
കല്ലുവാഴയെ കുറിച്ചു ഒത്തിരി കേട്ടിരുന്നു എങ്കിലും അതെന്തു സാധനം ആണെന്നു മനസ്സിലാക്കാന് ഒത്തിരി വൈകി.ബഷീറിക്ക പിസാങ് സെറിബു എന്ന മലയന്‍ വാഴയുടെ പടം പോസ്റ്റ് ആക്കി ഇട്ടപ്പോള് ആണ് ഇതിനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ഒരു വാശി എനിക്കു തോന്നിയത്..വാശി കേറിയാല്‍ പിന്നെ അതു സാധിച്ചിട്ടേ അടങ്ങൂ..അതെന്റെ നാളിന്റെ ഗുണം.
കല്ലുവാഴയും മൂസേസിയേ എന്ന വാഴ കുടുംബത്തിലെ ഒരു അംഗമാണ്.( Botanical name : Ensete superba (Roxb) cheeseman ( Musa superba Raxb) ഇതു ദേവ കേളീ,കാമാക്ഷി, കൃഷ്ണ തമാര എന്നൊക്കെ സംസ്കൃതത്തില് അറിയപ്പെടുന്നു.ഇംഗ്ലീഷില്‍ ഇതിനെ Wild plantain, Indian bead എന്നൊക്കെ അറിയപ്പെടുന്നു
രൂപത്തിലും ഭാവത്തിലും ഏറെക്കുറെ വാഴകളോട് സാദൃശ്യമുള്ളതാണ് ഇവ. വാഴയിലകളേക്കാള്‍ തടിച്ചതും പത്തടിയോളം നീളമുള്ളതുമായ ഇലകള്‍ ആണ് ഇവയുടേത്.കാണ്ഡഭാഗം മുറുകി തടിച്ചതാണ്.ഇലകള്‍ക്കൊത്തു കുറുകി ഉയരുന്ന ഈ വാഴയുടെ കാണ്ഡഭാഗം സാധാരണ വാഴയെക്കാള്‍ കട്ടി കൂടിയതാണ്.
ഇതു സാധാരണ വനാന്തരങ്ങളില്‍ ആണ് സാധാരണ കാണപ്പെടുന്നത് .സാധാരണ വാഴകള്‍ക്കുള്ളതിനേക്കാള്‍ കട്ടിയുള്ള തണ്ടുകള്‍ ഉള്ളതിനാല്‍ ആകും ഇതിന്റെ ഇലകള്‍ ജലം നിറച്ച കുടത്തിനു ചുറ്റും തിരുകിയ ഇലകള്‍ പോലെ മുകളിലേക്കു ഉയര്‍ന്നു നില്‍ക്കുന്നു.വനാന്തരങ്ങളില്‍ ആണ് കാണപ്പെടുന്നതെങ്കിലും ഈ വാഴയെ വന്യ ജീവികള് വെറുതേ വിടാറാണ് പതിവ്. അതിനു കാരണം ഒരു പക്ഷേ ഇതിന്റെ കട്ടി കൂടിയ ഇലകളോ പോളകളില് നിന്നു ഊറി വരുന്ന പശ പോലുള്ള ദ്രാവകമോ ആയിരിക്കാം.
കല്ലുവാഴയുടെ കട ഭാഗം ഏകദേശം ഒന്നര മീറ്റര്‍ ചുറ്റളവിലാകുമ്പോള്‍ തട ഗോപുരത്തിന്റെ ആകൃതിയില്‍ ഉയര്‍ന്ന് ഏകദേശം 4 അടിയോളം പൊക്കത്തില്‍ എത്തുമ്പോള്‍ അവിടെ നിന്നും സാധാരണ വാഴയുടെ രൂപത്തില് 10 അടിയോളം ഉയര്‍ന്നു പൊങ്ങി കുടമെടുത്ത് താഴേക്ക് വളഞ്ഞു കുല വിരിയുന്നു.ഇതിനു കുറഞ്ഞത് ഏതാണ്ട് 7 വര്‍ഷം സമയം വേണ്ടി വരും.കുല വിരിഞ്ഞു ഒരു വര്‍ഷത്തോളം സമയം എടുത്ത് കുല പഴുത്ത് തുടങ്ങുന്നു,അതോടെ ഇലകള് കരിഞ്ഞു തുടങ്ങുന്നു.
