Sunday, December 28, 2008

വെസ്പാ വൾഗാരിസ്




ചെറുപ്പത്തില്‍ സ്ക്കൂൾ വിട്ടു വന്നാൽ ചായകുടി കഴിഞ്ഞു പറമ്പിലൂടെ വെറുതേ ചുറ്റി നടക്കുക എന്നുള്ളതായിരുന്നു എന്റെ ഇഷ്ട വിനോദം.പറമ്പില്‍ ഇല്ലാത്ത മരങ്ങളും ചെടികളും ഇല്ല. ഒരിഞ്ചു സഥലം പോലും വെറുതേ കിടക്കില്ല.നിറയെ തെങ്ങ്,മാവ്,തേക്ക് ,ആഞ്ഞിലി തുടങ്ങിയ മരങ്ങളും അതിനിടയ്ക്ക് കൊക്കോ,ജാതി,വാഴ,വെറ്റില തുടങ്ങിയവ.അല്പം പോലും സ്ഥലം വെറുതേ കിടക്കാത്ത രീതിയിൽ പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നു.ഭൂമിയുടെ അതിരിലൂടെ നല്ല ഭംഗിയുള്ള ശീമക്കൊന്ന.ശീമക്കൊന്നയില്‍ ഉണ്ടാകുന്ന റോസ് നിറം ഉള്ള പൂക്കള്‍ കാണാന്‍ എന്തൊരു ഭംഗിയാണു ! കുല കുലയായി ആണു ശീമക്കൊന്ന പൂക്കുന്നത്.അന്നത്തെ കാലത്ത് ശീമക്കൊന്നയ്ക്ക് ഒരു വിലയും ഇല്ലായിരുന്നു.എങ്കിലും ഏതാനും വർഷങ്ങൾക്കു മുൻപ് വാനില കൃഷി പ്രചരിച്ച സമയത്ത് ശീമക്കൊന്ന കിട്ടാനില്ലായിരുന്നു.ശീമക്കൊന്നയ്ക്കും ദൗർലഭ്യം വന്ന സമയം !

പറമ്പില്‍ നല്ലൊരു കുളവും ഉണ്ടായിരുന്നു.പറമ്പ് മുഴുവന്‍ നനക്കാന്‍ മോട്ടോര്‍ വെച്ചിട്ടുണ്ടായിരുന്നു.നാട്ടിലെല്ലാവരുടെയും കൃഷി നനയ്ക്കാന്‍ ഞങ്ങളുടെ മോട്ടോര്‍ ആണു ഉപയോഗിച്ചിരുന്നത്.ഓസിനല്ലാ ട്ടോ.മണിക്കൂര്‍ വെച്ചു കാശു വാങ്ങും !!
ഞങ്ങൾ അലക്കാനും കുളിക്കാനും ഒക്കെ കുളത്തില്‍ പോകുമായിരുന്നു.നീന്താന്‍ പഠിച്ചതും ഈ കുളത്തില്‍ തന്നെ.പകൽ മുഴുവൻ നാട്ടുകാരുടെ പറമ്പു നനയ്ക്കും.എന്നിട്ട് ഞങ്ങളുടെ പറമ്പു നനയ്ക്കാൻ രാത്രിയിൽ ചൂട്ടും കത്തിച്ച് ഇറങ്ങും.എന്റെ അമ്മയ്ക്ക് അസാമാന്യ ധൈര്യം ആയിരുന്നു.എന്നെയും ചേച്ചിയേയും കൂട്ടി രാത്രി 10 മണിക്കൊക്കെ ഞങ്ങളുടെ പറമ്പു നനയ്ക്കാൻ പോയിട്ടുണ്ട് ഞങ്ങൾ.അമ്മക്കൊപ്പം വെള്ളം തിരിക്കാനും തെങ്ങും ജാതിയും മറ്റും നനയ്ക്കാനും പോയ കാര്യം ഇപ്പോൾ ഓർക്കുമ്പോൾ ഒരു ഉൾഭയം ആണു.അന്നു കള്ളന്മാരുടെ ശല്യം അത്ര രൂക്ഷമല്ല.ഇന്നോ ?


