Saturday, November 8, 2008

കള്ളിന് ഇങ്ങനെയും ഉപയോഗമോ ????





എന്നെ ഇവിടെയ്ക്ക് കല്യാണം കഴിച്ചു കൊണ്ടു വന്ന കാലം മുതല്‍ക്കേ വീട്ടില്‍ ഒരിക്കലും ഒഴിവാകാത്ത ഒരു കാര്യം ഉണ്ട്.കള്ള് !!! ഒരു പന എങ്കിലും ചെത്താന്‍ എന്നും ഉണ്ടാകും.അതു കൊണ്ടെന്താ അച്ഛനും മക്കളും നല്ല പോലെ കള്ള് കുടിക്കും. ആദ്യമൊക്കെ എന്റെ മക്കള്‍ക്കും കൊടുക്കുമായിരുന്നു.പക്ഷേ എനിക്കിത്രേം ദേഷ്യം ഉള്ള ഒരു സാധനം വേറെ ഇല്ല.ഞാന്‍ വഴക്കുണ്ടാക്കും.അപ്പോള്‍ കണ്ണനടക്കം എല്ലാരും എന്നോടു പറയും കള്ളില്‍ വിറ്റാമിന്‍ എ ഉണ്ട്..ബി ഉണ്ട്...സി ഉണ്ട്... എന്നൊക്കെ..കള്ള് കുടിപ്പിച്ചിട്ട് എന്റെ മക്കള്‍ക്ക് ആരോഗ്യം ഉണ്ടാകണ്ടാ .ഞങ്ങള്‍ തമ്മില്‍ പിണങ്ങുന്ന ഒരു കാരണം ഇതായിരുന്നു.എന്റെ വഴക്ക് പേടിച്ച് അച്ഛനും ചേട്ടന്മാരും ഒക്കെ കൊടുത്താലും മക്കള്‍ കഴിക്കാതായി.

ആദ്യമൊക്കെ പനയുടെ തൈകള്‍ പറമ്പില്‍ ഓരോ സ്ഥലത്തായി മുളച്ചു വരുമ്പോള്‍ ഞാന്‍ നല്ല തിളച്ച വെള്ളം ആരും കാണാതെ പനം തൈയുടെ ചുവട്ടില്‍ കൊണ്ടു പോയി ഒഴിക്കുമായിരുന്നു.. പന വളരാതെ ഇരിക്കട്ടെ എന്നോര്‍ത്ത്..പക്ഷേ എന്റെ പ്രാര്‍ഥനയൊക്കെ വെറുതേ...പന പോലെ വളര്‍ന്നു എന്നു പറയും പോലെ എല്ലാ പനകളും വളര്‍ന്നു..കുല ഉണ്ടായി..കുല ചെത്തി കള്ളും ഉണ്ടായി.







ഒരു സമയത്ത് ഒരു പനയേ ചെത്താന്‍ ഉണ്ടാവാറുള്ളൂ.എന്തിനാ ധാരാളം അല്ലേ...രാവിലെ ലഭിക്കുന്ന കള്ള് , ചെത്തുകാരന്‍ പയ്യന്‍ കൊണ്ട് പോകും.രാവിലത്തെ കള്ള് ഷാപ്പില്‍ അളക്കാന്‍ ഉള്ളതാണ്.വൈകിട്ടത്തെ കള്ളു നമുക്ക് തരും.പന ചെത്താന്‍ അനുവദിക്കുന്നതിന്റെ കൂലി കള്ള് ആയിട്ടാണു തരുക.അതു ചിലപ്പോള്‍ ഒക്കെ അപ്പം ഉണ്ടാക്കാന്‍ എടുക്കും..ആഴ്ച്ചയില്‍ ഒന്നോ രണ്ടൊ ദിവസം അല്ലേ അപ്പം ഉണ്ടാക്കാന്‍ പറ്റൂ.അതിന് ആണെങ്കിലും ഒരു ഗ്ലാസ്സ് കള്ള് മതിയാകും.ബാക്കിയുള്ള കള്ള് അച്ഛന്‍ കുടിക്കും..ചേട്ടന്മാര്‍ക്കു രണ്ടു പേര്‍ക്കും കൊടുത്തു കഴിഞ്ഞും ചിലപ്പോള്‍ മിച്ചമുണ്ടാകും.അതു ഞാന്‍ വിനാഗിരി ആക്കും.

