ഇലഞ്ഞിപൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു.......
ഈ പാട്ട് ആസ്വദിക്കാത്ത മലയാളി ഉണ്ടോ ??ഇലഞ്ഞി പൂക്കളുടെ സുഗന്ധം എത്ര ഹൃദ്യമാണ്.എന്റെ വീട്ടില്‍ ഒരു ഇലഞ്ഞി മരം ഉണ്ട്.ഈ ഇലഞ്ഞിക്കു ചുറ്റും തേനീച്ചകള്‍ പാറി നടക്കാറുണ്ടായിരുന്നു..മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ക്ക് അനുഭൂതികളെ തഴുകിയുണര്‍ത്തുന്ന ,കൊതിപ്പിക്കുന്ന, മദിപ്പിക്കുന്ന ഗന്ധമാണുള്ളത്..
മനോഹരമായ ഒരു നിത്യ ഹരിത വൃക്ഷമാണ് “ ബകുളി “ എന്നു സംസ്കൃതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഇലഞ്ഞി.മൈമൂസോപ്സ് ഇലഞ്ഞി എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.സ്പാനിഷ് ചെറി എന്നും അറിയപ്പെടുന്നു. നല്ല ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു വളരുന്ന ഇലഞ്ഞി നല്ലൊരു തണല്‍ മരമാണ്.
മാര്‍ച്ച് – ജൂലൈ മാസങ്ങളില്‍ ഇലഞ്ഞിയില്‍ നല്ല ക്രീം നിറത്തിലുള്ള കുഞ്ഞു പൂക്കള്‍ വിരിയും..രാത്രികള്‍ ഇലഞ്ഞി ഗന്ധത്തില്‍ മുഴുകുന്ന കാലമാണ് ഇത്.പുലര്‍ച്ചെ ഈ പൂക്കള്‍ മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്നത് കാണാം..മുറ്റമടിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ഈ പൂക്കള്‍ അടിച്ചു കളയാന്‍ മടിച്ച് അതു പെറുക്കി ഇലയില്‍ വെച്ചു എടുത്തു വെക്കും.പിന്നീട് മണക്കാന്‍ !!!
ഇതിനെ പഴത്തിനു ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരമാണ്..ചെറുതിലേ എത്ര പഴങ്ങള്‍ തിന്നിരിക്കുന്നു..
ഇലഞ്ഞിയെ പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും പ്രധാനം പ്രഥമാനുരാഗം തന്നെയാണ്.അന്നു ഞങ്ങള്‍ കുട്ടികള്‍ ആണ്.ഞങ്ങള്‍ എന്നതു വിശദീകരിക്കേണ്ടതില്ലല്ലോ..പുലര്‍ച്ചെ ഇലഞ്ഞിപ്പൂക്കള് പെറുക്കാന്‍ അയല്പക്കത്തുള്ള കുട്ടികള്‍ എല്ലാവരും കൂടെ പോകും..എന്റെ വീടിനു അടുത്തുള്ള പറമ്പില്‍ ആണ് ഇലഞ്ഞി മരം നില്‍ക്കുന്നത്.. മാമ്മയുടെ കുടി എന്നാണ് അതിനു പറയുന്നത്... അച്ഛാച്ഛന്റെ അമ്മയാണ് മാമ്മ.കവുങ്ങിന്റെ പാളയിലാണ് അന്നൊക്കെ ഇലഞ്ഞി പൂക്കള് ശേഖരിക്കുക..മുകളില്‍ നിന്നും വീഴുന്ന പൂക്കള് നിലം തൊടുന്നതിനു മുന്നേ പിടിക്കുന്നതില് ആണ് ത്രില്ല്.മുകളില് നിന്നു പമ്പരം കറങ്ങുന്നതു പോലെ പൂവ് കറങ്ങി വരുന്നതു കാണാന് നല്ല രസമാണ്.ഒരു പാള നിറയെ പൂവ് കിട്ടും ചില ദിവസങ്ങളില്..
ഇതു കൊരുത്തു മാലയാക്കല്‍ ആണ് അടുത്ത പണി.അങ്ങനെ കൊരുത്ത മാല ഒരു ദിവസം ഞാന് എന്റെ “ ഹണിയുടെ“ കഴുത്തില്‍ ഇട്ടു.ഒന്നും ഓര്‍ത്ത് ചെയ്തതല്ല.അന്നു പ്രണയം എന്താണെന്നു പോലും അറിയാത്ത പ്രായമാണ് എന്റേത്.പക്ഷേ കക്ഷി അന്നതു സീരിയസ് ആയി എടുത്തു.“സ്വയം വരം“ അല്ലേ നടന്നത്.എന്നെ മാത്രേ കെട്ടൂ എന്നു അന്നേ കക്ഷി തീരുമാനിചിരുന്നത്രേ !!!! ( പാവം അന്നു മനസ്സിലായില്ല ..ഇതൊരു താടക ആണെന്നു !!!! )
പിന്നീട് മുതിര്‍ന്നപ്പോള്‍ ,പ്രണയം മനസ്സില്‍ മൊട്ടിട്ടപ്പോള്‍ പഴയ ഈ കഥ ഹണി പറഞ്ഞത് കൌതുകത്തോടെ ആണു ഞാന്‍ കേട്ടിരുന്നത്..ഇപ്പോള്‍ അദ്ദേഹം പറയും ആ ഇലഞ്ഞി മാല കാരണം അദ്ദേഹത്തിന്റെ ജീവിതം : ഒരു കോഞ്ഞാട്ട “ ആയി പോയി എന്ന്..
എന്തൊക്കെ പറഞ്ഞാലും ആദ്യാനുരാഗത്തിനു കാരണമായ ,എനിക്കു നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ നിമിത്തമായ ആ ഇലഞ്ഞി മരത്തിനു ചില ഔഷധ ഗുണങ്ങള് ഒക്കെ ഉണ്ട്..അതെന്തൊക്കെ എന്നു നമുക്കു നോക്കാം
1 അമിത വിയര്‍പ്പിന് ഇലഞ്ഞിപ്പൂക്കള് കൊണ്ട് കഷായം വെച്ചു കുടിച്ചാല് നല്ലതാണ്.ശരീരത്തിനു തണുപ്പും അനുഭവപ്പെടും
2. ഇലഞ്നീപ്പൂക്കള് അണുനാശക ലേപനങ്ങള് ഉണ്ടാക്കാന് ഉപയോഗിക്കുന്നു.മുറിവ് ഉണക്കാന് ഇതു സഹായിക്കും
3.പൂക്കള് പൊടിച്ചതു ബുദ്ധി കൂട്ടാന് നല്ലതാണ്
4.മോണ വീക്കത്തിനും പല്ലു വേദനക്കും ഇലഞ്ഞിപ്പട്ട തിളപ്പിച്ചത് വായില് കൊള്ളുന്നത് നല്ലതാണ്..