ഇഞ്ചി വിളവെടുക്കുന്ന സീസൺ ആകുമ്പോൾ നല്ല ജോലി ആണു.ജോലിക്കാരെ കൂട്ടി ഇഞ്ചി പറിക്കും.പകൽ ഇഞ്ചി ചുരണ്ടി തൊലി കളയും.അതിനും ജോലിക്കാർ ഉണ്ടാകും. തൊലി കളഞ്ഞ ഇഞ്ചി ഉണക്കി ചുക്ക് ആക്കാൻ വേണ്ടി പാറപ്പുറത്തിടും.രാത്രി പാറപ്പുറത്ത് ടെന്റ് കെട്ടി അവിടെ എല്ലാരും കൂടി താമസിക്കും.പകൽ ഉണങ്ങിയ ഇഞ്ചി ,രാത്രി തണുപ്പ് ആകുമ്പോളേ വാരി വെയ്ക്കൂ.രാത്രി ആണു ഇഞ്ചിയുടെ “ഇട കുത്തുന്നത് “. സന്ധ്യാ നേരത്തും പാറയുടെ ചൂടു കൊണ്ട് ഇഞ്ചി ഉണങ്ങും.രാത്രി ടെന്റിൽ കിടന്ന്,നിലാവ് കണ്ട് ഉറങ്ങാൻ എത്ര രസമായിരുന്നു.അച്ഛൻ പറയുന്ന കഥകളും അമ്മയുടെ പാട്ടും കേട്ട് രാത്രികൾ കഴിഞ്ഞിരുന്ന ആ കാലം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തവ ആൺ.ഒരിക്കലും തിരിച്ചു കിട്ടാത്തവയും.


അങ്ങനെയിരിക്കേ ഒരു ദിവസം പറമ്പിലൂടെ വെറുതേ ചുറ്റി നടന്നപ്പോള്‍ കുലയോടു കൂടി ഒരു പാളയങ്കോടന് വാഴ വീണു കിടക്കുന്നു.കുല മൂപ്പായിട്ടില്ല.അവിടെ കിടന്നു മൂക്കാന്‍ വേണ്ടി കുല വെട്ടിയിട്ടില്ല.വീണു കിടക്കുകയാണെങ്കിലും കുടപ്പന്‍ ദിവസവും വിടരും.വാഴത്തേൻ നുകരുക എന്നത് അന്നത്തെ ഇഷ്ടങ്ങളിൽ ഒന്നാണു.അതു പോലെ തന്നെ ആണു ചെത്തിപ്പൂവിന്റെ തേനും വലിച്ചു കുടിക്കാൻ ഇഷ്ടമാണു.വീണു കിടക്കുന്ന വാഴത്തേൻ എന്നും പോയി എടുക്കുക എന്റെ പതിവ് ചര്യ ആയി മാറി.


ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന കാപ്പി കുടി ഒക്കെ കഴിഞ്ഞു തേന്‍ എടുക്കാന്‍ ചെന്നപ്പോള്‍ വാഴക്കുടപ്പനരികില്‍ വാഴയിലകള്‍ക്കിടയില്‍ ഒരു ഉപ്പനും രണ്ടു കുഞ്ഞുങ്ങളും ! കുഞ്ഞുങ്ങള്‍ക്ക് ചിറകു മുളച്ചു തുടങ്ങിയിട്ടില്ല

ഇവരെന്നാണു ഇവിടെ താമസിക്കാന് വന്നത്.ഇന്നലെ വന്നപ്പോഴൊന്നും ഞാൻ കണ്ടില്ലല്ലോ എന്ന ആശ്ചര്യത്തോടേ ,കുഞ്ഞുങ്ങളെ ഒന്നു കൂടി അടുത്തു കാണാനായി ഞാന് ഉപ്പന്റെ അടുത്തേക്ക് നീങ്ങി ! ആളനക്കം കണ്ടിട്ടാവും ഉപ്പന്‍ പറന്നകന്നു.

കുഞ്ഞുങ്ങളെ ഓമനിക്കാനായി അടുത്തേക്ക് നീങ്ങിയ എന്റെ നേര്‍ക്ക് എവിടെ നിന്നെന്നറിയില്ല ഒരു കൂട്ടം കടന്നലുകള്‍ വന്നു എന്നെ പൊതിഞ്ഞു.

