“നിന്റെ വീട്ടിൽ നിന്നു കൊണ്ടു വന്നതൊക്കെ കെട്ടിപ്പെറുക്കി വേഗം സ്ഥലം വിട്ടോണം “
“പഠിച്ചോണ്ടിരുന്ന കാലത്ത് എന്റെ പുറകേ എത്രയെത്ര നല്ല ആൺപിള്ളേർ ഉണ്ടായിരുന്നതാ.എനിക്ക് അവരിലാരെ വേണമെങ്കിലും സെലക്റ്റ് ചെയ്യാമായിരുന്നു.അതൊന്നും ചെയ്യാതെ ഇയാളുടെ കൂടെ കൂടീത് ഇയാൾ എന്നെ സ്നേഹിക്കൂന്ന് കരുതീട്ടാ.ഇനി എന്നെ കൊന്നാലും ഞാൻ പോകില്ല.അമ്പടാ എന്നെ ഒഴിവാക്കീട്ട് വേറെ സുന്ദരിമാരെ ലൈനടിക്കാനല്ലേ ! എന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഞാൻ സമ്മതിക്കൂല്ലാ !ഇതു സത്യം ! സത്യം ! സത്യം ! “
ജനുവരി 24 .വിവാഹം കഴിഞ്ഞിട്ട് 15 വർഷം തികയുന്നു.വർഷങ്ങൾ ഏറെ പിന്നിട്ടു എങ്കിലും ആ ദിവസം ഇന്നലെ എന്ന പോലെ മനസ്സിൽ തെളിയുന്നു.അതിരാവിലെ കുളിച്ചൊരുങ്ങി,വധൂ വേഷമണിഞ്ഞ് ചോറ്റാനിക്കര അമ്മയുടെ നടയിൽ വെച്ച് സുമംഗലിയായ ദിവസം.
വിവാഹം കഴിഞ്ഞ സമയത്തെ ഏറ്റവും വലിയ ആഗ്രഹം എവിടെ ആയിരുന്നാലും ഒരുമിച്ച് കഴിയണം എന്നുള്ളതായിരുന്നു.ഒരിക്കലും സാധിക്കാത്ത ഒരു മോഹമായി അതിന്നും എന്റെ മനസ്സിൽ ഒളിച്ചിരിക്കുന്നു.ഈ പതിനഞ്ചു വർഷങ്ങൾക്കിടയിൽ ആകെ നോക്കിയാൽ ഒരു വർഷം പോലും ഒരുമിച്ച് കഴിയാൻ അവസരം ഉണ്ടായില്ല.അതു കൊണ്ടു തന്നെ ആയിരിക്കും ജീവപര്യന്ത കാലാവധി എന്നു മനസ്സിൽ തോന്നാത്തത് !
ആദ്യ വിവാഹ വാർഷികത്തിനു മാത്രം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.പിന്നീട് എന്റെ പഠനം,കണ്ണന്റെ ജോലി ,എന്റെ ജോലി അങ്ങനെ പല കാര്യങ്ങൾ കൊണ്ട് പിരിഞ്ഞു താമസിക്കാൻ വിധിക്കപ്പെട്ടു ! എങ്കിലും ഇന്ന് ഈ ദിവസം ഞാൻ കണ്ണനെ ഓർക്കുന്നു.കണ്ണനു വേണ്ടി പ്രാർഥിക്കുന്നു.
ഞങ്ങളുടെ പൊന്നോമനകൾ.രോഹിതും രോഷ്നിയും
ഈ സന്ദർഭത്തിൽ എന്റെ കൂട്ടുകാരായ എല്ലാ ബൂലോകർക്കും ഞങ്ങളുടെ വക ഒരു സദ്യയും തയ്യാറാക്കിയിരിക്കുന്നു.എല്ലാവരും കൈ കഴുകി ഇരിക്കൂ.ദാ വിളമ്പുകയായി !!