ഇത്രേം ഗുണങ്ങളെ എനിക്കറിയൂ.. ഇനി വല്ലതുമുണ്ടോ എന്നു നിങ്ങള് പറയൂ......
ഇനിയും പാടാന്‍ തോന്നുന്നു... ഇലഞ്ഞി പൂമണം ഒഴുകി വരുന്നൂ.......
ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള്‍
Sunday, July 27, 2008
ഇലഞ്ഞി പൂക്കള്.....
Saturday, July 26, 2008
പുതിയ ഒരു ബ്ലോഗ്ഗറ്
പുതിയ ഒരു ബ്ലോഗ്ഗറെ പരിചയപ്പെടുത്തട്ടേ.. എന്റെ നാട്ടുകാരിയും എന്റെ സഹ പ്രവര്‍ത്തകയുമായ പുതിയ ഒരാള്‍ ..പുതിയ പോസ്റ്റ് ഇവിടെ വായിക്കൂ.
Tuesday, July 22, 2008
നായ്ക്കുരണ ചൊറിയുമോ ??
ഞാന്‍ ഏഴില്‍ പഠിക്കുന്ന കാലം. വീട്ടില്‍ നിന്നും 20 മിനിട്ട് നടക്കാന് ഉള്ള ദൂരമുണ്ട് സ്കൂളിലെക്ക്.ഇന്നത്തെ പോലെ വാഹന സൌകര്യം ഒന്നും അന്നില്ലല്ലോ..രാവിലെ 8.30 ആകുമ്പോഴേക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ 9.30 ഒക്കെ ആകുമ്പോഴേക്ക് പള്ളിക്കൂടത്തില് എത്താം.പോകുന്ന വഴി എല്ലാ കാടും മലയും ഒക്കെ കയറിയിറങ്ങി ഞാറപ്പഴം,ഞാവല്‍പ്പഴം,കുറുക്കന്തൂറി പഴം,ചെത്തിപ്പഴം,ആരം പുളി..വാളന് പുളി ,തൊണ്ടിപ്പഴം തുടങ്ങിയവ എല്ലാം പറിച്ചു കൊണ്ടാണ് യാത്ര.
ഒരു ദിവസം രാവിലെ കുളിച്ചൊരുങ്ങി പുസ്തക സഞ്ചിയുമായി സ്കൂളില്‍ എത്തി.എത്തിയപ്പോള്‍ കണ്ട കാഴ്ച്ച സ്കൂളിലെ കുട്ടികളൊക്കെ നിന്നു ചൊറിയുന്നു..എല്ലാവരും ക്ലാസ്സ് റൂമിന് വെളിയിലാണ്
എന്താപ്പാ കാര്യം ??
നിങ്ങളെന്താ ക്ലാസ്സില് കയറാത്തത് ??
എന്താ എല്ലാരും ചൊറിയുന്നെ ??
എന്റേടീ ക്ലാസ്സിലൊക്കെ ഏതോ അലവലാതി നായംകരണത്തിന്റെ പൊടി ഇട്ടു. ഇപ്പോള്‍ ചൊറിഞ്ഞിട്ട് ഇരിക്കാന് വയ്യ
ഭാഗ്യം! ക്ലാസ്സില് കയറാഞ്ഞതു കൊണ്ട് എനിക്കു ചൊറിയേണ്ടി വന്നില്ല.
ടെസ്റ്റ് പേപ്പര്‍ മാറ്റി വെക്കാന്‍ വേണ്ടി ഏതോ വിരുതന്മാര്‍ ഒപ്പിച്ച പണി ആയിരുന്നു.പെണ്‍കുട്ടികള്‍ ഇറക്കമുള്ള പാവാട ഇടാന്‍ വേണ്ടി ആണ് എന്നൊരു ശ്രുതിയും അന്ന് കേട്ടിരുന്നു
അന്നേതായാലും ക്ലാസ്സ് നടന്നില്ല.പിറ്റേന്ന് ക്ലാസ്സ് ഒക്കെ കഴുകി വൃത്തിയാക്കിയതിനു ശേഷം ആണ് ക്ലാസ്സ് എടുത്തത്.
അന്നു ആ ചൊറിച്ചില് മാറ്റാന്‍ കുട്ടികള്‍ ചെയ്ത പ്രതിവിധികള്‍
അല്ലെങ്കില്‍
ഇനി ആര്‍ക്കെങ്കിലും ഇതു മൂലം ചൊറിയേണ്ടി വന്നാല്‍ ചെയ്യേണ്ടത്
1.വെണ്ണീറിട്ട് ദേഹം മുഴുവന് തിരുമ്മുക
2 തൈര് സര്‍വാംഗം പുരട്ടുക
നായ്കുരണ ഒരു ഔഷധ സസ്യം ആണ് എന്ന് എത്ര പേര്‍ക്കറിയാം ??നായ്ക്കുരണയുടെ ഔഷധ ഗുണങ്ങള്‍ പുരാണ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.ലെഗുമിനോസേ കുടുംബത്തില് പെട്ട ഈ ചെടിയുടെ ശാസ്ത്ര നാമം “ മ്യൂക്കുണ പ്രൂറിറ്റ “ എന്നാണ്.സംസ്കൃതത്തില് കഡൂര,ഹിന്ദിയില് കാവച, തമിഴില് പൂനക്കാലി എന്നിങ്ങനെ ആണ് ഇതിനെ വിളിക്കുന്നത്.
ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു.അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വര്‍ദ്ധിപ്പിക്കും എന്നു പറയപ്പെറ്റുന്നു..
നായ്ക്കുരണയുടെ ഇല അരച്ച് വ്രണത്തില് തേച്ചാല് വ്രണം പഴുത്തു പൊട്ടി വേഗം ഉണങ്ങും
കായുടെ പുറത്തെ രോമം ( തൊങ്ങല് ) 5 മി ഗ്രാം ശര്‍ക്കരയിലൊ വെണ്ണയിലോ വെറും വയറ്റില് സേവിച്ചാല് ഉദരവിരകള് ശമിക്കും എന്ന് ആയുര്‍വേദം പറയുന്നു.