ഉറക്കെ കരഞ്ഞു കൊണ്ട് അന്നു ഓടീയ ഓട്ടം ഇന്ന് ഓടിയിരുന്നെങ്കില് ഇക്കഴിഞ്ഞ ഒളിമ്പിക്സ്സില് ഇന്ത്യക്കൊരു മെഡൽ ഉറപ്പായേനെ !!

വൈകുന്നേരമായപ്പോളെക്കും കടന്നലിന്റെ കുത്തു കിട്ടിയ സ്ഥലം ഒക്കെ നീരു വന്നു മെത്തി.എന്തു തിന്നിട്ടും എന്റെ കൊച്ചിനു വണ്ണം വെക്കുന്നില്ലേ എന്നു ദിവസവും പരാതി പറയുന്ന അമ്മക്ക് ആ പ്രയാസം മാറിക്കിട്ടി.ഉണങ്ങിയ വാനില പോലിരുന്ന ഞാൻ വൈകുന്നേരം ആയപ്പോളെക്കും കല്പനചേച്ചിയെ പോലെ സുന്ദരി ആയി !

അന്ന് ആ വേദന മാറാൻ വേണ്ടി അമ്മ ,മുക്കുറ്റി സമൂലം അരച്ചത് പുതു വെണ്ണ കൂട്ടി ചാലിച്ച് ദേഹമാസകലം പുരട്ടി തന്നു.അതു തന്നെ അലപം കഴിക്കാനും തന്നു.
തുമ്പപ്പൂവിന്റെ നീരും നെയ്യും കദളിപ്പഴവും ചേര്‍ത്തു കഴിക്കുന്നതും ഒത്തിരി നല്ലതാണു എന്നു പറഞ്ഞു കേട്ടു.
ചുമന്ന തുളസിയില,ചുമന്നുള്ളി ഇവ അരച്ച് കടന്നൽ കുത്ത് ഏറ്റ ഭാഗത്ത് ഇട്ടാൽ വേദനയും നീരും കുറയും.




ഒരു ഓഫ് : ഇനി ആര്‍ക്കെങ്കിലും കടന്നൽ കൂട് എടുക്കണം എന്നുള്ള അതി മോഹം വല്ലതും ഉണ്ടെങ്കിൽ ഞൊങ്ങണം പുല്ല്,അമരിയില,കൃഷ്ണതുളസിയില ഇവ അരച്ച് സര്‍വാംഗം പുരട്ടി കൂട് എടുത്താല് കടന്നലിന്റെ കുത്ത് കിട്ടിയാലും വിഷം ഏല്‍ക്കില്ലാത്രേ !!!


ചിത്രം : ഗൂഗിളിൽ നിന്നു കിട്ടിയത്

Monday, December 22, 2008

ഹലോ ! വെള്ളിത്തിരയിലേയ്ക്ക് സ്വാഗതം !

ഹലോ...

ഹലോ..

ഹലോ,വെള്ളിത്തിരയിലേക്ക് സ്വാഗതം.ആരാണു സംസാരിക്കുന്നത്?

ഞാൻ വെള്ളായണീന്ന് വേലായുധനാ.

അതെയോ.വേലായുധൻ എന്തു ചെയ്യുന്നു ?


ഞാൻ ഇപ്പോൾ വെള്ളിത്തിരയിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നു.

അതല്ല.വേലായുധനു എന്താണു ജോലി ?


എന്റെ മോനേ ! എനിക്കു ജോലി പശുവളർത്തൽ.ഞാൻ ഒരു ക്ഷീര കർഷകനാ!


അതെയോ! നന്നായി.ചേട്ടനെപ്പോലെ ഉള്ളവർ ഉള്ളതു കൊണ്ടാണല്ലോ ഞങ്ങൾ എല്ലാ ദിവസവും പാലും മുട്ടയും ഇറച്ചിയും കഴിച്ച് ജീവിക്കുന്നത്.


ങ്ങാ..അതെയതെ !

