Monday, May 25, 2009

തൊടുപുഴയിലെ ബ്ലോഗേഴ്സ് മീറ്റ് - എന്റെ ചിന്തകൾ !

ബ്ലോഗ്ഗിംഗ് നിർത്തണം നിർത്തണം എന്ന അതിമോഹവുമായി നടന്ന എന്നെ തൊടുപുഴ മീറ്റിലേക്ക് ക്ഷണിച്ചത് ഹരീഷ് ആയിരുന്നു.സ്നേഹപൂർവമായ ആ ക്ഷണം നിരാകരിക്കാൻ കഴിയാതെ ഞാൻ വരാം എന്നു സമ്മതിച്ചത് എന്റെ ഏറ്റവും നല്ല തീരുമാനമായിരുന്നു എന്നെനിക്ക് വഴിയേ മനസ്സിലായി

തൊടുപുഴ മീറ്റിനുള്ള എന്റെ ഒരുക്കങ്ങൾ ശനിയാഴ്ചയേ തുടങ്ങി.വൈകിട്ട് ഒരു 5.30 മണിയോടേ കോൺസ്റ്റബിൾ വിനയയും അനിൽ @ ബ്ലോഗും എന്റെ വീട്ടിലെത്തി.മക്കളേ അമ്മേടെ ഒരു കൂട്ടുകാരി വിനയ ആന്റി വരുന്നുണ്ട് ട്ടോ എന്നു മക്കളോട് നേരത്തെ പറഞ്ഞു വെച്ചിരുന്നു.വിനയയെ കണ്ടപ്പോൾ അവർ ചോദിച്ചു വിനയ ആന്റി വരും എന്നു പറഞ്ഞിട്ട് ഈ അങ്കിൾ ആണോ വന്നിരിക്കുന്നത് എന്ന് !! കുളി കഴിഞ്ഞ് ഒരു നൈറ്റി ധരിക്കുന്നത് വരെ വിനയ ഒരു പെൺകുട്ടിയാണെന്ന് മക്കൾക്ക് പ്രത്യേകിച്ച് എന്റെ മോൾക്ക് തോന്നിയില്ല.


ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ എണീറ്റു വീട്ടുജോലികളൊക്കെ ഒതുക്കി,തിടുക്കത്തിൽ ബ്രേക്ക് ഫാസ്റ്റും കഴിച്ച് മോളും വിനയയുമൊത്ത് ബസ് സ്റ്റോപ്പിലേക്ക്.പടിക്കൽ നിന്നു തന്നെ ബസ് കിട്ടും എന്നത്എനിക്ക് സൗകര്യമായി.ഇവൾ ഇത് ഏതു പുരുഷന്റെ കൂടെയാ നിൽക്കുന്നത് എന്ന് സംശയഭാവത്തിൽ നോക്കുന്ന പലർക്കും ഞാൻ വിനയയെ പരിചയപ്പെടുത്തി.ബസിൽ കയറിയ ഉടനെ സ്ത്രീകൾക്ക് റിസർവ് ചെയ്തിരിക്കുന്ന സീറ്റിൽ ഇരിക്കാൻ ഭാവിച്ച എന്നെ വിനയ നിരുത്സാഹപ്പെടുത്തി.അവിടെയല്ല നമുക്ക് മുൻപിലെ സീറ്റിൽ ഇരിക്കാം.ഡ്രൈവറുടെ തൊട്ടു പുറകിൽ രണ്ടാമത്തെ സീറ്റിൽ ഇരിപ്പുറപ്പിച്ചിട്ട് വിനയ എന്നോട് പറഞ്ഞു.ഇത് ജനറൽ സീറ്റ് ആണു.ആദ്യം കയറുന്നവർ ഇവിടെ ഇരുന്നാൽ പിന്നീട് കയറുന്ന സ്ത്രീകൾക്ക് രിസർവേഷൻ സീറ്റിൽ ഇരിക്കാമല്ലോ.യാത്രയിലുട നീളം വിനയ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.ഇടക്ക് ബസിലിരുന്ന് മൂളിപ്പാട്ട് പാടി.സ്നേഹമയിയായ ഒരു അമ്മയായി,ഭാര്യയായി,ചേച്ചിയും അനിയത്തിയും മകളും ഒക്കെയായി വിനയയെ അപ്പോൾ എനിക്കു തോന്നി.എത്രത്തോളം തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വമാണു വിനയയുടേതെന്ന് അവരെ അടുത്തറിഞ്ഞപ്പോളാണു മനസ്സിലായത്.