ഈ പായസം കൂടി കഴിച്ചിട്ടേ എണീക്കാവൂ ട്ടോ !
വയറു നിറഞ്ഞല്ലോ അല്ലേ ! അതു മതി ! അതു മാത്രം മതി ! നിങ്ങളുടെ വയറു നിറയുമ്പോൾ ഞങ്ങളുടെ മനസ്സു നിറയുന്നു ! ഈ പാട്ട് കൂടി കേട്ടിട്ടേ എല്ലാവരും പിരിയാവൂ !
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ
Friday, January 23, 2009
തിരനോട്ടം
Sunday, December 28, 2008
വെസ്പാ വൾഗാരിസ്

ചെറുപ്പത്തില്‍ സ്ക്കൂൾ വിട്ടു വന്നാൽ ചായകുടി കഴിഞ്ഞു പറമ്പിലൂടെ വെറുതേ ചുറ്റി നടക്കുക എന്നുള്ളതായിരുന്നു എന്റെ ഇഷ്ട വിനോദം.പറമ്പില്‍ ഇല്ലാത്ത മരങ്ങളും ചെടികളും ഇല്ല. ഒരിഞ്ചു സഥലം പോലും വെറുതേ കിടക്കില്ല.നിറയെ തെങ്ങ്,മാവ്,തേക്ക് ,ആഞ്ഞിലി തുടങ്ങിയ മരങ്ങളും അതിനിടയ്ക്ക് കൊക്കോ,ജാതി,വാഴ,വെറ്റില തുടങ്ങിയവ.അല്പം പോലും സ്ഥലം വെറുതേ കിടക്കാത്ത രീതിയിൽ പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നു.ഭൂമിയുടെ അതിരിലൂടെ നല്ല ഭംഗിയുള്ള ശീമക്കൊന്ന.ശീമക്കൊന്നയില്‍ ഉണ്ടാകുന്ന റോസ് നിറം ഉള്ള പൂക്കള്‍ കാണാന്‍ എന്തൊരു ഭംഗിയാണു ! കുല കുലയായി ആണു ശീമക്കൊന്ന പൂക്കുന്നത്.അന്നത്തെ കാലത്ത് ശീമക്കൊന്നയ്ക്ക് ഒരു വിലയും ഇല്ലായിരുന്നു.എങ്കിലും ഏതാനും വർഷങ്ങൾക്കു മുൻപ് വാനില കൃഷി പ്രചരിച്ച സമയത്ത് ശീമക്കൊന്ന കിട്ടാനില്ലായിരുന്നു.ശീമക്കൊന്നയ്ക്കും ദൗർലഭ്യം വന്ന സമയം !
പറമ്പില്‍ നല്ലൊരു കുളവും ഉണ്ടായിരുന്നു.പറമ്പ് മുഴുവന്‍ നനക്കാന്‍ മോട്ടോര്‍ വെച്ചിട്ടുണ്ടായിരുന്നു.നാട്ടിലെല്ലാവരുടെയും കൃഷി നനയ്ക്കാന്‍ ഞങ്ങളുടെ മോട്ടോര്‍ ആണു ഉപയോഗിച്ചിരുന്നത്.ഓസിനല്ലാ ട്ടോ.മണിക്കൂര്‍ വെച്ചു കാശു വാങ്ങും !!
