മേഘാറോസ് എന്ന നാലാം ക്ലാസ്സുകാരി ഒരു ബ്ലോഗ്ഗ് തുടങ്ങി.ഒരു കുഞ്ഞു കവിതയും എഴുതി..ആ കുഞ്ഞിനു മലയാളം നന്നായി ടൈപ്പ് ചെയ്യാന്‍ അറിയില്ല.എങ്കിലും അവളുടെ അങ്കിളിനെ കൊണ്ട് അതു ടൈപ്പ് ചെയ്യിച്ച് പോസ്റ്റ് പബ്ലിഷ് ചെയ്തു നമ്മുടെ അഭിപ്രായങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു..ഇതു വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..
Monday, August 4, 2008
Sunday, July 27, 2008
ഇലഞ്ഞി പൂക്കള്‍.....





ഇലഞ്ഞിപൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു.......
ഈ പാട്ട് ആസ്വദിക്കാത്ത മലയാളി ഉണ്ടോ ??ഇലഞ്ഞി പൂക്കളുടെ സുഗന്ധം എത്ര ഹൃദ്യമാണ്.എന്റെ വീട്ടില്‍ ഒരു ഇലഞ്ഞി മരം ഉണ്ട്.ഈ ഇലഞ്ഞിക്കു ചുറ്റും തേനീച്ചകള്‍ പാറി നടക്കാറുണ്ടായിരുന്നു..മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ക്ക് അനുഭൂതികളെ തഴുകിയുണര്‍ത്തുന്ന ,കൊതിപ്പിക്കുന്ന, മദിപ്പിക്കുന്ന ഗന്ധമാണുള്ളത്..
മനോഹരമായ ഒരു നിത്യ ഹരിത വൃക്ഷമാണ് “ ബകുളി “ എന്നു സംസ്കൃതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഇലഞ്ഞി.മൈമൂസോപ്സ് ഇലഞ്ഞി എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.സ്പാനിഷ് ചെറി എന്നും അറിയപ്പെടുന്നു. നല്ല ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു വളരുന്ന ഇലഞ്ഞി നല്ലൊരു തണല്‍ മരമാണ്.
മാര്‍ച്ച് – ജൂലൈ മാസങ്ങളില്‍ ഇലഞ്ഞിയില്‍ നല്ല ക്രീം നിറത്തിലുള്ള കുഞ്ഞു പൂക്കള്‍ വിരിയും..രാത്രികള്‍ ഇലഞ്ഞി ഗന്ധത്തില്‍ മുഴുകുന്ന കാലമാണ് ഇത്.പുലര്‍ച്ചെ ഈ പൂക്കള്‍ മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്നത് കാണാം..മുറ്റമടിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ഈ പൂക്കള്‍ അടിച്ചു കളയാന്‍ മടിച്ച് അതു പെറുക്കി ഇലയില്‍ വെച്ചു എടുത്തു വെക്കും.പിന്നീട് മണക്കാന്‍ !!!
ഇതിനെ പഴത്തിനു ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരമാണ്..ചെറുതിലേ എത്ര പഴങ്ങള്‍ തിന്നിരിക്കുന്നു..
ഇലഞ്ഞിയെ പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും പ്രധാനം പ്രഥമാനുരാഗം തന്നെയാണ്.അന്നു ഞങ്ങള്‍ കുട്ടികള്‍ ആണ്.ഞങ്ങള്‍ എന്നതു വിശദീകരിക്കേണ്ടതില്ലല്ലോ..പുലര്‍ച്ചെ ഇലഞ്ഞിപ്പൂക്കള് പെറുക്കാന്‍ അയല്പക്കത്തുള്ള കുട്ടികള്‍ എല്ലാവരും കൂടെ പോകും..എന്റെ വീടിനു അടുത്തുള്ള പറമ്പില്‍ ആണ് ഇലഞ്ഞി മരം നില്‍ക്കുന്നത്.. മാമ്മയുടെ കുടി എന്നാണ് അതിനു പറയുന്നത്... അച്ഛാച്ഛന്റെ അമ്മയാണ് മാമ്മ.കവുങ്ങിന്റെ പാളയിലാണ് അന്നൊക്കെ ഇലഞ്ഞി പൂക്കള് ശേഖരിക്കുക..മുകളില്‍ നിന്നും വീഴുന്ന പൂക്കള് നിലം തൊടുന്നതിനു മുന്നേ പിടിക്കുന്നതില് ആണ് ത്രില്ല്.മുകളില് നിന്നു പമ്പരം കറങ്ങുന്നതു പോലെ പൂവ് കറങ്ങി വരുന്നതു കാണാന് നല്ല രസമാണ്.ഒരു പാള നിറയെ പൂവ് കിട്ടും ചില ദിവസങ്ങളില്..
