Friday, March 7, 2008

എലി വരുന്നേ എലി.............

വീട്ടില്‍ എലി ശല്യം കൂടിയപ്പോഴാണ് എലി നശീകരണത്തെകുറിച്ച് ഞാന്‍ ഗഹനമായി ചിന്തിക്കാന്‍ തുടങ്ങിയത്.സ്റ്റോര്‍ റൂമില്‍ വെച്ചിരിക്കുന്ന നെല്ല് അരി,ജാതിക്ക,പുളി,തൂക്കിയിട്ടിരിക്കുന്ന പഴക്കുല എന്നു വേണ്ടാ കുളിമുറിയില്‍ വെച്ചിരിക്കുന്ന സോപ്പ് പോലും എലിയുടെ ഇഷ്ടഭോജ്യം ആയി മാറിയപ്പോള്‍ എലിയെ കൊല്ലാന്‍ ഒരു മാര്‍ഗ്ഗം തേടി ഞാന്‍ നാടു മുഴുവന്‍ അലഞ്ഞു..വീട്ടില്‍ എലിയെ കൊല്ലാന്‍ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന എലിക്കെണി ഒരു പൂര്‍ണ പരാജയം ആണ് എന്നു ഞാന്‍ ഇതിനകം മനസ്സിലാക്കിയിരുന്നു.( ആ എലിപ്പെട്ടി ഇപ്പോള്‍ അണ്ണാനെ പിടിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു..കൊക്കോ പഴം തിന്നാന്‍ വരുന്ന അണ്ണാനെ ഓരോന്നു വീതം ഒരോ ദിവസവും കിട്ടും..അതു അപ്പൂപ്പനും കൊച്ചു മോളും കൂടെ മസാല പുരട്ടി വറുത്തു തിന്നും !!!)
എലിയെ പിടിക്കാന്‍ ഉള്ള മാര്‍ഗങ്ങളെ പറ്റി എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടൂം സംസാരിച്ചപ്പോള്‍ എനിക്കു കിട്ടിയ അറിവ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ !!!

മാര്‍ഗം 1 : പശക്കെണി (മുഖ്യ ഉപദേശം എന്റെ ഭര്‍ത്താവ് )

എലിയെ പശ വെച്ചു പിടിക്കുന്ന മാര്‍ഗമാണു എന്റെ പ്രിയതമന്‍ എനിക്കു പറഞ്ഞു തന്നത്..എലിയെ പിടിക്കാന്‍ ഉള്ള പശ ഒരു ബോര്‍ഡില്‍ നാലു വശത്തും ചുറ്റിലും തേക്കുക.എന്നിട്ട് നടുവില്‍ എലിക്കു ഇഷ്ടം ഉള്ള ഒരു ഭക്ഷണസാധനം വെക്കും.(അതു തലേ ദിവസം തന്നെ അതിനോട് ചോദിച്ചു വെക്കണം മോനെന്താ വേണ്ടേ ന്ന് !!!!)രാത്രിയാകുമ്പോള്‍ പതുങ്ങി പതുങ്ങി ഈ ബോര്‍ഡ് കിച്ചനില്‍ കൊണ്ടു പോയി വെക്കണം.നമ്മള്‍ ഉറങ്ങി എന്നു ഉറപ്പാകുമ്പോള്‍ എലി ശബ്ദം കേള്‍പ്പിക്കാതെ പതുങ്ങി വരും..ഇഷ്ടമുള്ള സാധനം അല്ലേ അകത്തിരിക്കുന്നത്..വായില്‍ കപ്പലോടിക്കാന്‍ ഉള്ള വെള്ളം നിറയുമ്പോള്‍ എലി വേറൊന്നും ചിന്തിക്കാതെ ഒറ്റ ചാട്ടം.ബോര്‍ഡില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അതിന്റെ വാലില്‍ പശ പുരളും.എലി ആരാ മോന്‍ ? പുള്ളിക്കാരന്‍ ഭയങ്കര ദേഷ്യക്കാരന്‍ അല്ലേ ?അവന്‍ ദേഷ്യം കൊണ്ട് തിരിയും.അന്നേരം കാലില്‍ പശ പുരളും..അപ്പോള്‍ ദേഷ്യം കൂടും.തിരിയലിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ച് ദേഹം മുഴുവന്‍ പശ ആകും..പിന്നെ ശ്വാസം വിടാന്‍ പോലും പറ്റാതെ എലി അവിടിരുന്നു ചാവും.അപ്പോള്‍ വാലില്‍ തൂക്കി വെളീയില്‍ കളയും ഹ ഹ ഹ

മാര്‍ഗം 2 ശര്‍ക്കര കെണി :