കള്ളില്‍ നിന്നു നല്ല വിനാഗിരി ( ചൊറുക്ക എന്ന് ഞങ്ങള്‍ നാടന്‍ ഭാഷയില്‍ പറയും ) ഉണ്ടാക്കാം.2 ലിറ്റര്‍ കള്ളില്‍ 1 ഗ്രാം യീസ്റ്റും 20 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ഒരു ഭരണിയില്‍ അടച്ചു തുണി കൊണ്ട് മൂടി കെട്ടി വെക്കുക.21 ദിവസം കഴിയുമ്പോള്‍ കള്ളിലുള്ള പഞ്ചസാര 5 % വീര്യം ഉള്ള അസറ്റിക് ആസിഡ് അഥവാ വിനാഗിരി ആയി മാറുന്നു.നല്ല കള്ളാണെങ്കില്‍ പ്രത്യേകം പരിചരണങ്ങള്‍ ഇല്ലാതെ തന്നെ നല്ല വിനാഗിരി കിട്ടും.

കള്ളില്‍ നിന്നു ചില ഇടങ്ങളില്‍ “ പനം പാനി “ ഉണ്ടാക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.കള്ളു തിളപ്പിച്ചു വറ്റിച്ചാണു ഇതുണ്ടാക്കുന്നത്.ഉദ്ദേശം 7 മണിക്കൂറോളം ചെറുതീയില്‍ കള്ളു വറ്റിയ്ക്കണം.തീ അണയ്ക്കരുത്.എന്നാല്‍ തീ അധികമായി കള്ളു തിളച്ചു തൂവുകയും അരുത്.

പണ്ടൊക്കെ കോട്ടയം സൈഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ വിവാഹ സദ്യയ്ക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നത്രേ പനമ്പാനി.സദ്യ കഴിയുമ്പോള്‍ പാനിയും പഴവും കൂടി കഴിക്കും.ഹിന്ദു സദ്യകളില്‍ പായസം കഴിക്കുന്നതു പോലെ.തേന്‍ പോലെ സ്വാദിഷ്ടമായ പനമ്പാനി റൊട്ടിയുടെയും പുട്ടിന്റെയും കൂടെ കഴിക്കാനും അവല്‍ നനക്കാനും ഒക്കെ നല്ലതാണെന്നു പറയുന്നു.ഔഷധ ഗുണം ഉണ്ടെന്നും പറയുന്നു.ചിക്കന്‍ പോക്സ് ഉണ്ടാകുമ്പോള്‍ പനമ്പാനി രോഗിക്കു നല്‍കാറുണ്ട് എന്നു പറയപ്പെടുന്നു,..ഇതിനെ കുറിച്ചുള്ള ശാസ്ത്രീയത ഒന്നും എനിക്കറിയില്ല ട്ടോ..


അപ്പോള്‍ ഞാന്‍ പറയാന്‍ തുടങ്ങിയത് ഈ കള്ളൊക്കെ മനുഷ്യര്‍ കുടിക്കാതെ, ഇതു പോലുള്ള ബൈ പ്രോഡക്റ്റ്സ് ആക്കിയാല്‍ പോരേ.?


ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍

Saturday, October 25, 2008

ജാതിക്കാരിഷ്ടം




നമ്മുടെ നാട്ടില്‍ ധാരാളം ജാതിക്കാ ഉണ്ടല്ലോ..ജാതിക്കയും ജാതി പത്രിയും എടുത്ത ശേഷം ജാതി തൊണ്ട് നമ്മള്‍ കളയാറാണു പതിവ്..പണ്ടു സ്കൂളില്‍ പോയിരുന്ന കാലത്ത് ജാതിതൊണ്ട് ഉപ്പു ചേര്‍ത്ത് തിന്നാനുള്ള ഒരു രസം..ഇപ്പോളും ജാതി തൊണ്ട് തിന്നുക എന്നത് എനിക്കു പ്രിയം തന്നെ.ഇപ്പോള്‍ ജാതി തൊണ്ട് അച്ചാറ് ഇട്ട് കൂട്ടാറുണ്ട്.നല്ല രുചിയാണ് ഈ അച്ചാറിന്.