നായ്ക്കുരണയുടെ വെരും വിത്തും കഷായം വെച്ചു കഴിച്ചാല് വാത രൊഗങ്ങള് ശമിക്കും
വിത്തു ഉണക്കി പൊടിച്ചു ചൂറ്ണ്ണമാക്കി 3 ഗ്രാം വീതം രാവിലെയും രാത്രിയും പാലില് കഴിച്ചാല് ധാതു പുഷ്ടി ഉണ്ടാകും
നായ്ക്കുരണയുടെ വേരും ഞെരിഞ്ഞിലും സമമേടുത്ത് കഷായം വെച്ചു കഴിച്ചാല് വൃക്കരോഗങ്ങള് ശമിക്കും
ഇത്രയേറെ ഗുണങ്ങള് ഉള്ള ഈ ചെടി ചൊറിയും എന്ന ഒറ്റക്കാരണം കൊണ്ട് നമ്മള് നശിപ്പിക്കണോ ?? ഇതും നമുക്കു കൃഷി ചെയ്യാവുന്നതല്ലേ ???
ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള്‍
Saturday, July 19, 2008
ചക്രവാക പക്ഷി....
വൃശ്ചിക മാസത്തിലെ ഒരു തണുത്ത പുലര്‍കാലം.ഉറക്കമുണരാന്‍ വൈമനസ്യത്തോടെ കിടക്കുമ്പോള്‍ ഫോണ്‍ ബെല്ല് അടിക്കുന്ന ഒച്ച കേട്ടു.തന്നെ പുണര്‍ന്നിരുന്ന മീരയുടെ കൈകള്‍ മെല്ലെ മാറ്റിയിട്ട് റിസീവര്‍ കൈയ്യിലെടുത്തു.അങ്ങേത്തലക്കല്‍ നിന്നു പരിചയമുള്ള ശബ്ദം.
“ ഞാന്‍ പ്രഭാകരനാണ് സംസാരിക്കുന്നത്..ഇന്നു വെളുപ്പിനു നിമിഷ മരിച്ചു..ആത്മഹത്യ ആയിരുന്നു “
നെഞ്ചിലൂൂടേ ഒരു ഇടിമിന്നല്‍ പാഞ്ഞു പോയി. നിമിഷ മരിച്ചു.അതും ആതമഹത്യ .എന്തിനു അവളിതു ചെയ്തു ??
നിമിഷ.......
ചന്ദനക്കാതല്‍ കടഞ്ഞെടുത്ത പോലെ സുന്ദരി.പഠിക്കാന്‍ മിടുക്കി.പ്രസംഗിക്കാനും കവിത ചൊല്ലാനും കവിത എഴുതാനും പാടാനും എല്ലാം നിമിഷ മിടുക്കി ആയിരുന്നു.
എപ്പോഴാണ് താന് അവളെ കണ്ടു മുട്ടിയത് ??
ഏകാന്തതയെ സ്നേഹിചിരുന്ന നിമിഷക്ക് അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. വായനയായിരുന്നു അവളുടെ ഹോബി.ലൈബ്രറിയുടെ ഒഴിഞ്ഞ മൂലയില് ഒറ്റക്കിരുന്നു ഷെല്ലിയുടെയും കീറ്റ്സിന്റെയും ഷേക്സ്പിയറിന്റെയും ലൊകത്തിരുന്ന അവളെ പരിചയപ്പെട്ടു.. ആദ്യം ഒന്നും അവള്‍ അധികം സംസാരിക്കുമായിരുന്നില്ല
പതിയെ പതിയെ മനസ്സുകള്‍ തമ്മിലടുത്തു.മഹത്തായ ഒരു പ്രണയ ബന്ധം അവിടെ തുടങ്ങി.
പക്ഷേ ആ ബന്ധം പൂര്‍ണതയില്‍ എത്തിയില്ല.നിമിഷയെ വിവാഹം കഴിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന അമ്മയുടെ പിടിവാശിക്കു മുന്നില്‍ വേദനയോടെ തനിക്കവളെ മറക്കേണ്ടി വന്നു..
പിന്നെ അമ്മയുടെ നിര്‍ബന്ധ പ്രകാരം മീരയെ വിവാഹം ചെയ്തു.നിമിഷ എന്തു ചെയ്യുന്നു എന്നു പിന്നീട് അന്വേഷിച്ചതേയില്ല.വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കട്ടെ എന്ന് മനസ്സില്‍ ആഗ്രഹിച്ചു.അവള്‍ക്കും കുടുംബവും കുഞ്ഞുങ്ങളും ആയിക്കാണും എന്നു ആശ്വസിച്ചു..
എന്നാലിപ്പോള് ??
അവള്‍ക്കു തന്നെ മറക്കാന് കഴിഞ്ഞിരുന്നില്ലെന്നോ?
പ്രഭാകരന്‍ പറഞ്ഞു ...
”പല പല വിവാഹാലൊചനകള് വന്നിട്ടും നിമിഷ ഒന്നിനും വഴങ്ങിയില്ല.അവസാനം നിമിഷയുടെ സമ്മതം ഇല്ലാതെ ഒരു എഞിനീയറുടെ ആലോചന ഉറപ്പിക്കും എന്ന ഘട്ടം വന്നപ്പോള് ആണ് അവളിതു ചെയ്തത്...“
അവളെ അവസാനമായി ഒന്നു കാണണം..അവളെ യാത്രയയക്കാന് ഞാന്‍ വേണം..
രാവിലെ അവളുടെ വീട്ടു പടിക്കല്‍ എത്തിയപ്പോളേ ചന്ദനത്തിരിയുടെയും അഷ്ട ഗന്ധത്തിന്റെയും മണം കാറ്റില്‍ പരക്കുന്നതു അറിഞ്ഞു.
“ജനിമരണങ്ങളെനിക്കിനി വേണ്ടാ
പരിപാലയമാം നാരായണ ജയ“
ശോക നിര്‍ഭരമായ പ്രാര്‍ഥനാ ശകലം
വാതില്‍ക്കലെത്തി അകത്തേക്ക് നോക്കി
കോടിത്തുണി പുതച്ച് ഒരു നിശ്ചല ശരീരം !!
പുകയുന്ന ചന്ദനത്തിരി.......
മലര്‍ത്തി വെച്ച തേങ്ങാമുറി..........
നിലവിളക്ക്......
എന്റെ നിമിഷേ ....... നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോ...
ഒരു ഗദ്ഗദം തൊണ്ടയില് വന്നു വിതുമ്പുന്നത് ഞാന്‍ അറിഞ്ഞു.. ഇണയെ ഓര്‍ത്തു തേങ്ങുന്ന ഒരു ചക്രവാക പക്ഷിയുടെ തേങ്ങല് പോലെ അതു തൊണ്ടയില് ഒരു ഞരക്കമായി....
Thursday, July 17, 2008
കല്ലുവാഴ
കല്ലുവാഴയെ കുറിച്ചു ഒത്തിരി കേട്ടിരുന്നു എങ്കിലും അതെന്തു സാധനം ആണെന്നു മനസ്സിലാക്കാന് ഒത്തിരി വൈകി.ബഷീറിക്ക പിസാങ് സെറിബു എന്ന മലയന്‍ വാഴയുടെ പടം പോസ്റ്റ് ആക്കി ഇട്ടപ്പോള് ആണ് ഇതിനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ഒരു വാശി എനിക്കു തോന്നിയത്..വാശി കേറിയാല്‍ പിന്നെ അതു സാധിച്ചിട്ടേ അടങ്ങൂ..അതെന്റെ നാളിന്റെ ഗുണം.