ഇതു കൊരുത്തു മാലയാക്കല്‍ ആണ് അടുത്ത പണി.അങ്ങനെ കൊരുത്ത മാല ഒരു ദിവസം ഞാന് എന്റെ “ ഹണിയുടെ“ കഴുത്തില്‍ ഇട്ടു.ഒന്നും ഓര്‍ത്ത് ചെയ്തതല്ല.അന്നു പ്രണയം എന്താണെന്നു പോലും അറിയാത്ത പ്രായമാണ് എന്റേത്.പക്ഷേ കക്ഷി അന്നതു സീരിയസ് ആയി എടുത്തു.“സ്വയം വരം“ അല്ലേ നടന്നത്.എന്നെ മാത്രേ കെട്ടൂ എന്നു അന്നേ കക്ഷി തീരുമാനിചിരുന്നത്രേ !!!! ( പാവം അന്നു മനസ്സിലായില്ല ..ഇതൊരു താടക ആണെന്നു !!!! )
പിന്നീട് മുതിര്‍ന്നപ്പോള്‍ ,പ്രണയം മനസ്സില്‍ മൊട്ടിട്ടപ്പോള്‍ പഴയ ഈ കഥ ഹണി പറഞ്ഞത് കൌതുകത്തോടെ ആണു ഞാന്‍ കേട്ടിരുന്നത്..ഇപ്പോള്‍ അദ്ദേഹം പറയും ആ ഇലഞ്ഞി മാല കാരണം അദ്ദേഹത്തിന്റെ ജീവിതം : ഒരു കോഞ്ഞാട്ട “ ആയി പോയി എന്ന്..
എന്തൊക്കെ പറഞ്ഞാലും ആദ്യാനുരാഗത്തിനു കാരണമായ ,എനിക്കു നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ നിമിത്തമായ ആ ഇലഞ്ഞി മരത്തിനു ചില ഔഷധ ഗുണങ്ങള് ഒക്കെ ഉണ്ട്..അതെന്തൊക്കെ എന്നു നമുക്കു നോക്കാം
1 അമിത വിയര്‍പ്പിന് ഇലഞ്ഞിപ്പൂക്കള് കൊണ്ട് കഷായം വെച്ചു കുടിച്ചാല് നല്ലതാണ്.ശരീരത്തിനു തണുപ്പും അനുഭവപ്പെടും
2. ഇലഞ്നീപ്പൂക്കള് അണുനാശക ലേപനങ്ങള് ഉണ്ടാക്കാന് ഉപയോഗിക്കുന്നു.മുറിവ് ഉണക്കാന് ഇതു സഹായിക്കും
3.പൂക്കള് പൊടിച്ചതു ബുദ്ധി കൂട്ടാന് നല്ലതാണ്
4.മോണ വീക്കത്തിനും പല്ലു വേദനക്കും ഇലഞ്ഞിപ്പട്ട തിളപ്പിച്ചത് വായില് കൊള്ളുന്നത് നല്ലതാണ്..
ഇത്രേം ഗുണങ്ങളെ എനിക്കറിയൂ.. ഇനി വല്ലതുമുണ്ടോ എന്നു നിങ്ങള് പറയൂ......
ഇനിയും പാടാന്‍ തോന്നുന്നു... ഇലഞ്ഞി പൂമണം ഒഴുകി വരുന്നൂ.......
ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള്‍