നല്ല മറയൂര്‍ ശര്‍ക്കര നന്നയി ഉടച്ചു അല്പം വെള്ളമൊഴിച്ചു തിളപ്പിക്കുക..നല്ല പാനി ആയി കഴിയുമ്പോള്‍ തണുക്കാന്‍ വെക്കുക.ചെറിയ കാപ്പിക്കുരു വലിപ്പത്തില്‍ പഞ്ഞി ഉരുളകള്‍ ആക്കിയത് ഈ പാനിയിലേക്ക് ഇടുക.ഈ പഞ്ഞിയുണ്ടകള്‍ പിന്നീട് മുറിയുടെ പല ഭാഗങ്ങളിലായി വെക്കണം.നല്ല മധുര പലഹാരമല്ലേ..രാത്രിയില്‍ പതുങ്ങി വരുന്ന എലികള്‍ നമ്മള്‍ കാണാതെ ഈ ഉരുളകള്‍ തിന്നും..നമ്മള്‍ ഒന്നും ചെയ്യാന്‍ പോകേണ്ടാ..രണ്ട് മൂന്നു ദിവസം കഴിയുമ്പോള്‍ സ്റ്റോര്‍ റൂമില്‍ നിന്നും നാറ്റം വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി.. നാറ്റം വരുന്നു എന്നു ബോധ്യമായാല്‍ ഒരു ടോര്‍ച്ചിന്റെ സഹായത്തോടെ എലിയെ തപ്പി കണ്ടു പിടിച്ചു വാലില്‍ തൂക്കി പുറത്തേക്കു കളയുക..

ഇനിയത്തെ മാര്‍ഗങ്ങളെ പറ്റി ഗവേഷണം തുടരുകയാണ്..ബൂലോകരേ നിങ്ങളുടെ അനുഭവങ്ങള്‍ കൂടി പങ്കു വെക്കൂ...

Sunday, March 2, 2008

പിടക്കോഴി കൂവിയപ്പോള്‍

ആറു മാസം മുന്‍പു വരെ മുട്ട ഇട്ട കോഴി പൂവന്‍ കോഴി ആയ വാര്‍ത്ത കേട്ടില്ലേ ബൂലോകരേ...ഒരു വര്‍ഷം മുന്‍പു വരെ മുട്ട ഇട്ട് കുഞ്ഞുങ്ങളെ വിരിയിച്ച പിടക്കോഴിയ്ക്കാണ് ആറു മാസം മുന്‍പു മുതല്‍ പരിണാമം കണ്ട് തുടങ്ങിയത്..കോഴി കൂവാന്‍ തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്...ആറ് മാസം മുന്‍പു കോഴി ഇട്ട മുട്ടകള്‍ക്കു കാടമുട്ടയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.6 മാസം കൊണ്ട് തലപ്പൂവും അങ്കവാലും ഉണ്ടായി.പൂവന്റെ ലക്ഷണമായി കാലില്‍ കട്ടമുള്ളും ആയി...കോതമംഗലത്താണ് ഈ അല്‍ഭുതം നടന്നത്..പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നതു അര്‍ത്ഥവത്തായി .പുരുഷന്മാരായി മാറിയ സ്ത്രീകളെ കുറിച്ചും തിരിച്ചും കേട്ടിട്ടുണ്ട്..എന്നാല്‍ അതു ശസ്ത്രക്രിയ ഒക്കെ നടത്തി രൂപമാറ്റം വരുത്തുകയായിരുന്നു..ഇതു സ്വാഭാവികമായി വന്ന മാറ്റം അല്ലേ...ഈ കലിയുഗത്തില്‍ ഇനിയും എന്തെല്ലാം കാണണം .....



ഈ വാര്‍ത്ത കണ്ടപ്പോള്‍ ആണ് വേറെ ഒരു വാര്‍ത്തയുടെ കാര്യം ഓര്‍ത്തത്..ബ്രിട്ടനിലെ ന്യൂ കാസില്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍പുരുഷ സഹായമില്ലാതെ സ്ത്രീയുടെ കോശങ്ങള്‍ മാത്രം ഉപയോഗിച്ച് പുതിയ ഒരു ജീവന്‍ ഉണ്ടാ‍ാക്കാന്‍ പറ്റും എന്നു കണ്ടു പിടിച്ചിരിക്കുന്നു..സ്ത്രീയുടെ അണ്ഡത്തില്‍ നിന്നു ഒരു ബീജ കോശത്തെ ഉല്പാദിപ്പിക്കുകയാണ് ഇപ്പോള്‍ സാധിച്ച നേട്ടം.ഏതാനും നാളുകള്‍ക്ക് മുന്‍പു പുരുഷന്റെ മജ്ജാകോശങ്ങളില്‍ നിന്ന് ബീജ കോശങ്ങളെ ഉണ്ടാക്കാന്‍ ഉള്ള വിദ്യ ശാസ്ത്ര ലോകം കണ്ടുപിടിച്ചിരുന്നു.ഇപ്പോള്‍ കണ്ട് പിടിച്ച വിദ്യ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നു ഒരു ബീജ കോശത്തെ ഉല്പാദിപ്പിക്കാന്‍ പറ്റും എന്നതാണ്... ഭാവിയില്‍ പുരുഷ സഹായമില്ലാതെ പ്രത്യുല്പാദനം നടത്താന്‍ പറ്റും എന്നതു വളരെ പ്രാധാന്യം അര്‍ഹിക്കുന്നു..ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം ഏറ്റവും കൂടുതല്‍ ഉപകരിക്കുക സ്വവര്‍ഗ്ഗ പ്രേമികള്‍ ആയ സ്ത്രീകള്‍ക്കു ആയിരിക്കും..പുരുഷ സഹായമില്ലാതെ കുട്ടികള്‍ ഉണ്ടാകും..പുനരുല്പാദന പ്രക്രിയയില്‍ പുരുഷന്റെ ആവശ്യം ഇല്ല എന്നു വരുന്നതോടെ ഈ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നു വ്യക്തമാണ്.




വിവരങ്ങള്‍ക്കു കടപ്പാട്...എന്റെ ഭര്‍ത്താവ്.