10.15 മണിയോടെ തൊടുപുഴയിൽ എത്തിയ ഞങ്ങൾക്ക് ഹരീഷ് വിശദമായി വഴി പറഞ്ഞു തന്നിരുന്നതിനാൽ
അർബൻ ബാങ്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.അവിടെ എത്തിയപ്പോൾ അവിടെ നിരക്ഷരൻ,ലതിച്ചേച്ചി,അനിൽ,ശിവ,സരിജ വഹാബ്,ധനേഷ് തുടങ്ങിയവർ എത്തിയിട്ടുണ്ട്.ഓരോരുത്തരെയും വിശദമായി പരിചയപ്പെട്ടു.ഫോർമൽ ആയ ഒരു മീറ്റിംഗ് ആവാതെ എല്ലാവർക്കും വട്ടമിട്ടിരുന്ന് യാതൊരു ഫോർമാലിറ്റിയും ഇല്ലാതെ മീറ്റ് നടത്താം എന്ന് തീരുമാനിച്ചു.എല്ലാവരും കൂടെ വട്ടത്തിൽ കസേരകൾ ഇട്ട് ഇരുന്നു.എഴുത്തുകാരിച്ചേച്ചിയുടെ മോൾ പ്രിയയുടെ മംഗളശ്ലോകത്തോടെ പരിപാടിക്ക് ഔപചാരികമായ തുടക്കമായി.പിന്നീട് പർസ്പരം പരിചയപ്പെടൽ . ബ്ലോഗ്ഗേഴ്സ് പലരും എത്തിക്കൊണ്ടിരുന്നു.പാവത്താൻ,ബാബുരാജ്,മണികണ്ഠൻ,അനൂപ് കോതനല്ലൂർ, ചാണക്യൻ,മണി ഷാരത്ത്,ശാർങ്ധരൻ,എഴുത്തുകാരിചേച്ചി,മോൾ അങ്ങനെ എല്ലാവരും.വിനയയുടെ കവിതയും നൃത്തവും,ചാർവാകന്റെ പാട്ട്,ലതിച്ചേച്ചിയുടെ കവിത,പ്രിയയുടെ പാട്ട് തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി.

ഏകദേശം 11 മണിയോടെ ബൂലോകരുടെ പ്രിയകവി,നിമിഷ കവിയും ഷാപ്പന്നൂർ മുതലാളിയുമായ കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കാപ്പിൽ പള്ളിയിൽ വെച്ച് നടന്നതു പോലെ തന്നെ ഈ മീറ്റിലും നടന്നു.എല്ലാവരും ഓരോ പുസ്തകം വാങ്ങുകയുണ്ടായി.ഞങ്ങളുടെ കൂട്ടത്തിലെ ഒരു ബ്ലോഗ്ഗറുടെ ആദ്യ കവിതാസമാഹാരം വാങ്ങാൻ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു പലരും.അദ്ദേഹത്തിന്റെ കാളാമുണ്ടം,പഴത്തൊലി എന്നീ കവിതകൾ വീണ്ടും വീണ്ടും പലരും വായിക്കുന്ന ദൃശ്യവും ഇടക്കു കണ്ടു !
ഉച്ചയോടെ വിഭവ സമൃദ്ധമായ ഭക്ഷണം.ചിക്കൻ ബിരിയാണി,ഐസ് ക്രീം.സദ്യ വേണ്ടവർക്ക് നല്ലൊരു സദ്യ.അപ്പോഴേക്കും ചെറിയ ഒരു മഴയുടെ വരവായി.തൊമ്മൻ കുത്ത് യാത്ര ഉപേക്ഷിക്കേണ്ടി വരുമോ എന്ന സംശയം പല മുഖങ്ങളിലും.
പ്രകൃതി ചതിച്ചില്ല.മഴ മാറിനിന്നു.എല്ലാവരും കൂടെ “ വെറുതേ ഒരു ഭാര്യയിൽ “ സുഗുണനും കുടുംബവും ടൂറു പോയ“ യാത്ര “ ബസിൽ കയറി തൊമ്മൻ കുത്തിലേക്ക്!യാത്രയിലുടനീളം നാട്ടുകാരന്റെയും ഹരീഷിന്റെയും കമന്ററി.പള്ളികളും വെറുതേ ഒരു ഭാര്യയുടെ ഷൂട്ടിംഗ് ലൊക്കേഷനും ഒക്കെ കണ്ട് യാത്ര.യാത്രക്ക് കൊഴുപ്പേകാൻ ചാർവാകന്റെയും,ലതിച്ചേച്ചിയുടെയും വിനയയുടെയും മറ്റും പാട്ടും കവിതയും.

