്പകിട്ടേകാന്‍ പ്രകൃതിയിലെ നിറങ്ങള്‍ മാത്രം ആണു ഇവര്‍ ഉപയോഗിക്കുന്നത്॥മഞ്ഞള്‍,മര മഞ്ഞള്‍,മൈലാഞ്ചി തുടങ്ങിയവ മഞ്ഞ നിറം കിട്ടാനും നീല അമരി,ഞാവല്‍ കായ തുടങ്ങിയവ നീല നിറം കിട്ടാനുമുപയോഗിക്കുന്നു॥മഞ്ച്ചാടി,രക്ത ചന്ദനം എന്നിവ ചുമന്ന നിറം കിട്ടാനും ശര്‍ക്കര,നെല്ലിക്ക,രാമച്ചം തുടങ്ങിയവ കറുപ്പു നിറത്തിനും ഉപയോഗിക്കുന്നു...



ഇവിടെ ഇങ്ങനെ ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഏകദേശം ഇരുപതിലേറെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്॥എന്നിട്ടും നമ്മള്‍ കേരളീയര്‍ ഇതേ പറ്റി അറിഞ്ഞു വരുന്നതേ ഉള്ളൂ....മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ അല്ലേ.............