കല്ലുവാഴയും മൂസേസിയേ എന്ന വാഴ കുടുംബത്തിലെ ഒരു അംഗമാണ്.( Botanical name : Ensete superba (Roxb) cheeseman ( Musa superba Raxb) ഇതു ദേവ കേളീ,കാമാക്ഷി, കൃഷ്ണ തമാര എന്നൊക്കെ സംസ്കൃതത്തില് അറിയപ്പെടുന്നു.ഇംഗ്ലീഷില്‍ ഇതിനെ Wild plantain, Indian bead എന്നൊക്കെ അറിയപ്പെടുന്നു
രൂപത്തിലും ഭാവത്തിലും ഏറെക്കുറെ വാഴകളോട് സാദൃശ്യമുള്ളതാണ് ഇവ. വാഴയിലകളേക്കാള്‍ തടിച്ചതും പത്തടിയോളം നീളമുള്ളതുമായ ഇലകള്‍ ആണ് ഇവയുടേത്.കാണ്ഡഭാഗം മുറുകി തടിച്ചതാണ്.ഇലകള്‍ക്കൊത്തു കുറുകി ഉയരുന്ന ഈ വാഴയുടെ കാണ്ഡഭാഗം സാധാരണ വാഴയെക്കാള്‍ കട്ടി കൂടിയതാണ്.
ഇതു സാധാരണ വനാന്തരങ്ങളില്‍ ആണ് സാധാരണ കാണപ്പെടുന്നത് .സാധാരണ വാഴകള്‍ക്കുള്ളതിനേക്കാള്‍ കട്ടിയുള്ള തണ്ടുകള്‍ ഉള്ളതിനാല്‍ ആകും ഇതിന്റെ ഇലകള്‍ ജലം നിറച്ച കുടത്തിനു ചുറ്റും തിരുകിയ ഇലകള്‍ പോലെ മുകളിലേക്കു ഉയര്‍ന്നു നില്‍ക്കുന്നു.വനാന്തരങ്ങളില്‍ ആണ് കാണപ്പെടുന്നതെങ്കിലും ഈ വാഴയെ വന്യ ജീവികള് വെറുതേ വിടാറാണ് പതിവ്. അതിനു കാരണം ഒരു പക്ഷേ ഇതിന്റെ കട്ടി കൂടിയ ഇലകളോ പോളകളില് നിന്നു ഊറി വരുന്ന പശ പോലുള്ള ദ്രാവകമോ ആയിരിക്കാം.
കല്ലുവാഴയുടെ കട ഭാഗം ഏകദേശം ഒന്നര മീറ്റര്‍ ചുറ്റളവിലാകുമ്പോള്‍ തട ഗോപുരത്തിന്റെ ആകൃതിയില്‍ ഉയര്‍ന്ന് ഏകദേശം 4 അടിയോളം പൊക്കത്തില്‍ എത്തുമ്പോള്‍ അവിടെ നിന്നും സാധാരണ വാഴയുടെ രൂപത്തില് 10 അടിയോളം ഉയര്‍ന്നു പൊങ്ങി കുടമെടുത്ത് താഴേക്ക് വളഞ്ഞു കുല വിരിയുന്നു.ഇതിനു കുറഞ്ഞത് ഏതാണ്ട് 7 വര്‍ഷം സമയം വേണ്ടി വരും.കുല വിരിഞ്ഞു ഒരു വര്‍ഷത്തോളം സമയം എടുത്ത് കുല പഴുത്ത് തുടങ്ങുന്നു,അതോടെ ഇലകള് കരിഞ്ഞു തുടങ്ങുന്നു.
കല്ലുവാഴപ്പഴം അധികം ആരും കഴിക്കാറില്ല.കാരണം വേറെ ഒന്നും അല്ല.പഴത്തിനുള്ളില് കാണുന്ന പുളിയരി പോലുള്ള കല്ലുകള്‍ തന്നെ.കഴിക്കുന്നവര് തൊലി കളഞ്ഞു പഴം നുണഞ്ഞ് തുപ്പുകയാണ് ചെയ്യുന്നത്.പഴത്തിനുള്ളിലെ ഈ കല്ലുകള്‍ കിളിര്‍ത്താണ് പുതിയ കല്ലുവാഴ ഉണ്ടാകുന്നത്..
പത്തിരുപതു വര്‍ഷത്തോളം ഒരു സ്ഥലത്തു തന്നെ ഉറച്ചു നില്‍ക്കാനുള്ള കല്ലുവാഴയുടെ ശേഷി അപാരമാണ്. അതു കൊണ്ടാകാം ഒരു വിദ്വാന്‍ കല്ലുവാഴ എന്നാല് കല്ലു പോലെ ആണെന്ന് പറഞ്ഞത്..ബഷീറിക്കയെ അല്ലാട്ടോ ഞാന്‍ ഉദ്ദേശിച്ചെ .. ഹി ഹി
പഴം മുഴുവന് കല്ലുകള്‍ ആണ് എന്നതു കൊണ്ട് ഇതിനെ ഒരു മൂലക്കിരുത്താന് വരട്ടെ..ഇതിനു താഴെ പറയുന്ന ഔഷധ ഗുണങ്ങള് ഉണ്ട്
* കല്ലുവാഴയുടെ മാണം ശുദ്ധിയാക്കി അരിഞ്ഞു വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുന്ന മാവ് നല്ലൊരു ഉത്തേജക ഔഷധം ആണ്
* കല്ലുവാഴയുടെ കല്ലു പൊട്ടിച്ച് തോടു കളഞ്ഞെടുക്കുന്ന വെള്ള നിറത്തില് ഉള്ള മാവ് കരിക്കിന് വെള്ളത്തില് ചേര്‍ത്ത് വെറും വയറ്റില് കൂടിച്ചാല് “ കിഡ്നി സ്റ്റോണ് “ പോലുള്ള മൂത്രാശയ രോഗങ്ങള്‍ക്ക് നല്ലതാണ്
* മുറിവുണക്കാന്‍ കല്ലുവാഴയുടെ പോള മുറിച്ച് അതില് നിന്നൂറി വരുന്ന പശ പോലുള്ള ദ്രാവകം പുരട്ടുന്നത് നല്ലതാണ്
കല്ലുവാഴ എന്നാല് അലക്കുകല്ലിന്റെ ചോട്ടില് വളരുന്ന വാഴ അല്ലെന്ന് ഇപ്പോള് മനസ്സിലായില്ലേ..ഹോ എന്റെ ഒരു ബുദ്ധിയേ !!! ഞാന്‍ ഓര്‍ത്തു കല്ലുവാഴയില് ആണ് കന്മദം ഉണ്ടാകുന്നത് എന്ന്.. അതിനി കണ്ടു പിടിക്കണം..കന്മദം എന്താ എന്നു..കരിമ്പാറകള്‍ക്കുള്ളീലും കന്മദം നിറയും എന്നൊരു പാട്ട് മാത്രം അറിയാം..കന്മദത്തെ കുറിച്ചു ആര്‍ക്കെങ്കിലും എന്തേലും അറിയാവോ...അറിയാമെങ്കില്‍ പറഞ്ഞു തരണേ
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍
Sunday, July 13, 2008
വനിതാ ബ്ലോഗര്‍മാരെ കുറിച്ചുള്ള ഇന്റര്‍വ്യൂ........മലയാള മനോരമ ചാനലില്‍........