തൊമ്മൻ കുത്തിലേക്ക് പോകുന്ന വഴിക്ക് ,പല വിനോദയാത്രാ സംഘങ്ങളെയും കണ്ടു.പല പല കാഴ്ചകളും.കാട്ടിലൂടെ ഏറുമാടവും മറ്റും കണ്ട് യാത്ര തുടർന്നപ്പോൾ തെന്നി വീൺ മുട്ടു ചിരട്ട തെന്നിമാറിയ നിലയിൽ ഒരു സംഘത്തെ കണ്ടത് മനസിൽ വേദനയായി.

തൊമ്മൻ കുത്തിലെ അതിമനോഹരമായ വെള്ളച്ചാട്ടം കണ്ട് തിരികേ ആഡിറ്റോറിയത്തിലേക്ക്.അവിടെ ഞങ്ങളേ കാത്ത് കപ്പയും കാന്താരിച്ചമ്മന്തിയും.ബ്ലോഗ് മീറ്റിനെ പറ്റി ഓരോരുത്തരുടെയും അഭിപ്രായങ്ങൾ പറഞ്ഞ്,ഹരീഷിനു നന്ദിയും പറഞ്ഞ് ഒരു മടക്ക യാത്ര നടത്തിയപ്പോൾ ബ്ലോഗ്ഗിംഗ് നിർത്തണം എന്ന് ഇനി ഒരിക്കലും ഞാൻ തീരുമാനിക്കില്ല എന്നായിരുന്നു മനസ്സിൽ

ബ്ലോഗ് മീറ്റിൽ നിന്ന് ചില ചിത്രങ്ങൾ മാത്രം.


വിനയ കാന്താരിയുടെ വീട്ടിൽഎഴുത്തുകാരിച്ചേച്ചിയുടെ മകൾ.എഴുത്തുകാരിച്ചേച്ചി,ലതി ചേച്ചി

കുരിശായോ ഭഗവാനേ !(ഹരീഷിന്!!)


ഇങ്ങനെ എടുത്താ മതിയോ ?? സുനിൽ കൃഷ്ണൻO

വഹാബും അനിലും രണ്ടു വഴിയേ !!അനിൽ
വിനയ,നാട്ടുകാരന്റെ കൂട്ടുകാരി, നാട്ടുകാരൻ.
ലതിച്ചേച്ചിയുടെ മകൻ കണ്ണൻ,വിനയ,നാട്ടുകാരൻ,ഭാര്യതൊമ്മൻ കുത്തിൽ എത്തിയപ്പോൾ
<
ആ വെള്ളത്തിലേക്ക് ചാടാൻ തോന്നുന്നുണ്ട് !


തൊമ്മൻ കുത്തിലെ കാഴ്ച !

Saturday, May 9, 2009

ഒരു ഹെൽമെറ്റ് വരുത്തി വെച്ച വിന !!!

ഇപ്രാവശ്യം എന്റെ നല്ല പാതി ലീവിനു വന്ന കാലം. ഒരു മാസത്തെ ലീവേ കമ്പനി അനുവദിച്ചിട്ടുള്ളൂ.ഒരു മാസം എന്നുള്ളത് “ഠപ്പേ “ന്നങ്ങട് പോകും.ഈ ദിവസങ്ങളിൽ എന്തൊക്കെ പരിപാടികൾ പ്ലാൻ ചെയ്യണം.വീഗാലാൻഡ്,ഇരിങ്ങോൾക്കാവ്,മറൈൻ ഡ്രൈവ്,കോടനാട്,ഭൂതത്താൻ കെട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ.കുറഞ്ഞത് 4 സിനിമ.പിന്നെ ബന്ധുക്കളുടെ വീടുകളിലെല്ലാം പോകണം.ഇപ്പറഞ്ഞതെല്ലാം അസാദ്ധ്യമായ കാര്യമായതിനാൽ എന്റെ വീട്ടിലെങ്കിലും ഒന്നു പോകണം.

