Thursday, April 10, 2008

കണി കണീ വിഷുക്കണി...
വിളവൊരുക്കലിന്റെ ഉത്സവമായ വിഷു അടുത്തെത്തിക്കഴിഞ്ഞു।കണ്ണിനിമ്പമേകി കര്‍ണികാ‍രങ്ങളെല്ലാം താലമെടുത്തു॥ഓണത്തിനു പൂവായ പൂവൊക്കെ പൂത്തൊരുങ്ങും॥എന്നാല്‍ കൊന്നമരത്തിനു സുന്ദരി ആകണമെങ്കില്‍ വിഷുക്കാലം തന്നെ വരണമല്ലോ॥


കണിക്കൊന്ന പൂത്തതിനെ കുറിച്ചു ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്।ഗുരുവായൂരംബലത്തില്‍ പണ്ട് വളരെ ദരിദ്രനായ ഒരു ബ്രാഹ്മണന്‍ ശാന്തിപ്പണി ചെയ്തിരുന്നു।ശാന്തിക്കാരന്റെ മകന്‍ ഒരിക്കല്‍ വിശന്നു കരയുന്നതു കണ്ട് വഴിപോക്കനായ ഒരു ബാലന്‍ തന്റെ സ്വര്‍ണ അരഞ്ഞാണം ഊരി കുഞ്ഞിനു നല്‍കി॥ശാന്തി കഴിഞ്ഞു ഇല്ലത്തു തിരിചെത്തിയ ബ്രാഹ്മണന്‍ ഗുരുവായൂരപ്പനെ അണിയിക്കാറുള്ള അരഞ്ഞാണം തന്റെ മകന്റെ കൈയില്‍ കണ്ട് ഞെട്ടി॥മകന്‍ പറഞ്ഞതൊന്നും വിശ്വസിക്കാതെ കുട്ടിയെ തല്ലി॥മോഷ്ട്ടിച്ച മുതല്‍ നമുക്കു വേണ്ടാ എന്നും പറഞ്ഞ് അരിശത്തോടെ ആ അരഞ്ഞാണം വലിച്ചൊരേറു കൊടുത്തൂ।അതു ചെന്നു വീണതു മുറ്റത്തു നിന്ന കൊന്നമരകൊമ്പിലാണ്।നിമിഷം കൊണ്ടു കൊന്നമരം പൂത്തുലഞ്ഞു॥അപ്പോഴാണ് ബ്രാഹ്മണനു തനിക്കു പറ്റിയ തെറ്റ് മനസിലായത്।വന്നത് ഭഗവാന്‍ തന്നെ എന്ന തിരിച്ചറിവ് ഉണ്ടായതും।


വിഷുവിനുള്ള കണി തലേന്നു വൈകിട്ട് ഞങ്ങള്‍ ഒരുക്കി വെക്കും।സാധാരണയായി ഓട്ടുരുളിയിലാണ്‍ ഞങ്ങള്‍ കണി വെക്കാറ്।വൃത്തിയാക്കിയ ഉരുളിയില്‍ ഉണക്കലരി,നെല്ല്,കുരുമുളക് ഇവ ഇടും...എന്നിട്ട് കണി വെള്ളരിക്ക നടുക്കു വെക്കും॥ചുറ്റിനും കൊന്ന പൂ‍ക്കള്‍ വെക്കും।വെള്ളരിക്കയുടെ രണ്ടു വശത്തുമായി നാളികേര മുറിയില്‍ മുനിഞ്ഞു കത്തുന്ന തിരി വെക്കും ॥കണി വെള്ളരിയെ ഉണ്ണിക്കണ്ണന്‍ എന്നു സങ്കല്‍പ്പിച്ച് കണ്മഷി കൊണ്ട് കണ്ണും പുരികവും വരച്ച് ഗോപി പൊട്ടും തൊടുവിക്കും॥പിന്നെ സ്വര്‍ണ്ണമാല।സ്വര്‍ണ്ണ അരഞ്ഞാണം ഇവ അണീയിക്കും॥( ഇപ്പോള്‍ സ്വര്‍ണം ഒന്നും അണിയിക്കാറില്ല കേട്ടൊ॥കള്ളനെ പേടിയാ..)


