ജനലിലൂടെ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായി !! മഴത്തുള്ളികള് വന്നു വീണ് കുമിളകളായി പൊട്ടി പോകുന്നതു കാണാന്‍ പണ്ടേ എനിക്കിഷ്ടമായിരുന്നു.. ആ കുമിളകള്‍ ഉണ്ടാകുന്നതും പൊട്ടി പോകുന്നതും എത്ര പെട്ടെന്നാണ്.എന്റെ സ്വപ്നങ്ങള്‍ പോലെ !
എന്റെ സ്വപ്നം... ഞാനും ബാലുവേട്ടനും നമ്മുടെ ഓമനമക്കളും .... എന്നും പൊട്ടിച്ചിരിയും ആഹ്ലാദവും നിറഞ്ഞൊഴുകുന്ന നമ്മുടെ വീട്..എല്ലാം എത്ര പെട്ടെന്നാണ് ഇല്ലാതെയായത്...
“ നമ്മുടെ ആദ്യത്തെ കണ്മണി ഒരു ആണ്‍കുഞ്ഞായിരിക്കണം.. അവനെ എനിക്കു കലൂപി എന്നു വിളിക്കണം “
മധുവിധു രാവുകളിലൊന്നില്‍ ബാലുവേട്ടന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഉള്‍പ്പുളകത്തോടെ ചിരിച്ചു !
മാസങ്ങള്‍ കടന്നു പോകെ താനൊരച്ഛനാകാന് പോകുന്നു എന്ന് അറിഞ്ഞ ദിവസം എന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു..ഒരായുഷ്കാലം മുഴുവന് അനുഭവിക്കേണ്ടിയിരുന്ന സ്നെഹം ഏതാനും ദിവസങ്ങള് കൊണ്ടെനിക്കു തന്നു.
എന്നിട്ട്...
ലേബര്‍ റൂമിനുള്ളില് ,നൊംബരത്തിന്റെയും ആലസ്യത്തിന്റെയും ഇടയില് ഓര്‍മ്മ വീണു കിട്ടിയപ്പോള് ഞാന് തിരക്കി.
എന്റെ കുഞ്ഞ് ????
“നല്ല മിടുക്കി മോളാ...“
സിസ്റ്റര്‍ ചിരിച്ചു കൊണ്ടറിയിച്ചു.
കുഞ്ഞിനെ കണ്ടു കൊണ്ട് അന്നു പൊയ നിങ്ങള് പിന്നെ വന്നില്ല
ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചതായിരുന്നു ഞാന്‍ ചെയ്ത കുറ്റം എന്നു അന്ന് ഞാന്‍ അറിഞ്ഞില്ല..എന്റെ അച്ഛനും അമ്മയും അന്നെന്നോട് അതു പറഞ്ഞില്ല.
ഓരോ ദിവസവും ഞാന്‍ കാത്തിരുന്നു..നിങ്ങളുടെ പാദ പതന ശബ്ദം കേള്‍ക്കാന്‍ കാതോറ്ത്തിരുന്നു..പക്ഷേ നിങ്ങള്‍ വന്നില്ല
നമ്മുടെ മോള് പാല് പുഞ്ചിരി പൊഴിക്കുമ്പോഴൊക്കെ എന്റെ കണ്ണില് നിറയുന്നത് കണ്ണുനീരായിരുന്നു.വെറും 2 വര്‍ഷത്തെ ദാമ്പത്യം ! സ്വപ്നങ്ങള് ഒക്കെ ചില്ലുകൊട്ടാരം വീണുടയുന്നതു പോലെ തകര്‍ന്നടിഞ്ഞല്ലോ..
പുരുഷന് ഇത്ര സ്വാര്‍ഥനാണൊ ?
പുരുഷന് ഇത്ര ക്രൂരനാണൊ ?
നിങ്ങളുടെ മാറില് മുഖമമര്‍ത്തി ആ ഹൃദയത്തിന്റെ മന്ത്രധ്വനി കേട്ടുറങ്ങാന് എത്ര നാളുകള് ഞാന് കാത്തിരിക്കണം ??
എങ്ങും ഇരുട്ടു പരന്നു തുടങ്ങി.മഴ തീര്‍ന്നു.നീര്‍ക്കുമിളകള് അവസാനിച്ചു.എല്ലാം ശാന്തം..എന്റെ മനസ്സു പോലെ.
Friday, July 11, 2008
വേഴാമ്പല്‍
Wednesday, July 9, 2008
ആഞ്ഞിലിപുരാണം


എന്റെ വീടിന്റെ അതിരില്‍ നിറയെ ആഞ്ഞിലി മരങ്ങള്‍ ആണ്.. കുഞ്ഞായിരുന്നപ്പോള്‍ പണ്ട് ഞാന്‍ തന്നെ നട്ട തൈകള്‍ ആണ്..വലുതാവുമ്പോള്‍ ഇതു വിറ്റാല്‍ കാശ് ആണ് എന്നു അമ്മ പറയുമായിരുന്നു.