അങ്ങനെ തിങ്കളാഴ്ച നല്ല ദിവസം നോക്കി ഞങ്ങൾ വീട്ടിൽ പോകാനിറങ്ങി.രാഹുകാലത്തിനു മുന്നേ യാത്രയാവണം .എന്നാലേ വഴിക്ക് ഒരു പ്രശ്നവും ഇല്ലാതെ തിരിച്ചെത്താൻ കഴിയൂ.ഈ മനുഷ്യനു ബൈക്കിൽ ആരാണ്ട് കൂടോത്രം കൊടുത്തിട്ടുണ്ട് എന്നതിനാൽ കാർ വേണ്ടാന്നു വെച്ച് ബൈക്കിലാണു യാത്ര പുറപ്പെട്ടത്.പുതിയ നിയമമനുസരിച്ച് ഇരുചക്രയാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ടല്ലോ.ഷാമ്പൂ ചെയ്ത് നല്ല സിൽക്കു പോലാക്കി ഭംഗിയായി ചീവിയിട്ട തലമുടി നാലു മനുഷ്യരെ കാണിക്കാൻ പറ്റാത്തതിന്റെ സങ്കടം ഉള്ളിലൊതുക്കി ഞാനും ഹെൽമെറ്റ് ധരിച്ചു.


“എന്തായാലും നമ്മളൊരു വഴിക്കു പോകുവല്ലേ.പോകുന്ന വഴിക്ക് എന്റെ ഒരു കൂട്ടുകാരന്റെ വീടുണ്ട്. അവിടെ കൂടി ഒന്നു കയറാം “

“ഓ. അതിനെന്താ.നമുക്ക് അവിടേം പോകാം. “

പരമാവധി സമയം നല്ലപാതിയുടെ കൂടെ തന്നെ കഴിയാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ സമ്മതം മൂളി.

ഞങ്ങളുടെ വീട്ടിലേക്കു പോകുന്ന വഴിയിൽ നിന്നും അല്പം മാറിയാണു കൂട്ടുകാരന്റെ വീട്.ആദ്യമായിട്ടാണു ആ വഴിക്ക് ഞങ്ങൾ രണ്ടു പേരും പോകുന്നത്.തനി നാട്ടിൻ പുറം ആണു.ടാറിടാത്ത വഴിയാണു കൂടുതലും.വണ്ടി ഏതൊക്കെയോ വഴികളിലൂടെ കറങ്ങിക്കൊണ്ടിരുന്നു.ഒരു 10 - 15 കിലോ മീറ്റർ ദൂരം ഞങ്ങൾ വഴിയറിയാതെ കറങ്ങി.കുറെ അധികം കയറ്റിറക്കങ്ങളും വളവുകളും ഉള്ള വഴി.ആരോടെങ്കിലും വഴി ചോദിക്കാമെന്നു വെച്ചാൽ റോഡിൽ ഒരു മനുഷ്യനെ പോലും കാണാനില്ല.

അങ്ങനെ കുറെ അധികം ദൂരം ഊടുവഴികളിലൂടെ കറങ്ങി കഴിഞ്ഞപ്പോൾ ദാ ഒരു ചേച്ചി അവിടെ പശുവിനെ മാറ്റിക്കെട്ടാൻ വേണ്ടി വന്നിരിക്കുന്നു.ചേച്ചിയെ കണ്ടാൽ നമ്മുടെ ഭാഗ്യദേവത കനിഹയെ പോലുണ്ട്.നല്ല കോട്ടൺ സാരി ഞറിഞ്ഞുടുത്ത്, സാരിയുടെ ഞൊറിവുകൾ അല്പം പൊക്കി കുത്തിയിരിക്കുന്നു.പശുവിന്റെ കയർ ചേച്ചിയുടെ കയ്യിലുണ്ട്.

