Saturday, July 19, 2008

ചക്രവാക പക്ഷി....

വൃശ്ചിക മാസത്തിലെ ഒരു തണുത്ത പുലര്‍കാലം.ഉറക്കമുണരാന്‍ വൈമനസ്യത്തോടെ കിടക്കുമ്പോള്‍ ഫോണ്‍ ബെല്ല് അടിക്കുന്ന ഒച്ച കേട്ടു.തന്നെ പുണര്‍ന്നിരുന്ന മീരയുടെ കൈകള്‍ മെല്ലെ മാറ്റിയിട്ട് റിസീവര്‍ കൈയ്യിലെടുത്തു.അങ്ങേത്തലക്കല്‍ നിന്നു പരിചയമുള്ള ശബ്ദം.


“ ഞാന്‍ പ്രഭാകരനാണ് സംസാരിക്കുന്നത്..ഇന്നു വെളുപ്പിനു നിമിഷ മരിച്ചു..ആത്മഹത്യ ആയിരുന്നു “

നെഞ്ചിലൂ‍ൂടേ ഒരു ഇടിമിന്നല്‍ പാഞ്ഞു പോയി. നിമിഷ മരിച്ചു.അതും ആതമഹത്യ .എന്തിനു അവളിതു ചെയ്തു ??

നിമിഷ.......

ചന്ദനക്കാതല്‍ കടഞ്ഞെടുത്ത പോലെ സുന്ദരി.പഠിക്കാന്‍ മിടുക്കി.പ്രസംഗിക്കാനും കവിത ചൊല്ലാനും കവിത എഴുതാനും പാടാനും എല്ലാം നിമിഷ മിടുക്കി ആയിരുന്നു.

എപ്പോഴാണ് താന് അവളെ കണ്ടു മുട്ടിയത് ??

ഏകാന്തതയെ സ്നേഹിചിരുന്ന നിമിഷക്ക് അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. വായനയായിരുന്നു അവളുടെ ഹോബി.ലൈബ്രറിയുടെ ഒഴിഞ്ഞ മൂലയില് ഒറ്റക്കിരുന്നു ഷെല്ലിയുടെയും കീറ്റ്സിന്റെയും ഷേക്സ്പിയറിന്റെയും ലൊകത്തിരുന്ന അവളെ പരിചയപ്പെട്ടു.. ആദ്യം ഒന്നും അവള്‍ അധികം സംസാരിക്കുമായിരുന്നില്ല

പതിയെ പതിയെ മനസ്സുകള്‍ തമ്മിലടുത്തു.മഹത്തായ ഒരു പ്രണയ ബന്ധം അവിടെ തുടങ്ങി.

പക്ഷേ ആ ബന്ധം പൂര്‍ണതയില്‍ എത്തിയില്ല.നിമിഷയെ വിവാഹം കഴിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന അമ്മയുടെ പിടിവാശിക്കു മുന്നില്‍ വേദനയോടെ തനിക്കവളെ മറക്കേണ്ടി വന്നു..

പിന്നെ അമ്മയുടെ നിര്‍ബന്ധ പ്രകാരം മീരയെ വിവാഹം ചെയ്തു.നിമിഷ എന്തു ചെയ്യുന്നു എന്നു പിന്നീട് അന്വേഷിച്ചതേയില്ല.വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കട്ടെ എന്ന് മനസ്സില്‍ ആഗ്രഹിച്ചു.അവള്‍ക്കും കുടുംബവും കുഞ്ഞുങ്ങളും ആയിക്കാണും എന്നു ആശ്വസിച്ചു..

എന്നാലിപ്പോള് ??

അവള്‍ക്കു തന്നെ മറക്കാന് കഴിഞ്ഞിരുന്നില്ലെന്നോ?

പ്രഭാകരന്‍ പറഞ്ഞു ...

”പല പല വിവാഹാലൊചനകള് വന്നിട്ടും നിമിഷ ഒന്നിനും വഴങ്ങിയില്ല.അവസാനം നിമിഷയുടെ സമ്മതം ഇല്ലാതെ ഒരു എഞിനീയറുടെ ആലോചന ഉറപ്പിക്കും എന്ന ഘട്ടം വന്നപ്പോള് ആണ് അവളിതു ചെയ്തത്...“

അവളെ അവസാനമായി ഒന്നു കാണണം..അവളെ യാത്രയയക്കാന് ഞാന്‍ വേണം..

രാവിലെ അവളുടെ വീട്ടു പടിക്കല്‍ എത്തിയപ്പോളേ ചന്ദനത്തിരിയുടെയും അഷ്ട ഗന്ധത്തിന്റെയും മണം കാറ്റില്‍ പരക്കുന്നതു അറിഞ്ഞു.