ജൂണ് 29 ഞായറാഴ്ച്ച. ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ കിടക്കുമ്പോള്‍ ഒരു ഫോണ്‍ കാള്‍ .നെറ്റ് ഫോണില്‍ നിന്നാണ് വിളി.കണ്ണന്‍ ആയിരിക്കും എന്നു കരുതി ചാടി എണീറ്റു.
അപ്പോള്‍ ഒരു കിളിമൊഴി
ഹലോ കാന്താരിക്കുട്ടി അല്ലേ?
അതേ.. ആരാ വിളിക്കുന്നത് ?
ഞാന്‍ മലയാള മനോരമ ചാനലില്‍ നിന്നാണ്.പേരു കാര്‍ത്തിക.ഞങ്ങള്‍ ചാനലിനു വേണ്ടി വനിത എന്ന പേരില്‍ ഒരു പ്രോഗ്രാം ചെയ്യുന്നുണ്ട്..അതില്‍ വനിതാ ബ്ലോഗര്‍മാരെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുന്നു..കാന്താരിക്കുട്ടിയെ ഇന്റെര്‍വ്യൂ ചെയ്യാന് താല്പര്യം ഉണ്ട്.
ഞാന്‍ ഒന്നു ഞെട്ടി..എന്റെ ഉറക്കം ഏതിലേ പോയി എന്നറിയില്ല..
ബൂലോകത്തു ഞാന്‍ ഒരു തുടക്കക്കാരി.എന്റേതായി ഒത്തിരി പോസ്റ്റുകള്‍ ഒന്നും ഇല്ല.ഉള്ളതില്‍ തന്നെ നിലവാരം ഉണ്ടെന്നു പറയാവുന്ന ഒന്നും ഇല്ല. എന്നിട്ടും ഇവര് എന്നെ ഇന്റര്‍വ്യൂ ചെയ്യാനോ ?
എന്തായാലും വരട്ടെ എന്നു വിചാരിച്ചു..സമ്മതം അറിയിച്ചു.ശനിയാഴ്ച്ച അല്ലെങ്കില് ഞായറാഴ്ച്ച ഇന്റര്‍വ്യൂ ചെയ്യാം
ശരി എന്നു പറഞ്ഞു ഫോണ് വെച്ചൂ.
ജൂലൈ 2 ബുധനാഴ്ച്ച ഉച്ചക്കു ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ വീണ്ടും കാര്‍ത്തിക വിളിച്ചു
നാളെ ഹര്‍ത്താല് അല്ലേ ? നാളെ വരട്ടെ വീട്ടില്
ഹര്‍ത്താല്‍ ദിവസം ആണെങ്കില് ലീവ് എടുക്കണ്ടാ..അതുകൊണ്ട് വരാന് പറഞ്ഞു.
നാളേ ഹര്‍ത്താലിന്റെ പ്രശ്നങ്ങള് തുടങ്ങുന്നതിനു മുന്നേ രാവിലെ 8.30 ഒക്കെ ആകുമ്പോളേക്കും ഞാനും ക്യാമറാമാനും കൂടി വരാം...
എന്റമ്മച്ചിയേ !!!!! ക്യാമറാമാനോ ?
അപ്പോള് ശബ്ദം മാത്രം പോരാ അല്ലേ .നമ്മുടെ രൂപം കൂടി...
അതുവരെ ഞാന് കരുതിയിരുന്നത് നമ്മള് സ്വന്തം പേരില് അല്ലല്ലോ ബ്ലോഗെഴുതുന്നത്. കാന്താരിക്കുട്ടി എന്ന ഓമനപ്പെരില് അല്ലെ.അതു കൊണ്ട് സ്വന്തം ഐഡന്റിറ്റി വെളിപെടാന്‍ ഉതകുന്ന ഒന്നും ഇന്റര്‍വ്യൂവില് കാണില്ലായിരിക്കും എന്നാണ്..
പക്ഷേ ഇപ്പോള്‍ ...
നെഞ്ചില്‍ നിന്നൊരു തീ ജ്വാല മുകളിലോട്ടു പൊങ്ങുന്നതു പോലെ..ഒരു ധൈര്യക്കുറവ്...
ഇതു ആദ്യത്തെ അനുഭവം ആണ് ക്യാമറക്കു മുന്നില്..
അന്നു രാത്രി ഉറങ്ങാന് പറ്റുന്നില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..മക്കള് എന്നോട് ഇടക്കു ചോദിക്കുന്നുണ്ട്..ഈ അമ്മക്കു എന്താ പറ്റിയേ ?? പേടി ആവുകയാ എന്നു അവരോട് പറയാന് പറ്റുമോ??
ഒന്നും ഇല്ല മക്കളെ ഉറക്കം വരാഞ്ഞിട്ടാ....
രാവിലെ പതിവിലും നേരത്തെ എണീറ്റു.ബ്രേക്ക്ഫാസ്റ്റ് ഒക്കെ റെഡി ആക്കി.കുളിച്ചൊരുങ്ങി കാത്തിരുന്നു.
8.30 നു എത്താം എന്നു പറഞ്ഞിരുന്ന അവര് വന്നപ്പോള് 9.30 മണി ആയി.ക്യാമറ ഒക്കെ ശരിയാക്കി ഇന്റര്‍വ്യൂ തുടങ്ങി..ചോദ്യങ്ങള് ഒക്കെ സിമ്പിള്.എളുപ്പം ഉത്തരം പറയാവുന്നവ.പക്ഷേ പേടി കാരണം വായില് നിന്നും വല്ലതും വരണ്ടെ..എന്തൊക്കെയാ പറഞ്ഞതെന്നു ഇപ്പോളും നല്ല ബോധം ഇല്ല എന്നുള്ളതാ സത്യം !!