അതേയ് ചേട്ടനു ഇന്നു ഏതു പാട്ടാ കേൾക്കേണ്ടത്?

എനിക്ക് “ നാഴൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം “ എന്ന പാട്ടു വേണം.ഞാൻ പശുകൃഷി തുടങ്ങിയ കാലം മുതൽ വിചാരിക്കുന്നതാ ഈ പാട്ട് എനിക്കു റേഡിയോയിലൂടെ കേൾക്കണം എന്ന്!


അതൊരു നല്ല പാട്ടാ ചേട്ടാ. രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രത്തിൽ പി ഭാസ്കരൻ മാഷ് രചിച്ച്, കെ രാഘവൻ മാഷ് ഈണം നൽകി ശാന്ത പി നായരും ഗായത്രി കെ ബി യും കൂടി ആലപിച്ച ഈ പാട്ട് ചേട്ടനായി വയ്ക്കാം..

ഈ പാട്ട് ആർക്കെങ്കിലും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നോ ?


ഉണ്ട്.എനിക്ക് ദിവസേന 10 ലിറ്റർ പാലു തരുന്ന എന്റെ സ്വന്തം നന്ദിനിപ്പശുവിനും പിന്നെ അവളുടെ പാലു കൊണ്ട് ചായ ഉണ്ടാക്കുന്ന ഈ വെള്ളായണി നിവാസികൾക്കെല്ലാം വേണ്ടി ഡെഡിക്കേറ്റു ചെയ്യുന്നു.


ശരി വെള്ളായണിയിലെ വേലായുധൻ ചേട്ടനും ചേട്ടന്റെ നന്ദിനി പശുവിനും അവളുടെ പാലു കൊണ്ട് കാലത്തെ ചായ കുടിക്കുന്ന എല്ലാ വെള്ളായണിക്കാർക്കുമായി ഈ പാട്ടു സമർപ്പിക്കുന്നു.അപ്പോൾ ഒരു നല്ല പാട്ടു കേട്ടിട്ട് നമുക്ക് തിരിച്ചു വരാം !

Friday, December 12, 2008

തവള വിശേഷങ്ങള്‍..

ഇപ്പോൾ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഒരു ജീവി ആണല്ലോ തവള.പണ്ടൊക്കെ രാത്രിയിൽ പാടത്തു കൂടെ പെട്രോമാക്സും കത്തിച്ച് തവള പിടുത്തക്കാ‍ർ പോകുന്നത് ഒരു ഓർമ്മയായി മനസ്സിലിന്നും ഉണ്ട്.അങ്ങനെ കൊന്നൊടുക്കിയതു കൊണ്ടാണല്ലോ ഇന്ന് തവളയെ കാണാൻ പോലും കിട്ടാത്തത്.പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ ഡിസക്ഷൻ ചെയ്യാൻ വേണ്ടി തവളയെ പിടിക്കാൻ രാത്രി അച്ഛനൊപ്പം ചാക്കും തൂക്കി ഇറങ്ങിയിട്ടുണ്ട്.എത്ര നടന്നതിനു ശേഷമാണു ഒരു തവളയെ കിട്ടുക.ചെറുപ്പത്തിൽ ആണെങ്കിൽ വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുഴികളിൽ തവള മുട്ട ഇടുനതും അതു വെള്ളത്തിൽ കിടന്നു വിരിഞ്ഞു വാലുമാക്രി ആകുന്നതും വാലുമാക്രിയുടെ വാൽ പോയി തവള ആകുന്നതും എല്ലാം നിരീക്ഷിക്കുക ഒരു കൗതുകം ആയിരുന്നു.എന്റെ കുഞ്ഞുങ്ങൾക്ക് ആ ഭാഗ്യം ഇല്ലാ എന്നു മാത്രമല്ല ,തവളയെ കാണുമ്പോൾ അയ്യോ അമ്മേ തവള എന്നും പറഞ്ഞ് ചാടി കസേരയിൽ കയറും അവർ !
ലോകത്തിൽ കാണപ്പെടുന്ന വിവിധ തരം തവളകളെ പറ്റി ഒരു അന്വേഷണം.....