“ജനിമരണങ്ങളെനിക്കിനി വേണ്ടാ
പരിപാലയമാം നാരായണ ജയ“

ശോക നിര്‍ഭരമായ പ്രാര്‍ഥനാ ശകലം


വാതില്‍ക്കലെത്തി അകത്തേക്ക് നോക്കി

കോടിത്തുണി പുതച്ച് ഒരു നിശ്ചല ശരീരം !!
പുകയുന്ന ചന്ദനത്തിരി.......
മലര്‍ത്തി വെച്ച തേങ്ങാമുറി..........
നിലവിളക്ക്......

എന്റെ നിമിഷേ ....... നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോ...

ഒരു ഗദ്ഗദം തൊണ്ടയില് വന്നു വിതുമ്പുന്നത് ഞാന്‍ അറിഞ്ഞു.. ഇണയെ ഓര്‍ത്തു തേങ്ങുന്ന ഒരു ചക്രവാക പക്ഷിയുടെ തേങ്ങല് പോലെ അതു തൊണ്ടയില് ഒരു ഞരക്കമായി....

Thursday, July 17, 2008

കല്ലുവാഴ




കല്ലുവാഴയെ കുറിച്ചു ഒത്തിരി കേട്ടിരുന്നു എങ്കിലും അതെന്തു സാധനം ആണെന്നു മനസ്സിലാക്കാന് ഒത്തിരി വൈകി.ബഷീറിക്ക പിസാങ് സെറിബു എന്ന മലയന്‍ വാഴയുടെ പടം പോസ്റ്റ് ആക്കി ഇട്ടപ്പോള് ആണ് ഇതിനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ഒരു വാശി എനിക്കു തോന്നിയത്..വാശി കേറിയാല്‍ പിന്നെ അതു സാധിച്ചിട്ടേ അടങ്ങൂ..അതെന്റെ നാളിന്റെ ഗുണം.


കല്ലുവാഴയും മൂസേസിയേ എന്ന വാഴ കുടുംബത്തിലെ ഒരു അംഗമാണ്.( Botanical name : Ensete superba (Roxb) cheeseman ( Musa superba Raxb) ഇതു ദേവ കേളീ,കാമാക്ഷി, കൃഷ്ണ തമാര എന്നൊക്കെ സംസ്കൃതത്തില് അറിയപ്പെടുന്നു.ഇംഗ്ലീഷില്‍ ഇതിനെ Wild plantain, Indian bead എന്നൊക്കെ അറിയപ്പെടുന്നു



രൂപത്തിലും ഭാവത്തിലും ഏറെക്കുറെ വാഴകളോട് സാദൃശ്യമുള്ളതാണ് ഇവ. വാഴയിലകളേക്കാള്‍ തടിച്ചതും പത്തടിയോളം നീളമുള്ളതുമായ ഇലകള്‍ ആണ് ഇവയുടേത്.കാണ്ഡഭാഗം മുറുകി തടിച്ചതാണ്.ഇലകള്‍ക്കൊത്തു കുറുകി ഉയരുന്ന ഈ വാഴയുടെ കാണ്ഡഭാഗം സാധാരണ വാഴയെക്കാള്‍ കട്ടി കൂടിയതാണ്.


ഇതു സാധാരണ വനാന്തരങ്ങളില്‍ ആണ് സാധാരണ കാണപ്പെടുന്നത് .സാധാരണ വാഴകള്‍ക്കുള്ളതിനേക്കാള്‍ കട്ടിയുള്ള തണ്ടുകള്‍ ഉള്ളതിനാല്‍ ആകും ഇതിന്റെ ഇലകള്‍ ജലം നിറച്ച കുടത്തിനു ചുറ്റും തിരുകിയ ഇലകള്‍ പോലെ മുകളിലേക്കു ഉയര്‍ന്നു നില്‍ക്കുന്നു.വനാന്തരങ്ങളില്‍ ആ‍ണ് കാണപ്പെടുന്നതെങ്കിലും ഈ വാഴയെ വന്യ ജീവികള് വെറുതേ വിടാറാണ് പതിവ്. അതിനു കാരണം ഒരു പക്ഷേ ഇതിന്റെ കട്ടി കൂടിയ ഇലകളോ പോളകളില് നിന്നു ഊറി വരുന്ന പശ പോലുള്ള ദ്രാവകമോ ആയിരിക്കാം.