ബ്ലോഗ്ഗിങ് തുടങ്ങാനുണ്ടായ സാഹചര്യം,ബ്ലോഗില് നിന്നും അസുഖകരമായ വല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടൊ ?? ഭാവിയില് ബ്ലോഗിങ്ങ് രംഗത്തു എന്തെങ്കിലും ചെയ്യാന് ഉദ്ദേശമുണ്ടോ എന്നിങ്ങ്െ കുറച്ചു ചോദ്യങ്ങള് മാത്രേ അവര് ചോദിച്ചുള്ളൂ. പക്ഷേ ക്യാമറ കണ്ടപ്പോള് കവാത്തു മറന്നു എന്നതു സത്യം.
ഇതിന്റെ റ്റെലികാസ്റ്റ് ഈ ചൊവ്വാഴ്ച്ച ഉച്ചക്കു 2.30 നു ആണ്.റിപ്പീറ്റ് ബുധനാഴ്ച്ച രാവിലെ 9.30 നും കാണും
ബൂലോകത്തെ പ്രധാന വനിതകളേ ഒന്നു കാണാമല്ലോ എന്നൊരു അനല്പമായ സന്തോഷം എനിക്കുണ്ട്..തൂലികാനാമത്തിലൂടെ മാത്രം പരിചയമുള്ള ആളുകളേ കാണാം.അവര് ആരൊക്കെ എന്നറിയാം എന്നോര്‍ക്കുമ്പോള് ഒരു ഉല്ലാാസം...
Friday, July 11, 2008
വേഴാമ്പല്‍
ജനലിലൂടെ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായി !! മഴത്തുള്ളികള് വന്നു വീണ് കുമിളകളായി പൊട്ടി പോകുന്നതു കാണാന്‍ പണ്ടേ എനിക്കിഷ്ടമായിരുന്നു.. ആ കുമിളകള്‍ ഉണ്ടാകുന്നതും പൊട്ടി പോകുന്നതും എത്ര പെട്ടെന്നാണ്.എന്റെ സ്വപ്നങ്ങള്‍ പോലെ !
എന്റെ സ്വപ്നം... ഞാനും ബാലുവേട്ടനും നമ്മുടെ ഓമനമക്കളും .... എന്നും പൊട്ടിച്ചിരിയും ആഹ്ലാദവും നിറഞ്ഞൊഴുകുന്ന നമ്മുടെ വീട്..എല്ലാം എത്ര പെട്ടെന്നാണ് ഇല്ലാതെയായത്...
“ നമ്മുടെ ആദ്യത്തെ കണ്മണി ഒരു ആണ്‍കുഞ്ഞായിരിക്കണം.. അവനെ എനിക്കു കലൂപി എന്നു വിളിക്കണം “
മധുവിധു രാവുകളിലൊന്നില്‍ ബാലുവേട്ടന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഉള്‍പ്പുളകത്തോടെ ചിരിച്ചു !
മാസങ്ങള്‍ കടന്നു പോകെ താനൊരച്ഛനാകാന് പോകുന്നു എന്ന് അറിഞ്ഞ ദിവസം എന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു..ഒരായുഷ്കാലം മുഴുവന് അനുഭവിക്കേണ്ടിയിരുന്ന സ്നെഹം ഏതാനും ദിവസങ്ങള് കൊണ്ടെനിക്കു തന്നു.
എന്നിട്ട്...
ലേബര്‍ റൂമിനുള്ളില് ,നൊംബരത്തിന്റെയും ആലസ്യത്തിന്റെയും ഇടയില് ഓര്‍മ്മ വീണു കിട്ടിയപ്പോള് ഞാന് തിരക്കി.
എന്റെ കുഞ്ഞ് ????
“നല്ല മിടുക്കി മോളാ...“
സിസ്റ്റര്‍ ചിരിച്ചു കൊണ്ടറിയിച്ചു.
കുഞ്ഞിനെ കണ്ടു കൊണ്ട് അന്നു പൊയ നിങ്ങള് പിന്നെ വന്നില്ല
ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചതായിരുന്നു ഞാന്‍ ചെയ്ത കുറ്റം എന്നു അന്ന് ഞാന്‍ അറിഞ്ഞില്ല..എന്റെ അച്ഛനും അമ്മയും അന്നെന്നോട് അതു പറഞ്ഞില്ല.
ഓരോ ദിവസവും ഞാന്‍ കാത്തിരുന്നു..നിങ്ങളുടെ പാദ പതന ശബ്ദം കേള്‍ക്കാന്‍ കാതോറ്ത്തിരുന്നു..പക്ഷേ നിങ്ങള്‍ വന്നില്ല
നമ്മുടെ മോള് പാല് പുഞ്ചിരി പൊഴിക്കുമ്പോഴൊക്കെ എന്റെ കണ്ണില് നിറയുന്നത് കണ്ണുനീരായിരുന്നു.വെറും 2 വര്‍ഷത്തെ ദാമ്പത്യം ! സ്വപ്നങ്ങള് ഒക്കെ ചില്ലുകൊട്ടാരം വീണുടയുന്നതു പോലെ തകര്‍ന്നടിഞ്ഞല്ലോ..
പുരുഷന് ഇത്ര സ്വാര്‍ഥനാണൊ ?
പുരുഷന് ഇത്ര ക്രൂരനാണൊ ?
നിങ്ങളുടെ മാറില് മുഖമമര്‍ത്തി ആ ഹൃദയത്തിന്റെ മന്ത്രധ്വനി കേട്ടുറങ്ങാന് എത്ര നാളുകള് ഞാന് കാത്തിരിക്കണം ??
എങ്ങും ഇരുട്ടു പരന്നു തുടങ്ങി.മഴ തീര്‍ന്നു.നീര്‍ക്കുമിളകള് അവസാനിച്ചു.എല്ലാം ശാന്തം..എന്റെ മനസ്സു പോലെ.
Wednesday, July 9, 2008
ആഞ്ഞിലിപുരാണം
എന്റെ വീടിന്റെ അതിരില്‍ നിറയെ ആഞ്ഞിലി മരങ്ങള്‍ ആണ്.. കുഞ്ഞായിരുന്നപ്പോള്‍ പണ്ട് ഞാന്‍ തന്നെ നട്ട തൈകള്‍ ആണ്..വലുതാവുമ്പോള്‍ ഇതു വിറ്റാല്‍ കാശ് ആണ് എന്നു അമ്മ പറയുമായിരുന്നു.