ഇന്നു ആ മരങ്ങള്‍ ഒക്കെ വലുതായി.കഴിഞ്ഞ ദിവസം അതു വെട്ടാന്‍ ആളു വന്നു.അപ്പോള്‍ ആണ് ആ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ വന്നത്
ആ മരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ഓര്‍മ്മ ആഞ്ഞിലി ചക്ക പഴത്തിന്റെ മധുരം ആണ്. ആഞ്ഞിലി ചക്ക ചെറുതാണ്.ഇതു പഴുത്തു കഴിയുമ്പോള്‍ അതിന്റെ മുള്ളു കലര്‍ന്ന തൊലി കളഞ്ഞു കഴിയുമ്പോള്‍ ഉള്ളില്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറത്തില്‍ ഉള്ള മനോഹരമായ ചുളകള്‍ കാണാം.ഇതു വായിലിട്ടു നുണയുമ്പോള്‍ കിട്ടുന്ന സുഖം ...വായിലൂടെ കപ്പലോടിക്കാന്‍ ഉള്ള വെള്ളം !!!!!
ഇപ്പോള്‍ ആഞ്ഞിലി മരം നല്ല പോലെ പൊക്കം വെച്ചതിനാല്‍ ചക്ക പറിക്കാന്‍ പ്രയാസം ആണ്.എന്നാലും അതില്‍ ആദ്യം ഉണ്ടായ ചക്ക പറിച്ചതു ഞാന്‍ ആണെന്നതു എനിക്കു ഇപ്പോളും അഭിമാനം പകരുന്ന കാര്യം തന്നെ..മരത്തില് വലിഞ്ഞു കയറിയതിന്റെ പേരില് അമ്മയുടെ വക ചൂരല് കഷായം വാങ്ങിയതും പെണ്ണുങ്ങള് മരത്തില് കയറിയാല് എന്താ ആഞ്ഞിലി ചക്ക പഴം തിന്നാല്‍ പോരേ എന്നു ശക്തമായി പ്രതിഷേധിച്ചതും ഇന്നലെ എന്ന പോലെ തന്നെ ഞാന്‍ ഓര്‍ക്കുന്നു.അന്നു മരത്തില് കയറിയതിനു ഓര്‍മ്മ എന്നും നില്‍ക്കത്തക്ക വിധം ശരീരം മുഴുവന്‍ തോലു പോയതും കുളിക്കുമ്പോള്‍ ആ നീറ്റല്‍ സഹിക്കാന്‍ കഴിയാതെ ശബ്ദം പുറത്തു കേള്‍ക്കാതെ കരഞ്ഞതും ഇന്നലെ ആയിരുന്നല്ലോ..
അന്നത്തെ ഏറ്റവും മധുരമുള്ള ഓര്‍മ്മ ആഞ്ഞിലിക്കുരു വറുത്തു തിന്നുന്നതായിരുന്നു.എന്തു രുചിയാണ് അതിന്...
ആഞ്ഞിലിക്കുരു പെറുക്കി, അതു വെള്ളത്തിലിട്ടു കുതിര്‍ക്കും.പിന്നെ വെയിലത്തു വെച്ചു ഒന്നുണക്കിയിട്ട് കപ്പലണ്ടി വറുക്കുന്ന പോലെ മണലിലിട്ട് വറുത്തെടുക്കും. വറുത്ത കുരു തണുത്ത ശേഷം മുറത്തില് നിരത്തി ചിരട്ട കൊണ്ട് ഉരച്ചു തൊലി മാറ്റുന്നു.ഈ കുരുവിന്റെ സ്വാദ് !!! നാവില് ഇപ്പോളും വെള്ളമൂറുന്നു..വറുത്ത കശുവണ്ടിപ്പരിപ്പു ഇതിന്റെ ഏഴയലത്തു വരില്ലാ...
ആഞ്ഞിലിയെ പറ്റിയുള്ള മറ്റൊരു ഓര്‍മ്മ വിഷുക്കാലവുമായി ബന്ധപ്പെട്ടുള്ളതാണ്.അന്നു പടക്കം പൊട്ടിക്കാന് ആഞ്ഞിലി പ്ലാവിന്റെ തിരി ആണ് ഉപയോഗിച്ചിരുന്നത്.ഉണക്കി എടുത്ത തിരി കത്തിച്ചാല് ഏറേ നേരം അതു പുകഞ്ഞു നില്‍ക്കും,.പടക്കം ഒരു കൈയ്യിലും കത്തിച്ച തിരി മറുകയ്യിലുമായി അച്ഛന്‍ നില്‍ക്കും.ചെവി പൊത്തിക്കൊണ്ട് ഞാനും..ചേച്ചിക്കു പടക്കം പൊട്ടിക്കാന് അറിയാമായിരുന്നു.ചിലപ്പോളൊക്കെ ചേച്ചി ഏറ്റെടുക്കും പടക്കം പൊട്ടിക്കുന്ന വിദ്യ
ഇനി ഇതൊന്നും ഇല്ലല്ലൊ എന്നോര്‍ക്കുമ്പോള് ഉള്ളില് ഒരു വിങ്ങല് . ആ ആഞ്ഞിലി വില്‍ക്കണ്ടായിരുന്നു അമ്മേ എന്നു ഞാന്‍ അമ്മയോട് അറിയാതെ പറഞ്ഞു പോയി..ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം..
എന്റെ വീട്ടില്‍ ഇനി നാലു തൈ നട്ടു പിടിപ്പിക്കണം..മക്കളും അറിയട്ടെ ഈ രുചികള്....
ചിത്രം : ഗൂഗിളില്‍ നിന്നു ലഭിച്ചത്