കല്ലുവാഴയുടെ കട ഭാഗം ഏകദേശം ഒന്നര മീറ്റര്‍ ചുറ്റളവിലാകുമ്പോള്‍ തട ഗോപുരത്തിന്റെ ആകൃതിയില്‍ ഉയര്‍ന്ന് ഏകദേശം 4 അടിയോളം പൊക്കത്തില്‍ എത്തുമ്പോള്‍ അവിടെ നിന്നും സാധാരണ വാഴയുടെ രൂപത്തില് 10 അടിയോളം ഉയര്‍ന്നു പൊങ്ങി കുടമെടുത്ത് താഴേക്ക് വളഞ്ഞു കുല വിരിയുന്നു.ഇതിനു കുറഞ്ഞത് ഏതാണ്ട് 7 വര്‍ഷം സമയം വേണ്ടി വരും.കുല വിരിഞ്ഞു ഒരു വര്‍ഷത്തോളം സമയം എടുത്ത് കുല പഴുത്ത് തുടങ്ങുന്നു,അതോടെ ഇലകള് കരിഞ്ഞു തുടങ്ങുന്നു.



കല്ലുവാഴപ്പഴം അധികം ആരും കഴിക്കാറില്ല.കാരണം വേറെ ഒന്നും അല്ല.പഴത്തിനുള്ളില് കാണുന്ന പുളിയരി പോലുള്ള കല്ലുകള്‍ തന്നെ.കഴിക്കുന്നവര് തൊലി കളഞ്ഞു പഴം നുണഞ്ഞ് തുപ്പുകയാണ് ചെയ്യുന്നത്.പഴത്തിനുള്ളിലെ ഈ കല്ലുകള്‍ കിളിര്‍ത്താണ് പുതിയ കല്ലുവാഴ ഉണ്ടാകുന്നത്..


പത്തിരുപതു വര്‍ഷത്തോളം ഒരു സ്ഥലത്തു തന്നെ ഉറച്ചു നില്‍ക്കാനുള്ള കല്ലുവാഴയുടെ ശേഷി അപാരമാണ്. അതു കൊണ്ടാകാം ഒരു വിദ്വാന്‍ കല്ലുവാഴ എന്നാല് കല്ലു പോലെ ആണെന്ന് പറഞ്ഞത്..ബഷീറിക്കയെ അല്ലാട്ടോ ഞാന്‍ ഉദ്ദേശിച്ചെ .. ഹി ഹി

പഴം മുഴുവന് കല്ലുകള്‍ ആണ് എന്നതു കൊണ്ട് ഇതിനെ ഒരു മൂലക്കിരുത്താന് വരട്ടെ..ഇതിനു താഴെ പറയുന്ന ഔഷധ ഗുണങ്ങള് ഉണ്ട്

* കല്ലുവാഴയുടെ മാണം ശുദ്ധിയാക്കി അരിഞ്ഞു വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുന്ന മാവ് നല്ലൊരു ഉത്തേജക ഔഷധം ആണ്

* കല്ലുവാഴയുടെ കല്ലു പൊട്ടിച്ച് തോടു കളഞ്ഞെടുക്കുന്ന വെള്ള നിറത്തില് ഉള്ള മാവ് കരിക്കിന് വെള്ളത്തില് ചേര്‍ത്ത് വെറും വയറ്റില് കൂടിച്ചാല് “ കിഡ്നി സ്റ്റോണ് “ പോലുള്ള മൂത്രാശയ രോഗങ്ങള്‍ക്ക് നല്ലതാണ്

* മുറിവുണക്കാന്‍ കല്ലുവാഴയുടെ പോള മുറിച്ച് അതില് നിന്നൂറി വരുന്ന പശ പോലുള്ള ദ്രാവകം പുരട്ടുന്നത് നല്ലതാണ്


കല്ലുവാഴ എന്നാല് അലക്കുകല്ലിന്റെ ചോട്ടില് വളരുന്ന വാഴ അല്ലെന്ന് ഇപ്പോള് മനസ്സിലായില്ലേ..ഹോ എന്റെ ഒരു ബുദ്ധിയേ !!! ഞാന്‍ ഓര്‍ത്തു കല്ലുവാഴയില് ആണ് കന്മദം ഉണ്ടാകുന്നത് എന്ന്.. അതിനി കണ്ടു പിടിക്കണം..കന്മദം എന്താ എന്നു..കരിമ്പാറകള്‍ക്കുള്ളീലും കന്മദം നിറയും എന്നൊരു പാട്ട് മാത്രം അറിയാം..കന്മദത്തെ കുറിച്ചു ആര്‍ക്കെങ്കിലും എന്തേലും അറിയാവോ...അറിയാമെങ്കില്‍ പറഞ്ഞു തരണേ

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