Friday, January 23, 2009

തിരനോട്ടം

“നിന്റെ വീട്ടിൽ നിന്നു കൊണ്ടു വന്നതൊക്കെ കെട്ടിപ്പെറുക്കി വേഗം സ്ഥലം വിട്ടോണം “

“പഠിച്ചോണ്ടിരുന്ന കാലത്ത് എന്റെ പുറകേ എത്രയെത്ര നല്ല ആൺപിള്ളേർ ഉണ്ടായിരുന്നതാ.എനിക്ക് അവരിലാരെ വേണമെങ്കിലും സെലക്റ്റ് ചെയ്യാമായിരുന്നു.അതൊന്നും ചെയ്യാതെ ഇയാളുടെ കൂടെ കൂടീത് ഇയാൾ എന്നെ സ്നേഹിക്കൂന്ന് കരുതീട്ടാ.ഇനി എന്നെ കൊന്നാലും ഞാൻ പോകില്ല.അമ്പടാ എന്നെ ഒഴിവാക്കീട്ട് വേറെ സുന്ദരിമാരെ ലൈനടിക്കാനല്ലേ ! എന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഞാൻ സമ്മതിക്കൂല്ലാ !ഇതു സത്യം ! സത്യം ! സത്യം ! “

ജനുവരി 24 .വിവാഹം കഴിഞ്ഞിട്ട് 15 വർഷം തികയുന്നു.വർഷങ്ങൾ ഏറെ പിന്നിട്ടു എങ്കിലും ആ ദിവസം ഇന്നലെ എന്ന പോലെ മനസ്സിൽ തെളിയുന്നു.അതിരാവിലെ കുളിച്ചൊരുങ്ങി,വധൂ വേഷമണിഞ്ഞ് ചോറ്റാനിക്കര അമ്മയുടെ നടയിൽ വെച്ച് സുമംഗലിയായ ദിവസം.


വിവാഹം കഴിഞ്ഞ സമയത്തെ ഏറ്റവും വലിയ ആഗ്രഹം എവിടെ ആയിരുന്നാലും ഒരുമിച്ച് കഴിയണം എന്നുള്ളതായിരുന്നു.ഒരിക്കലും സാധിക്കാത്ത ഒരു മോഹമായി അതിന്നും എന്റെ മനസ്സിൽ ഒളിച്ചിരിക്കുന്നു.ഈ പതിനഞ്ചു വർഷങ്ങൾക്കിടയിൽ ആകെ നോക്കിയാൽ ഒരു വർഷം പോലും ഒരുമിച്ച് കഴിയാൻ അവസരം ഉണ്ടായില്ല.അതു കൊണ്ടു തന്നെ ആയിരിക്കും ജീവപര്യന്ത കാലാവധി എന്നു മനസ്സിൽ തോന്നാത്തത് !

ആദ്യ വിവാഹ വാർഷികത്തിനു മാത്രം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.പിന്നീട് എന്റെ പഠനം,കണ്ണന്റെ ജോലി ,എന്റെ ജോലി അങ്ങനെ പല കാര്യങ്ങൾ കൊണ്ട് പിരിഞ്ഞു താമസിക്കാൻ വിധിക്കപ്പെട്ടു ! എങ്കിലും ഇന്ന് ഈ ദിവസം ഞാൻ കണ്ണനെ ഓർക്കുന്നു.കണ്ണനു വേണ്ടി പ്രാർഥിക്കുന്നു.

ഞങ്ങളുടെ പൊന്നോമനകൾ.രോഹിതും രോഷ്നിയും




ഈ സന്ദർഭത്തിൽ എന്റെ കൂട്ടുകാരായ എല്ലാ ബൂലോകർക്കും ഞങ്ങളുടെ വക ഒരു സദ്യയും തയ്യാറാക്കിയിരിക്കുന്നു.എല്ലാവരും കൈ കഴുകി ഇരിക്കൂ.ദാ വിളമ്പുകയായി !!




ഈ പായസം കൂടി കഴിച്ചിട്ടേ എണീക്കാവൂ ട്ടോ !





വയറു നിറഞ്ഞല്ലോ അല്ലേ ! അതു മതി ! അതു മാത്രം മതി ! നിങ്ങളുടെ വയറു നിറയുമ്പോൾ ഞങ്ങളുടെ മനസ്സു നിറയുന്നു ! ഈ പാട്ട് കൂടി കേട്ടിട്ടേ എല്ലാവരും പിരിയാവൂ !







ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