കല്ലുവാഴപ്പഴം അധികം ആരും കഴിക്കാറില്ല.കാരണം വേറെ ഒന്നും അല്ല.പഴത്തിനുള്ളില് കാണുന്ന പുളിയരി പോലുള്ള കല്ലുകള്‍ തന്നെ.കഴിക്കുന്നവര് തൊലി കളഞ്ഞു പഴം നുണഞ്ഞ് തുപ്പുകയാണ് ചെയ്യുന്നത്.പഴത്തിനുള്ളിലെ ഈ കല്ലുകള്‍ കിളിര്‍ത്താണ് പുതിയ കല്ലുവാഴ ഉണ്ടാകുന്നത്..
പത്തിരുപതു വര്‍ഷത്തോളം ഒരു സ്ഥലത്തു തന്നെ ഉറച്ചു നില്‍ക്കാനുള്ള കല്ലുവാഴയുടെ ശേഷി അപാരമാണ്. അതു കൊണ്ടാകാം ഒരു വിദ്വാന്‍ കല്ലുവാഴ എന്നാല് കല്ലു പോലെ ആണെന്ന് പറഞ്ഞത്..ബഷീറിക്കയെ അല്ലാട്ടോ ഞാന്‍ ഉദ്ദേശിച്ചെ .. ഹി ഹി
പഴം മുഴുവന് കല്ലുകള്‍ ആണ് എന്നതു കൊണ്ട് ഇതിനെ ഒരു മൂലക്കിരുത്താന് വരട്ടെ..ഇതിനു താഴെ പറയുന്ന ഔഷധ ഗുണങ്ങള് ഉണ്ട്
* കല്ലുവാഴയുടെ മാണം ശുദ്ധിയാക്കി അരിഞ്ഞു വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുന്ന മാവ് നല്ലൊരു ഉത്തേജക ഔഷധം ആണ്
* കല്ലുവാഴയുടെ കല്ലു പൊട്ടിച്ച് തോടു കളഞ്ഞെടുക്കുന്ന വെള്ള നിറത്തില് ഉള്ള മാവ് കരിക്കിന് വെള്ളത്തില് ചേര്‍ത്ത് വെറും വയറ്റില് കൂടിച്ചാല് “ കിഡ്നി സ്റ്റോണ് “ പോലുള്ള മൂത്രാശയ രോഗങ്ങള്‍ക്ക് നല്ലതാണ്
* മുറിവുണക്കാന്‍ കല്ലുവാഴയുടെ പോള മുറിച്ച് അതില് നിന്നൂറി വരുന്ന പശ പോലുള്ള ദ്രാവകം പുരട്ടുന്നത് നല്ലതാണ്
കല്ലുവാഴ എന്നാല് അലക്കുകല്ലിന്റെ ചോട്ടില് വളരുന്ന വാഴ അല്ലെന്ന് ഇപ്പോള് മനസ്സിലായില്ലേ..ഹോ എന്റെ ഒരു ബുദ്ധിയേ !!! ഞാന്‍ ഓര്‍ത്തു കല്ലുവാഴയില് ആണ് കന്മദം ഉണ്ടാകുന്നത് എന്ന്.. അതിനി കണ്ടു പിടിക്കണം..കന്മദം എന്താ എന്നു..കരിമ്പാറകള്‍ക്കുള്ളീലും കന്മദം നിറയും എന്നൊരു പാട്ട് മാത്രം അറിയാം..കന്മദത്തെ കുറിച്ചു ആര്‍ക്കെങ്കിലും എന്തേലും അറിയാവോ...അറിയാമെങ്കില്‍ പറഞ്ഞു തരണേ
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍
Showing posts with label കല്ലുവാഴ. Show all posts
Showing posts with label കല്ലുവാഴ. Show all posts
Thursday, July 17, 2008
കല്ലുവാഴ
ലേബലുകള്‍
കല്ലുവാഴ
Subscribe to:
Posts (Atom)