ജാതിക്കയുടെ ഔഷധ ഗുണങ്ങള്‍ കുറെയൊക്കെ അതിന്റെ തൊണ്ടിലും ഉണ്ട്.അല്പ സമയം ചെലവാക്കാന്‍ ഉണ്ടെങ്കില്‍ ജാതിതൊണ്ടും നമുക്ക് പ്രയോജനപ്പെടുത്താം.ഇതു കൊണ്ട് നമുക്ക് ജാതിക്കാരിഷ്ടം/ ജാതിക്കാ വൈന്‍ ഉണ്ടാക്കാം.അമ്മ എണീറ്റു നടക്കുന്ന കാലത്ത് ഇവിടെ ഇത് ഉണ്ടാക്കാറുണ്ടായിറ്രുന്നു.ഇപ്പോള്‍ ഉണ്ടാക്കാന്‍ ഞാന്‍ മെനക്കെടാറില്ല.എങ്കിലും സമയം കിട്ടുമ്പോള്‍ ഒന്നു കൂടി ഉണ്ടാക്കി നോക്കണം എന്നു വിചാരിക്കുന്നു. ഞങ്ങള്‍ ഇത് ഉണ്ടാക്കാറുള്ള വിധം നിങ്ങള്‍ക്കായി ഞാന്‍ എഴുതട്ടെ.

തപ്പുമ്പോള്‍ കൈയ്യില്‍ തടയേണ്ട സാധനങ്ങള്‍

ജാതിക്കാതൊണ്ട് - 10 കിലോ
ശര്‍ക്കര -3 കിലോ
താതിരിപ്പൂവ് - 100 ഗ്രാം ( അങ്ങാടിമരുന്നു കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും.ഇതിനു വേറെ വല്ല പേരും ഉണ്ടോ എന്നെനിക്കറിയില്ല )
കോലരക്ക് - 100 ഗ്രാം
ഗ്രാമ്പൂ,ഏലം - കുറച്ച്
ഗോതമ്പ് - ഒരു പിടി

ഉണ്ടാക്കുന്ന വിധം

ജാതിക്കാതൊണ്ട് നന്നായി കഴുകിയെടുത്ത് വെള്ളം വാര്‍ന്നു പോയതിനു ശേഷം ഭരണിയില്‍ അട്ടിയായി നിരത്തുക.ഒരട്ടി ജാതിക്കാതൊണ്ട് നിരത്തി അതിനു മേലേ ശര്‍ക്കര ഇടുക.ഇങ്ങനെ ജാതിക്കാതൊണ്ടും ശര്‍ക്കരയും അട്ടികളായി നിരത്തുക.ഇതിനിടയില്‍ കുറെശ്ശെ താതിരിപ്പൂവും കോലരക്കും ഗ്രാമ്പൂവും ഏലവും പൊടിച്ചു വിതറാം.അരിഷ്ടം എളുപ്പം പുളിക്കുന്നതിനായി ഒരു പിടി ഗോതമ്പു ചതച്ചിടാവുന്നതാണ്.ഭരണി നിറഞ്ഞതിനു ശേഷം ഭദ്രമായി അടച്ചു വെക്കുക.41 ദിവസം കഴിയുമ്പോള്‍ ഭരണി തുറന്ന് അരിഷ്ടം ഊറ്റിയെടുക്കാം.
ദഹനക്കേടിനും വയറ്റിലുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ക്കും നല്ലതാണ് ഈ അരിഷ്ടം.ഇത് ഉണ്ടാകുമ്പോള്‍ വെള്ളം അതില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണേ....


അപ്പോള്‍ നാട്ടില്‍ ഉള്ളവര്‍ ഇതുണ്ടാക്കി നോക്കിയിട്ട് വിവരം അറിയിക്കണേ...