1 .ഗോള്‍ഡന്‍ റ്റോഡ്: കോസ്റ്റോറിക്കയില്‍ കാണപ്പെട്ടിരുന്ന ഇവ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു.




2.സൌത്ത് ആഫ്രിക്കന്‍ ഗോസ്റ്റ് ഫ്രോഗ്:





3. മലഗസി റെയിന്‍ ബോ ഫ്രോഗ്



4. ഡാര്‍വിന്‍ ഫ്രോഗ്



5. മിഡ്വൈഫ്ഫ് റ്റോഡ് : മുട്ടകളെയും വാലുമാക്രികളെയും ചുമലില് ചുമക്കുന്നു





6.ആഫ്രിക്കന് ജയന്റ് ഫ്രോഗ്:


തവളകളിലെ വമ്പന്‍. ആഫ്രിക്കയില് കാ‍ാണുന്ന ജയന്റ് ഫ്രോഗ് അഥവാ ഗോലിയാത്ത് തവളയാണ് എറ്റവും വലിറ്യ തവള.ഉദ്ദേശം ഒരു ഫീറ്റ് വലുപ്പത്തില് വളരും





7.ക്യൂബന്‍ ഫ്രോഗ്:തവളകളിലെ കുഞ്ഞന്‍.അര ഇഞ്ച് മാത്രം നീളം ഉള്ള കുഞ്ഞന്‍ തവള






8.അമേരിക്കനന്‍ ഹോണ്ഡ് ഫ്രോഗ്:
പട്ടി കുരക്കും പോലെ ശബ്ദം ഉണ്ടാക്കുന്ന തവള


9.പോയിസണ് ഡാര്‍ട്ട് ഫ്രോഗ് :ഈ വിഷത്തവളയുടെ തൊലിയിലെ വിഷം അമ്പില് പുരട്ടാന് ഉപയോഗികുന്നു.ഇതിന്റെ വിഷത്തില് നിന്നും വേര്‍തിരിക്കുന്ന എപ്പിബാറ്റിഡിന് എന്ന ആല്ക്കലോയ്ഡ് നല്ലൊരു വേദന സംഹാ‍ാരി അത്രെ !



10.തക്കാളി തവള ;
ശത്രുക്കളില് നിന്നും രക്ഷ നേടാന് ഉള്:ള വിദ്യയായി ശരീരം പെരുക്കി വലുതാക്കുന്നു


11.വൈറ്റ്സ് ട്രീ ഫ്രോഗ്: ഓന്തിന്റെ സ്വഭാവം ഉള്ള തവള.പരിസരത്തിനു യോജിക്കുന്ന വിധം നിറം മാറും





12.ഗാസ്ട്രിക് ബ്രൂഡിങ്ങ് ഫ്രോഗ്:മുട്ടകളെ വിഴുങ്ങി അവ വാല്‍മാക്രി ആയ ശേഷം പുറത്തു തള്ളുന്നു.





13.ക്രിക്കറ്റ് ഫ്രോഗ്:

ഏകദേശം 4 സെ മീ നീളമുള്ള ഇവക്ക് ഇവയുടെ ശരീര വലുപ്പത്തേക്കാള് 40 മടങ്ങു ദൂരത്തേക്ക് ചാടാന് കഴിയും !!





15.ലെപ്പേഡ് ഫ്രോഗ് : സൂത്രക്കാരന് തവള.ശത്രുക്കളില് നിന്നും രക്ഷ നേടാനായി ചത്തതു പോലെ അഭിനയിച്ചു കിടക്കും.ചിലവ ശത്രുക്കള് അടുത്തു വരുമ്പോള് ഉറക്കെ കരയും.ശത്രുക്കളെ കാണുമ്പോള് മൂത്രം ഒഴിക്കുന്ന ഇനവും ഉണ്ട്.മൂത്ര ഗന്ധം കൊണ്ട് പൊറുതി മുട്ടി ശത്രുക്കള് അകന്നു മാറിക്കൊള്ളും!!


ഇത് ഒരു ദിവസം രാത്രി വീട്ടിൽ എത്തിയ അതിഥി.നാടൻ തവള ! പച്ചത്തവള !





ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : ഗൂഗിൾ