ഇന്നു ആ മരങ്ങള്‍ ഒക്കെ വലുതായി.കഴിഞ്ഞ ദിവസം അതു വെട്ടാന്‍ ആളു വന്നു.അപ്പോള്‍ ആണ് ആ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ വന്നത്
ആ മരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ഓര്‍മ്മ ആഞ്ഞിലി ചക്ക പഴത്തിന്റെ മധുരം ആണ്. ആഞ്ഞിലി ചക്ക ചെറുതാണ്.ഇതു പഴുത്തു കഴിയുമ്പോള്‍ അതിന്റെ മുള്ളു കലര്‍ന്ന തൊലി കളഞ്ഞു കഴിയുമ്പോള്‍ ഉള്ളില്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറത്തില്‍ ഉള്ള മനോഹരമായ ചുളകള്‍ കാണാം.ഇതു വായിലിട്ടു നുണയുമ്പോള്‍ കിട്ടുന്ന സുഖം ...വായിലൂടെ കപ്പലോടിക്കാന്‍ ഉള്ള വെള്ളം !!!!!
ഇപ്പോള്‍ ആഞ്ഞിലി മരം നല്ല പോലെ പൊക്കം വെച്ചതിനാല്‍ ചക്ക പറിക്കാന്‍ പ്രയാസം ആണ്.എന്നാലും അതില്‍ ആദ്യം ഉണ്ടായ ചക്ക പറിച്ചതു ഞാന്‍ ആണെന്നതു എനിക്കു ഇപ്പോളും അഭിമാനം പകരുന്ന കാര്യം തന്നെ..മരത്തില് വലിഞ്ഞു കയറിയതിന്റെ പേരില് അമ്മയുടെ വക ചൂരല് കഷായം വാങ്ങിയതും പെണ്ണുങ്ങള് മരത്തില് കയറിയാല് എന്താ ആഞ്ഞിലി ചക്ക പഴം തിന്നാല്‍ പോരേ എന്നു ശക്തമായി പ്രതിഷേധിച്ചതും ഇന്നലെ എന്ന പോലെ തന്നെ ഞാന്‍ ഓര്‍ക്കുന്നു.അന്നു മരത്തില് കയറിയതിനു ഓര്‍മ്മ എന്നും നില്‍ക്കത്തക്ക വിധം ശരീരം മുഴുവന്‍ തോലു പോയതും കുളിക്കുമ്പോള്‍ ആ നീറ്റല്‍ സഹിക്കാന്‍ കഴിയാതെ ശബ്ദം പുറത്തു കേള്‍ക്കാതെ കരഞ്ഞതും ഇന്നലെ ആയിരുന്നല്ലോ..
അന്നത്തെ ഏറ്റവും മധുരമുള്ള ഓര്‍മ്മ ആഞ്ഞിലിക്കുരു വറുത്തു തിന്നുന്നതായിരുന്നു.എന്തു രുചിയാണ് അതിന്...
ആഞ്ഞിലിക്കുരു പെറുക്കി, അതു വെള്ളത്തിലിട്ടു കുതിര്‍ക്കും.പിന്നെ വെയിലത്തു വെച്ചു ഒന്നുണക്കിയിട്ട് കപ്പലണ്ടി വറുക്കുന്ന പോലെ മണലിലിട്ട് വറുത്തെടുക്കും. വറുത്ത കുരു തണുത്ത ശേഷം മുറത്തില് നിരത്തി ചിരട്ട കൊണ്ട് ഉരച്ചു തൊലി മാറ്റുന്നു.ഈ കുരുവിന്റെ സ്വാദ് !!! നാവില് ഇപ്പോളും വെള്ളമൂറുന്നു..വറുത്ത കശുവണ്ടിപ്പരിപ്പു ഇതിന്റെ ഏഴയലത്തു വരില്ലാ...
ആഞ്ഞിലിയെ പറ്റിയുള്ള മറ്റൊരു ഓര്‍മ്മ വിഷുക്കാലവുമായി ബന്ധപ്പെട്ടുള്ളതാണ്.അന്നു പടക്കം പൊട്ടിക്കാന് ആഞ്ഞിലി പ്ലാവിന്റെ തിരി ആണ് ഉപയോഗിച്ചിരുന്നത്.ഉണക്കി എടുത്ത തിരി കത്തിച്ചാല് ഏറേ നേരം അതു പുകഞ്ഞു നില്‍ക്കും,.പടക്കം ഒരു കൈയ്യിലും കത്തിച്ച തിരി മറുകയ്യിലുമായി അച്ഛന്‍ നില്‍ക്കും.ചെവി പൊത്തിക്കൊണ്ട് ഞാനും..ചേച്ചിക്കു പടക്കം പൊട്ടിക്കാന് അറിയാമായിരുന്നു.ചിലപ്പോളൊക്കെ ചേച്ചി ഏറ്റെടുക്കും പടക്കം പൊട്ടിക്കുന്ന വിദ്യ
ഇനി ഇതൊന്നും ഇല്ലല്ലൊ എന്നോര്‍ക്കുമ്പോള് ഉള്ളില് ഒരു വിങ്ങല് . ആ ആഞ്ഞിലി വില്‍ക്കണ്ടായിരുന്നു അമ്മേ എന്നു ഞാന്‍ അമ്മയോട് അറിയാതെ പറഞ്ഞു പോയി..ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം..
എന്റെ വീട്ടില്‍ ഇനി നാലു തൈ നട്ടു പിടിപ്പിക്കണം..മക്കളും അറിയട്ടെ ഈ രുചികള്....
ചിത്രം : ഗൂഗിളില്‍ നിന്നു ലഭിച്ചത്
Sunday, July 6, 2008
അമ്മേ എന്നെ തേളു കടിച്ചേ.................
എന്റെ മോനു 7 വയസ്സു പ്രായം ഉള്ളപ്പോള്‍ നടന്ന ഒരു സംഭവം.രാവിലെ ഞാന്‍ അടുക്കളയില്‍ പാചക കസര്‍ത്തില് .കണ്ണന്‍ അന്നു നാട്ടിലുണ്ട്.സിറ്റൌട്ടില് പത്രം വായിച്ചിരിക്കുന്നു.മോന്‍ രാവിലെ അപ്പൂപ്പന്റെ കൂടെ പറമ്പിലേക്കു പോയി.ജാതി മരച്ചുവട്ടില് വീഴുന്ന ജാതിക്കാ രാവിലെ തന്നെ പെറുക്കിയില്ലെങ്കില്‍ ആരെങ്കിലും കൊണ്ടു പോകും ( നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം !! )
അവര്‍ പറമ്പിലേക്കു ഇറങ്ങി ഒരു 10 മിനിട്ട് കഴിഞ്ഞു കാണില്ല . മോന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു.
ഞാന്‍ പേടിച്ചു..എന്താ പറ്റിയേ കുട്ടാ.....
കണ്ണനും അപ്പോളെക്കും ഓടി വന്നു..മോന്‍ വലിയ വായിലെ നിലവിളിക്കുകയാണ്..