പുലര്‍ച്ചെ അമ്മ ആദ്യം ഉണരും॥കണി കത്തിച്ചു ഞങ്ങള്‍ ഓരോരുത്തരെ വിളിച്ചുണര്‍ത്തും॥കണ്ണു പൊത്തി ഉരിയാടാതെ വന്നു വേണം കണ്ണ് തുറന്നു കണി കാണാന്‍॥കണി കണ്ടു കഴിയുമ്പോള്‍ അച്ച്ഛന്‍ വിഷുകൈനീട്ടം തരും॥ഒറ്റരൂപാ തുട്ടാണു കൈനീട്ടമായി തരിക॥ഉരുളിയില്‍ നിന്നു ഒരു പിടി കൊന്നപ്പൂ,കുരുമുളക്,അരി എന്നിവ വാരി ഓരോരുത്തര്‍ക്കായി കൈനീട്ടം തരും॥അമ്പലത്തില്‍ തിരുമേനിമാര്‍ പ്രസാദം തരുന്ന പോലെയാണ് നമ്മുടെ നീട്ടിപ്പിടിച്ച കൈക്കുമ്പിളിലേക്ക് ഒറ്റരൂപാത്തുട്ട് ഇടുന്നത്॥കൈയില്‍ വന്നു വീഴുന്ന നാണയത്തിന്റെ വശം നോക്കി വിഷു ഫലം നല്ലതോ ചീത്തയോ എന്നു പറയുമായിരുന്നു അച്ച്ഛന്‍।ഞങ്ങളുടെ കണികാണല്‍ കഴിഞ്ഞ് ഞങ്ങള്‍ വീടിനെയും തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കളെയും പട്ടി,കോഴി എല്ലാവരെയും കണി കാണിക്കും॥ഇതിനു ശേഷമാണു ഞങ്ങള്‍ പിള്ളേരുടെ ആഘോഷം തുടങ്ങുന്നത്॥കമ്പിത്തിരി,പൂത്തിരി,മത്താപ്പൂ,,പാമ്പു ഗുളിക,വാണം॥ചക്രം,കുരവപ്പൂ...എല്ലാം കത്തിക്കും॥എനിക്കു ഇഷ്ടമില്ലാത്ത ഒരു കാര്യം ഉണ്ട്॥പടക്കം॥അതു കേള്‍ക്കുമ്പോള്‍ ചെവിയും പൊത്തി ഇരിക്കും॥പിന്നെ അടുക്കളയില്‍ ആണ്॥എല്ലാവരും കൂടി വിഭവ സമൃദ്ധമായ സദ്യ ഒരുക്കും।ഉച്ചക്കു ഒരുമിച്ചിരുന്നു ഉണ്ണും॥ഉച്ചക്കു ശേഷം എല്ലാവരും കൂടെ അമ്മാവന്റെ വീട്ടിലേക്കു॥കുട്ടികളായ ഞങ്ങള്‍ക്കു സുഖമാണ് കൈനീട്ടം എല്ലാവരുടെ അടുത്തു നിന്നും കിട്ടും ചാച്ചന്മാര്‍,ആന്റിമാര്‍,മാമന്മാര്‍॥നല്ലൊരു തുക കിട്ടും ।അതു സൂക്ഷിച്ചു വെക്കും॥അമ്പലത്തില്‍ ഉത്സവം വരുമ്പോള്‍ വള,മാല ഒക്കെ വാങ്ങാന്‍॥
ഇന്നു ഞാന്‍ വീട്ടില്‍ വിഷുക്കണി ഒരുക്കുന്നു॥ഒരു വിഷുവിനും ഭര്‍ത്താവ് അരികില്‍ ഉണ്ടാവാറില്ല॥ഫോണിലൂടെ വിഷു ആശംസകള്‍ കിട്ടും।മക്കളും ഞാനും കൂടെ വിഷു ആഘോഷിക്കും॥എങ്കിലും എന്റെ ചെറുപ്പത്തിലെ ഉള്ള വിഷുവിന്റെ മാധുര്യം ഇന്നു എനിക്കു തോന്നാറില്ല।ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട് അതു അന്യം നിന്നു പോയിരിക്കുന്നു॥ എങ്കിലും എനിക്കു ഉറക്കെ പാടാന്‍ തോന്നും...


“ മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപൂവും.... “

11 comments:

NITHYAN said...