“ നമുക്ക് ആ ചേച്ചിയോട് വഴി ചോദിക്കാം കണ്ണാ “

ബൈക്ക് ചേച്ചിയുടെ അടുത്തേക്ക് നീക്കി നിർത്തി ഞങ്ങൾ വഴി ചോദിക്കാൻ വാ തുറക്കുന്നതിനു മുൻപേ കേട്ടത് ഒരു അലർച്ചയാണു

“ അയ്യോ കള്ളന്മാർ ! ഓടി വരണേ !! “

ചില കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവർമാർ ഇടക്ക് സഡൻ ബ്രേക്ക് ഇടുമ്പോൾ കേൾക്കുന്ന ഒച്ച പോലെ ഒരു അലർച്ച !! കഴുത്തിൽ കിടക്കുന്ന ഏകദേശം 2 പവൻ തൂക്കം വരുന്ന “താര “ മാലയിൽ രണ്ടു കൈ കൊണ്ടും മുറുക്കെ പിടിച്ചു കൊണ്ടാണു അലർച്ച.ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരം ആ ശബ്ദം കേട്ടു കാണും.ഡോൾബി ഡിജിറ്റൽ സൗണ്ടിലുള്ള ആ ഒച്ച കേട്ട് ചേച്ചിയുടെ പശു കയറും വലിച്ച് ഓടാൻ തുടങ്ങി !


ഹെൽമറ്റിനു നന്ദി !! ചേച്ചിയുടെ ഒച്ച കേട്ട് കർണ്ണ പടം പൊട്ടിപ്പോയില്ല. എങ്കിലും “ എന്റയ്യോ “എന്നൊരു കരച്ചിൽ ഞങ്ങളുടെ തൊണ്ടയിൽ വന്നലച്ചു. അല്പം പോലും ശബ്ദം വെളിയിലേക്ക് വന്നില്ലെങ്കിലും!


എങ്ങു നിന്നൊക്കെയോ ആളുകൾ വടിയും പത്തലുമായി ഓടി വരുന്ന ഒച്ച കേട്ടപ്പോൾ ഞങ്ങളുടെ നടുക്കം പൂർത്തിയായി.അന്യഗ്രഹ ജീവികളെ നോക്കുന്ന പോലെ നാട്ടുകാർ ഞങ്ങളെ തന്നെ തുറിച്ചു നോക്കിയപ്പോൾ എന്റെ ദൈവമേ ആ 10.30 എ എം നു ഞങ്ങൾ ഉടലോടെ സ്വർഗ്ഗത്തിലേക്കു പോയെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോയി.നാണക്കേടു കൊണ്ട് മനുഷ്യന്റെ തൊലിയുരിയുന്നു.ജീവിതത്തിലിന്നേ വരെ അന്യന്റെ മുതൽ പരസ്യമായി ആഗ്രഹിച്ചിട്ടില്ലാത്ത ഞങ്ങളെ ഒരു സ്ത്രീ വിളിച്ചതു കേട്ടില്ലേ ??? കള്ളന്മാർ എന്ന് !!!


ഓടിക്കൂടിയ ആൾക്കാരുടെ വടികൾ ഞങ്ങളുടെ പുറത്തു പതിയും മുൻപേ ഞങ്ങൾ പറഞ്ഞു.
“ എന്റെ പൊന്നു ചേട്ടന്മാരേ ചേച്ചിമാരേ,ഞങ്ങൾ ......എന്ന ആളുടെ വീട്ടിൽ പോകാനുള്ള വഴി ചോദിക്കാൻ വണ്ടി നിർത്തിയതാ.അല്ലാതെ കള്ളന്മാരല്ല “


ഹോ ! അത്രേ ഉള്ളോ.


എന്നിട്ടാണു നാട്ടുകാർ സംഭവം വിശദീകരിച്ചത്.ഒരാഴ്ച മുൻപ് ബൈക്കിൽ വന്ന രണ്ടു പേർ വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിർത്തി ഒരു ചേച്ചിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ചെന്ന്.അവർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു.അതിനാൽ ഏതു ഹെൽമെറ്റ്ധാരികളെയും അവർ സംശയക്കണ്ണുകളോടെയാണു വീക്ഷിക്കുന്നത്.

എന്തായാലും ഈ സംഭവത്തോടെ കൂട്ടുകാരന്റെ വീട്ടിൽ പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് ഞങ്ങൾ എന്റെ വീട്ടിലേക്കു പോയി.തടി കേടാവാതിരുന്നത് ആരു ചെയ്ത സുകൃതം കൊണ്ടാണോ !!!!