എന്നെ തേളു കടിച്ചു അമ്മേ...എനിക്കു വേദന സഹിക്കാന്‍ പറ്റണില്ലാമ്മേ.........
എന്താ ചെയ്യണ്ടെ ?? എനിക്കാകെ വെപ്രാളമായി. എന്തു മരുന്നാ കൊടുക്കേണ്ടതു എന്നു ഒരു രൂപവും ഇല്ല.തേളു കടിച്ചാല് വിഷം ഇല്ലാ എന്നറിയാം.എന്നാലും വേദന കുറക്കാന്‍ എന്താ ചെയ്യേണ്ടതു എന്നറിയില്ല
അപ്പൂപ്പന് കടിച്ച തേളിനെ കൊന്നു അവിടെ ഇട്ടിട്ടുമുണ്ട്..അതു കാണും തോറും മോന്‍ പിന്നേം കരച്ചില്..
വേഗം ഡ്രെസ്സ് മാറ്റി മോനെ കൊണ്ട് ഞങ്ങള് ഹോസ്പിറ്റലിലേക്കു പാഞ്ഞു.വിവരം പറഞ്ഞപ്പോള് ഡോക്ട്റ്ക്കു ചിരി.
വേദന കുറയാന്‍ ഒരു ഇഞ്ചക്ഷനും ഗുളികയും ഒക്കെ കൊടുത്തു.എന്നിട്ട് പറഞ്ഞു വീട്ടില് ചെന്നു രണ്ടു കഷണം തേങ്ങാകൊത്തു കൊടുത്താല്‍ മതി എന്ന് ..വിഷം ഏല്‍ക്കാതിരിക്കാന്‍ തേങ്ങാ കൊത്തു ബെസ്റ്റ് ആണെന്ന്
മോന്റെ കരച്ചിലിനും സങ്കടത്തിനുമിടയില് ഞാന് ചിരിച്ചു പോയി.ഇത്ര എളുപ്പം കിട്ടുന്ന ഒരു മരുന്നുണ്ടായിട്ടാണോ ഞാന്‍ റ്റെന്‍ഷന്‍ ആയി ആശുപത്രിയിലോട്ട് ഓടിയത് ??
അന്നു തേള്‍ വിഷത്തിനു പറ്റിയ മരുന്നുകളെ കുറിച്ചു ചെറിയ ഒരു അന്വേഷണം നടത്തി ..എനിക്കു കിട്ടിയ വിവരങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.
കുരുമുളക്,കറിവേപ്പില എന്നിവ അരച്ചു കടിവായില് പുരട്ടുക
കുരുമുളക്,കറിവേപ്പില എന്നിവ മോരില് അരച്ചു കലക്കി കടിവായില് ധാര കോരുക
ഉങ്ങിന് തളിര് കയ്യിലിട്ട് തിരുമ്മി കടിവായില് പുരട്ടുക
തുമ്പക്കുടം,ചുവന്നുള്ളി,തുളസിയില എന്നിവ ഗോമൂത്രത്തില് അരച്ചു പൂശുകയും ധാരയിടുകയും ചെയ്യുക
വേപ്പിന്‍ തൊലി,കുരുമുളക് ഇവ പുളിച്ച മോരില് അരച്ചു ,തിളപ്പിച്ചു ധാര കോരുക
ഉമി, തല രോമം എന്നിവ സമം കനലില് ഇട്ട് ,കുറച്ചു നെയ്യും ഒഴിച്ചു പുകച്ച് ആ പുക കടിവായില് ഏല്‍പ്പിച്ചാല് കടച്ചില് ,വേദന എന്നിവക്കു ഉടനടി ആശ്വാസം ലഭിക്കും
കൂടുതല് ചികിത്സ അറിയുന്നവര് ഇവിടെ ആ അറിവു പങ്കു വെക്കുമല്ലോ..
സ്നേഹത്തോടേ കാന്താരിക്കുട്ടി
ചിത്രത്തിനു കടപ്പാട്:ഗൂഗിള്‍
Friday, July 4, 2008
ഇതിനെന്തു മറുപടി കൊടുക്കണം ഞാന്‍ ???
നാലാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോന്‍ ഇന്നു സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഞാന്‍ അടുക്കളയില്‍ ചായ ഉണ്ടാക്കുന്ന തിരക്കില്‍ ആയിരുന്നു..യൂണിഫോം മാറ്റി അവന്‍ അടുക്കളയില്‍ വന്നു..മുഖത്തൊരു കള്ളച്ചിരി !!!
എന്താ കുട്ടാ ? ഇന്നു സ്കൂളില്‍ എന്തൊക്കെയാ വിശേഷങ്ങള്‍ ?
അമ്മേ ,,,,ഞങ്ങളുടെ ക്ലാസ്സിലെ ആദിത്യയും അമലും തമ്മില്‍ ഭയങ്കര ഇഷ്ടത്തിലാ !!!!!!!
അതിനെന്താ മോനേ ? അമ്മക്കു മോനെ എന്തിഷ്ടമാ..അമ്മുക്കുട്ടിക്കു മോനെ എന്തിഷ്ടമാ ..അതു പോലെ അല്ലേ ??
ഓ .... ഇതതു പോലെ അല്ല അമ്മേ.
അവരു തമ്മില്‍ വേറേ ഇഷ്ടത്തിലാ
അതെന്തു ഇഷ്ടമാടാ ??
ഓ .. ഈ അമ്മക്കു ഒന്നും അറിയില്ല.അമ്മ ഇത്രേം വലുതായിട്ടെന്താ കാര്യം.,.. അമ്മക്കു ഒരു വിവരവും ഇല്ല
( കാര്യം മോന്‍ പറഞ്ഞതാണേലും അതു സത്യമാ..കണ്ണന്‍ എപ്പോളും പറയും കന്നാലി കോളേജില്‍ അല്ലേ പഠിച്ചതു... ഒരു വിവരവും ഇല്ലാ എന്ന്...........)
അവരു തമ്മില് പ്രേമമാ അമ്മേ. !!!!!!!!!!!!!!!!!!
ഇതിനെന്തു മറുപടി ഞാന് കൊടുക്കും ഞാന്...ടി വിയില് അവന് പൊതുവേ കാര്ട്ടൂണ് ചാനലുകള് മാത്രേ കാണാറുള്ളൂ..ഇതിനെ ചൊല്ലി അവന്റെ അച്ഛാച്ഛനും അവനും തമ്മില് മിക്കവാറും വഴക്കും ഉണ്ടാകും..എന്നിട്ടും ഇത്രേം വിവരം ഇവനെവിടുന്നു കിട്ടി എന്നോര്‍ത്തു ഞാന് അന്തം വിട്ടു..പിള്ളേരുടെ ഒരു ബുദ്ധിയേ...