ഭൗതീകമായ അകലം മാനസീകമായ അടുപ്പം കൂട്ടുന്നു. നാട്ടിലുള്ള നിത്യന്‌ വിഷു ഏതുമൊരു ദിവസം പോലെയാവുമ്പോള്‍ - ഒരു വ്യത്യാസമുണ്ട്‌ അന്നത്തെ സ്‌മോളുകള്‍ക്കും ലാര്‍ജുകള്‍ക്കും ഒരു ന്യായീകരണമുണ്ട്‌ - പ്രവാസികള്‍ക്ക്‌ ഓര്‍മ്മയുടെ മാലപ്പടക്കമാണ്‌ മനസ്സില്‍ പൊട്ടിച്ചിതറുന്നത്‌.

Unknown said...

നന്മയുടെ ഐശ്വര്യത്തിന്റെ വിഷുക്കാലം.മനസില്‍
മുത്തശിയുടെ കൈയില്‍ നിന്നും വിഷു കൈനീട്ടം വാങ്ങിയ ഓര്‍മ്മക്കള്‍
ഇന്നത്തെ കൂട്ടിക്കള്‍ക്കു വിഷു എന്നത് ഒരു കാര്യമൊന്നുമല്ല അവര്‍ക്കു എന്നും വിഷുവും ഓണവും തന്നെ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകളുടെ ചില്ലുജാലകത്തിലൂടെയൊരു തിരിച്ചുപോക്ക് മനസ്സും ശരീരവും

കുഞ്ഞന്‍ said...

ഞാന്‍ വിചാരിച്ചത് എന്റെ നാട്ടില്‍ മാത്രമാണ് ഇതുപോലെ കണി വിശേഷങ്ങളുള്ളതെന്ന്. ഇപ്പോള്‍ മനസ്സിലായി...!

അന്ന് വീട്ടില്‍ വരുന്നവരോടൊക്കെ എന്തു സ്നേഹവും ബഹുമാനവുമായിരുന്നുന്നൊ, കാരണം കൈനീട്ടം..!

ഐതീഹ്യ കഥ കേട്ടിട്ടില്ലായിരുന്നു.


ഐശ്വര്യം നിറഞ്ഞ വിഷുവാശംസകള്‍..!

യാരിദ്‌|~|Yarid said...

കണികാണുന്നേരം, കമലനേത്രന്റെ.....
കാന്താരിക്കു വിഷു ആശംസകള്‍...:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ ന്നാട്ടിലും ഒരു വിഷുക്കണിയൊരുങ്ങുന്നുണ്ട്...

വിഷു ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

“ മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപൂവും.... “
ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍..........

ശ്രീ said...

കണിക്കൊന്നപ്പൂക്കളുടെ കഥ കേട്ടിട്ടുണ്ട്.

നല്ല വിവരണം. വിഷുവിനു പഴയ രസമില്ലെങ്കിലും വിഷുക്കാലങ്ങളില്‍ ഇന്നും മനസ്സിനു വല്യ സന്തോഷമാണ്. നാട്ടില്‍ പോയപ്പോള്‍ വഴിയരികിലെല്ലാം പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ കണ്‍ നിറയെ കണ്ടിട്ട് തിരിച്ചു പോന്നു.

എന്തായാലും നല്ലൊരു വിഷു ആശംസിയ്ക്കുന്നു.

annamma said...

ക്രിസ്ത്യാനിയായ ഞങ്ങളുടെ വിഷു ആഘോഷം എങ്ങനെയാണെന്നോ, ഹിന്ദു ഫ്രന്ഡ്‌സിന്റെ വീട്ടില്‍ പോയി വിഷുക്കട്ടയും തിന്ന്‌, വിഷുക്കൈ നീട്ടവും വാങ്ങിച്ച്‌ പോരും.

ഉഗാണ്ട രണ്ടാമന്‍ said...

വിഷു ആശംസകള്‍...

ജിജ സുബ്രഹ്മണ്യൻ said...

ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഒത്തു ചേരലുകളുടെയും ശുഭ പ്രതീക്ഷകളുടെയും മധുരങ്ങള്‍ നിറയുന്ന ഒരു വിഷുക്കാലം ആശംസിക്കുന്നു.സ്വപനങ്ങളുടെയും പ്രതീക്ഷകളുടേയും കണിക്കൊന്നകള്‍ എല്ലാ മനസ്സിലും പൂത്തു വിടരട്ടെ എന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..എല്ലാ ബൂലോകര്‍ക്കും കാന്താരിക്കുട്ടിയുടെ വിഷു ആശംസകള്‍.....