ഞങ്ങൾ അലക്കാനും കുളിക്കാനും ഒക്കെ കുളത്തില്‍ പോകുമായിരുന്നു.നീന്താന്‍ പഠിച്ചതും ഈ കുളത്തില്‍ തന്നെ.പകൽ മുഴുവൻ നാട്ടുകാരുടെ പറമ്പു നനയ്ക്കും.എന്നിട്ട് ഞങ്ങളുടെ പറമ്പു നനയ്ക്കാൻ രാത്രിയിൽ ചൂട്ടും കത്തിച്ച് ഇറങ്ങും.എന്റെ അമ്മയ്ക്ക് അസാമാന്യ ധൈര്യം ആയിരുന്നു.എന്നെയും ചേച്ചിയേയും കൂട്ടി രാത്രി 10 മണിക്കൊക്കെ ഞങ്ങളുടെ പറമ്പു നനയ്ക്കാൻ പോയിട്ടുണ്ട് ഞങ്ങൾ.അമ്മക്കൊപ്പം വെള്ളം തിരിക്കാനും തെങ്ങും ജാതിയും മറ്റും നനയ്ക്കാനും പോയ കാര്യം ഇപ്പോൾ ഓർക്കുമ്പോൾ ഒരു ഉൾഭയം ആണു.അന്നു കള്ളന്മാരുടെ ശല്യം അത്ര രൂക്ഷമല്ല.ഇന്നോ ?
ഇഞ്ചി വിളവെടുക്കുന്ന സീസൺ ആകുമ്പോൾ നല്ല ജോലി ആണു.ജോലിക്കാരെ കൂട്ടി ഇഞ്ചി പറിക്കും.പകൽ ഇഞ്ചി ചുരണ്ടി തൊലി കളയും.അതിനും ജോലിക്കാർ ഉണ്ടാകും. തൊലി കളഞ്ഞ ഇഞ്ചി ഉണക്കി ചുക്ക് ആക്കാൻ വേണ്ടി പാറപ്പുറത്തിടും.രാത്രി പാറപ്പുറത്ത് ടെന്റ് കെട്ടി അവിടെ എല്ലാരും കൂടി താമസിക്കും.പകൽ ഉണങ്ങിയ ഇഞ്ചി ,രാത്രി തണുപ്പ് ആകുമ്പോളേ വാരി വെയ്ക്കൂ.രാത്രി ആണു ഇഞ്ചിയുടെ “ഇട കുത്തുന്നത് “. സന്ധ്യാ നേരത്തും പാറയുടെ ചൂടു കൊണ്ട് ഇഞ്ചി ഉണങ്ങും.രാത്രി ടെന്റിൽ കിടന്ന്,നിലാവ് കണ്ട് ഉറങ്ങാൻ എത്ര രസമായിരുന്നു.അച്ഛൻ പറയുന്ന കഥകളും അമ്മയുടെ പാട്ടും കേട്ട് രാത്രികൾ കഴിഞ്ഞിരുന്ന ആ കാലം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തവ ആൺ.ഒരിക്കലും തിരിച്ചു കിട്ടാത്തവയും.
അങ്ങനെയിരിക്കേ ഒരു ദിവസം പറമ്പിലൂടെ വെറുതേ ചുറ്റി നടന്നപ്പോള്‍ കുലയോടു കൂടി ഒരു പാളയങ്കോടന് വാഴ വീണു കിടക്കുന്നു.കുല മൂപ്പായിട്ടില്ല.അവിടെ കിടന്നു മൂക്കാന്‍ വേണ്ടി കുല വെട്ടിയിട്ടില്ല.വീണു കിടക്കുകയാണെങ്കിലും കുടപ്പന്‍ ദിവസവും വിടരും.വാഴത്തേൻ നുകരുക എന്നത് അന്നത്തെ ഇഷ്ടങ്ങളിൽ ഒന്നാണു.അതു പോലെ തന്നെ ആണു ചെത്തിപ്പൂവിന്റെ തേനും വലിച്ചു കുടിക്കാൻ ഇഷ്ടമാണു.വീണു കിടക്കുന്ന വാഴത്തേൻ എന്നും പോയി എടുക്കുക എന്റെ പതിവ് ചര്യ ആയി മാറി.
ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന കാപ്പി കുടി ഒക്കെ കഴിഞ്ഞു തേന്‍ എടുക്കാന്‍ ചെന്നപ്പോള്‍ വാഴക്കുടപ്പനരികില്‍ വാഴയിലകള്‍ക്കിടയില്‍ ഒരു ഉപ്പനും രണ്ടു കുഞ്ഞുങ്ങളും ! കുഞ്ഞുങ്ങള്‍ക്ക് ചിറകു മുളച്ചു തുടങ്ങിയിട്ടില്ല
ഇവരെന്നാണു ഇവിടെ താമസിക്കാന് വന്നത്.ഇന്നലെ വന്നപ്പോഴൊന്നും ഞാൻ കണ്ടില്ലല്ലോ എന്ന ആശ്ചര്യത്തോടേ ,കുഞ്ഞുങ്ങളെ ഒന്നു കൂടി അടുത്തു കാണാനായി ഞാന് ഉപ്പന്റെ അടുത്തേക്ക് നീങ്ങി ! ആളനക്കം കണ്ടിട്ടാവും ഉപ്പന്‍ പറന്നകന്നു.
കുഞ്ഞുങ്ങളെ ഓമനിക്കാനായി അടുത്തേക്ക് നീങ്ങിയ എന്റെ നേര്‍ക്ക് എവിടെ നിന്നെന്നറിയില്ല ഒരു കൂട്ടം കടന്നലുകള്‍ വന്നു എന്നെ പൊതിഞ്ഞു.
ഉറക്കെ കരഞ്ഞു കൊണ്ട് അന്നു ഓടീയ ഓട്ടം ഇന്ന് ഓടിയിരുന്നെങ്കില് ഇക്കഴിഞ്ഞ ഒളിമ്പിക്സ്സില് ഇന്ത്യക്കൊരു മെഡൽ ഉറപ്പായേനെ !!
വൈകുന്നേരമായപ്പോളെക്കും കടന്നലിന്റെ കുത്തു കിട്ടിയ സ്ഥലം ഒക്കെ നീരു വന്നു മെത്തി.എന്തു തിന്നിട്ടും എന്റെ കൊച്ചിനു വണ്ണം വെക്കുന്നില്ലേ എന്നു ദിവസവും പരാതി പറയുന്ന അമ്മക്ക് ആ പ്രയാസം മാറിക്കിട്ടി.ഉണങ്ങിയ വാനില പോലിരുന്ന ഞാൻ വൈകുന്നേരം ആയപ്പോളെക്കും കല്പനചേച്ചിയെ പോലെ സുന്ദരി ആയി !
അന്ന് ആ വേദന മാറാൻ വേണ്ടി അമ്മ ,മുക്കുറ്റി സമൂലം അരച്ചത് പുതു വെണ്ണ കൂട്ടി ചാലിച്ച് ദേഹമാസകലം പുരട്ടി തന്നു.അതു തന്നെ അലപം കഴിക്കാനും തന്നു.
തുമ്പപ്പൂവിന്റെ നീരും നെയ്യും കദളിപ്പഴവും ചേര്‍ത്തു കഴിക്കുന്നതും ഒത്തിരി നല്ലതാണു എന്നു പറഞ്ഞു കേട്ടു.
ചുമന്ന തുളസിയില,ചുമന്നുള്ളി ഇവ അരച്ച് കടന്നൽ കുത്ത് ഏറ്റ ഭാഗത്ത് ഇട്ടാൽ വേദനയും നീരും കുറയും.
ഒരു ഓഫ് : ഇനി ആര്‍ക്കെങ്കിലും കടന്നൽ കൂട് എടുക്കണം എന്നുള്ള അതി മോഹം വല്ലതും ഉണ്ടെങ്കിൽ ഞൊങ്ങണം പുല്ല്,അമരിയില,കൃഷ്ണതുളസിയില ഇവ അരച്ച് സര്‍വാംഗം പുരട്ടി കൂട് എടുത്താല് കടന്നലിന്റെ കുത്ത് കിട്ടിയാലും വിഷം ഏല്‍ക്കില്ലാത്രേ !!!
ചിത്രം : ഗൂഗിളിൽ നിന്നു കിട്ടിയത്